A&E
എന്‍എച്ച്എസ് ആശുപത്രികളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ബെഡ് ക്ഷാമത്തിന്റെ രൂക്ഷമുഖം വെളിപ്പെടുത്തുകയാണ് എസെക്‌സിലെ ബാസില്‍ഡന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലുണ്ടായ സംഭവം. ഗുരുതരാവസ്ഥയില്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ എത്തിച്ച സോഫി ബ്രൗണ്‍ എന്ന സ്ത്രീക്ക് നിലത്ത് കിടത്തിയാണ് ചികിത്സ നല്‍കിയത്. കടുത്ത വേദനയുമായി എത്തിയ ഇവര്‍ക്ക് ഒരു ബെഡ് ലഭിക്കുന്നതിനായി അഞ്ചര മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. ഇവര്‍ ബോധരഹിതയായി വീഴുമെന്ന ഭീതിയില്‍ നിലത്ത് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ തന്റെ ഹൃദയമിടിപ്പ് ഉയര്‍ന്ന നിലയിലായിരുന്നു. സാധാരണ നിലയിലെത്താന്‍ അര മണിക്കൂറിനു മേല്‍ വേണ്ടി വരുമെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. അതിനു മേല്‍ താന്‍ ജീവിച്ചിരിക്കില്ലെന്നാണ് കരുതിയതെന്ന് സോഫി പറയുന്നു. എക്‌സ് റേ എടുക്കുന്നതിനായി കൊണ്ടുപോയ തന്നോട് പിന്നീട് ക്ലിനിക്കല്‍ ഡിസിഷന്‍ യൂണിറ്റില്‍ ഇരിക്കാന്‍ നിര്‍ദേശിച്ചു. അവിടെ ഒരു കസേരയില്‍ തനിക്ക് മണിക്കൂറുകളോളം ഇരിക്കേണ്ടതായി വന്നു. തല കറങ്ങുന്നതു പോലെ തനിക്ക് തോന്നി. ബാഗില്‍ നിന്ന് ഒരു ബ്ലാങ്കറ്റ് വലിച്ചെടുത്ത് താന്‍ അതുമായി തറയിലേക്ക് വീഴുകയായിരുന്നു. ഇതോടെ ഓടിയെത്തിയ നഴ്‌സുമാര്‍ വെയിറ്റിംഗ് റൂമില്‍ത്തന്നെ ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ എത്തിക്കുകയും രക്തപരിശോധന നടത്തുകയും ചെയ്തു. നെഞ്ചു വേദനയും കാലുകളില്‍ നീര്‍വീക്കവുമായി ജിപിയെ കാണാനെത്തിയ ഇവരെ എ ആന്‍ഡ് ഇയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
ലണ്ടന്‍: സഹപ്രവര്‍ത്തകരായിരുന്നവരെ കൊലപ്പെടുത്താന്‍ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി കാത്തിരുന്ന മുന്‍ എ ആന്‍ഡ് ഇ കണ്‍സള്‍ട്ടന്റ് പിടിയില്‍. സഹപ്രവര്‍ത്തകരോടുള്ള ശത്രുത മൂലം ഇവരെ കൊലപ്പെടുത്താന്‍ ഇയാള്‍ ആയുധങ്ങളും സംഭരിച്ചിരുന്നു. ഡോ. മാര്‍ട്ടിന്‍ വാറ്റ് എന്ന 62കാരനാണ് പിടിയിലായത്. ലാനാര്‍ക്ക്ഷയറിലെ എയര്‍ഡ്രീയിലുള്ള മോങ്ക്‌ലാന്‍ഡ് ഹോസ്പിറ്റലില്‍ നിന്ന് ഇയാളെ പിരിച്ചു വിട്ടിരുന്നു. ഇതിന് കാരണം തന്റെ സഹപ്രവര്‍ത്തകരാണെന്ന് വിശ്വസിച്ചാണ് അവരെ കൊലപ്പെടുത്താന്‍ ഇയാള്‍ പദ്ധതി തയ്യാറാക്കിയത്. കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ആയുധങ്ങള്‍ സംഭരിച്ചതില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചു. ശിക്ഷ അടുത്ത മാസം പ്രഖ്യാപിക്കും. മൂന്ന് സ്‌കോര്‍പിയോണ്‍ സബ് മെഷീന്‍ ഗണ്ണുകള്‍, രണ്ട് വാള്‍ട്രോ പിസ്റ്റളുകള്‍, 57 ഡം ഡം ബുള്ളറ്റുകള്‍ ഉള്‍പ്പെടെ വെടിയുണ്ടകള്‍ തുടങ്ങിയവ് വാറ്റിന്റെ കുംബര്‍നോള്‍ഡിലുള്ള വീട്ടില്‍ കഴിഞ്ഞ മെയില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. നിരവധി പേരെ കൊലപ്പെടുത്താനായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അവരില്‍ പലരുടെയും മേല്‍വിലാസങ്ങളും കാര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങളും വാറ്റ് രേഖപ്പെടുത്തിയിരുന്നു. റോബര്‍ട്ട് ഡിനീറോ അഭിനയിച്ച കില്ലര്‍ എലീറ്റ് എന്ന സിനിമയെ മാതൃകയാക്കിയാണ് ഇയാള്‍ കൊലപാതകങ്ങള്‍ക്ക് പദ്ധതിയിട്ടതെന്നും ഗ്ലാസ്‌ഗോ ഹൈക്കോര്‍ട്ടിനു മുന്നില്‍ വാദമുണ്ടായി. ആയുധങ്ങള്‍ സംഭരിച്ചത് സമ്മതിച്ച വാറ്റ് അവ ഉപയോഗിച്ച് പരിശീലനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആരെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ഇതെന്നായിരുന്നു ഇയാള്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കൊലപാതകങ്ങള്‍ നടത്താനായിരുന്നു വാറ്റ് ലക്ഷ്യമിട്ടിരുന്നതെന്ന് വാദിച്ച പ്രോസിക്യൂട്ടര്‍ അലെക്‌സ് പ്രെന്റിസ് ക്യുസി, ഡോ.വാറ്റിന് പലരോടും ശത്രുതയുണ്ടായിരുന്നുവെന്നും വാദിച്ചു. ഹാര്‍ട്ട് അറ്റാക്കിനും അതിനോട് അനുബന്ധിച്ചുണ്ടായ ശസ്ത്രക്രിയക്കും ശേഷം ജോലിക്കെത്താന്‍ താമസം നേരിട്ടതിനെത്തുടര്‍ന്നാണ് വാറ്റിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്നാണ് വിവരം. എന്നാല്‍ താന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നാണ് ഡോ.വാറ്റ് വാദിച്ചത്.
ലണ്ടന്‍: കുട്ടികള്‍ക്ക് അസുഖം ബാധിച്ചാല്‍ അവരെ ജിപി സര്‍ജറികളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളിലും കാണിക്കുന്നതിന് പകരം ഫാര്‍മസിസ്റ്റുകളെ കാണിക്കാന്‍ നിര്‍ദേശിച്ച് എന്‍എച്ച്എസ്. ചെറിയ അസുഖങ്ങള്‍ക്ക് ലോക്കല്‍ കെമിസ്റ്റുകളെ കാണിച്ച് മരുന്ന് വാങ്ങിയാല്‍ മതിയെന്നും ഇതിലൂടെ നിരവധി പേര്‍ക്ക് വളരെ എളുപ്പത്തില്‍ ചികിത്സ ലഭിക്കുമെന്നും എന്‍എച്ച്എസിനു മേലുള്ള സമ്മര്‍ദ്ദം കുറയുമെന്നുമാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ വലിയ രോഗങ്ങളുടെ ലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകാന്‍ ഈ രീതി കാരണമാകുമെന്ന ആശങ്കയറിയിച്ച് പ്രമുഖ ചാരിറ്റികളും രംഗത്തെത്തിയിട്ടുണ്ട്. ഹെല്‍ത്ത് സര്‍വീസിനു മേലുള്ള സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് കുട്ടികളുടെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ടാകരുതെന്നും ചാരിറ്റികള്‍ അഭിപ്രായപ്പെട്ടു. അനാവശ്യമായി എ ആന്‍ഡ് ഇ യൂണിറ്റുകളെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം സ്വീകരിച്ച് വിദഗ്ദ്ധ ചികിത്സ തേടാതിരുന്ന കൗമാരക്കാരന്‍ പനി ബാധിച്ച് മരിച്ച വാര്‍ത്ത പ്രത്യക്ഷപ്പെട്ട സമയത്ത് തന്നെയാണ് പുതിയ ക്യാംപെയിനുമായി എന്‍എച്ച്എസ് ഇംഗ്ലണ്ട് രംഗത്തെത്തിയതെന്നതാണ് വിചിത്രം. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളായ 5 ദശലക്ഷം പേരെ ലക്ഷ്യമിട്ടാണ് പുതിയ ക്യാംപെയിന്‍. 18 ദശലക്ഷം ജിപി അപ്പോയിന്റ്‌മെന്റുകളും 2.1 ദശലക്ഷം എ ആന്‍ഡ് ഇ സന്ദര്‍ശനങ്ങളുമാണ് വീട്ടില്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖങ്ങള്‍ക്കു വേണ്ടി നടത്തിയത്. എന്നാല്‍ ചെറിയ അസുഖങ്ങളെന്ന് കരുതുന്ന പലതും ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങള്‍ മാത്രമാകാമെന്നും അവ വളരെ വേഗം തന്നെ കുട്ടികളെ ഗുരുതരാവസ്ഥയിലെത്തിക്കാമെന്നും ചാരിറ്റികള്‍ പറയുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കേണ്ടത് ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്ക് അസുഖം ബാധിച്ചാല്‍ സാധ്യമായ വൈദ്യസഹായം അടിയന്തരമായി ലഭ്യമാക്കുകയാണ് വേണ്ടതെന്ന് യുകെ സെപ്‌സിസ് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ.റോണ്‍ ഡാനിയേല്‍സ് പറഞ്ഞു.
ലണ്ടന്‍: ബ്രിട്ടനില്‍ പനി മരണങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന. കഴിഞ്ഞ വിന്ററിലേതിനേക്കാള്‍ മൂന്നിരട്ടി മരണങ്ങളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ മരിച്ചവരുടെ എണ്ണം 155 കടന്നതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. വൈറല്‍ പനിയുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ കഴിഞ്ഞയാഴ്ച വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളിലും ജിപികളിലും എത്തുന്ന പനി ബാധിതരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച 35 പേരാണ് പനി മൂലം മരിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇതേ കാലയളവിലുള്ള പനിമരണങ്ങള്‍ 11 എണ്ണം മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാലും ഈ വര്‍ദ്ധനവ് പ്രകടമാണ്. കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നാമത്തെ ആഴ്ച വരെ 53 പേര്‍ മാത്രമായിരുന്നു മരിച്ചത്. 2014-15 കാലത്തെ വിന്റര്‍ പനിമരണങ്ങള്‍ക്കൊപ്പമെത്തുമോ ഈ കണക്കുകള്‍ എന്ന ആശങ്കയാണ് ആരോഗ്യവൃത്തങ്ങള്‍ പങ്കുവെക്കുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ അനുസരിച്ച് 2010-11 കാലത്തേക്കാള്‍ ഗുരുതരമായ അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. പ്രായപൂര്‍ത്തിയായവരേക്കാള്‍ കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. 2016-17 വര്‍ഷത്തേക്കാള്‍ 15 ലക്ഷം അധികം ആളുകള്‍ ഇത്തവണ ഫ്‌ളൂ പ്രതിരോധ കുത്തിവെയ്പ് എടുത്തിട്ടുണ്ട്. ഇത് രോഗത്തിന്റെ വ്യാപനത്തെ തടയുമെന്നായിരുന്നു പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന കണക്കുകള്‍ അനുസരിച്ച് പനി ബാധിതരുടെ എണ്ണം അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തുകയാണെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞയാഴ്ച പനി മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത് 758 പേരാണ്. അതിന് മുമ്പത്തെ ആഴ്ചയില്‍ 598 പേരും ആശുപത്രികളില്‍ എത്തി. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലും ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റുകളിലും പ്രവേശിപ്പിക്കപ്പെട്ടവര്‍ 198ല്‍ നിന്ന് 205 ആയി ഉയര്‍ന്നിട്ടുണ്ട്. 22 ട്രസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇത്. രാജ്യത്തെ ആശുപത്രികളുടെ ഒമ്പതില്‍ ഒന്നു മാത്രം വരുന്ന ഈ ട്രസ്റ്റുകളുടെ വിവരങ്ങള്‍ ബ്രിട്ടനിലെ പനിബാധിതരുടെ എണ്ണം സംബന്ധിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കുന്നില്ല എന്നതാണ് വാസ്തവം.
ലണ്ടന്‍: ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ചികിത്സ തേടുന്ന വിദേശീയരില്‍ നിന്ന് പണമീടാക്കണമെന്ന് ഭൂരിപക്ഷം ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നതായി സര്‍വേ. സൗജന്യ ചികിത്സക്ക് അര്‍ഹരല്ലാത്തവര്‍ക്ക് മുന്‍കൂര്‍ പണമടച്ച് ചികിത്സകള്‍ സ്വീകരിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഇത്തരക്കാരില്‍ നിന്ന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ പണമീടാക്കാനും പദ്ധതിയുണ്ടായിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ ഭയന്ന് അവ നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ ഇത്തരം ചാര്‍ജുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് 583 ഡോക്ടര്‍മാരില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം പേരും ഫീസുകള്‍ ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ചു. യുകെയില്‍ റസിഡന്റ്‌സ് അല്ലാത്തവര്‍ക്ക് എ ആന്‍ഡ് ഇകളിലും ജിപി ക്ലിനിക്കുകളിലും ഫീസുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഇവരില്‍ 74 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. അപ്പോയിന്റ്‌മെന്റുകള്‍ തെറ്റിക്കുന്നവരില്‍ നിന്ന് പണമീടാക്കണമെന്ന നിര്‍ദേശവും ഡോക്ടര്‍മാര്‍ നല്‍കി. വിദേശ രോഗികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് വിവരം. ബ്രിട്ടീഷ് നികുതിദായകരാണ് എന്‍എച്ച്എസിനെ വളര്‍ത്തിയതെന്നും സൗജന്യ ചികിത്സക്ക് അര്‍ഹരല്ലാത്തവരില്‍ നിന്ന് ഫീസ് ഈടാക്കേണ്ടത് അത്യാവശ്യമാണെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ ലോര്‍ഡ് ഓ' ഷോഗ്നെസ്സി പറഞ്ഞു. 2013 മുതല്‍ പ്ലാന്‍ഡ് കെയര്‍ സ്വീകരിച്ച വിദേശികളില്‍ നിന്ന് ഈടാക്കിയ ഫീസ് നാലിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. 89 മില്യന്‍ പൗണ്ടില്‍ നിന്ന് 358 മില്യന്‍ പൗണ്ടായാണ് ഇത് ഉയര്‍ന്നത്. എന്നാല്‍ അടിയന്തര ചികിത്സ വേണ്ടി വരുന്ന ഘട്ടങ്ങളില്‍ എ ആന്‍ഡ് ഇയിലെ ഫീസുകള്‍ നിര്‍ബന്ധമാക്കരുതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
RECENT POSTS
Copyright © . All rights reserved