ambulance
ഫാഷന്‍ ഡിസ്ട്രിബ്യൂഷന്‍ വെയര്‍ഹൗസുകളിലെ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ജീവനക്കാരെ ആശുപത്രികളിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ വിളിക്കുന്നത് പതിവാകുന്നതാണ് ആശങ്കയുയര്‍ത്തുന്നത്. റോച്ച്‌ഡെയിലിലെ ജെഡി സ്‌പോര്‍ട്‌സിന്റെ വെയര്‍ഹൗസില്‍ കഴിഞ്ഞ വര്‍ഷം 40 തവണയാണ് ആംബുലന്‍സുകള്‍ എത്തിയത്. ആസോസ് യൂണിറ്റില്‍ നിന്ന് 45 പേരെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. ബാണ്‍സ്ലിയില്‍ പ്രവര്‍ത്തിക്കുന്ന ആസോസ് യൂണിറ്റില്‍ നിന്ന് ആഴ്ചയില്‍ ഒരാള്‍ വീതം എന്ന നിലയിലാണ് ജീവനക്കാര്‍ ആശുപത്രികളിലേക്ക് മാറ്റപ്പെട്ടത്. ബ്രിട്ടനിലെ ലേബര്‍ മാര്‍ക്കറ്റിന്റെ ദുര്‍ബല വശമാണ് ഈ സംഭവങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് ലേബര്‍ എംപി ഫ്രാങ്ക് ഫീല്‍ഡ് പറഞ്ഞു. പുതിയൊരു എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും ഇത്തരം കാര്യങ്ങള്‍ വിക്ടോറിയന്‍ കാലഘട്ടത്തില്‍ ഉപേക്ഷിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മില്‍ട്ടന്‍ കെയിന്‍സ്, ഡിഡ്‌കോട്ട്, റീഡിംഗ് എന്നിവിടങ്ങളിലെ ടെസ്‌കോയിലേക്ക് 40 ആംബുലന്‍സുകള്‍ വിളിച്ചിട്ടുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. വാറിംഗ്ടണിലെ ആമസോണിലേക്ക് 21 ആംബുലന്‍സുകളും ഡോണ്‍കാസ്റ്ററിലേക്ക് ആറ് ആംബുലന്‍സുകളും വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആനുപാതികമായി കുറവാണെന്നും ജോലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പേരിലല്ല ആംബുലന്‍സുകള്‍ വിളിച്ചിട്ടുള്ളതെന്നുമാണ് ജെഡി സ്‌പോര്‍ട്‌സ് വിശദീകരിക്കുന്നത്. മുന്‍കരുതലുകളുടെ ഭാഗമായാണ് ആംബുലന്‍സ് വിളിച്ചതെന്ന് ആസോസ്, എക്‌സ്പിഒ ലോജിസ്റ്റിക്‌സ് എന്നിവര്‍ അറിയിച്ചു. ലാഭത്തിനായുള്ള തൊഴിലുടമകളുടെ മത്സരം ജീവനക്കാരെ രോഗികളാക്കുകയാണെന്ന വിമര്‍ശനമാണ് ഇക്കാര്യത്തില്‍ പ്രധാനമായും ഉയരുന്നത്. ആംബുലന്‍സുകള്‍ എന്തു കാര്യത്തിനായാണ് വിളിച്ചതെന്ന കാര്യത്തില്‍ കണക്കുകള്‍ വ്യക്തത വരുത്തുന്നില്ല. എന്നാല്‍ ഇത്തരം ജോലിസ്ഥലങ്ങളില്‍ ടോയ്‌ലെറ്റ് ബ്രേക്കിന് സമയം നിശ്ചയിക്കുകയും അനാവശ്യ സെക്യൂരിറ്റി പരിശോധനകള്‍ നടത്തുകയും ചെയ്യുന്നതായി ആരോപണം ഉയരുന്നുണ്ട്. താങ്ങാനാവാത്ത വിധത്തിലുള്ള ടാര്‍ജെറ്റുകളാണ് അടിച്ചേല്‍പ്പിക്കുന്നത്. നിര്‍ബന്ധിത ഓവര്‍ടൈം ചെയ്യുന്ന ജീവനക്കാര്‍ നിന്ന് ഉറങ്ങുന്നതു പോലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലണ്ടന്‍: ഞായറാഴ്ച്ച രാവിലെ എം25 പാതയിലുണ്ടായ അപകട സ്ഥലത്തേക്ക് ആംബുലന്‍സുകള്‍ എത്തുന്നതിന് മറ്റു വാഹനങ്ങള്‍ തടസം സൃഷ്ടിച്ചതായി പരാതി. ലെയിനുകള്‍ അടച്ചു കൊണ്ട് സ്ഥാപിച്ച എക്‌സ് സിഗ്നല്‍ ബോര്‍ഡുകള്‍ മറ്റു വാഹനങ്ങള്‍ അവഗണിച്ചതാണ് ആംബുലന്‍സുകള്‍ക്ക് തടസമായത്. പോലീസ് നിര്‍ദേശങ്ങള്‍ മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പാലിക്കാതിരുന്നതോടെ ഗതാഗതക്കുരുക്ക് മൈലുകളോളം നീണ്ടു. ഏതാണ്ട് ഏഴോളം എമര്‍ജന്‍സി വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിയത്. ഡ്രൈവര്‍മാരുടെ അശ്രദ്ധയെ വിമര്‍ശിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നത്. ഞായറാഴ്ച്ച രാവിലെ 9 മണിക്കാണ് എം25 പാതയില്‍ അപകടമുണ്ടാകുന്നത്. ഉടന്‍ തന്നെ പാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി വ്യക്തമാക്കി പോലീസ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഗതാഗതം നിരോധിച്ചതോടെ തിരക്കേറിയ പാതയില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായി. അടിയന്തര സാഹചര്യത്തില്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ട പോലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വഴിയില്‍ കുടുങ്ങുകയും ചെയ്തു. കിലോമീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടന്നിരുന്നതായി ദൃസാക്ഷികള്‍ പറയുന്നു. തിരക്കേറിയ പാതയില്‍ പൂര്‍ണമായും വാഹനങ്ങള്‍ നിരന്നോടെയാണ് ആംബുലന്‍സുകള്‍ കുടുങ്ങിയത്. സാധാരണഗതിയില്‍ ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്ന സമയത്ത് ഡ്രൈവര്‍മാര്‍ അടിയന്തര വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന രീതിയില്‍ ക്യൂ പാലിക്കാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം വഴി പൂര്‍ണമായും തടസപ്പെടുത്തിയാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. യാത്രക്കാരുടെ കാത്തിരിക്കാനുള്ള മനസില്ലായ്മ ആളുകളുടെ ജീവനാണ് അപകടത്തിലാക്കുന്നതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. റോഡ് അടച്ചതായി നിര്‍ദേശം വന്നു കഴിഞ്ഞാല്‍ അവ കൃത്യമായി പാലിക്കാന്‍ യാത്രക്കാര്‍ ബാധ്യസ്ഥരാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
റെഡ് ലൈറ്റുകളില്‍ പിന്നില്‍ വരുന്ന ആംബുലന്‍സുകള്‍ കടത്തി വിടാന്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നിലുള്ള വഴികള്‍ എന്താണ്? ആംബുലന്‍സിനെ കടത്തി വിടുക എന്നത് മാത്രമാണ് നിങ്ങള്‍ക്ക് മുന്നിലുള്ള വഴി. അതിനായി സിഗ്നല്‍ കടന്നു പോകേണ്ട സാഹചര്യം പോലും ഉണ്ടായേക്കാം. എന്നാല്‍ ഇപ്രകാരം സിഗ്നല്‍ കടന്നു പോകുന്നത് ശിക്ഷാര്‍ഹമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? 999 വാഹനങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ പോലും സിഗ്നലില്‍ നിന്ന് ബസ് ലെയിനിലേക്കും മറ്റും മാറുന്നത് 1000 പൗണ്ട് വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ശരിയായ ഉദ്ദേശ്യത്തോടെയാണെങ്കിലും ഇങ്ങനെയുണ്ടാകുന്ന നിയമ ലംഘനത്തിന് ലൈസന്‍സില്‍ മൂന്ന് പോയിന്റുകള്‍ വരെ ലഭിക്കാനും കാരണമായേക്കും. ബോക്‌സ് ജംഗ്ഷനിലേക്കാണ് നിങ്ങള്‍ പ്രവേശിക്കുന്നതെങ്കില്‍ പിഴ ഇതിലും കനത്തതാകാനും ഇടയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഹൈവേ കോഡിലും റൂള്‍ 219ലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എമര്‍ജന്‍സി വാഹനം അടുത്തെത്തിയാല്‍ അത് എങ്ങോട്ടാണ് പോകുന്നതെന്ന് നിരീക്ഷിക്കുക. പരിഭ്രാന്തരാകാതെ ആവശ്യമായ രീതിയില്‍ പെരുമാറുകയെന്നാണ് റൂള്‍ പറയുന്നത്. നിങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകടങ്ങള്‍ ഉണ്ടാകാതെ വേണം നിങ്ങള്‍ വാഹനം മാറ്റിക്കൊടുക്കാന്‍. ജംഗ്ഷനുകളിലോ റൗണ്ട് എബൗട്ടുകളിലോ പരുക്കന്‍ ബ്രേക്കിംഗ് പാടില്ല. തിരക്കേറിയ സിഗ്നലുകളില്‍ മറ്റു വാഹനങ്ങളെ കടന്നു പോകാന്‍ കഴിയില്ലെന്ന് എമര്‍ജന്‍സി വാഹനങ്ങളിലുള്ളവര്‍ക്കും അറിയാം. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ ലൈറ്റുകളും സൈറനുകളും ഓഫാക്കാറുണ്ട്. അതുകൊണ്ട് പരിഭ്രാന്തരാകാതെ സന്ദര്‍ഭത്തിന് അനുസരിച്ച് പെരുമാറാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
Copyright © . All rights reserved