Airline
വന്‍ തുക നഷ്ടം രേഖപ്പെടുത്തിയ തോമസ് കുക്ക് എയര്‍ലൈന്‍ കമ്പനി അടച്ചു പൂട്ടുമോ എന്ന ആശങ്കയില്‍ ഹോളിഡേകള്‍ ബുക്ക് ചെയ്തവര്‍. കമ്പനി 1.5 ബില്യന്‍ പൗണ്ട് നഷ്ടം രേഖപ്പെടുത്തിയതിനു പിന്നാലെ യാത്രകള്‍ക്കായി ബുക്ക് ചെയ്തവരാണ് ആശങ്കകള്‍ രേഖപ്പെടുത്തുന്നത്. സമ്മര്‍ ഹോളിഡേകള്‍ക്കായി നേരത്തേ ബുക്ക് ചെയ്തവരാണ് തങ്ങളുടെ പണവും യാത്രയും നഷ്ടമാകുമെന്ന ഭീതിയില്‍ എത്തുന്നത്. യുകെയിലെ ഏറ്റവും പഴക്കമുള്ള എയര്‍ലൈന്‍ കമ്പനിയായ തോമസ് കുക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കമ്പനി ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും സ്‌റ്റോറുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുന്നതിനായി എയര്‍ലൈന്‍ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്. തോമസ് കുക്കിന്റെ ഒഫീഷ്യല്‍ ഫെയിസ്ബുക്ക് പേജില്‍ നിരവധി പേരാണ് ചോദ്യങ്ങളും ആശങ്കകളും കുറിക്കുന്നത്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുമോ എന്നാണ് ഇവരുടെ ആശങ്ക. മെനോര്‍ക്കയിലേക്ക് ആറാഴ്ച ഹോളിഡേക്കായി തിരിക്കുകയാണ് താനെന്നും പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ഒരു യാത്രക്കാരന്‍ പറഞ്ഞു. നിങ്ങള്‍ അഡ്മിനിസ്‌ട്രേഷനിലേക്ക് നീങ്ങുകയാണോ, ഒക്ടോബറില്‍ ഒരു ഹോളിഡേയ്ക്കായി ബുക്ക് ചെയ്തിട്ടുള്ളതിനാലാണ് ചോദിക്കുന്നത് എന്നാണ് മറ്റൊരു യാത്രക്കാരന്‍ കുറിച്ചത്. അതേസമയം സാമ്പത്തിക പ്രതിസന്ധി യാത്രകളെയും ഭാവി ബുക്കിംഗുകളെയും യാതൊരു വിധത്തിലും ബാധിക്കില്ലെന്നാണ് തോമസ് കുക്ക് അറിയിക്കുന്നത്. ബുക്കിംഗുകള്‍ക്ക് എടിഒഎല്‍ സംരക്ഷണമുള്ളതിനാല്‍ യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് എയര്‍ലൈന്‍ അറിയിക്കുന്നു. തോമസ് കുക്കിന് കമ്പനിയുടെ മൂല്യത്തേക്കാള്‍ നാലിരട്ടി ബാധ്യതകളുണ്ടെന്ന വാര്‍ത്തകളാണ് യാത്രക്കാര്‍ക്കിടയില്‍ ആശങ്കയുയര്‍ത്തിയത്. കഴിഞ്ഞ ആറു മാതസത്തിനിടെ 1.4 ബില്യന്‍ പൗണ്ടാണ് കമ്പനി രേഖപ്പെടുത്തിയ നഷ്ടം.
ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര എയര്‍ലൈന്‍ കമ്പനികളിലൊന്നായ എമിറേറ്റ്‌സ് നിയമനം നടത്തുന്നു. ക്യാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റാണ് നാളെ നടക്കുന്നത്. യുകെയിലെ 11 സിറ്റികളിലായി നടക്കുന്ന ഓപ്പണ്‍ ഡേ റിക്രൂട്ട്‌മെന്റുകളിലൊന്നാണ് സ്റ്റോക്ക്-ഓണ്‍- ട്രെന്റില്‍ നാളെ നടത്തുന്നതെന്ന് എമിറേറ്റ്‌സ് അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എമിറേറ്റ്‌സിന്റെ ക്യാബിന്‍ ക്രൂവില്‍ ഉള്ളത്. അവര്‍ക്കൊപ്പം ചേരാന്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുകയാണെന്ന് എമിറേറ്റ്‌സ് വക്താവ് അറിയിച്ചു. എയര്‍ലൈന്റെ വളര്‍ച്ചക്കനുസരിച്ച് ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിക്രൂട്ട്‌മെന്റ്. അടുത്തിടെ പുതിയ റൂട്ടുകളിലേക്ക് സര്‍വീസുകള്‍ ആരംഭിച്ച എമിറേറ്റ്‌സ് പുതിയ വിമാനങ്ങളും തങ്ങളുടെ ഫ്‌ളീറ്റിന്റെ ഭാഗമാക്കിയിരുന്നു. വളരെ ആകര്‍ഷകമായ എംപ്ലോയ്‌മെന്റ് പാക്കേജുകളാണ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കുന്നത്. നികുതി രഹിത വരുമാനം, ദുബായില്‍ ഉന്നത നിലവാരത്തിലുള്ള ഷെയേര്‍ഡ് അക്കോമഡേഷന്‍, ജോലിക്കും തിരിച്ചും സൗജന്യ യാത്ര, മെഡിക്കല്‍, ഡെന്റല്‍ കവര്‍, ദുബായിലെ ഷോപ്പിംഗിനും ഉല്ലാസ യാത്രക്കും എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകള്‍ എന്നിവ ലഭിക്കും. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും യാത്രാ കണ്‍സെഷനുകളും കമ്പനി നല്‍കുന്നുണ്ട്. തുറന്ന മനസും സഹായ മനസ്‌കരും സേവന സന്നദ്ധരുമായ ആളുകളെയാണ് തങ്ങള്‍ ജീവനക്കാരായി പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് യുകെ ഡിവിഷണല്‍ വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് ജ്യൂസ്ബറി പറഞ്ഞു. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്നതിനായാണ് ഇത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കരിയര്‍ തുടങ്ങാന്‍ ഏറ്റവും നല്ല അവസരമാണ് ഈ ഓപ്പണ്‍ ഡേയെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു പുതിയ ഫോട്ടോഗ്രാഫും സിവിയുമായി എത്തിയാല്‍ മാത്രം മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. ദിവസം മുഴുവന്‍ ചെലവഴിക്കാന്‍ തയ്യാറായി വേണം എത്താന്‍. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ അടുത്ത ഘട്ട ഇന്റര്‍വ്യൂ, അസസ്‌മെന്റ് എന്നിവയ്ക്കായുള്ള സമയവും നാളെത്തന്നെ അറിയിക്കുമെന്നും ജ്യൂസ്ബറി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക
ബ്രെക്‌സിറ്റിനു ശേഷം യുകെ എയര്‍ലൈന്‍ കമ്പനികളുടെ സേഫ്റ്റി സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തു കളയുമെന്ന് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയിലെ തുടര്‍ പങ്കാളിത്തമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇപ്രകാരം ചെയ്യാന്‍ നിര്‍ബന്ധിതരായിത്തീരുമെന്നാണ് ബ്രസല്‍സ് നല്‍കുന്ന മുന്നറിയിപ്പ്. ബ്രിട്ടീഷ് എയര്‍ലൈനുകള്‍ക്ക് മാത്രമല്ല വിമാന നിര്‍മാതാക്കള്‍ക്കും ഈ വിലക്ക് ബാധകമാകും. ഇവര്‍ക്കും ഇഎഎസ്എ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. വിമാനങ്ങള്‍ക്ക് പറക്കാനുള്ള പെര്‍മിറ്റ്, എയര്‍വര്‍ത്തിനസ് സര്‍ട്ടിഫിക്കറ്റ്, മെയിന്റനന്‍സ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കല്‍ തുടങ്ങിയവ യൂറോപ്യന്‍ രാജ്യങ്ങളിലും എഫ്റ്റ രാജ്യങ്ങളിലും നല്‍കുന്നത് ഇഎഎസ്എയാണ്. പൈലറ്റുമാരുടെയും ക്രൂ എന്‍ജിനീയര്‍മാരുടെയും സേഫ്റ്റി ലൈസന്‍സുകളും ഇല്ലാതാക്കാനും യൂറോപ്യന്‍ യൂണിയന് ഇതിലൂടെ കഴിയും. തങ്ങളുടെ നിലവാരങ്ങള്‍ക്കനുസരിച്ചുള്ള സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ ബ്രെക്‌സിറ്റിനു ശേഷം യുകെ എയര്‍ലൈനുകള്‍ക്ക് നല്‍കാനാകില്ലെന്ന് ബ്രസല്‍സ് മുന്നറിയിപ്പില്‍ പറയുന്നു. അംഗ രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ക്കും നിര്‍മാണക്കമ്പനികള്‍ക്കും മാത്രം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനാണ് ഏജന്‍സിയുടെ ബേസിക് റെഗുലേഷന്‍ പറയുന്നത്. ഇതനുസരിച്ച് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുന്നതോടെ ഈ സര്‍ട്ടിഫിക്കേഷനുള്ള അര്‍ഹതയില്‍ നിന്നും പുറത്താകും. ആര്‍ട്ടിക്കിള്‍ 5 അനുസരിച്ച് യുകെയില്‍ നിര്‍മിക്കുന്ന വിമാനഭാഗങ്ങള്‍ക്കും ഈ സുരക്ഷാ സര്‍ട്ടിഫിക്കറ്റിനുള്ള യോഗ്യത ഉണ്ടായിരിക്കുന്നതല്ല. ഏവിയേഷന്‍ രംഗത്ത് യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ കൗണ്‍സിലും അംഗീകരിച്ച നിയമാവലിയാണ് ബേസിക് റെഗുലേഷന്‍. ഇഎഎസ്എക്ക് പകരമായി യുകെ ഒരു സംവിധാനം രൂപീകരിക്കുന്ന വിഷയത്തില്‍ എഡിഎസ് ഗ്രൂപ്പ് എന്ന എയ്‌റോസ്‌പേസ്, ഡിഫന്‍സ് വ്യവസായങ്ങളുടെ സംഘടന ആശങ്കയറിയിച്ചിട്ടുണ്ട്. യുകെയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് ഇത്തരം ഒരു സംവിധാനം രൂപീകരിക്കാനുള്ള കഴിവ് നിലവിലില്ല. സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള ശേഷി പുതിയൊരു ഏജന്‍സിക്ക് കൈവരണമെങ്കില്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും വേണ്ടി വരും.
RECENT POSTS
Copyright © . All rights reserved