asda
സെയിന്‍സ്‌ബെറീസുമായി ലയിക്കാനുള്ള നീക്കത്തിന് മുന്നോടിയായി 'പ്രൈസ് മാച്ച് ഗ്യാരണ്ടി' സ്‌കീം നിര്‍ത്തലാക്കുമെന്ന് ആസ്ഡ അധികൃതര്‍. ഇതോടെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഉത്പ്പന്നങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. തീരുമാനം ഒക്ടോബറില്‍ നടപ്പാക്കാനാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഭീമന്റെ നീക്കം. ക്രസ്തുമസ് അടുത്തിരിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരമൊരു നീക്കം ഉപഭോക്താക്കളെ വലിയ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. മില്യണ്‍ കണക്കിന് രൂപയാണ് ഒരോ ക്രിസ്മസ് സീസണിലും അധിക പര്‍ച്ചേസിനായി ആളുകള്‍ ഉപയോഗിക്കുന്നത്. 'പ്രൈസ് മാച്ച് ഗ്യാരണ്ടി' സ്‌കീം 2010 ലാണ് നിലവില്‍ വരുന്നത്. സാധനങ്ങളുടെ വിലയുടെ കാര്യത്തില്‍ ഉപഭോക്താവിന് വളരെയേറെ ഗുണപ്രദമായിരുന്നു സ്‌കീം. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിലയില്‍ കുറവോ അല്ലെങ്കില്‍ തുല്ല്യമോ ആയി സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളുടെ പ്രൈസ് നിലനിര്‍ത്തുമെന്ന് സ്‌കീം ഗ്യാരണ്ടി നല്‍കുന്നു. മാര്‍ക്കറ്റ് വിലയേക്കാള്‍ യാതൊരു കാരണവശാലും കൂടുതല്‍ പണം ഈടാക്കില്ലെന്നത് സൂപ്പര്‍ മാര്‍ക്കറ്റിന്റെ വലിയ ആകര്‍ഷണ ഘടകങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഒക്ടോബറില്‍ ഇത് പൂര്‍ണമായും എടുത്തു കളയുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ടെസ്‌കോ 'മണി സേവിംഗ്' സ്‌കീം നിര്‍ത്തലാക്കിയിരുന്നു. ടെസ്‌കോ സ്വന്തം ബ്രാന്‍ഡുകളുടെ വിലയുമായി ബന്ധപ്പെുത്തിയായിരുന്നു ഈ സ്‌കീം കൊണ്ടുവന്നത് എന്നാല്‍ എട്ട് ഉപഭോക്താക്കളില്‍ ഒരാള്‍ മാത്രമെ ഈ സ്‌കീം ഉപയോഗപ്പെടുത്തുന്നുള്ളുവെന്ന് ചൂണ്ടി കാണിച്ച് ഇത് നിര്‍ത്തലാക്കുകയായിരുന്നു. പ്രൈസ് മാച്ച് ഗ്യാരണ്ടി സ്‌കീം പ്രകാരം ആസ്ഡയില്‍ നിന്ന് വാങ്ങിയ ഉത്പ്പന്നങ്ങള്‍ ഇതര സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില കുറച്ച് ലഭിക്കുകയാണെങ്കില്‍ പണം തിരികെ ലഭ്യമാക്കാന്‍ ഉപഭോക്താവിന് കഴിയുമായിരുന്നു. ഏതാണ്ട് 10 ശതമാനത്തോളം ലാഭമുണ്ടാക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റ് രംഗത്തെ ഭീമന്മാരായ സെയിന്‍സ്‌ബെറീസും ആസ്ഡയും ലയിക്കാനൊരുങ്ങുന്നു. പുതിയ നീക്കം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണെന്ന് സെയിന്‍സ്‌ബെറീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പത്ത് ബില്യണ്‍ പൗണ്ടിന്റെ ലയന ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ടെസ്‌കോ, സെയിന്‍സ്‌ബെറീസ്, ആസ്ഡ, മോറിസണ്‍ എന്നിവരാണ് യുകെയിലെ മികച്ച സൂപ്പര്‍മാര്‍ക്കറ്റുകളുടെ ആദ്യ നാല് സ്ഥാനങ്ങളിലുള്ളവര്‍. സെയിന്‍സ്‌ബെറീസും ആസ്ഡയും ഒന്നിക്കുന്നതോടെ ടെസ്‌കോയെ മറികടന്ന് ഇവര്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതുന്നത്. പുതിയ നീക്കം ഇരു കമ്പനികള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു. എന്നാല്‍ ഇരുവരും ലയിച്ചാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകാനും സാധ്യതയുണ്ട്. ഇരു സ്ഥാപനങ്ങള്‍ക്കും കൂടി നിലവില്‍ സമാന തസ്തികകള്‍ ഉണ്ട്. ഒരു കമ്പനിയായി മാറിക്കഴിഞ്ഞാല്‍ ഇതിന്റെ ആവശ്യമുണ്ടാവുകയില്ല. അങ്ങനെയാകുമ്പോള്‍ നിരവധിയാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആള്‍ഡി, ലിഡില്‍ തുടങ്ങിയ ബജറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ വിപണിയില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ശക്തമായ മത്സരത്തെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ വിപണികളില്‍ നിന്നും ശക്തമായ മത്സരം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. യുഎസ് റിട്ടൈല്‍ ഭീമന്‍ വാള്‍മാര്‍ട്ട് 1999ലാണ് ആസ്ഡ ഏറ്റെടുക്കുന്നത്. യുകെയുടെ വിപണി കീഴടക്കാനുള്ള പുതിയ നീക്കത്തിന് മുന്‍കൈ എടുത്തിരിക്കുന്നതും വാള്‍മാര്‍ട്ടാണ്. വാള്‍മാര്‍ട്ടുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് സെയിന്‍സ്‌ബെറീസ് അധികൃതര്‍ വ്യക്തമാക്കുന്നു. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തെ കമ്പനികള്‍ എങ്ങനെ നേരിടുമെന്ന് വ്യക്തമല്ല. സെയിന്‍സ്‌ബെറീസ് ശൃംഖലയ്ക്ക് രാജ്യത്താകമാനം 1400 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്വന്തമായുണ്ട്. ആസ്ഡയ്ക്ക് 600ലധികവും. ലയനം സാധ്യമായാല്‍ ഇവരുടെ ബിസിനസില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലകളായ ആസ്ഡയും മോറിസണ്‍സും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്ന സൂചനയേത്തുടര്‍ന്നാണ് ചില ഉല്‍പ്പന്നങ്ങള്‍ ഇവര്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങുന്നത്. ചില ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ അലര്‍ജിയുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫുഡ് സ്റ്റാന്‍ഡേഡ്‌സ് ഏജന്‍സിയാണ് വിപണിയില്‍ നിന്ന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പിന്‍വലിക്കുന്ന കാര്യം അറിയിച്ചിരിക്കുന്നത്. മുട്ടയടങ്ങിയ ലൈല മിന്റ് സോസ് ആണ് ആസ്ഡ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഒന്ന്. ഇതില്‍ മുട്ട ഉപയോഗിച്ചിരിക്കുന്നതായി ലേബലില്‍ സൂചിപ്പിച്ചിട്ടില്ല. മുട്ടയോട് അലര്‍ജിയുള്ള ഉപഭോക്താക്കളുടെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. മുട്ട ഉപയോഗിച്ചിരിക്കുന്നത് മനസ്സിലാക്കാതെ സോസ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. പിആര്‍210617സി2 (PR210617C2) ബാച്ച് നമ്പറുള്ള ഒരു ലിറ്ററിന്റെ പായ്ക്കറ്റിന്റെ ലേബലിലാണ് അസംസ്‌കൃത വസ്തുക്കളേക്കുറിച്ച് രേഖപ്പെടുത്താതെ വിപണിയെലെത്തിയിരിക്കുന്നത്. 2018 ജൂണ്‍ 21 വരെ കാലാവധിയുള്ള ഉല്‍പ്പന്നം മുട്ടയോട് അലര്‍ജിയുള്ള ഉപഭോക്താക്കള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവ നേരത്തെ വാങ്ങിച്ചവര്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തിരിച്ചേല്‍പ്പിച്ചാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കുന്നതാണ്. അലര്‍ജി തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മോറിസണ്‍സും വിപണിയില്‍ നിന്ന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. സ്വന്തം ഉല്‍പ്പന്നമായ പെന്‍ ബോളോണീസ് ബെയ്ക്കാണ് മോറിസണ്‍സ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പെന്‍ ബോളോണീസ് ബെയിക്കില്‍ സെലറി അസംസ്‌കൃത വസ്തുവായി ഉപയോഗിച്ചിരിക്കുന്ന വിവരം ലേബലില്‍ സൂചിപ്പിച്ചിട്ടില്ലെന്നതാണ് കാരണം. സെലറിയോട് അലര്‍ജിയുണ്ടാകാന്‍ സാധ്യതയുള്ള ഉപഭോക്താക്കളുടെ ആരോഗ്യത്തെ കണക്കിലെടുത്താണ് കമ്പനിയുടെ പുതിയ നീക്കം. ഫെബ്രുവരി 18 മുതല്‍ 23 വരെ വിറ്റഴിച്ചിട്ടുള്ള 400 ഗ്രാം പെന്‍ ബോളോണീസ് ബെയ്ക്കിന്റെ പായ്ക്കറ്റാണ് പിന്‍വലിക്കുന്നത്. സെലറിയോട് അലര്‍ജിക്കായ ആളുകള്‍ ഈ പ്രോഡക്ട് ഉപയോഗിക്കരുതെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലണ്ടന്‍: ശമ്പളത്തില്‍ അസമത്വം കാണിച്ച ടെസ്‌കോ തങ്ങളുടെ വനിതാ ജീവനക്കാര്‍ക്ക് 4 ബില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വരും. വെയര്‍ഹൗസ് ജീവനക്കാരേക്കാള്‍ കുറഞ്ഞ ശമ്പളം ലഭിക്കുന്ന സ്റ്റോര്‍ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് നടപടി. സ്റ്റോര്‍ ജീവനക്കാര്‍ക്ക് വെയര്‍ഹൗസ് ജീവനക്കാരേക്കാള്‍ 5000 പൗണ്ട് കുറവാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. നൂറോളം ജീവനക്കാര്‍ക്കു വേണ്ടി ലെയ് ഡേ എന്ന നിയമ സ്ഥാപനം നല്‍കിയിരിക്കുന്ന പരാതിയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരുണ്ടെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. വനിതാ ജീവനക്കാരാണ് ഇവര്‍ ഭൂരിപക്ഷവും. ടെസ്‌കോ വെയര്‍ഹൗസ് ജീവനക്കാര്‍ക്ക് മണിക്കൂറിന് 8.50 പൗണ്ട് മുതല്‍ 11 പൗണ്ട് വരെയാണ് ശമ്പളം. എന്നാല്‍ സ്റ്റോര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് മണിക്കൂറില്‍ 8 പൗണ്ട് മാത്രമാണ്. ബ്രിട്ടനിലെ തന്നെ വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖലയായ ടെസ്‌കോ കഴിഞ്ഞ ആറ് വര്‍ഷത്തെ ശമ്പള കുടിശ്ശികയായി 20,000 പൗണ്ട് വീതം ഓരോ ജീവനക്കാരിക്കും നല്‍കേണ്ടി വരുമെന്നാണ് വിവരം. ആസ്ഡ, സെയിന്‍സ്ബറി സൂപ്പര്‍ മാര്‍ക്കെറ്റുകള്‍ക്കെതിരെയും സമാന നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏതാണ്ട് 20,000ത്തോളം ജീവനക്കാര്‍ ആസ്ഡയില്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ആസ്ഡയിലെ വെയര്‍ ഹൗസ് ജീവനക്കാരുടെയും ഷോപ്പ് വര്‍ക്കേഴ്‌സിന്റെയും ശമ്പളത്തില്‍ അസമത്വം നിലനില്‍ക്കുന്നുണ്ട്. സെയിന്‍സ്ബറി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഏതാണ്ട് 1,000 ത്തോളം ജീവനക്കാര്‍ സമാന സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
RECENT POSTS
Copyright © . All rights reserved