article
ഫാ.ഹാപ്പി ജേക്കബ് സദ് വാര്‍ത്തകള്‍ കേള്‍ക്കുവാനും പങ്കുവെക്കുവാനും സ്‌നേഹിക്കുവാനും ആ സ്‌നേഹത്തില്‍ ആത്മാര്‍ത്ഥത നുകരുവാനും കഴിയുമായിരുന്ന ഒരു കാലത്തിന്റെ പ്രജകള്‍ ആയിരുന്നല്ലോ നാം. സ്‌നേഹം നിഷ്‌കളങ്കമായിരുന്നു, പങ്കുവെക്കലുകള്‍ ജീവനുള്ളവയായിരുന്നു, ആത്മാര്‍ത്ഥത ഹൃദയത്തില്‍ നിന്നുള്ളവയായിരുന്നു. എന്നാല്‍ ഇന്ന് നമുക്ക് ചുറ്റും കണ്ണും കാതും പായിച്ചാല്‍ സംശയവും കാപട്യവും പ്രമാണലംഘനങ്ങളും മാത്രമുള്ള ഒരു ജീവിതലോകത്തിന്റെ പരിച്ഛേദനം മുന്നില്‍ പ്രത്യക്ഷപ്പെടും. അതിനിടയില്‍ നുറുങ്ങുവെളിച്ചമായി നന്മകള്‍ എവിടെയോ മിന്നുന്നതും കാണാം. പരിശോധനയും ചികിത്സയും നമുക്കാണോ വേണ്ടത് അതോ നമുക്കു ചുറ്റുമുള്ളവര്‍ക്കാണോ വേണ്ടത്. വേദനകള്‍ക്ക് ശമനവും പാപവിടുതല്‍ പ്രസംഗിക്കുകയും ആത്മതപനങ്ങള്‍ക്ക് ഉറവിടവുമായ ദൈവസന്നിധി പോലും മലീമസ വാര്‍ത്തകള്‍ക്ക് നടുവില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഈ അവസരത്തില്‍ പ്രയോജനപ്പെടും എന്ന വിശ്വാസത്തില്‍ ചില ചിന്തകള്‍ പങ്കുവെക്കട്ടെ. ഈ ലോകം മുഴുവനും ഒരു തറവാടായി നാം ഓരോരുത്തരും സഹോദരങ്ങളുമായും കഴിഞ്ഞ കാലത്തിന്റെ വളര്‍ച്ചയിലെ അടുത്ത ഏടിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത് എന്ന വസ്തുത ആശ്ചര്യത്തോടെ മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയൂ. വേദപുസ്തകത്തില്‍ ആത്മീക മനുഷ്യനെയും പ്രാകൃത മനുഷ്യനെയും ഇരുവരുടെയും സ്വഭാവ രീതികളും വിവരിക്കുന്നുണ്ട്. ഹൈന്ദവ ധര്‍മ്മത്തില്‍ ദേവനും അസുരനുമുണ്ട്. ഇവിടെ എല്ലാം വിജയമായും നീതിയായും സ്‌നേഹമായും വര്‍ണ്ണനയില്‍ വിരിയുന്നത് ആത്മീകവും ദേവനും ഒക്കെയാണ്. ദൈനംദിന ജീവിത സാഹചര്യങ്ങളിലും നാം ഈ വേര്‍തിരിവ് പല രൂപത്തിലും അനുവര്‍ത്തിക്കുകയും പഠിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ. പ്രകൃതിപോലും രാത്രി പകല്‍ ഭേദങ്ങളില്‍ ഈ അവസ്ഥയെ കാട്ടിത്തരുന്നു. ഇരുട്ട് ഭയത്തിന്റെ പ്രതീകമെങ്കില്‍ പകല്‍ സമാധാനവും സ്വസ്ഥതയും നമുക്ക് നല്‍കുന്നു. ധര്‍മ്മം, നീതി, നേര് എന്ന് നാം ഉപയോഗിക്കുന്ന വാക്കുകളില്‍ എല്ലാം കുറച്ചു കാലം ശരി നാം കണ്ടിരുന്നു. അത്ത് ഇതെല്ലാം ലോക തറവാട്ടിലെ എല്ലാ അംഗങ്ങളും മനസിലാക്കുകയും അതിന് അനുസരിച്ച് ജീവിക്കുകയും ചെയ്തിരുന്നു. കാലം കഴിഞ്ഞു, പഴഞ്ചന്‍ രീതികളെല്ലാം പോയ്മറഞ്ഞു. ഏവരും ഒരുപോലെ ആധുനികന്‍മാരായി. ചിന്തകള്‍ക്ക് വ്യതിയാനമുണ്ടായി. നീതി എന്റെയും നിന്റേതും വ്യത്യസ്തമായി. കാഴ്ചപ്പാടുകള്‍ക്ക് അര്‍ത്ഥം ഇല്ലാതായി. സാമൂഹികം ഈഗോയ്ക്ക് വഴിമാറി. നേട്ടങ്ങള്‍ക്കിടയിലുള്ള അപചയങ്ങള്‍ മനസിലാക്കാതെ കുന്നുകൂടി നമുക്കു മീതെ നിഴലുകളായി രൂപാന്തരപ്പെട്ടു. ദൈവനീതിക്ക് പ്രചാരകരേറി. ജാതിമത ഭേദമെന്യേ മുന്‍പ് മറ്റെങ്ങും കണ്ടിട്ടില്ലാത്ത വണ്ണം പ്രസംഗകരും ജ്ഞാനികളും ധ്യാനഗുരുക്കന്‍മാരും ഉണര്‍ന്നു വന്നു. വാര്‍ത്താമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ആത്മീയതയുടെ പ്രോക്താക്കളായി. അറിഞ്ഞും അറിയാതെയും നാം ഓരോരുത്തരും ദിനങ്ങള്‍, മണിക്കൂറുകള്‍, വേണ്ട രാത്രി പോലും ഉറക്കം കളഞ്ഞ് ഫോര്‍വേര്‍ഡ് യന്ത്രങ്ങളായി ഈ കര്‍മ്മത്തില്‍ പങ്കാളികളായി. എന്നിട്ടും പ്രകാശം കെടുന്നതല്ലാതെ ആളിക്കത്തിക്കുവാന്‍ കഴിയാതെ വന്നു. പ്രകൃതിക്ക് മനംമടുത്തു. കാലങ്ങളായി ഭേദമാകാതെ കിടന്ന പല രോഗങ്ങളും രോഗികളും കിടക്ക വിട്ടോടി. എല്ലാവര്‍ക്കും ഒരേ സ്വരം, ഒരേ പ്രാര്‍ത്ഥന, ഒരേ ചിന്ത. ജീവിതത്തിന്റെ ദര്‍ശനം തന്നെ മാറിയ നാളുകള്‍ പിടിച്ചടക്കിയതെല്ലാം കണ്‍മുന്നില്‍ കുതിര്‍ന്നു വീണത് നിസഹായമായി നോക്കി നിന്നപ്പോള്‍ ചിലരെങ്കിലും അന്വേഷിച്ച ദൈവചൈതന്യം കണ്ടെത്തി. അത് സ്വന്തം ഹൃദയത്തില്‍ തന്നെ കണ്ടെത്തിയവരുണ്ട്, സഹജീവികളുടെ മുഖത്ത് കണ്ടെത്തിയവരുണ്ട്. അപ്പോഴാണ് അയല്‍ക്കാര്‍ സഹോദരങ്ങളായത്, ആരുമല്ലാതിരുന്നവര്‍ ആത്മമിത്രങ്ങളും ആയത്. മനുഷ്യരാല്‍ അസാധ്യമായത് ദൈവത്തിന് നിസാരമായി സാധ്യമെന്ന് ഇനിയെങ്കിലും മനസിലാക്കിയാല്‍ നന്ന്. മങ്ങിപ്പോയ വെളിച്ചം ആളിക്കത്തിയ ദിവസങ്ങള്‍ ആയിരുന്നു. ജീവിതം സാധാരണമായി വരാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും കേള്‍ക്കാന്‍ തുടങ്ങി, കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തകള്‍. പീഡനങ്ങള്‍, കലഹങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എല്ലാം സമാധാനത്തെ കെടുത്തുന്ന വാര്‍ത്തകളായി ദിനംപ്രതി കടന്നു വരുന്നു. പല ശരികളും തെറ്റായും തെറ്റുകള്‍ ശരിയുമായി. ഇന്നലെവരെ നാം പരിപാലിച്ച് അനുഷ്ഠിച്ചിരുന്ന മര്യാദകള്‍ ഇന്ന് ലംഘനങ്ങളായി മാറി. പരിശുദ്ധതയുടെ ഇടങ്ങള്‍ മലിനതയുടെ കൂത്തരങ്ങായി. ദൈവനിഷേധവും അര്‍ദ്ധസത്യങ്ങളും നമുക്ക് ഫാഷനായി. ഓരോ ദിവസവും ആഘോഷിക്കുവാന്‍ എന്തെങ്കിലും പുതുതായി വേണം. അത് സമൂഹം നല്‍കുകയും ചാനലുകള്‍ പ്രചരിപ്പിക്കുകയും നാം ആത്മസന്തോഷം നേടുകയും ചെയ്യുന്നു. ഒരു പീഡന വാര്‍ത്തയില്ലെങ്കില്‍ സുഖമായി ഉറക്കം നടക്കില്ല. ഒരു സ്‌നേഹിതന്റെ കമന്റാണ്. അത് ആത്മീക മേഖലയില്‍ നിന്നായാല്‍ കൂടുതല്‍ ഇഷ്ടം. എന്തേ ഇങ്ങനെയാകുന്നു. നമുക്കു തന്നെ മൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ കഴിയാതെ പോയോ? അതോ അതിനും പ്രകൃതി നീതിവാഹകയാകേണ്ടി വരുമോ? ഇപ്പോഴത്തെ അവസ്ഥയില്‍ ആര് ആരെ പഠിപ്പിക്കും? ആര് ആരെ ന്യായം വിധിക്കും? നിയമം ചിലരെ അഴിക്കുള്ളില്‍ ആക്കിയപ്പോള്‍ പുറത്തു നിന്നവര്‍ ആശ്വസിച്ചു. എന്നാല്‍ ദൈവിക നീതി അത് തുല്യമല്ലോ. ഹൃദയശുദ്ധി അത് മാത്രമേ പരിഹാരമുള്ളു. ഏതു നന്മയും തിന്മയും അതിന്റെ ആരംഭം ഹൃദയത്തില്‍ നിന്നല്ലേ? രോഗി വൈദ്യന്റെ അടുക്കല്‍ ചെല്ലുകയും ചികിത്സാവിധി ഏറ്റുവാങ്ങുകയും അത് അനുസരിക്കുകയും ചെയ്താലല്ലേ രോഗം ശമിക്കൂ. ഉപവാസവും പ്രാര്‍ത്ഥനയും ആണ് മരുന്നായി വേദപുസ്തകവും മറ്റു ഗ്രന്ഥങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ദൈവിക നീതി പുലരട്ടെ. കാലിക ധര്‍മ്മം നീതിക്ക് മുതല്‍ക്കൂട്ടാകട്ടെ.
ബിനോയ് ജോസഫ്, മലയാളം യുകെ ന്യൂസ്‌ അസോസിയേറ്റ് എഡിറ്റര്‍ "ആരോഗ്യമുള്ള ഒരു വ്യക്തിയെ ലോകത്തിന് ലഭിക്കണമെങ്കിൽ ആരോഗ്യകരമായ ഒരു ജീവിതാന്തരീക്ഷവും സാഹചര്യവും ഉണ്ടാവണം. രോഗിയുടെ ചുറ്റുപാടുകൾ അവരുടെ രോഗവിമുക്തിയ്ക്ക് സഹായകരമാകുന്ന രീതിയിൽ തയ്യാറാക്കണം. മാനസികവും ശാരീരികവുമായ ഉത്തേജനത്തിന് നാം പ്രകൃതിയെത്തന്നെ ഒരുക്കണം. ശുദ്ധമായ വായുവും ജലവും പ്രകാശവും ശുചിത്വവും ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്ന പ്രകൃതിദത്തമായ ഘടകങ്ങളാണ്. ശബ്ദമലിനീകരണമില്ലാത്ത, മിതോഷ്ണമുള്ള അന്തരീക്ഷവും രോഗവിമുക്തി ത്വരിതപ്പെടുത്തും. ആരോഗ്യ വിദ്യാഭ്യാസവും ശരിയായ പരിശീലന പ്രക്രിയകളും രോഗാവസ്ഥയുടെ നിരന്തരമായ വിശകലനവും  വഴി രോഗിയെ ആരോഗ്യത്തിലേക്ക് നയിക്കാൻ കഴിയും". 1800 കളിൽ ഫ്ളോറൻസ് നൈറ്റിംഗേൽ രൂപപ്പെടുത്തിയ ഈ സിദ്ധാന്തം പിന്നീട് ലോകമെമ്പാടുമുള്ള ആരോഗ്യ ശുശ്രൂഷാ രംഗത്തെ അടിസ്ഥാന തത്വമായി മാറി. ക്രിമിയൻ യുദ്ധത്തിൽ പരിക്കേറ്റ പോരാളികളെ ശുശ്രൂഷിക്കാനായി ഇറങ്ങിത്തിരിച്ച ഫ്ളോറൻസ് നൈറ്റിംഗേൽ നയിച്ച വഴിയിലൂടെ, ലോകത്തെ ആരോഗ്യ ശുശ്രൂഷാ രംഗം അത്യധികം മുന്നേറിയിരിക്കുന്നു. അതെ, ആധുനിക നഴ്സിംഗ് പ്രസ്ഥാനത്തിന്റെ സ്ഥാപകയായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പാത പിന്തുടർന്ന് 20 മില്യണിലധികം ആളുകളാണ് ഇന്ന് ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നത്. റാന്തൽ വിളക്കിന്റെ പ്രകാശത്തിൽ, വേദനയുടെ ലോകത്തിൽ സമാശ്വാസത്തിന്റെയും അനുകമ്പയുടെയും സ്നേഹ സന്ദേശവുമായി കടന്നു വന്ന ദി ലേഡി വിത്ത് ദ ലാംപ് ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ  മെയ് 12,  അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നു. വരും തലമുറയ്ക്കായി ജീവനെ കാത്തുസൂക്ഷിക്കുന്ന ഭൂമിയിലെ മാലാഖാമാരാണ് നഴ്സുമാർ.. പ്രതീക്ഷയുടെ നാളെകൾക്ക് ജീവനേകുന്ന പ്രകാശവാഹകർ.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ.. ജീവന്റെ തുടിപ്പുകൾക്ക് നിദ്രയിലും കാവലിരിക്കുന്നവർ.. വേദനിക്കുന്നവരെ ഒരു നറുപുഞ്ചിരിയിലൂടെ.. ആശ്വാസവാക്കുകളിലൂടെ സന്തോഷത്തിന്റെ ലോകത്തിലേയ്ക്ക് നയിയ്ക്കുന്നവർ.. ആതുരശുശ്രൂഷയെ സേവനത്തിന്റെ മുഖമുദ്രയാക്കുന്നവരാണ് ഈ അഭിമാനതാരങ്ങൾ.. കർത്തവ്യ നിർവ്വഹണത്തിൽ ഉണ്ടാകാവുന്ന സമ്മർദ്ദങ്ങളേയും മാറി വരുന്ന സാഹചര്യങ്ങളെയും സംയമനത്തോടെ നേരിട്ട് ജീവിതപാത തെളിയിക്കുന്നവർ.. നഴ്സുമാർ - നയിക്കുന്ന ശബ്ദം - ആരോഗ്യം മനുഷ്യാവകാശവും എന്നതാണ് 2018 ലെ അന്താരാഷ്ട്ര നഴ്സസ് ദിന സന്ദേശം. ആരോഗ്യ സംരക്ഷണം ഓരോരുത്തരുടെയും മൗലിക അവകാശമെങ്കിൽ അതു പോലെ നഴ്സുമാരും അവരുടെ അവകാശ സംരക്ഷണത്തിന് അർഹരാണ് എന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് എടുത്തു പറയുന്നു. സുരക്ഷിതമായ ജോലി സ്ഥലം, തൃപ്തികരമായ പ്രതിഫലം, ട്രെയിനിംഗിനുള്ള സൗകര്യങ്ങൾ, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കാനുള്ള സാഹചര്യം, തീരുമാനങ്ങളിൽ ഇടപെടാനുള്ള അവസരം എന്നിവയും നഴ്സുമാർക്ക് ലഭിക്കണമെന്ന് കൗൺസിൽ വ്യക്തമാക്കുന്നു. നൂറുകണക്കിന് ഉത്തരവാദിത്വങ്ങളാണ് തങ്ങളുടെ ജോലി സ്ഥലത്ത് നഴ്സുമാർ നിറവേറ്റുന്നത്. പിറന്നു വീഴുന്ന കുഞ്ഞു മുതൽ മരണക്കിടക്കയിലുള്ള രോഗികൾ വരെ നീളുന്ന ഒരു വലിയ ലിസ്റ്റ് നഴ്സുമാർക്കായി എവിടെയുമുണ്ട്. ഏത് അടിയന്തിര സാഹചര്യവും സംയമനത്തോടെ കൈകാര്യം ചെയ്ത് രോഗിയുടെ സുരക്ഷിതത്വയും രോഗവിമുക്തിയും ലക്ഷ്യമാക്കുന്ന ആതുരശുശ്രൂഷാ രംഗത്തെ ജീവനാഡികളാണ് നഴ്സുമാർ. ജോലിയുടെ വ്യഗ്രതയിൽ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാർ പലപ്പോഴും അവർക്ക് കഴിഞ്ഞെന്നു വരില്ല. എങ്കിലും പരിഭവങ്ങളുടെ ഒരു കണക്ക് അവർ പുറത്തെടുക്കാറില്ല. സങ്കീർണമായ നിരവധി പ്രശ്നങ്ങളുടെ ഇടയിലാണ് ഇവരുടെ ഓരോ ദിനവും കടന്നു പോവുന്നത്. സ്റ്റാഫ് ഷോർട്ടേജ് മൂലം പല ഹോസ്പിറ്റലുകളുടെയും പ്രവർത്തനം കാര്യക്ഷമമാകുന്നില്ല. അതിനെ മറികടക്കുവാൻ നഴ്സുമാർ അത്യദ്ധ്വാനം ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നത് അവരുടെ വ്യക്തി ജീവിതത്തെ തന്നെ ബാധിക്കുന്നു. 12 മണിക്കൂറുകൾ നീണ്ട ഷിഫ്റ്റുകളും ഓവർടൈം വർക്കും നൈറ്റ് ഡ്യൂട്ടിയും ചെയ്യുന്ന നഴ്സുമാർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാത്ത അവസ്ഥ നിലനിൽക്കുന്നു. രോഗികൾക്ക് വേണ്ട തൃപ്തികരമായ പരിചരണം കൊടുക്കാൻ വേണ്ട സൗകര്യങ്ങളുടെ അഭാവവും നഴ്സുമാരുടെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ജോലി സ്ഥലങ്ങളിൽ നേരിടേണ്ടി വരുന്ന ചൂഷണങ്ങളും പീഡനങ്ങളും അവരുടെ ജീവിതം തന്നെ ദുസഹമാക്കുന്നു. ലക്ഷക്കണക്കിന് നഴ്സുമാരാണ് ഇന്ത്യയിൽ നിന്ന് ലോകത്തെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. പ്രത്യേകിച്ചും മലയാളി നഴ്സുമാർ എത്തിച്ചേരാത്ത ഇടങ്ങൾ ഉണ്ടാവില്ലെന്നു വേണം കരുതാൻ. ഒരു കാലത്ത് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ആരംഭിച്ച നഴ്സുമാരുടെ കുടിയേറ്റം പിന്നീട് അമേരിക്ക, ഓസ്ട്രേലിയ, ക്യാനഡ, ബ്രിട്ടൺ എന്നീ രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു. പലരും നല്ല ജോലികൾ നേടിയെടുത്തെങ്കിലും കുറെപ്പേരെങ്കിലും റിക്രൂട്ട്മെൻറ് തട്ടിപ്പിന്റെയും രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളുടെയും ഇരകളായി. കൂടുതലും വനിതകൾ ജോലി ചെയ്യുന്ന മേഖല എന്ന നിലയ്ക്ക് സംഘടിത ശക്തിയുടെ അഭാവം നഴ്സിംഗ് രംഗത്തെ ചൂഷണത്തിന് ആക്കം കൂട്ടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പോലും തുല്യ ജോലിയ്ക്ക് തുല്യ ശമ്പളം എന്ന ന്യായമായ അവകാശത്തിനായി  സമരരംഗത്തേയ്ക്ക് നയിക്കപ്പെടുന്ന നഴ്സിംഗ് സമൂഹത്തെയാണ് കാണാൻ കഴിയുന്നത്. അവകാശങ്ങൾക്കായി തെരുവിൽ മുദ്രാവാക്യം വിളിക്കേണ്ട സ്ഥിതിയിലേയ്ക്ക് നഴ്സുമാരെ തള്ളി വിടുന്ന പ്രവണത നാടിന്റെ ധാർമ്മിക നിലവാരത്തിന്റെ അധ:പതനത്തിന്റെ സൂചനയാണ്. നഴ്സുമാർക്ക്‌ അർഹതപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും സുരക്ഷിതമായ ജോലി സാഹചര്യവും ഒരുക്കുക എന്നത് ഓരോ സർക്കാരിന്റെയും കടമയും ഉത്തരവാദിത്വവുമാണ്. നഴ്സിംഗ് എന്നത് ഒരു വെറും ജോലിയല്ല, അത് ഒരു സേവനം കൂടിയാണ്. അതിന് വിലയിടാൻ ആർക്കും അധികാരമില്ല. മഹത്തായ നഴ്സിംഗ് പ്രഫഷനെ അംഗീകരിക്കുകയും ആദരിക്കുകയും ആണ് പ്രബുദ്ധമായ സമൂഹവും അധികാരികളും ചെയ്യേണ്ടത്. അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ എല്ലാ നഴ്സുമാർക്കും മലയാളം യുകെ ന്യൂസ് ടീമിന്റെ ആശംസകൾ.
RECENT POSTS
Copyright © . All rights reserved