999
ലണ്ടന്‍: യു.കെയിലെ നോണ്‍-എമര്‍ജന്‍സി പോലീസ് ലൈനായ '101' രാത്രികാല സര്‍വീസുകള്‍ നിര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍വീസ് ലൈനിലെ തിരക്ക് നിയന്ത്രിക്കാന്‍ ലക്ഷ്യം വെച്ചാണ് പുതിയ നീക്കം. സമീപകാലത്ത് '101' സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സമാനമാണ് എമര്‍ജന്‍സി ലൈനായ '999' ഉപയോഗിക്കുന്നവരുടെയും കാര്യത്തിലുണ്ടായിരിക്കുന്നത്. തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റില്‍ നിന്നോ തെരുവില്‍ നിന്നോ ഉള്ള അമിത ശബ്ദം, എന്‍.എച്ച്.എസുമായി ബന്ധപ്പെട്ട പരാതികള്‍, ഷോപ്പ്‌ലിഫ്റ്റിംഗ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ഇത്തരം സര്‍വീസുകള്‍ ഉപയോഗിക്കുന്നത്. രാത്രികാലങ്ങളില്‍ '101' സര്‍വീസ് നിര്‍ത്തലാക്കിയാല്‍ '999' സര്‍വീസിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടോയെന്ന് അധികൃതര്‍ പരിശോധിച്ച് വരികയാണ്. നാഷണല്‍ പോലീസ് ചീഫ് കൗണ്‍സിലിന് പോലീസിംഗ് മിനിസ്റ്റര്‍ നിക്ക് ഹുഡ് ഇക്കാര്യം സൂചിപ്പിച്ച് കത്തെഴുതിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 32 മില്യണ്‍ കോളുകളാണ് '101' സര്‍വീസിലേക്ക് എത്തിയിരിക്കുന്നത്. '999' കോളുകള്‍ക്ക് ശേഷം മാത്രമെ '101' പ്രാമുഖ്യം നല്‍കാന്‍ കഴിയൂ എന്നുള്ളതിനാല്‍ സമീപകാലത്ത് കോള്‍ കണക്ട് ആവാനുള്ള ദൈര്‍ഘ്യവും വര്‍ധിച്ചിട്ടുണ്ട്. ആദ്യഘട്ടങ്ങളില്‍ 5 മുതല്‍ 10 സെക്കന്റ് വരെയായിരുന്നു വെയിറ്റിംഗ് ടൈമെങ്കില്‍ ഇപ്പോള്‍ അത് 5 മിനിറ്റ് വരെ ഉയര്‍ന്നിട്ടുണ്ട്. നോണ്‍ എമര്‍ജന്‍സി ലൈനുകള്‍ നിരവധി തവണ മുന്‍ഗണനാ ക്രമത്തില്‍ ഒഴിവാക്കേണ്ടി വന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. '999' കോളുകള്‍ വരുന്ന സമയത്ത് '101' കോളുകള്‍ ഡിസ്‌കണക്ട് ചെയ്യേണ്ടിവരുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. '999' കോളുകളുടെ എണ്ണത്തില്‍ സമീപകാലത്തുണ്ടായിരിക്കുന്ന വര്‍ധനവാണ് പ്രധാനമായും നോണ്‍ എമര്‍ജന്‍സി ലൈനുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. '999' സിസ്റ്റം ശക്തിപ്പെടുത്താന്‍ പുതിയ നീക്കം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
റെഡ് ലൈറ്റുകളില്‍ പിന്നില്‍ വരുന്ന ആംബുലന്‍സുകള്‍ കടത്തി വിടാന്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നിലുള്ള വഴികള്‍ എന്താണ്? ആംബുലന്‍സിനെ കടത്തി വിടുക എന്നത് മാത്രമാണ് നിങ്ങള്‍ക്ക് മുന്നിലുള്ള വഴി. അതിനായി സിഗ്നല്‍ കടന്നു പോകേണ്ട സാഹചര്യം പോലും ഉണ്ടായേക്കാം. എന്നാല്‍ ഇപ്രകാരം സിഗ്നല്‍ കടന്നു പോകുന്നത് ശിക്ഷാര്‍ഹമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? 999 വാഹനങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ പോലും സിഗ്നലില്‍ നിന്ന് ബസ് ലെയിനിലേക്കും മറ്റും മാറുന്നത് 1000 പൗണ്ട് വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ശരിയായ ഉദ്ദേശ്യത്തോടെയാണെങ്കിലും ഇങ്ങനെയുണ്ടാകുന്ന നിയമ ലംഘനത്തിന് ലൈസന്‍സില്‍ മൂന്ന് പോയിന്റുകള്‍ വരെ ലഭിക്കാനും കാരണമായേക്കും. ബോക്‌സ് ജംഗ്ഷനിലേക്കാണ് നിങ്ങള്‍ പ്രവേശിക്കുന്നതെങ്കില്‍ പിഴ ഇതിലും കനത്തതാകാനും ഇടയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഹൈവേ കോഡിലും റൂള്‍ 219ലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എമര്‍ജന്‍സി വാഹനം അടുത്തെത്തിയാല്‍ അത് എങ്ങോട്ടാണ് പോകുന്നതെന്ന് നിരീക്ഷിക്കുക. പരിഭ്രാന്തരാകാതെ ആവശ്യമായ രീതിയില്‍ പെരുമാറുകയെന്നാണ് റൂള്‍ പറയുന്നത്. നിങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകടങ്ങള്‍ ഉണ്ടാകാതെ വേണം നിങ്ങള്‍ വാഹനം മാറ്റിക്കൊടുക്കാന്‍. ജംഗ്ഷനുകളിലോ റൗണ്ട് എബൗട്ടുകളിലോ പരുക്കന്‍ ബ്രേക്കിംഗ് പാടില്ല. തിരക്കേറിയ സിഗ്നലുകളില്‍ മറ്റു വാഹനങ്ങളെ കടന്നു പോകാന്‍ കഴിയില്ലെന്ന് എമര്‍ജന്‍സി വാഹനങ്ങളിലുള്ളവര്‍ക്കും അറിയാം. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ ലൈറ്റുകളും സൈറനുകളും ഓഫാക്കാറുണ്ട്. അതുകൊണ്ട് പരിഭ്രാന്തരാകാതെ സന്ദര്‍ഭത്തിന് അനുസരിച്ച് പെരുമാറാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ലണ്ടന്‍: 999 എമര്‍ജന്‍സി കോളുകളില്‍ പോലീസ് പ്രതികരണം വൈകുന്നതായി റിപ്പോര്‍ട്ട്. ഗാര്‍ഹിക പീഡനം പോലെയുള്ള സംഭവങ്ങളില്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് അന്വേഷണം ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗുരുതരമായ പല കുറ്റകൃത്യങ്ങള്‍ക്കും ഇരയായിട്ടുള്ളവര്‍ പോലീസെത്താന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നതായി അറിയിക്കുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പോലീസ് സേനകളില്‍ 25 ശതമാനത്തിനും ജോലിത്തിരക്ക് മൂലം പലയിടങ്ങളിലും എത്താനാകാത്ത അവസ്ഥയാണെന്നാണ് ഇന്‍സ്‌പെക്ടറേറ്റ് ഓഫ് കോണ്‍സ്റ്റാബുലറി പറയുന്നത്. ഒരു മണിക്കൂറിനുള്ളില്‍ പ്രതികരിക്കണമെന്ന് വ്യക്തമായ മാനദണ്ഡങ്ങളുള്ള ചില കേസുകളില്‍ പോലും പോലീസ് എത്തുന്നത് ദിവസങ്ങള്‍ക്ക് ശേഷമാണെന്ന് വാര്‍ഷിക റിവ്യൂ വ്യക്തമാക്കുന്നു. ആവശ്യം വര്‍ദ്ധിക്കുന്നത് പോലീസ് സേനകള്‍ക്കും മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്ന് പോലീസ് ചീഫുമാരും പറയുന്നു. പോലീസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നതെന്നും പൊതുജനങ്ങള്‍ക്ക് വേണ്ട വിധത്തിലുള്ള സുരക്ഷ നല്‍കുന്നുണ്ടെന്നുമാണ് ഹേര്‍ മജെസ്റ്റീസ് ഇന്‍സ്‌പെക്ടറേറ്റ് ഓഫ് കോണ്‍സ്റ്റാബുലറി ആന്‍ഡ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് (എച്ച്എംഐസിഎഫ്ആര്‍എസ്) വാര്‍ഷിക വിലയിരുത്തലില്‍ പറയുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ഇരകള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. 60 മിനിറ്റിനുള്ളില്‍ നടപടി വേണമെന്ന് വിലയിരുത്തപ്പെടുന്ന ആയിരക്കണക്കിന് 999 കോളുകളില്‍ മണിക്കൂറുകളോളം പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. ചിലപ്പോള്‍ ദിവസങ്ങളോളം ഇതിനായി വേണ്ടി വരുന്നു. ഓഫീസര്‍മാരുടെ അഭാവം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേംബ്രിഡ്ജ്ഷയറില്‍ 999 കോളുകളോട് പ്രതികരിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ആവശ്യമായി വന്നത് ശരാശരി 15 മണിക്കൂറുകളാണ്. ഇത് ഇരകളാക്കപ്പെടുന്നവരുടെ സുരക്ഷയെ കാര്യമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
Copyright © . All rights reserved