Air Pollution
ഡിമെന്‍ഷ്യയും വായു മലിനീകരണവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം. യുകെയില്‍ അന്തരീക്ഷ മലിനീകരണം 60,000ത്തോളം പേര്‍ക്കെങ്കിലും ഡിമെന്‍ഷ്യയുണ്ടാക്കുമെന്നാണ് പഠനം മുന്നറിയിപ്പ് നല്‍കുന്നത്. വാഹനങ്ങളില്‍ നിന്നും വ്യവസായങ്ങളില്‍ നിന്നുമുള്ള മലിനീകരണം ഏറെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ മറവിരോഗം വരാനുള്ള സാധ്യത 40 ശതമാനം അധികമാണെന്നും പഠനം വ്യക്തമാക്കുന്നു. പഴയ ഡീസല്‍ കാറുകള്‍ പുറത്തുവിടുന്ന നൈട്രജന്‍ ഡയോക്‌സൈഡ്, കരിയടങ്ങിയ പുക എന്നിവയാണ് ഡിമെന്‍ഷ്യയുമായി ഏറ്റവും ബന്ധമുള്ള ഘടകങ്ങളെന്നും പഠനക്കില്‍ സ്ഥിരീകരിച്ചു. വിഷവസ്തുക്കള്‍ അടങ്ങിയ പുകയ്ക്ക് അല്‍ഷൈമേഴ്‌സും ഡിമെന്‍ഷ്യയുടെ മറ്റു രൂപങ്ങളുമായും ബന്ധമുണ്ടെന്നതിന് ശക്തമായ തെളിവുകളാണ് കിംഗ്‌സ് കോളേജ് ലണ്ടനും സെന്റ് ജോര്‍ജ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനും നടത്തിയ പഠനത്തില്‍ ലഭിച്ചത്. 14ല്‍ ഒന്ന് വീതം ഡിമെന്‍ഷ്യ കേസുകള്‍ വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിലവില്‍ യുകെയിലെ 8.5 ലക്ഷം ആളുകള്‍ മറവിരോഗ ബാധിതരാണ്. 2025ഓടെ ഇത് 10 ലക്ഷമായി ഉയരുമെന്നും 2050ഓടെ 20 ലക്ഷമാകുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. ജനിതക കാരണങ്ങളാണ് രോഗത്തിന് പ്രധാനമായും ഉള്ളതെങ്കിലും പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ കുറവ് എന്നിവ രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വായു മലിനീകരണം ഡിമെന്‍ഷ്യക്ക് കാരണമാകുമെന്നത് ആദ്യമായാണ് കണ്ടെത്തുന്നത്. 60,000 പേര്‍ക്കെങ്കിലും രോഗം വരാനുള്ള സാധ്യത അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിലൂടെ ഇല്ലാതാക്കാമെന്നും പഠനത്തില്‍ വ്യക്തമായി. നൈട്രജന്‍ ഡയോക്‌സൈഡ് ഏറ്റവും കൂടുതല്‍ അന്തരീക്ഷത്തില്‍ കലരുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത 40 ശതമാനം അധികമാണെന്നും പോസ്റ്റ് കോഡ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളിലൂടെ 40,000 പേരെങ്കിലും ഓരോ വര്‍ഷവും അകാല മരണത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്ക്. ഗര്‍ഭിണികളായ സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ പോലും വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന കരിയുടെ അംശം കണ്ടെത്തിയതായി ഈയാഴ്ച പുറത്തു വന്ന മറ്റൊരു പഠനത്തില്‍ പറഞ്ഞിരുന്നു. മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഗര്‍ഭസ്ഥശിശുക്കള്‍ പോലും വിമുക്തരല്ലെന്നാണ് ഇത് തെളിയിക്കുന്നത്.
ഗണ്യമായ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വായു മലിനീകരണം യുകെയിലെ ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി എംപിമാര്‍. വര്‍ധിച്ചു വരുന്ന വായു മലിനീകരണം ഏതാണ്ട് 40,000ത്തോളം അകാല മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കൂടാതെ മലനീകരണം രാജ്യത്തിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും എംപിമാര്‍ പറയുന്നു. ഏകദേശം 20 മില്ല്യണ്‍ പൗണ്ടാണ് രാജ്യത്തിന് മലിനീകരണത്തിലൂടെ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരുന്നതെന്നും അവര്‍ പറയുന്നു. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലം കാണുന്നില്ലെന്നും മന്ത്രിമാര്‍ യഥാര്‍ഥ നേതൃത്വ ഗുണം കാണിക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും നാല് പാര്‍ലമെന്ററി കമ്മറ്റി ഉള്‍പ്പെട്ട ജോയിന്റ് റിപ്പോര്‍ട്ട് ആരോപിക്കുന്നു. മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് വായു മലിനീകരണം ഉണ്ടാക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് 40 എംപിമാര്‍ ഉള്‍പ്പെടുന്ന സംഘം വ്യക്തമാക്കുന്നു. പതിനായിരങ്ങള്‍ക്ക് അകാല മരണം സമ്മാനിക്കുകയും സര്‍ക്കാര്‍ ഖജനാവിന് ബില്ല്യണ്‍ കണക്കിന് നഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുന്ന മലനീകരണം അതീവ ഗൗരവത്തില്‍ പരിഹരിക്കേണ്ട വിഷയമാണ്. വായു മലിനീകരണം രാജ്യത്ത് ആരോഗ്യ അടിയന്താരവസ്ഥ സൃഷ്ടിച്ചിരിക്കുകയാമെന്നും എംപിമാര്‍ പറയുന്നു. വിഷ മുക്തമായ അന്തരീക്ഷത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുവാന്‍ തുടര്‍ന്നു വരുന്ന സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ലെന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഈ ഗുരുതര പ്രശ്‌നത്തെ നേരിടുന്ന സര്‍ക്കാര്‍ പോളിസികള്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും എംപിമാര്‍ പറയുന്നു. ഇത് സംബന്ധിച്ച ജോയിന്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് തെരെഞ്ഞടുക്കപ്പെട്ട നാല് പാര്‍ലമെന്ററി കമ്മറ്റിയുടെ ഗ്രൂപ്പാണ്. എന്‍വിറോണ്‍മെന്റ് ഫുഡ് ആന്റ് റൂറല്‍ അഫേഴ്‌സ്, എന്‍വിറോണ്‍മെന്റ് ഓഡിറ്റ്, ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കൂടാതെ ട്രാന്‍സ്‌പോര്‍ട്ട് എന്നീ കമ്മറ്റികളാണ് പുതിയ ജോയിന്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പ്രശ്‌നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് വാഹന നിര്‍മ്മാതാക്കള്‍ക്കും കൈമാറിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനും പെട്രോള്‍ ഡീസല്‍ കാറുകളില്‍ അത്തരം സംവിധാനങ്ങള്‍ കൊണ്ടുവരാനും കമ്മറ്റി നിര്‍ദേശിക്കുന്നു. 2030ഓടെ പെട്രോള്‍ ഡീസല്‍ കാറുകള്‍ നിരോധിക്കാനുള്ള ശ്രമത്തിലാണ് പാരീസ്. 2024ഓടെ ഡീസല്‍ കാറുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് നിര്‍ത്തലാക്കാന്‍ റോം തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുകെയില്‍ 5.6 ശതമാനം കാറുകള്‍ മാത്രമാണ് നിലവില്‍ അന്തരീക്ഷ മലനീകരണം കുറയ്ക്കാന്‍ പാകത്തിനുള്ള ഇന്ധനം ഉപയോഗിക്കുന്നവയുള്ളു. വിവാദമായ പെട്രോള്‍ ഡീസല്‍ കാറുകളുടെയും വാനുകളുടെയും വില്‍പ്പന 2040തിന് മുന്‍പ് യുകെയില്‍ നിരോധിക്കുമെന്നും മറ്റേതു യൂറോപ്യന്‍ രാജ്യങ്ങളെക്കാളും ഒരുപടി മുന്നിലാണ് മലനീകരണ നിയന്ത്രണത്തില്‍ യുകെയെന്ന് സര്‍ക്കാര്‍ വക്താവ് വിശദീകരിച്ചു.
Copyright © . All rights reserved