/actress-attack-case-
ന്യൂഡല്‍ഹി: നടി ആക്രമിച്ച കേസിലെ നിര്‍ണായക തെളിവടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ പോലീസ് ഹാജരാക്കിയിട്ടുള്ള തെളിവുകള്‍ ലഭിക്കാന്‍ തിനക്ക് അവകാശമുണ്ടെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ താന്‍ നിരപരാധിയാണെന്നും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്നും അതിനാല്‍ നിരപരാതിത്വം തെളിയിക്കുന്നതിനായി ഇവ പരിശോധിക്കാന്‍ അനുവദിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയാല്‍ അത് ചോരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ചൂണ്ടിക്കാണിച്ചിരുന്നു. പോലീസിന്റെ വാദങ്ങള്‍ അംഗീകരിച്ച വിചാരണാക്കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ആവശ്യം നേരത്തെ തള്ളിയിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ആക്രമണത്തിനിടെ പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒഴികെയുള്ള തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാമെന്ന് കോടതി പറഞ്ഞു. നടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ നല്‍കാം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ദൃശ്യങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് വിശദമായ വാദം കേള്‍ക്കുന്നതിനായി 28-ാം തിയതിയിലേക്ക് മാറ്റി. കഴിഞ്ഞ മാസമാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപ് കോടതിയെ സമീപിച്ചത്. സുപ്രധാനമായ പല രേഖകളും മൊഴികളും പൊലീസ് തന്നിട്ടില്ലെന്നും പൊലീസിന്റെ നടപടി ബോധപൂര്‍വമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കണമെന്ന് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടു. വനിതാ ജഡ്ജിയെ വിചാരണയ്ക്കായി നിയമിക്കണമെന്നും രഹസ്യ വിചാരണ നടത്തണമെന്നും നടി നല്‍കിയ അപേക്ഷയില്‍ പറയുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ പള്‍സര്‍ സുനിയും സംഘവും നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്‍കാനും തയ്യാറായ ഞങ്ങളുടെ സഹപ്രവര്‍ത്തക നീതി തേടി ഇന്ന് വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ്. എന്തു തീരുമാനവും നീതി പൂര്‍വ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിക്കുന്നതായും സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നേരത്തെ വിചാരണ നടപടികള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപ് നല്‍കി ഹര്‍ജി കോടതി തള്ളിയിരുന്നു. ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കേരളത്തെ നടുക്കിയ കേസിന്റെ വിചാരണാ നടപടികള്‍ ഇന്ന് ആരംഭിക്കും. വിചാരണ തുടങ്ങുന്ന സമയത്ത് എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദേശമുണ്ട്. എന്നാല്‍ അഭിഭാഷകര്‍ മുഖേന അവധി അപേക്ഷ നല്‍കാനുള്ള നീക്കം ദിലീപ് നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നടന്‍ ദിലീപ് ഉള്‍പ്പെടെ 12 പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ പ്രധാന പ്രതികള്‍ ഇപ്പോഴും റിമാന്റില്‍ കഴിയുകയാണ്. കേസില്‍ രഹസ്യ വിചാരണ അനുവദിക്കുക, വനിതാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വിചാരണ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടിയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി പരിഗണിക്കാനിരിക്കുകയാണ്. നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈമാറണമെന്ന് ദിലീപിന്റെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.
കൊച്ചി: കേരള സമൂഹത്തെ ഒന്നാകെ ഞെട്ടിച്ച നടി ആക്രമണ കേസിന്റെ വിചാരണ നടപടികള്‍ നാളെ ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരിക്കും വിചാരണ ആരംഭിക്കുക. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പ്രതികളും വിചാരണ ആരംഭിക്കുന്ന ദിവസം ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ ദിവസം ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ട് എല്ലാ പ്രതികള്‍ക്കും കോടതി സമന്‍സ് കൈമാറി. പ്രാരംഭ വിചാരണ നടപടിക്രമങ്ങളായിരിക്കും നാളെ നടക്കുക. പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുക തുടങ്ങിയ നടപടികള്‍ ആദ്യഘട്ടത്തില്‍ നടക്കും. കേസിന്റെ വിചാരണ നടപടികള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വിചാരണ നടപടിക്രമങ്ങള്‍ നീട്ടിവെക്കാന്‍ കഴിയില്ലെന്ന് ദിലീപിന്റെ അഭിഭാഷകരെ കോടതി അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെ ആറു പ്രതികള്‍ ഇപ്പോഴും റിമാന്റില്‍ തുടരുകയാണ്. എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള ഏഴുപേര്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രധാന പ്രതിയായ പള്‍സര്‍ സുനി ദിലീപിനെതിരെ പരസ്യ പ്രസ്താവനകള്‍ ഉന്നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളുമായി ഇപ്പോള്‍ നേരിട്ട് കൂടിക്കാഴ്ച നടത്തേണ്ടെതില്ലെന്നാണ് ദിലീപിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെയാകുമ്പോള്‍ നാളെ ആരംഭിക്കുന്ന വിചാരണ വേളയില്‍ ദിലീപ് കോടതിയില്‍ ഹാജരാകാന്‍ സാധ്യതയില്ല. അഭിഭാഷകന്‍ മുഖേന അവധി അപേക്ഷ നല്‍കാനുള്ള ശ്രമത്തിലാണ് ദിലീപെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോലീസ് ഹാജരാക്കിയിരിക്കുന്ന തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇപ്പോഴും കോടതിയുടെ പരിഗണയിലാണ്.
കൊച്ചി: നടി ആക്രമണത്തിനിരയായ കേസില്‍ വിചാരണ നടപടികള്‍ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നടിയെ ആക്രമിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ വിചാരണ വൈകിപ്പക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ബുധനാഴ്ച മുതല്‍ വിചാരണ ആരംഭിക്കുമെന്നാണ് കരുതുന്നത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പല തെളിവുകളും ലഭിക്കാനുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. ദൃശ്യങ്ങളും തെളിവുകളും ലഭിക്കേണ്ടത് തന്റെ അവകാശമാണെന്നും അവ നല്‍കാതെ വിചാരണ ആരംഭിക്കരുതെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ഹര്‍ജി മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved