Alcohol
യുകെയില്‍ അഞ്ചിലൊന്ന് ആളുകള്‍ അമിതമായി മദ്യപിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് ഡിജിറ്റലിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. പണക്കാരായ പ്രായമുള്ള പുരുഷന്‍മാരാണ് കൂടുതല്‍ മദ്യം കഴിക്കുന്നത്. ഇത് ഇവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും എന്‍എച്ച്എസ് ഡിജിറ്റല്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. 16 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 21 ശതമാനം പേര്‍ ആഴ്ചയില്‍ അനുവദനീയമായ 14 യൂണിറ്റിനു മേല്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നുണ്ട്. യുകെയിലെ നാല് ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരാണ് സുരക്ഷിത മദ്യപാനത്തിന് ഈ അളവ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ നിരക്ക് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറവാണ്. 28 ശതമാനം പുരുഷന്‍മാരും 14 ശതമാനം സ്ത്രീകളും ആഴ്ചയില്‍ നിര്‍ദേശിച്ചിരിക്കുന്ന പരിധിക്കപ്പുറം മദ്യം കഴിക്കുന്നവരാണ്. ആല്‍ക്കഹോള്‍ ഉപയോഗവും അത് സൃഷ്ടിക്കുന്ന വിപരീത ഫലങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. അപകടകരമായ വിധത്തില്‍ മദ്യം കഴിക്കുന്നവരുടെ എണ്ണം കുറയുന്നതിനെ മദ്യ വ്യവസായ മേഖലയില്‍ നിന്നുള്ള ഗ്രൂപ്പുകള്‍ സ്വാഗതം ചെയ്യുന്നു. അതേസമയം നിയന്ത്രിത അളവിലുള്ള മദ്യപാനവും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മദ്യ ഉപഭോഗം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കണമെന്നും ആല്‍ക്കഹോള്‍ ക്യാംപെയിനര്‍മാര്‍ പറയുന്നു. ക്യാന്‍സര്‍, ലിവര്‍ സിറോസിസ്, ഹൃദ്രോഗം തുടങ്ങിയവ ക്ഷണിച്ചു വരുത്തുന്ന വിധത്തില്‍ മുതിര്‍ന്നവരില്‍ അഞ്ചിലൊന്നു പേര്‍ മദ്യം കഴിക്കുന്നുണ്ട്. ഇത് എന്‍എച്ച്എസിനു മേല്‍ സമ്മര്‍ദ്ദമേറ്റുന്നുണ്ടെന്നും രാജ്യത്തിന്റെ ഉദ്പാദന ശേഷിയെപ്പോലും ബാധിക്കുന്ന വിധത്തിലാണ് മദ്യപാനത്തിന്റെ തോതെന്നും ഒരു ആരോഗ്യമില്ലാത്ത ജനതയായി നാം മാറുകയാണെന്നും തിങ്ക്ടാങ്കായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആല്‍ക്കഹോള്‍ സ്റ്റഡീസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കാതറീന്‍ സവേരി പറഞ്ഞു.
ലണ്ടന്‍: സ്ത്രീകള്‍ ഭക്ഷണത്തിനൊപ്പമല്ലാതെ മദ്യം കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം. ഭക്ഷണത്തിനൊപ്പമല്ലാതെ മദ്യം കഴിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊതുവെ വര്‍ദ്ധിക്കുന്നതായി പഠനം വ്യക്തമാക്കുന്നത്. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ലിവര്‍ സിറോസിസ് രോഗികളുടെ എണ്ണം രാജ്യത്ത് ഗണ്യമായി വര്‍ധിക്കുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. മദ്യം ഭക്ഷണത്തിനൊപ്പമല്ലാതെ കഴിക്കുന്നത് ലിവര്‍ സിറോസിസ് വരാനുള്ള കാരണമായേക്കും. ഇത്തരക്കാരില്‍ സിറോസിസ് വരാന്‍ 66 ശതമാനം സാധ്യതകളേറെയാണെന്ന് മെഡിക്കല്‍ വിദഗ്ദ്ധരടങ്ങിയ പാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍ രോഗം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 16 വര്‍ഷത്തിനിടെ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് വളരെ ഗുരുതരമായ വളര്‍ച്ചയാണെന്നും സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സ്ഥിര മദ്യപാനം ഒഴിവാക്കുന്നത് നന്നായിരിക്കുമെന്നും പഠനം പറയുന്നു. അതേസമയം ഭക്ഷണത്തിനൊപ്പം മദ്യം കഴിക്കുന്നത് കരള്‍ രോഗത്തില്‍ നിന്ന് സ്ത്രീകളെ അകറ്റുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഡിപാര്‍ട്ട്‌മെന്റ് ഓഫ് പോപുലേഷന്‍ ഹെല്‍ത്ത്, ഒാക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. റേച്ചല്‍ സിംപ്‌സണ്‍ നേതൃത്വത്തിലാണ് പഠനം നടന്നിരിക്കുന്നത്. യുവതികളില്‍ സമീപകാലത്ത് ആല്‍ക്കഹോള്‍ സംബന്ധിയായ രോഗങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുലകളിലുണ്ടാകുന്ന ക്യാന്‍സര്‍ രോഗത്തില്‍ തുടങ്ങിയ ഗുരുതരമായ കരള്‍ രോഗങ്ങള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഏതാണ്ട് 55 ശതമാനം വര്‍ദ്ധനവാണ് സ്ത്രീ രോഗികളുടെ കാര്യത്തിലുണ്ടായിരിക്കുന്നതെന്നും ഇന്‍സ്റ്റിയൂട്ട് ഓഫ് ആല്‍ക്കഹോള്‍ സ്റ്റഡീസിലെ ചീഫ് എക്‌സിക്യൂട്ടീവ് കാതറീന്‍ സെവറി പറഞ്ഞു. സമീപകാലത്ത് സ്ത്രീകളെ ലക്ഷ്യമാക്കി വിപണിയിലെ മാറ്റങ്ങള്‍ നമുക്ക് മനസിലാക്കാവുന്നതേയുള്ളുവെന്നും രോഗശതമാനത്തിലെ വര്‍ദ്ധനവ് ഒട്ടും അദ്ഭുതം ഉളവാക്കുന്നതല്ലെമന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ഥിരമായി മദ്യപിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് പറയാറുള്ളത്. എന്നാല്‍ അല്‍പസ്വല്പം മദ്യപിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പുതിയ പഠനം പറയുന്നു. ജോലിക്ക് ശേഷം അല്‍പം ബിയര്‍ കഴിക്കുക തുടങ്ങിയ ശീലമുള്ള സോഷ്യല്‍ ഡ്രിങ്കര്‍മാരില്‍ അസുഖങ്ങള്‍ അത്ര കാര്യമായി കാണപ്പെടുന്നില്ലത്രേ! എന്നാല്‍ അതിലും അതിശയിപ്പിക്കുന്ന വസ്തുത ഒട്ടും മദ്യപിക്കാത്തവരാണ് ഏറ്റവും കൂടുതല്‍ സിക്ക് ലീവുകള്‍ എടുക്കുന്നത് എന്ന വെളിപ്പെടുത്തലാണ്. മിതമായി മദ്യം കഴിക്കുന്നവര്‍ക്ക് ഓഫീസ് ദിനങ്ങള്‍ സാധാരണ ഗതിയില്‍ നഷ്ടമാകുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ഇത് അമിത മദ്യപാനികള്‍ക്ക് ബാധകമല്ലെന്നതും ശ്രദ്ധേയമാണ്. യുകെ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മദ്യം കഴിക്കാത്തയാളുകളില്‍ മാനസിക പ്രശ്‌നങ്ങള്‍, പേശികള്‍ക്കും അസ്ഥികള്‍ക്കുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, വയറിനും ശ്വാസകോശത്തിനു നേരിടുന്ന അസ്വസ്ഥതകള്‍ എന്നിവ സാധാരണമാണെന്നും പഠനം കണ്ടെത്തി. ഇതുമൂലം ഇവരുടെ പ്രവൃത്തിദിനങ്ങള്‍ നഷ്ടമാകുന്നുണ്ട്. ആരോഗ്യകാരണങ്ങളാല്‍ മദ്യപാനശീലം ഉപേക്ഷിച്ചവരെ പഠനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലരെയും നേരത്തേ ജോലിയില്‍ നിന്ന് വിരമിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും പഠനം പറയുന്നു. ആഴ്ചയില്‍ 11 യൂണിറ്റ് ആല്‍ക്കഹോള്‍ കഴിക്കുന്ന സ്ത്രീകളെയും 34 യൂണിറ്റ് വരെ കഴിക്കുന്ന പുരുഷന്‍മാരെയുമാണ് പഠനത്തില്‍ താരതമ്യം ചെയ്തത്.
ബീജിംഗ്: സ്ഥിരമായി മദ്യം കഴിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ നല്ല ചൂട് ചായ കുടിക്കുന്ന ശീലം ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന് പഠനം പറയുന്നു. ദിവസം ഒരു ഡ്രിങ്കും ചൂടു ചായയും കഴിക്കുന്ന ശീലമുള്ളവരില്‍ അന്നനാള ക്യാന്‍സര്‍ വരാനുള്ള സാധ്യത ആഴ്ചയിലൊരിക്കല്‍ മാത്രം ചൂട് ചായ കുടിക്കുന്നവരേക്കാള്‍ അഞ്ച് ഇരട്ടി അധികമാണെന്ന് ചൈനീസ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പുകവലിയും ചൂട് ചായയുമായും ക്യാന്‍സറിന് ബന്ധമുണ്ടെന്നും പഠനം പറയുന്നു. 30നും 79നുമിടയില്‍ പ്രായമുള്ള 4,56,155 ആളുകള്‍ക്കിടയില്‍ നടത്തിയ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പുകവലിക്കാരില്‍ ദിവസവും ചൂട് ചായ കുടിക്കുന്നവര്‍ക്ക് ആഴ്ചയില്‍ ഒരു തവണ ചായ കുടിക്കുന്നവരേക്കാള്‍ അന്നനാള ക്യാന്‍സറിന് രണ്ട് മടങ്ങ് സാധ്യതയാണ് ഉള്ളത്. പുകവലിയും മദ്യപാനവും അന്നനാള ക്യാന്‍സറുമായി നേരിട്ട് ബന്ധമുള്ളവയാണെന്ന് നേരത്തേ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ചായ ഈ ക്യാന്‍സര്‍ വരാനുള്ള സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നതായാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അന്നനാളത്തിലെ കോശങ്ങളെ ചൂട് ചായ കേട് വരുത്തുന്നു. പുകവലിയും മദ്യപാനവും ഈ തകരാറിനെ കൂടുതല്‍ ഗുരുതരമാക്കുകയാണ് ചെയ്യുന്നതെന്ന് ചൈനയിലെ പീക്കിംഗ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ് സെന്ററിലെ എല്‍വി ജൂന്‍ പറഞ്ഞു. പഠനത്തിന്റെ തുടക്കത്തില്‍ പങ്കെടുത്ത ആര്‍ക്കും ക്യാന്‍സര്‍ ഉണ്ടായിരുന്നില്ല. അവരില്‍ പകുതിയോളം പേരെ 9 വര്‍ഷത്തോളം ഗവേഷകര്‍ പിന്തുടര്‍ന്നു. ഇതിനിടയില്‍ 1731 പേര്‍ക്ക് അന്നനാളത്തില്‍ ക്യാന്‍സര്‍ ബാധിച്ചു. ഈ രോഗത്തിന്റെ നിരക്ക് ചൈനയില്‍ താരതമ്യേന കൂടുതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ചൂട് ചായ കുടിക്കുന്ന ശീലം ചൈനക്കാരില്‍ അധികമായതാകാം ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.
RECENT POSTS
Copyright © . All rights reserved