Asifa Murder Case
കത്വയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആസിഫയുടെ വീഡിയോ കാണാന്‍ ആളുകള്‍ പോണ്‍ സൈറ്റില്‍ സെര്‍ച്ച് ചെയ്യുന്നു. ആസിഫയുടെ പേരാണ് പ്രമുഖ പോണ്‍സൈറ്റായ എക്‌സ് വീഡിയോസിന്റെ ട്രെന്‍ഡിംഗ് കീവേര്‍ഡുകളിലൊന്ന്. രാജ്യം മുഴുവന്‍ ആസിഫയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ആ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. പോണ്‍ സൈറ്റുകളില്‍ ആളുകള്‍ വ്യാപകമായി സെര്‍ച്ച് ചെയ്താല്‍ മാത്രമാണ് ഒരു കീവേര്‍ഡ് ട്രെന്‍ഡിംഗ് ആവുക. ഇന്ത്യന്‍ പോണ്‍സൈറ്റുകളില്‍ ഏറെ പ്രചാരമുള്ള സൈറ്റാണ് എക്‌സ്‌വീഡിയോസ്. ദിനംപ്രതി ലക്ഷക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന സൈറ്റില്‍ കീവേര്‍ഡ് ട്രെന്‍ഡിംഗ് ആയതിന് പിന്നില്‍ ഇന്ത്യക്കാരുടെ ക്രൂരമുഖമാണ് വെളിപ്പെടുന്നത്. ഞരമ്പുരോഗികളായ ചിലര്‍ കാമപൂര്‍ത്തീകരണത്തിനായി ഇത്തരം ബലാല്‍സംഗ വീഡിയോകള്‍ തെരെഞ്ഞടുക്കുന്നത് വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്. പീഡന വീഡിയോകള്‍ വില്‍ക്കുന്നതിനായി ഇന്ത്യയില്‍ പ്രത്യേക സംഘങ്ങള്‍ വരെയുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കൊച്ചി: കത്വയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസുകാരിയെ അപമാനിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരെ പനങ്ങാട് പോലീസാണ് കേസെടുത്തത്. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ഐപിസി 153 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണ് ഇത്. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വിഷ്ണുവിനെ ബാങ്ക് പിരിച്ചു വിട്ടിരുന്നു. ഇയാള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് പിരിച്ചു വിട്ടതായി ബാങ്ക് അറിയിച്ചത്. ഇയാള്‍ക്കെതിരെ പോലീസില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കൊച്ചി പോലീസ് കമ്മീഷണര്‍ക്കുള്‍പ്പെടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്. ഇവളെയെല്ലാം ഇപ്പോളേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരെ ബോംബായി വന്നേനെ എന്നായിരുന്നു വിഷ്ണുവിന്റെ കമന്റ്. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധമുയരുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ കമന്റ് പ്രത്യക്ഷപ്പെട്ടത്.
കൊച്ചി: കത്വയില്‍ ക്ഷേത്രത്തിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബിജെപിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ചെങ്ങന്നൂരില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കെ ആസിഫയുടെ കൊലപാതകം ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചനകള്‍ 'ഈ വീട്ടില്‍ പത്ത് വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ ഉണ്ട് ദയവായി ബിജെപിക്കാര്‍ വോട്ട് ചോദിച്ച് വീട്ടില്‍ കയറരുത്' പോസ്റ്ററില്‍ പറയുന്നു. അമ്പലത്തില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട ആസിഫയ്ക്ക് പിന്തുണയുമായി ലക്ഷക്കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. അതേ സമയം ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ച് രംഗത്ത് വന്ന വിഷ്ണു നന്ദകുമാര്‍ എന്ന ബാങ്ക് അസിസ്റ്റന്റ് മാനേജരെ ജോലിയില്‍ നിന്നും പുറത്താക്കി.
കത്വയില്‍ ക്ഷേത്രത്തിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫ കൊല്ലപ്പെട്ടത് നന്നായെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട വിഷ്ണു നന്ദകുമാറിനെ പുറത്താക്കിയെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക്. മോശം പ്രകടനത്തിന്റെ പേരില്‍ ഏപ്രില്‍ 11ന് തന്നെ ഇയാളെ പുറത്താക്കിയിരുന്നുവെന്നാണ് ബാങ്ക് വിശദീകരിക്കുന്നത്. കൊച്ചി, പാലാരിവട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന ഇയാളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാംപെയിനായിരുന്നു നടന്നു വന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കോട്ടക് മഹീന്ദ്രയുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിംഗില്‍ മലയാളികളുടെ പൊങ്കാല നടന്നിരുന്നു. പോസ്റ്റുകളുടെ കമന്റ് ബോക്‌സില്‍ വിഷ്ണു നന്ദകുമാറിനെതിരായ പ്രതിഷേധം നിറഞ്ഞപ്പോളാണ് വിശദീകരണവുമായി ബാങ്ക് രംഗത്തെത്തിയത്. തങ്ങളുടെ മുന്‍ ജീവനക്കാരന്‍ ഒരു ദുരന്തത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ തങ്ങള്‍ക്കെതിരെ പ്രതിഷേധമുയരുന്നതില്‍ വിഷമമുണ്ടെന്ന് കോട്ടക് ടീം കമന്റില്‍ പറഞ്ഞു. #dismissyourmanager തുടങ്ങിയ ഹാഷ്ടാഗുകളിലായിരുന്നു പേജില്‍ പ്രതിഷേധങ്ങളുയര്‍ന്നത്. പുറത്താക്കിയെന്ന സന്ദേശത്തിനു പിന്നാലെ ബാങ്കിന് അഭിനന്ദന കമന്റുകളും ലഭിച്ചു.
കൊച്ചി: കാശ്മീരില്‍ 8 വയസുകാരിയെ അമ്പലത്തില്‍ വെച്ച് കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയ. ഏപ്രില്‍ 15ന് വൈകീട്ട് 5നും 7നും ഇടയ്ക്കുള്ള സമയത്ത് പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ഹാഷ്ടാഗ് ക്യാംമ്പെയിന്‍ ആരംഭിച്ചിരിക്കുന്നത്. ഒരോരുത്തരും ജീവിക്കുന്ന പ്രദേശത്തിന് തൊട്ടടുത്ത തെരുവുകളില്‍ സുഹൃത്തുക്കളെയും അയല്‍ക്കാരെയും കൂട്ടി പോസ്റ്ററുകളുമായി പ്രതിഷേധത്തിനിറങ്ങണമെന്ന് ക്യാംമ്പെയിന്‍ ആവശ്യപ്പെടുന്നു. പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ #MyStreetMyProtest എന്ന ഹാഷ്ടാഗില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനും ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പ്രതിഷേധാഹ്വാനത്തില്‍ പറയുന്നു. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പ്രതിഷേധാഹ്വാനത്തിന്റെ പൂര്‍ണരൂപം: #MyStreetMyProtets #എന്റെതെരുവില്‍എന്റെപ്രതിഷേധം ആസിഫയ്ക്കും ഉന്നാവോയിലെ പെണ്‍കുട്ടിക്കും വേണ്ടി, നമ്മള്‍ നമ്മുടെ തെരുവില്‍ പ്രതിഷേധിക്കുന്നു. ഏപ്രില്‍ 15 ഞായറാഴ്ച വൈകിട്ട് 5 നും 7 നും ഇടയ്ക്ക്. നമ്മള്‍ എവിടെയാണോ ഉള്ളത് അവിടെയുള്ള തെരുവിന്റെ ഒരു ശ്രദ്ധേയമായ ഭാഗത്ത് നമുക്ക് ഒത്തുചേരാം. ആസിഫയുടെയുടെ ചിത്രങ്ങളും പോസ്റ്ററുകളുമായി. ആസിഫയ്ക്കും ഉന്നാവോയില്‍ റേപ്പ് ചെയ്യപ്പെട്ട ആ പെണ്‍കുട്ടിക്കും നീതി ആവശ്യപ്പെട്ടുകൊണ്ട്. ഇത് ക്രൂരമായ ആക്രമണങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കെതിരായുള്ള നമ്മുടെ പ്രതികരണമാണ്. കാരണക്കാരായവരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരായ നമ്മുടെ പ്രതിഷേധമാണ്. നമുക്ക് തെരുവിലിറങ്ങാം. സുഹൃത്തുക്കളേയും അയല്‍ക്കാരേയും കൂട്ടി ഒന്നിച്ച്. 1) ഒത്തുചേരാനുള്ള സ്ഥലം തീരുമാനിക്കുക. നമ്മുടെ ഏറ്റവും അടുത്ത തെരുവിലെ ശ്രദ്ധേയമായ ഒരു ഭാഗം . 2) സുഹൃത്തുക്കളേയും അയല്‍ക്കാരേയും വിളിക്കുക. പ്രതിഷേധത്തിന്റെ സമയവും ദിവസവും അറിയിക്കുക. വിവരങ്ങള്‍ ഇ-മെയില്‍ ചെയ്യുക. എഫ്.ബി യില്‍ സുഹൃത്തുക്കളെ ടാഗ് ചെയ്തു കൊണ്ട് സ്ഥലത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ് ഇടുക. 3) പോസ്റ്ററുകള്‍ ഉണ്ടാക്കുക. 4) 15ാം തിയതി വൈകിട്ട് 5 മണിക്കു തന്നെ തീരുമാനിച്ച സ്ഥലത്ത് എത്തുക. 5) സുഹൃത്തുക്കളുടേയും അയല്‍ക്കാരുടേയും സാന്നിദ്ധ്യം ഒന്നുകൂടി ഉറപ്പ് വരുത്തുക. 6) തെരുവില്‍ നമ്മള്‍ക്ക് കഴിയുന്നത്ര സമയം നില്‍ക്കാം. അത് നമ്മള്‍ ഒറ്റയ്ക്കാണെങ്കില്‍ പോലും. നമുക്കൊപ്പം കൂട്ടുകാര്‍ ചേരുമെന്ന പ്രതീക്ഷിച്ചു കൊണ്ട് തന്നെ. 7) പ്രതിഷേധത്തെപ്പറ്റി ചോദിക്കുന്നവരോട് അത് വിശദീകരിച്ചു കൊടുക്കുക. 8 ) ചിത്രമെടുത്ത് # MyStreet My Protest എന്ന ഹാഷ് ടാഗോടു കൂടി അപ്‌ലോഡ് ചെയ്യുക.
RECENT POSTS
Copyright © . All rights reserved