airport
ബ്രിട്ടനില്‍ അതിശൈത്യവും മഞ്ഞുവീഴ്ചയും തുടരുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച രാത്രി താപനില ഈ വിന്ററിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തുമെന്നാണ് മുന്നറിയിപ്പ് പറയുന്നത്. വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്നു. മഞ്ഞു നിറഞ്ഞ മോട്ടോര്‍വേകളില്‍ നൂറുകണക്കിന് കാറുകള്‍ യാത്രക്കാര്‍ ഉപേക്ഷിച്ചു. വിമാനത്താവളങ്ങളും അടച്ചിട്ടു. സ്‌കോട്ടിഷ് ഹൈലാന്‍ഡിലെ ബ്രെയ്മറില്‍ മൈനസ് 15 ഡിഗ്രിയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. അതേസമയം, ശനിയാഴ്ച രാത്രി സ്‌കോട്ട്‌ലന്‍ഡിലെ താപനില മൈനസ് 16 ഡിഗ്രി വരെ താഴ്‌ന്നേക്കാമെന്നാണ് നിഗമനം. ഇംഗ്ലണ്ടിന്റെ പല പ്രദേശങ്ങളിലും മൈനസ് താപനില രണ്ടക്കം കടക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധന്‍ അലക്‌സ് ബേര്‍ക്കില്‍ പറഞ്ഞു. നോര്‍ത്തിലും വെസ്റ്റിലും ഈസ്റ്റിലും മഞ്ഞുമഴയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ശനിയാഴ്ച തണുപ്പേറിയ ദിവസമായിരിക്കും. സൗത്തില്‍ തണുത്ത കാറ്റിന് സാധ്യതയുണ്ട്. എങ്കിലും മിക്കയിടങ്ങളിലും വരണ്ടതും തെളിഞ്ഞതുമായ കാലാവസ്ഥയായിരിക്കും. വ്യാഴാഴ്ചയ്ക്ക് സമാനമായിരിക്കും ശനിയാഴ്ച രാത്രിയെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ താപനില കൂടുതല്‍ താഴുകയും ചെയ്യും. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ച മുതല്‍ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ മിക്ക പ്രദേശങ്ങളും, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരം, തെക്കന്‍ പ്രദേശങ്ങള്‍, വെയില്‍സിന്റെ പടിഞ്ഞാറന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ വാണിംഗ് ബാധകമാകും. വെള്ളിയാഴ്ച 14 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയാണ് സൗത്ത് വെസ്റ്റില്‍ രേഖപ്പെടുത്തിയത്. മഞ്ഞുവീണ റോഡുകളില്‍ ഗതാഗതം നിലച്ചതോടെ കാറുകള്‍ ഉപേക്ഷിച്ച് യാത്രക്കാര്‍ മറ്റിടങ്ങളില്‍ അഭയം തേടി. ഏഴു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഫെബ്രുവരി താപനിലയായിരുന്നു കഴിഞ്ഞ ദിവസത്തേത്. സ്‌കൂളുകള്‍ പലതും ഇതേത്തുടര്‍ന്ന് അടച്ചിട്ടു. ബ്രിസ്റ്റോളിലെ പകുതിയോളം സ്‌കൂളുകളും ബക്കിംഗ്ഹാംഷയറില്‍ 300 ഓളം സ്‌കൂളുകളും കോണ്‍വാളില്‍ 150ലേറെ സ്‌കൂളുകളും അടച്ചിട്ടുവെന്നാണ് വിവരം.
ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വന്ന റണ്‍വേയിലെ ഡ്രോണ്‍ യഥാര്‍ത്ഥമായിരുന്നില്ലെന്ന് പോലീസ്. 140,000 പേരുടെ ക്രിസ്മസ് ആഘോഷം നശിപ്പിച്ച സംഭവം വ്യാജമായിരുന്നുവെന്നാണ് സസെക്‌സ് പോലീസ് ഇപ്പോള്‍ അറിയിക്കുന്നത്. സംഭവത്തില്‍ പിടിയിലായ രണ്ടു പേരെ കുറ്റമൊന്നും ചുമത്താതെ പോലീസ് പുറത്തു വിടുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഡ്രോണ്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതൊരു സാധ്യത മാത്രമാണെന്നായിരുന്നു ഒരു പോലീസ് ഓഫീസര്‍ മറുപടി നല്‍കിയത്. ഇതു കൂടാതെ 67 ഡ്രോണ്‍ സാന്നിധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇവയും യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന വിഷയത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ് പോലീസ്. ഡ്രോണ്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അതൊരു സാധ്യതയാണെന്ന മറുപടിയാണ് ഡിറ്റക്ടീവ് ചീഫ് സൂപ്പറിന്റന്‍ഡെന്റ് ജെയ്‌സണ്‍ ടിംഗ്ലി പറഞ്ഞു. വിഷയത്തില്‍ ഇനി മടങ്ങിപ്പോക്കില്ല. റണ്‍വേയില്‍ എന്തോ കണ്ടുവെന്ന് അറിയിച്ചവരുമായി കൂടുതല്‍ സംസാരിച്ചു വരികയാണ്. അവര്‍ പറഞ്ഞതില്‍ വ്യക്തതയുണ്ടാകേണ്ടതുണ്ട്. ഡ്രോണ്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന സമയം, സ്ഥലം, അവ സഞ്ചരിച്ച ദിശ തുടങ്ങിയവ മനസിലാക്കേണ്ടതുണ്ട്. സംഭവത്തില്‍ പിടിയിലായ 47 കാരനെയും 54 കാരിയായ ഇയാളുടെ ഭാര്യയെയും കുറ്റക്കാരല്ലെന്നു കണ്ട് ഇന്നലെ വെറുതെ വിട്ടിരുന്നു. 36 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരെ പുറത്തു വിട്ടത്. എന്നാല്‍ പിടിയിലായവരോട് ഖേദപ്രകടനം നടത്താന്‍ പോലീസ് തയ്യാറായിട്ടില്ല. ഡ്രോണ്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്ള 1000 സര്‍വീസുകളാണ് റദ്ദാക്കിയത്. തകര്‍ന്ന ഒരു ഡ്രോണിന്റെ ഭാഗങ്ങളും വിമാനത്താവള പരിസരത്തു നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ന്യൂസ് ഡെസ്ക് കനത്ത മഴയും പ്രളയവും മൂലം അടച്ചിട്ടിരിക്കുന്ന നെടുമ്പാശേരി വിമാനത്താവളം ഈ മാസം 29 ന് മാത്രമേ തുറക്കുകയുള്ളൂവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നേരത്തേ 26 ന് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. വെള്ളം കയറിയതിനേത്തുടര്‍ന്ന് റണ്‍വേ അടക്കമുള്ള മേഖലകളിലുണ്ടായ നാശമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. എയര്‍ലൈനുകളുടേയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടേയും ഇടയില്‍ 90 ശതമാനം പേരും പ്രളയദുരിതത്തില്‍ പെട്ടവരാണ്. ഇവരില്‍ പലരും സ്ഥലത്തില്ല. തൊട്ടടുത്തുള്ള ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടച്ചിട്ട നിലയിലാണ്. മധ്യകേരളം പ്രളയക്കെടുതിയില്‍ നിന്നും കരകയറിയിട്ടില്ല. ഇവയെല്ലാം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. 29ന് രണ്ടു മണി മുതലായിരിക്കും വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുക.
ഹീത്രൂ വിമാനത്താവള വികസന പദ്ധതിക്ക് എംപിമാരുടെ അംഗീകാരം. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന് മൂന്നാമതൊരു റണ്‍വേ നിര്‍മിക്കാനുള്ള പദ്ധതിക്ക് ദശാബ്ദങ്ങള്‍ നീണ്ട കാലതാമസത്തിനും പദ്ധതി റദ്ദാക്കലുകള്‍ക്കും ശേഷമാണ് ഇപ്പോള്‍ അംഗീകാരമായിരിക്കുന്നത്. 119 വോട്ടുകള്‍ക്കെതിരെ 415 വോട്ടുകള്‍ക്കാണ് പദ്ധതിക്ക് അംഗീകാരമായത്. ബ്രിട്ടന്റെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, പണം കണ്ടെത്തുന്നതെങ്ങനെയെന്ന ചോദ്യങ്ങള്‍, കോടതികളില്‍ നിലവിലുള്ള വ്യവഹാരങ്ങള്‍ തുടങ്ങിയവ ഇപ്പോഴും പദ്ധതിക്ക് വഴിമുടക്കികളായുണ്ട്. വിമാനത്താവളത്തിനായി സ്ഥലമെടുക്കുമ്പോള്‍ വീടു നഷ്ടമാകുന്നവരുടെ പ്രതിഷേധവും ശക്തമാണ്. ലേബര്‍ പാര്‍ട്ടി പദ്ധതിക്ക് ഔദ്യോഗികമായി എതിരായിരുന്നുവെങ്കിലും യുണൈറ്റ് പോലുള്ള യൂണിയനുകളുടെ അനുകീല മനോഭാവം പരിഗണിച്ച് ഫ്രീവോട്ടിന് അനുമതി നല്‍കി. കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്ക് പദ്ധതിയെ അനുകൂലിച്ച് വോട്ടു ചെയ്യാന്‍ വിപ്പ് ഉണ്ടായിരുന്നു. ബ്രെക്‌സിറ്റ് അനന്തര കാലത്ത് ഒരു ലോകരാഷ്ട്രമെന്ന നിലയിലേക്കുള്ള പ്രയാണത്തിന് ഈ വികസനം അനിവാര്യമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗെയ്‌ലിംഗ് പറഞ്ഞു. പദ്ധതിക്ക് അനുമതി നല്‍കിയത് രാജ്യത്തിന്റെയും സഭയുടെയും ചരിത്രത്തിലെ സുപ്രധാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനത്തിലായിരുന്നതിനാല്‍ ബോറിസ് ജോണ്‍സണ് വോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല. പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നയാളാണ് ഇയാള്‍. സര്‍ക്കാര്‍ വിപ്പിനെതിരെ വോട്ട് ചെയ്തിരുന്നെങ്കില്‍ ജോണ്‍സണ് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വരുമായിരുന്നു. ബോറിസ് എവിടെയെന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തെ പ്രതിപക്ഷം പരിഹസിക്കുകയും ചെയ്തു.
ബ്രിട്ടീഷ് പോര്‍ട്ടുകളിലും വിമാനത്താവളങ്ങളിലും യുകെ ഒണ്‍ലി പാസ്‌പോര്‍ട്ട് ലെയിനുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് ഹോം ഓഫീസ് പിന്‍വാങ്ങുന്നു. ബ്രെക്‌സിറ്റിനു ശേഷം നടപ്പാക്കാനിരുന്ന ഈ പദ്ധതി ചെലവേറിയതാകുമെന്ന വിലയിരുത്തലിലാണ് ഹോം ഓഫീസ് പുനര്‍വിചിന്തനം നടത്തിയിരിക്കുന്നത്. വ്യത്യസ്ത ലൈനുകള്‍ യാത്രക്കാരുടെ സമയം മെനക്കെടുത്താനിടയുണ്ടെന്നും വിലയിരുത്തലുണ്ട്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പിലേക്കുള്ള യാത്രകളില്‍ നോണ്‍ യൂറോപ്യന്‍ ലെയിനുകളില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടതായി വന്നേക്കാമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ് സമ്മതിച്ചതിനു തൊട്ടു പിന്നാലെയാണ് ഹോം ഓഫീസ് ഈ നീക്കവുമായി രംഗത്തെത്തിയതെന്നതാണ് ശ്രദ്ധേയം. യുകെ ഒണ്‍ലി ലെയിനുകള്‍ ജനങ്ങള്‍ക്ക് താല്‍പര്യമാകുമെങ്കിലും അതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കേണ്ടി വരുമെന്നതിനാല്‍ ചെലവ് വര്‍ദ്ധിക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ബ്രെക്‌സിറ്റിന്റെ ശക്തമായ പ്രദര്‍ശനമാകുമെന്നതിനാല്‍ പ്രത്യേക ലെയിന്‍ ഒരു ആകര്‍ഷണമാകുമെന്ന് ഹോം ഓഫീസ് നടത്തിയ ഒരു പഠനം വിലയിരുത്തുന്നു. അതേസമയം വിമാനത്താവളങ്ങിലും മറ്റും എത്തുന്ന ബ്രിട്ടീഷുകാരുടെ എണ്ണം പരിഗണിച്ചാല്‍ യുകെ ഒണ്‍ലി ലൈനുകളില്‍ കൂടുതല്‍ സമയം നഷ്ടമാകുമെന്നത് വ്യക്തമാണ്. ചിലപ്പോള്‍ മറ്റു നിരകളേക്കാള്‍ ബ്രിട്ടീഷുകാരുടെ നിരകള്‍ക്ക് നീളം കൂടാനും സാധ്യയുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ താമസിക്കാനുദ്ദേശിക്കുന്ന യൂറോപ്യന്‍ പൗരന്മാര്‍ക്കായി ചട്ടങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാജിദ് ജാവിദ് തയ്യാറെടുക്കുന്നതിനിടയിലാണ് യുകെ ഒണ്‍ലി പാസ്‌പോര്‍ട്ട് ലെയിനുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്കുള്ള ഇളവുകള്‍ വ്യാഴാഴ്ച ഹോം സെക്രട്ടറി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇത് ജാവിദും ബ്രെക്‌സിറ്റ് അനുകൂലികളും തമ്മില്‍ യുദ്ധത്തിന്  വഴിവെക്കുമെന്നും നിരീക്ഷണമുണ്ട്.
RECENT POSTS
Copyright © . All rights reserved