Antibiotics
ലണ്ടന്‍: എന്‍.എച്ച്.എസ് ഡാക്ടര്‍മാര്‍ പ്രിസ്‌ക്രൈബ് ചെയ്യുന്ന മൂന്നിലൊന്ന് ആന്റിബയോട്ടിക്കുകളും അനാവശ്യമെന്ന് ചീഫ് മെഡിക്കള്‍ ഓഫീസറുടെ മുന്നറിയിപ്പ്. രോഗവുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി ആന്റിബയോട്ടിക്കുകളാണ് രോഗികള്‍ കഴിക്കേണ്ടി വരുന്നതെന്നും ഇത് ഭാവിയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിമാറുമെന്നും ചീഫ് മെഡിക്കള്‍ ഓഫീസര്‍ ഡെയിം സാലി ഡാവിയേസ് മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് നടക്കുന്ന വിവിധ ഗവേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡോക്ടര്‍മാര്‍ നല്‍കുന്ന ആന്റിബയോട്ടിക്കില്‍ 33 ശതമാനവും രോഗവുമായി യാതൊരു ബന്ധവുമില്ലാത്തവയാണ്. ഇത്തരം രീതികള്‍ തുടര്‍ന്നാല്‍ ഭാവിയില്‍ വലിയ ആരോഗ്യ പ്രതിസന്ധിയായിരിക്കും നമ്മെ കാത്തിരിക്കുന്നതെന്നും സാലി വ്യക്തമാക്കി. വേഗത്തില്‍ രോഗശാന്തി ലഭിക്കാനായി ആന്റിബയോട്ടിക് അനിയന്ത്രിതമായി ഉപയോഗിച്ചാല്‍ രോഗം മാറുകയല്ല മറിച്ച് താല്‍ക്കാലിക ആശ്വാസം ഉണ്ടാവുകയാണ് ചെയ്യുക. ഡയഗ്‌നോസ് ചെയ്തിരിക്കുന്ന രോഗത്തെക്കുറിച്ച് കൃത്യമായ അറിവില്ലാതെ പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്ന ആന്റിബയോട്ടിക്കുകളും പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. ആന്റിബയോട്ടിക് മരുന്നുകളുടെ തോന്നിയപടിയുള്ള ഉപയോഗം വിഷപ്പാമ്പിനെ നോവിച്ചു വിടുന്നതു പോലെയാണ്. വേദനിച്ച പാമ്പ് കൂടുതല്‍ കരുത്തോടെ ആക്രമിക്കും. കൃത്യമായ അളവിലല്ലാതെയും അനാവശ്യമായും ശരീരത്തിലെത്തുന്ന ആന്റിബയോട്ടിക്കുകള്‍ മൂലം രോഗാണുക്കള്‍ക്കു മരുന്നിനോടു പ്രതികരിക്കാനുള്ള ശേഷി ഇല്ലാതാകുന്നു. അഥവാ രോഗാണുക്കള്‍ മരുന്നുകളെക്കാള്‍ കരുത്തരാകുന്നു. ആന്റിമൈക്രോബിയല്‍ കണ്ടിഷനിലേക്ക് (എഎംആര്‍) രോഗികള്‍ എത്തിച്ചേരുന്നതിന് നിലവിലെ സാഹചര്യം കാരണമാകുമെന്ന് സാലി മുന്നറിയിപ്പ് നല്‍കുന്നു. രോഗാണുക്കള്‍ മരുന്നിനേക്കാള്‍ ശക്തരായി സ്വഭാവിക പ്രതിരോധ ശേഷിയെ നശിപ്പിക്കാന്‍ ഈ സാഹചര്യം കാരണമായേക്കും. പനി മുതല്‍ കാന്‍സര്‍ വരെയുള്ള ഏതു രോഗങ്ങള്‍ക്കും എഎംആര്‍ വില്ലനാകാം. അതായത് എഎംആര്‍ ഉള്ള വൈറസ് വഴി ബാധിച്ച പനി പോലും ചികില്‍സിക്കാനാവില്ല. ക്രമേണ രോഗം മൂര്‍ച്ഛിച്ചു രോഗി മരണത്തിനു കീഴടങ്ങും. അണുബാധയാണ് ഏറ്റവും വലിയ ഭീഷണി. പലരും പുറമേ കാണപ്പെടുന്ന രോഗങ്ങളില്‍ നിന്നു വിമുക്തി നേടിയാലും അപ്രതീക്ഷിതമായുണ്ടാകുന്ന അണുബാധ മൂലം മരണം വരെയുണ്ടാകാം. ജനങ്ങളുടെ ആരോഗ്യം പരിസ്ഥിതിയുടെയും മൃഗങ്ങളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ മൃഗങ്ങളിലും വിളകളിലും ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളില്‍ സൂക്ഷ്മ ശ്രദ്ധ വേണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തല്‍സ്ഥിതി തുടര്‍ന്നാല്‍ 2050ല്‍ ഒരു മില്യണ്‍ മരണങ്ങള്‍ക്ക് എഎംആര്‍ കാരണമാകുമെന്നാണ് 2016ല്‍ പുറത്തിറങ്ങിയ പഠനം വ്യക്തമാക്കുന്നത്.
2050ഓടെ ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച രോഗാണുക്കള്‍ മനുഷ്യരാശിക്ക് വന്‍ പ്രതിസന്ധിയാകുമെന്ന് വിലയിരുത്തല്‍. നിലവിലെ ഏറ്റവും വലിയ കൊലയാളികളായ ക്യാന്‍സര്‍, പ്രമേഹം എന്നിവയെ ഈ സൂപ്പര്‍ബഗ്ഗുകള്‍ കവച്ചുവെക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നു. ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കണമെന്ന ബോധവല്‍ക്കരണം നടക്കുന്നുണ്ടെങ്കിലും യൂറോപ്പിലെയും യുകെയിലെയും ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് പതിവാക്കിയിരിക്കുകയാണെന്നും എംപിമാര്‍ക്ക് ലഭിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച രോഗാണുക്കള്‍ ആശുപത്രികളിലെ റൂട്ടീന്‍ ശസ്ത്രക്രിയകള്‍ പോലും മാരകമാക്കിയേക്കാമെന്നാണ് മുന്നറിയിപ്പ്. സാധാരണ മരുന്നുകള്‍ പോലും രോഗികളില്‍ ഫലപ്രദമാകാത്ത അവസ്ഥ സംജാതമാകും. നിലവിലുള്ള ആന്റിബയോട്ടിക്കുകളും ഫലിക്കാത്ത സ്ഥിതിയുണ്ടാകുമെന്നും മുന്നറിയിപ്പ് പറയുന്നു. ഇതോടെ അണുബാധകള്‍ക്ക് ചികിത്സ തന്നെ ഇല്ലാതാകും. ഇപ്പോള്‍ത്തന്നെ ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജ്ജിച്ച രോഗാണുക്കള്‍ മൂലം യുകെയില്‍ വര്‍ഷം 5000 പേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. യൂറോപ്പില്‍ ആകമാനം 25,000 പേരാണ് ഇതുമൂലം മരിക്കുന്നത്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ആഗോള തലത്തില്‍ സൂപ്പര്‍ബഗ്ഗുകള്‍ മൂലം കൊല്ലപ്പെടുന്നവരുടെ എണ്ണം പത്ത് മില്യണ്‍ ആകുമെന്നാണ് കരുതുന്നത്. രോഗാണുകള്‍ ആന്റിബയോട്ടിക്കുകളോട് പ്രതിരോധമാര്‍ജ്ജിക്കുന്നത് തടയാന്‍ ഗവണ്‍മെന്റ് കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് ഹൗസ് ഓഫ് കോമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. മുന്‍ഗണന നല്‍കുന്ന നയങ്ങളില്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ ഇത് കൊണ്ടുവരണമെന്ന് സെലക്ട് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ പ്രശനം ശരിയായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരാജയമായിരിക്കുമെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡെയിം സാലി ഡേവിസ് പറഞ്ഞു.
സൂപ്പര്‍ബഗ്ഗുകള്‍ ബ്രിട്ടീഷ് ആശുപത്രികള്‍ക്ക് വെല്ലുവിളിയാകുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഫോര്‍ ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. സിസേറിയന്‍, ഇടുപ്പ് ശസ്ത്രക്രിയ തുടങ്ങിയ സാധാരണ പ്രൊസിജ്യറുകള്‍ പോലും സുരക്ഷിതമായി നടത്താന്‍ കഴിയാത്ത സാഹചര്യമാണ് ഇതുമൂലം സംജാതമാകുന്നതെന്ന് പ്രൊഫ.ഡെയിം സാലി ഡേവിസ് പറഞ്ഞു. ആശുപത്രികളിലെ ആന്റിബയോട്ടിക് പ്രതിരോധം നേടിയ രോഗാണുക്കളുടെ സാന്നിധ്യം വളരെ ഉയര്‍ന്നതാണെന്നും അവര്‍ വ്യക്തമാക്കി. സൂപ്പര്‍ബഗ്ഗുകളെ കീഴടക്കുന്നതിനായി ആധുനിക രോഗനിര്‍ണ്ണയ സംവിധാനങ്ങളും മരുന്നുകളും ഏര്‍പ്പെടുത്താന്‍ 30 മില്യന്‍ പൗണ്ട് അനുവദിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തിലൂടെ ഹെല്‍ത്ത് സര്‍വീസിനെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വിഷമകരമായ അവസ്ഥയെയാണ് ആരോഗ്യ മേഖല നേരിടാനിരിക്കുന്നതെന്നും ആന്റിബയോട്ടിക് പ്രതിരോധം വൈദ്യശാസ്ത്രത്തിനും എന്‍എച്ച്എസിനും കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും ഡെയിം സാലി പറഞ്ഞു. ചെറിയ മുറിവുകളും അണുബാധകള്‍ പോലും ജീവനെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. സിസേറിയന്‍, ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ, കീമോതെറാപ്പി മുതലായവ രോഗികള്‍ക്ക് അപകടകരമാകുമെന്നും അവര്‍ പറഞ്ഞു. മരുന്നുകളോട് പ്രതിരോധമാര്‍ജ്ജിച്ച രോഗാണുക്കള്‍ മൂലം ലോകമൊട്ടാകെ 7 ലക്ഷം പേര്‍ പ്രതിവര്‍ഷം മരിക്കുന്നുണ്ട്. ഇതില്‍ 5000 മരണങ്ങള്‍ യുകെയില്‍ മാത്രമാണ് ഉണ്ടാകുന്നത്. ഈ രോഗാണുക്കളെ ചെറുക്കാന്‍ പുതിയ ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തേണ്ടത് അതുകൊണ്ടുതന്നെ അത്യാവശ്യമാണ്. സൂപ്പര്‍ബഗ്ഗുകളുടെ സാന്നിധ്യം അവഗണിച്ചാല്‍ 2050ഓടെ അവ 10 മില്യന്‍ ആളുകളെ കൊന്നൊടുക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് മുന്‍ മേധാവി ലോര്‍ഡ് ഒ'നീല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
RECENT POSTS
Copyright © . All rights reserved