Amazon
ജീവനക്കാരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമത്തില്‍ ആമസോണിനെതിരെ വിമര്‍ശനം ശക്തമാകുന്നു. തൊഴിലാളികള്‍ക്ക് ഓഗ്മെന്റഡ് റിയാലിറ്റി ഗോഗിള്‍സ് നല്‍കാനുള്ള നീക്കമാണ് വിമര്‍ന വിധേയമാകുന്നത്. ഈ കണ്ണടകള്‍ വെയര്‍ഹൗസുകളിലൂടെ ജീവനക്കാരെ നയിക്കാനും അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും സഹായിക്കും. ജീവനക്കാരെ നിരീക്ഷിക്കാനുള്ള നീക്കം കമ്പനിയുടെ ബിഗ് ബോസ് സമീപനമാണെന്ന് ജിഎംബി യൂണിയന്‍ ആരോപിച്ചു. ഈ കണ്ണടകള്‍ക്ക് പേറ്റന്റ് ലഭിക്കുന്നതിനായി ആമസോണ്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. വെയര്‍ഹൗസുകളില്‍ സാധനങ്ങള്‍ എവിടെയാണ് ഇരിക്കുന്നതെന്ന് ഈ കണ്ണടകള്‍ ജീവനക്കാര്‍ക്ക് കാണിച്ചു കൊടുക്കും. അതുപോലെ ഉല്‍പന്നങ്ങള്‍ എവിടെയാണ് വെക്കേണ്ടതെന്നും ഇവ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കും. രണ്ടു ദിവസം മുമ്പാണ് കമ്പനി അമേരിക്കയില്‍ ഇതിന്റെ പേറ്റന്റിനായി അപേക്ഷ നല്‍കിയത്. ജോലി സമയത്ത് ജീവനക്കാരുടെ പ്രകടനം നിരീക്ഷിക്കാനും ഈ ഗോഗിള്‍സ് ഉപയോഗിക്കാമെന്ന് പേറ്റന്റ് അപേക്ഷയില്‍ ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓറിയന്റേഷന്‍, ആക്‌സിലറോമീറ്റര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ ജീവനക്കാര്‍ നടക്കുന്ന വേഗം, അവരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവയും ലഭ്യമാകും. ഏറ്റവും മോശം ജോലി സാഹചര്യങ്ങളുടെ പേരിലും അഞ്ച് വര്‍ഷത്തോളമായി യുകെയില്‍ ഏറ്റവും കുറവ് കോര്‍പറേഷന്‍ ടാക്‌സ് അടക്കുന്നതിലൂടെയും കമ്പനി വിമര്‍ശനങ്ങള്‍ നേരിട്ടു വരികയാണ്. ഹൈസ്ട്രീറ്റ് വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടം നേരിടുേേമ്പാള്‍ ഓണ്‍ലൈന്‍ വിപണിക്ക് വന്‍ വളര്‍ച്ചയാണ് അടുത്ത കാലത്ത് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ വളര്‍ച്ച ലഭിച്ചിട്ടും 2017ല്‍ വെറും 4.6 മില്യന്‍ പൗണ്ട് മാത്രമാണ് ആമസോണ്‍ കോര്‍പറേഷന്‍ ടാക്‌സ് ഇനത്തില്‍ നല്‍കിയത്. 8.8 ബില്യനായി കമ്പനിയുടെ വില്‍പന വളരുകയും 72 മില്യന്‍ പൗണ്ട് ലാഭം ലഭിക്കുകയും ചെയ്തിട്ടും 6 ശതമാനം മാത്രമാണ് കമ്പനി കോര്‍പറേഷന്‍ നികുതിയായി നല്‍കിയത്.
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ആമസോണ്‍ ചീഫ് ജെഫ് ബിസോസ്. ആമസോണിന്റെ വിപണിമൂല്യം 151 ബില്യണ്‍ ഡോളറായി ഉയര്‍ന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരനായ ബില്‍ഗേറ്റ്സിനെ പിന്നിലാക്കാന്‍ ജെഫ് ബിസോസിന്റെ സഹായിച്ചത്. ഈ വര്‍ഷം ആമസോണിന്റെ ഓഹരികള്‍ 6.6 ശതമാനം ഉയര്‍ച്ച നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം 56 ശതമാനമായിരുന്നു ഓഹരികളുടെ വളര്‍ച്ച. ലോക പണക്കാരുടെ പട്ടികയില്‍ ഏറെ നാള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ബില്‍ഗേറ്റ്‌സിനെ പിന്തള്ളിയത് വലിയ നേട്ടമായിട്ടാണ് സാമ്പത്തിക ലോക് വിലയിരുത്തുന്നത്. കഴിഞ്ഞ ജനുവരിയില്‍ ബ്ലൂംബര്‍ഗ് ബില്യണെയര്‍ ഇന്‍ഡെക്‌സ് പ്രകാരം 105 ബില്യണ്‍ ഡോളറാണ് ജെഫ് ബെസോസിന് ആസ്തി. എന്നാല്‍ കഴിഞ്ഞ ദിവസം അത് 151 ഡോളറായി വര്‍ദ്ധിച്ചു. ലോകത്തിലെ ഏതൊരാളും സ്വന്തമാക്കിയ സമ്പത്തിനേക്കാളും ഏറെയാണ് ഇദ്ദേഹത്തിന്റെ ആസ്തിയിപ്പോള്‍. നിലവിലെ ലോകത്തിലെ മുന്‍നിര പണക്കാരുടെ വളര്‍ച്ചയുടെ കണക്ക് പരിശോധിച്ചാല്‍ ചില രാജ്യങ്ങളുടെ ആകെ ജിഡിപിയേക്കാളും വലുതാണ്. ബില്‍ഗേറ്റ്‌സും ജെഫ് ബെസോസും മാത്രം സമീപകാലത്ത് നേടിയ നേട്ടം ചില രാജ്യങ്ങളുടെ ആകെ ബിസിനസ് നേട്ടത്തിലും കൂടുതലാണ്. ചരിത്രനേട്ടത്തിലെത്തിയ ആമസോണ്‍ ഇന്റര്‍നെറ്റ് വിപണി കീഴടക്കുകയാണ്. 1990കളുടെ തുടക്കത്തിലാണ് ബിസോസ് ഇ-കൊമേഴ്‌സ് സ്ഥാപനം തുടങ്ങുന്നത്. 2017 ലെ മൊത്തം കണക്കുകള്‍ എടുത്താല്‍ കമ്പനിക്ക് ഏകദേശം 56 ശതമാനത്തോളം സ്റ്റോക്ക് റൈസുണ്ടായിട്ടുണ്ട്. ഇതാദ്യമായല്ല ബിസോസ് പണക്കാരുടെ പട്ടികയില്‍ ഒന്നാമതാകുന്നത്. കഴിഞ്ഞ ജനുവരിയില്‍ രണ്ട് തവണ ബില്‍ഗേറ്റ്‌സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. പക്ഷേ ഇത്തവണ മറ്റൊരു പണക്കാരനും നേടാത്തതിലും വലിയ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. വാറന്‍ ബഫറ്റ് മൂന്നാം സ്ഥാനത്ത് 87.2 ബില്യണ്‍ ഡോളര്‍. ഫേസ്ബുക്കിന്റെ മാര്‍ക്ക് സുക്കര്‍ബര്‍ഗും സാരയുടെ സഹസ്ഥാപകനുമായ അന്‍സാനോ ഒര്‍ടെഗ ഗാനോണ യഥാക്രമം നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തുമാണ്. യഥാക്രമം 77.5 ബില്ല്യണ്‍ ഡോളറും 76 ബില്ല്യണ്‍ ഡോളറുമായിരുന്നു ഇവരുടെ ആസ്തികള്‍.
ലോകത്തിലെ ഏറ്റവും വേഗത്തിലുള്ള ഡോര്‍സ്‌റ്റെപ് ഡെലിവറി ബ്രിട്ടനില്‍ നടപ്പാക്കാനൊരുങ്ങി ആമസോണ്‍. ഡ്രോണുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്ന പദ്ധതി നടപ്പാക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. ഓര്‍ഡര്‍ ചെയ്ത് അര മണിക്കൂറിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തും. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടും ഇതിനായി നടത്തിയ ചര്‍ച്ചകളില്‍ ആമസോണിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുക എന്നതാണ് തങ്ങള്‍ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നതെന്ന് ആമസോണ്‍ യുകെ മേധാവി ഡൗഗ് ഗര്‍ പറഞ്ഞു. എയര്‍ പ്രൈം എന്ന പേരിലാണ് ഡ്രോണ്‍ സര്‍വീസ് തുടങ്ങുന്നത്. ഇതിന്റെ ട്രയലിനാണ് ഇപ്പോള്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ അനുമതി ലഭിച്ചിരിക്കുന്നത്. ലണ്ടനില്‍ നടക്കുന്ന ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തില്‍ സംസാരിക്കുമ്പോളാണ് ഗര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഗ്രൗണ്ട് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസായ പ്രൈം നൗവിലൂടെ ആദ്യഘട്ടത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ ഡെലിവറികള്‍ സാധ്യമാക്കാനാകും. പിന്നീട് ഡ്രോണുകള്‍ ഉപയോഗിച്ച് ഈ സമയ ദൈര്‍ഘ്യം അര മണിക്കൂറായി കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗര്‍ വ്യക്തമാക്കി. സ്വയം നിയന്ത്രിക്കുന്ന വാഹനങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ഡെലിവര്‍ ചെയ്യുന്ന സംവിധാനത്തിന്റെ പരീക്ഷണം നടന്നു വരികയാണ്. സിഎഎ ഡിഎഫ്ടി എന്നിവയുമായി ധാരണയിലെത്തിയതിനു ശേഷം കഴിഞ്ഞ ഒന്നര വര്‍ഷമായി ഡ്രോണുകളുടെ പരീക്ഷണം നടത്തി വരികയാണ്. എന്നാല്‍ ഔദ്യോഗികമായി ഈ സേവനം എന്നുമുതല്‍ നല്‍കാന്‍ കഴിയുമെന്നത് വെളിപ്പെടുത്താന്‍ ഗര്‍ വിസമ്മതിച്ചു.
RECENT POSTS
Copyright © . All rights reserved