accident
സ്റ്റോക്ക് ഓൺ ട്രെന്റ്: കൂത്താട്ടുകുളത്തിനടുത്തുള്ള വടകരയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ  എടപ്പനാട്ട് കുടുംബാംഗം റോയി ജേക്കബ് മരണമടഞ്ഞു. അറുപത്തിരണ്ട്‌ (62) വയസ്സാണ് പ്രായം. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ക്രിസ്റ്റിയുടെ ഭാര്യ ഷെറിൻ ക്രിസ്റ്റിയുടെ പിതൃസഹോദരനാണ് ദാരുണമായി മരണമടഞ്ഞത്. ഇന്ന് പ്രാദേശിക സമയം വൈകീട്ട് 5:30 ന്  ആണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളത്ത് കച്ചവടം നടത്തുകയാണ് റോയി. വ്യായാമത്തിനായി സൈക്കിളിൽ സായാഹ്നസവാരിക്കിറങ്ങിയ റോയി  ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസ്സിന്റെ പിൻ ചക്രത്തിനടിയിൽ പെട്ട റോയ് തൽക്ഷണം മരണപ്പെടുകയും ചെയ്തു എന്നാണ് അറിയുന്ന വിവരം. ഉടൻ തന്നെ പോലീസ്, ഫിർഫോഴ്‌സ്‌ എത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു. കൂത്താട്ടുകുളം ആശുപത്രിയിലെ മോർച്ചറിയിൽ ആണ് മൃതദേഹം ഇപ്പോൾ ഉള്ളത്. ശവസംക്കാരം സംബന്ധിച്ച തീരുമാനം ആയിട്ടില്ല. ഭാര്യ ലിസി, മുതലക്കോടം മാളിയേക്കൽ കുടുബാംഗമാണ്. രണ്ട് മക്കൾ, റിറ്റോ, റിയ.
ന്യൂസ് ഡെസ്ക് , മലയാളം യുകെ ([email protected]) ഇപ്പോൾ അഭ്യർത്ഥനകൾ ശ്രദ്ധിക്കുന്ന മലയാളി മനസ്സുകൾ കുറയുന്നു.. ജീവിതത്തിലെ വേദനകൾ അനുഭവിച്ചിട്ടുള്ളവർക്കേ മറ്റുള്ളവരുടെ വേദനകൾ മനസിലാകൂ.. അതിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് പ്രവാസി മലയാളികൾ.. അവരുടെ ആവശ്യങ്ങൾ മാറ്റിവെച്ചു മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന പ്രവാസികൾ... അഴിമതി കഥകളും, രാഷ്ട്രീയ കോലാഹലങ്ങളും, കേസിലെ കൂറുമാറലും ഏറ്റവും ഒടുവിൽ ആയി 'സേവ് ദി ഡേറ്റും' വാർത്ത ചാനലുകളുടെ തലക്കെട്ടുകളിൽ സ്ഥാനം പിടിക്കുന്നു. വേദനിക്കുന്നവന്റെ അപേക്ഷകൾ കാണാതെപോകുന്ന സാഹചര്യം.. കൊറോണയുടെ വരവിൽ പലർക്കും ജോലി നഷ്ടപ്പെട്ടു... സഹായം നൽകിയിരുന്നവർ നിസ്സഹായർ ആയിതീർന്നു.. ഇന്ന് നിങ്ങളുടെ സഹായത്തിനായി അപേക്ഷിക്കുന്നത് രണ്ടുപേരുടെ ആഹാരത്തിനും അവരുടെ ജീവൻ നിലനിത്താനും ആണ്. പത്തനംതിട്ട ജില്ലയിലെ അയിരൂർ സ്വദേശിയായ ഒറ്റതേക്കുങ്കൽ നടുക്കേവീട്ടിൽ രതീഷ് ചന്ദ്രൻ അപൂർവരോഗം ആയ മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗത്തിന് അടിമയാണ്. ഇദ്ദേഹത്തിന് പരസഹായം കൂടാതെ യാതൊന്നും ചെയ്യാൻ കഴിയില്ല. വൃദ്ധയായ അമ്മയാണ് ഏക ആശ്രയം. 2008 ജൂലൈ രണ്ടിന് രതീഷിൻെറ അച്ഛൻ മരണപ്പെട്ടിരുന്നു, അതേ വർഷം തന്നെ നവംബർ 7 നുണ്ടായ അപകടത്തിൽ ഏക സഹോദരനെയും വിധി തിരികെ വിളിച്ചു. പരസഹായം കൂടാതെ ദൈനംദിന പ്രവർത്തനങ്ങൾ പോലും ചെയ്യാൻ കഴിയാത്തതിനാൽ പ്രായമായ അമ്മയ്ക്ക് നിത്യവൃത്തിക്ക് വേണ്ടി ജോലിക്ക് പോകാൻ കഴിയുന്നില്ല. നല്ല മനസ്സുള്ള കുറച്ചു മനുഷ്യരുടെ സഹായത്താലാണ് ഇത്രയും നാൾ ജീവിതം കഴിച്ചത്. എന്നാൽ കോവിഡ് മഹാമാരി പടർന്നു പിടിക്കുകയും പലരുടെയും ജോലി നഷ്ടമാവുകയും ചെയ്ത സാഹചര്യത്തിൽ സഹായം നൽകി കൊണ്ടിരുന്ന പലരുടെയും അന്നം മുട്ടിയ അവസ്ഥയിലാണ് ഉള്ളത്. ഈ വാർത്ത അറിയുന്ന സുമനസ്സുകളായ വായനക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രതീഷ്. സ്വന്തമായി ചലിക്കാൻ കഴിയാത്ത അതിഗുരുതരമായ രോഗാവസ്ഥയാണ് മസ്കുലാർ ഡിസ്ട്രോഫി. രോഗം ശരീരത്തിലെ മസിലുകളെ പൂർണമായി നിർജീവമാക്കും. ഇപ്പോഴും പൂർണമായി ചികിത്സിച്ചു മാറ്റുക എന്നത് വെല്ലുവിളിയായി തുടരുകയാണ്. വൈദ്യശാസ്ത്രം ഇതിന് പൂർണമായി ഭേദമാക്കാവുന്ന മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല എന്നത് തന്നെയാണ് കാരണം. രോഗം ബാധിച്ച മിക്കവരും വീൽ ചെയറിൽ തന്നെയാണ് ശിഷ്ട ജീവിതം തള്ളി നീക്കേണ്ടി വരിക. ഇത് നാഡീസംബന്ധമായ രോഗം ആണ്. ഡ്യൂക്കിനെസ്‌ മസ്‌ക്കുലർ ഡിസ്‌ട്രോഫി ബാധിച്ചാൽ പരസഹായം കൂടാതെ ഭക്ഷണം കഴിക്കാനോ മറ്റു അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനോ സാധ്യമല്ല. പേശികളെയും നാഡികളെയും തളർത്തി പൂർണ വൈകല്യത്തിലേക്ക് നയിക്കുന്ന രോഗമാണിത്. മരുന്നിന്റെ ചിലവുകൾക്കും, നിത്യ വൃത്തിക്കുമായാണ് രതീഷ് സുമനസുകളുടെ കരുണ തേടുന്നത്. FEDERAL BANK KOTTATHUR Rathesh Chandran A/C :12600100093593 IFSC FDRL 0001260 എന്ന അക്കൗണ്ടിലേക്ക് തങ്ങളാൽ കഴിയുന്ന സഹായം എത്തിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു.
ഒരു മാസത്തെ മാത്രം ആയുസ്സ് ... തന്റെ ജീവിത സഖിയായി മിന്നുകെട്ടി കൂടെ കൂടിയ പ്രിയതമയുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ സ്‌നിജോ പൊട്ടിക്കരഞ്ഞില്ല... പക്ഷേ, വേദന കടിച്ചമർത്തി  നിർവികാരതയോടെയും മ്ലാനമായ മുഖത്തോടെയും നിറ കണ്ണുകളോടും അനുവിന്റെ സമീപത്തിരുന്നു. കാണുന്ന ഓരോരുത്തരുടെയും മനസ് തകരുന്ന കാഴ്ച്ച. ഒരുമിച്ചുള്ള ഒരുമാസത്തെ ജീവിതത്തിന്റെ ഓര്‍മകള്‍ മിന്നിമറയുന്ന മനസ്സുമായി. പറക്കാൻ തുടങ്ങും മുൻപേ പറന്നകന്ന തന്റെ പാതി.. വ്യാഴാഴ്ച പുലര്‍ച്ചെ അവിനാശിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച എയ്യാല്‍ സ്വദേശിനി അനുവിനു വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നാട് കണ്ണീരോടെ വിട നല്‍കി. ഞായറാഴ്ച ഖത്തറിലെ ജോലി സ്ഥലത്തേക്ക് മടങ്ങുന്ന സ്‌നിജോയെ കാണാനായിരുന്നു അനു ലീവെടുത്ത് ബുധനാഴ്ച രാത്രി ബെംഗളൂരുവില്‍ നിന്നു ബസില്‍ നാട്ടിലേക്ക് പുറപ്പെട്ടത്.പ്രിയതമനെ ഒരു നോക്ക് കാണാന്‍ പുറപ്പെട്ട ആ യാത്ര ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത അന്ത്യയാത്രയായി മാറി. അവിനാശിയില്‍ നിന്ന് അനുവിന്റെ മൃതദേഹം വ്യാഴാഴ്ച സന്ധ്യയോടെ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനു സമീപം ഭര്‍ത്താവ് വാഴപ്പിള്ളി വീട്ടില്‍ സ്‌നിജോയുടെ വീട്ടിലാണ് ആദ്യമെത്തിച്ചത്. തുടര്‍ന്ന് ഇവിടെ നിന്ന് ഇടവക പള്ളിയായ എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിലേക്കും രാത്രി എയ്യാലിലെ അനുവിന്റെ സ്വന്തം വീട്ടിലും എത്തിച്ചു. ശ്രൂശ്രൂഷകളില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ടോണി നീലങ്കാവില്‍, എരുമപ്പെട്ടി ഫൊറോന വികാരി ഫാ. ജോയ് അടമ്പുകുളം, എയ്യാല്‍ പളളി വികാരി ഫാ. ആന്റണി അമ്മുത്തന്‍ എന്നിവര്‍ കാര്‍മികരായി. മന്ത്രി എ.സി. മൊയ്തീന്‍, രമ്യ ഹരിദാസ് എംപി തുടങ്ങി ഒട്ടേറെ ജനപ്രതിനിധികളും അന്ത്യോപാചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തി. എയ്യാല്‍ സെന്റ് ഫ്രാന്‍സിസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഒരു പിടി മണ്ണും ഇട്ട് ഉടയവർ പിരിയുമ്പോൾ ഇനിയാർക്കും ഇത്തരം അനുഭവം നൽകല്ലേ എന്ന് ഉള്ളുരുകി ഒരുമനസ്സോടെ പ്രാർത്ഥിക്കുന്ന ഒരു സമൂഹത്തെ കാണുമാറായി..
വൂള്‍വര്‍ഹാംപ്ടണില്‍ സ്ട്രീറ്റ് റേസ് നടത്തിയ കാര്‍ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിലിടിച്ച് രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. രണ്ടു വയസുകാരനായ പവന്‍വീര്‍ സിങ്, സഹോദരന്‍ 10 വയസുകാരനായ സഞ്ജയ് സിങ് എന്നിവരാണ് മരിച്ചത്. ഇരുവരും അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇവരുടെ അമ്മയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനധികൃത റേസുകള്‍ക്ക് കുപ്രസിദ്ധി നേടിയ ബര്‍മിംഗ്ഹാം ന്യൂ റോഡില്‍ ട്രാഫിക് സിഗ്നലിലായിരുന്നു സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറിലേക്ക് ഒരു ഓഡി എ3 കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഒരു ബെന്റ്‌ലി ജിറ്റിസി കാറുമായി മത്സരിച്ച് ഓടിക്കുകയായിരുന്നു അപകടമുണ്ടാക്കിയ കാര്‍. വ്യാഴാഴ്ച രാത്രി 9 മണിക്കായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹോദരന്‍മാര്‍ക്ക് ഓടിയെത്തിയവര്‍ പ്രഥമശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ഓഡി കാറിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ബെന്റ്‌ലി ഡ്രൈവര്‍ കാറുമായി രക്ഷപ്പെട്ടെങ്കിലും പിന്നീട് അപകട സ്ഥലത്ത് വീണ്ടുമെത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്ത കുറ്റത്തിനാണ് 31 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്. രണ്ടു കാറുകള്‍ മത്സരിച്ച് ഓടിക്കുന്നത് കണ്ടെന്ന് തന്റെ മകന്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് അപകടമുണ്ടായതെന്ന് സമീപത്ത് താമസിക്കുന്ന ഒരാള്‍ പറഞ്ഞു. അപകടത്തിന്റെ വലിയ ശബ്ദമാണ് താന്‍ കേട്ടതെന്നും പേരു വെളിപ്പെടുത്താത്ത ദൃക്‌സാക്ഷി പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നിരവധി അപകടങ്ങള്‍ ഈ ജംഗ്ഷനില്‍ നടന്നിട്ടുണ്ടെന്നാണ് ഒരു ലോക്കല്‍ കെയര്‍ വര്‍ക്കര്‍ പറഞ്ഞത്. പല വാഹനങ്ങളും റെഡ് ലൈറ്റ് ഭേദിച്ച് പോകുന്നതിനാലാണ് അപകടങ്ങളുണ്ടാകുന്നതെന്നും അവര്‍ വ്യക്തമാക്കി.
മോഷ്ടാക്കളാണെന്നു കരുതി പോലീസ് പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ദമ്പതികള്‍ നിരപരാധികളെന്ന് സ്ഥിരീകരണം. ഞായറാഴ്ച വെസ്റ്റ് ലണ്ടനിലെ ഈസ്റ്റ് ആക്ടണില്‍ എ 40 പാതയിലുണ്ടായ അപകടത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. പാട്രിക് മക്‌ഡോണാ (19), ഭാര്യ ഷോണ (18) എന്നിവരാണ് അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ഷോണ വാലന്റൈന്‍സ് ദിനത്തില്‍ കുഞ്ഞിന് ജന്മം നല്‍കാനിരുന്നതാണ്. പിറക്കാനിരുന്ന പെണ്‍കുഞ്ഞിന് സിയെന്ന മാരി എന്ന പേരു പോലും ഇവര്‍ കണ്ടുവെച്ചിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. അടുത്തിടെയാണ് ഇവര്‍ വിവാഹിതരായത്. പോലീസ് അതിവേഗത്തില്‍ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് റോഡില്‍ തെറ്റായ ദിശയിലേക്ക് കയറിയ ഇവരുടെ റെനോ മെഗാന്‍ കാര്‍ ഒരു കോച്ചുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്തിന് 11 മൈല്‍ അകലെ ഹാരോയ്ക്ക് സമീപം പിന്നറില്‍ നാലംഗ അക്രമി സംഘം മൂന്നു പേരെ ഹണ്ടിംഗ് നൈഫും സ്‌ക്രൂഡ്രൈവറും കാട്ടി ഭീഷണിപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടത്തുകയായിരുന്ന സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സംഘത്തിന്റെ പത്തു പോലീസ് കാറുകളും ഒരു ഹെലികോപ്ടറുമാണ് ദമ്പതികളെ പിന്തുടര്‍ന്നത്. അക്രമികളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു പോലീസ് ഇവരെ അതിവേഗത്തില്‍ പിന്തുടര്‍ന്നതെന്നാണ് വിശദീകരണം. പാട്രിക്കും ഷോണയും കാറിലുണ്ടായിരുന്ന പേരുവിവരങ്ങള്‍ ലഭ്യമല്ലാത്ത മറ്റൊരാളും കൊള്ള നടന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് മെട്രോപോളിറ്റന്‍ പോലീസ് നടത്തിയ ക്രാഷ് ഇന്‍വെസ്റ്റിഗേഷനില്‍ വ്യക്തമായി. ഇതിന്റെ റിപ്പോര്‍ട്ട് ഇന്‍ഡിപ്പെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കോണ്‍ഡക്ടില്‍ സമര്‍പ്പിച്ചു. ദമ്പതികള്‍ ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പോലീസ് വാഹനങ്ങള്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന റെനോ കാറിനെ പത്തു മിനിറ്റോളം പിന്തുടര്‍ന്നുവെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കോണ്‍ഡക്ട് പ്രസ്താവനയില്‍ അറിയിച്ചു. പക്ഷേ അതിനു ശേഷം പോലീസ് ഉദ്യമം ഉപേക്ഷിച്ചുവെന്നും നാഷണല്‍ പോലീസ് എയര്‍ സര്‍വീസ് ഹെലികോപ്ടര്‍ കാറിന്റെ ചലനങ്ങള്‍ നിരീക്ഷിക്കുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. കാറിലുണ്ടായിരുന്നവര്‍ക്ക് കൊള്ളയടിയില്‍ യാതൊരു പങ്കുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായ സ്ഥിതിക്ക് പോലീസ് നടപടിയില്‍ അന്വേഷണമുണ്ടാകുമെന്നും ഐഒപിസി അറിയിച്ചു. കാറിലുണ്ടായിരുന്ന മൂന്നാമനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved