abhimanyu
കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയത് സ്വയം രക്ഷയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞ എസ്.ഡി.പി.ഐ നേതാവിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ്. എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ചു എന്ന് പറയുന്ന കൊടിയും ബാനറും ഞങ്ങള്‍ കെട്ടിത്തരാം, പകരം ഞങ്ങള്‍ക്ക് ആ സഖാവിന്റെ ജീവന്‍ തരാന്‍ പറ്റുമോ എന്ന് എം.സ്വരാജ് ചോദിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നത് നവാഗതരെ സ്വാഗതം ചെയ്യാന്‍ വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്താനായിരുന്നുവെന്നും നൂറ് കണക്കിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ 20 ഓളം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അക്രമിച്ചിട്ടും അവര്‍ക്കൊന്നും പറ്റാത്തത് എന്ത് കൊണ്ടാണെന്നും സ്വരാജ് ചോദിച്ചു.  കൈരളി ചാനലിലെ ചര്‍ച്ചക്കിടെയായിരുന്നു എം.സ്വരാജിന്റെ പ്രതികരണം. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അക്രമിക്കാന്‍ വന്നപ്പോള്‍ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് അവര്‍ കത്തിയെടുത്തതെന്നും നൂറുകണക്കിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നെന്നും മജീദ് ഫൈസി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ച ഫ്‌ലക്‌സിന്റെയും കൊടിയുടെയും ലിസ്റ്റ് വൈകുന്നേരത്തോടെ തരാം എന്നും മജീദ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സ്വരാജ് മറുപടി പറഞ്ഞത്. ക്യാമ്പസ് ഫ്രണ്ടുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്ന് പറഞ്ഞ മജീദ് ഫൈസിയോട് പിന്നെന്തിനാണ് നിങ്ങള്‍ സ്വയം രക്ഷയ്ക്ക് വേണ്ടി കൊന്നു എന്ന ന്യായീകരണം പറയുന്നതെന്നും സ്വരാജ് ചോദിച്ചു. അതേസമയം എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ നേരത്തെ മൂന്ന്‌പേര്‍ അറസ്റ്റിലായിരുന്നു. എസ്.ഡി.പിഐ പ്രവര്‍ത്തകരായ കോട്ടയം സ്വദേശി ബിലാല്‍ (19), പത്തനംതിട്ട സ്വദേശി ഫാറൂഖ് (19), ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് (37) എന്നിവരെയാണ് പൊലീസ് അദ്യം കസ്റ്റഡിയില്‍ എടുത്തത്. മുഹമ്മദാണ് കേസില്‍ മുഖ്യ പ്രതി. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അക്രമത്തില്‍ പങ്കാളികളായവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പുറത്തുനിന്ന് എത്തിയവരാണ്. ഇവര്‍ എങ്ങനെ കാമ്പസില്‍ എത്തി എന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥിയായ പ്രതിയുടെ ആവശ്യപ്രകാരമാണ് മറ്റുള്ളവര്‍ കാമ്പസില്‍ എത്തിയതെന്നാണ് നിഗമനം. കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യു (20) തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന സംഘം കോളേജിലേക്ക് ആതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.
RECENT POSTS
Copyright © . All rights reserved