athila hussain
39 അഭയാർത്ഥികൾ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ ദുഃഖം രേഖപെടുത്തികൊണ്ട് ലോകം മുഴുവനുള്ള അഭയാർത്ഥികളുടെ വേദന ഒപ്പിയെടുത്ത്‌  ആദില ഹുസൈൻ മലയാളം യുകെ യിൽ എഴുതിയ കവിത "വേരില്ലാത്തവർ " ഞങ്ങൾ വേദനയോടെ പുനഃപ്രസിദ്ധികരിക്കുന്നു ........   ആദില ഹുസൈൻ | മലയാളം കവിത ഞാൻ ഒരു ഭാരമാണ് എന്റെ പേര് ഭൂപടങ്ങളിലില്ല എന്നെ ഭയപ്പെട്ട് നിങ്ങൾ മതിലുകൾ പണിതു, എനിക്കെതിരെ നിയമമുണ്ടാക്കി ലക്ഷ്മണരേഖകൾ വരച്ചു എന്നെ ഇല്ലാതാക്കാൻ അന്താരാഷ്ട്ര ചർച്ചകൾ നടത്തി പ്രതീകവൽക്കരിച്ചു കരളില്ലാത്തവനായി മുദ്രകുത്തി കണ്ണീരില്ലാത്തവനായി തെറ്റിദ്ധരിച്ചു. എന്നെ അവർ ഒളിമ്പിക്സിൽ പ്രതിനിധീകരിച്ചു എല്ലാം കാണുന്ന ദൈവങ്ങൾ കണ്ണടച്ചു. ഞാനെണീറ്റു നിന്നു നിങ്ങൾ അന്ധരായഭിനയിച്ചു. ഞാൻ ശബ്ദമുയർത്തി നിങ്ങൾ ബധിരരായി. ഒടുവിലംബയും കൈവെടിഞ്ഞപ്പോൾ മറുകര പറ്റാൻ തോണിയേറി, ഞാനൊരു കടൽത്തീരത്ത് ഭാരങ്ങൾ ഒഴിഞ്ഞു നിങ്ങളെന്നെ ഐലാൻ കുർദി എന്ന് വിളിച്ചു. എനിക്ക് വേണ്ടി കരയാൻ നിങ്ങളുണ്ടായിരുന്നോ? ഇല്ല ഉണ്ണാൻ ഉടുക്കാൻ കിടക്കാൻ രമിക്കാൻ എല്ലാം ആവശ്യത്തിലധികം നിങ്ങൾക്കുണ്ട് പിന്നെന്തിന് ഒരു കണ്ണീർത്തുള്ളി വെറുതെ കളയണം സമയം വിലപ്പെട്ടതാണ് ഇനി നിങ്ങൾ നിങ്ങളിലേക്ക് മടങ്ങിക്കോളൂ പിൻതാങ്ങാൻ ആളില്ലാത്തവന്റെ ജൽപനം കേട്ടെന്നു നടിക്കേണ്ട. പതുപതുത്ത ഒരു മെത്ത നിങ്ങളെ കാക്കുന്നു മുൾപ്പടർപ്പുകൾ എരിവെയിൽ വേദന വേട്ടയാടാൻ എന്നെയും.    ആദില ഹുസൈൻ . കായംകുളത്തു ജനിച്ചു. പിതാവ് :ഹുസൈൻ എം , മാതാവ് : ഷീജ , സഹോദരി :  ആൽഫിയാ ഹുസൈൻ. ഇപ്പോൾ ജാമിയ മിലിയ ഇസ്ലാമിയ, സെൻട്രൽ യൂണിവേഴ്സിറ്റി ന്യൂ ഡൽഹിയിൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം പഠിക്കുന്നു. ആദില ഹുസൈന്റെ കവിതകൾ എന്ന കവിതാസമാഹാരം 2019ൽ പുറത്തിറക്കി. മലയാളം യുകെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.എഡിറ്റിംഗ്, വിവർത്തനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.
ആദില ഹുസൈൻ | മലയാളം കവിത ഇവിടെയിരുന്നു കൊണ്ട് ഞാൻ വിലപിക്കും സിറിയ നിന്റെ നൊമ്പരങ്ങൾ എന്നെ കാർന്നു തിന്നുന്നുവെന്ന് നിന്റെ മുറിവുകൾ എന്നിൽ നീറ്റലുണ്ടാക്കുന്നുവെന്ന് നീ എന്റെ വിശപ്പ് കെടുത്തുന്നുവെന്ന് നിന്റെ ആകാശം ചുവക്കുമ്പോൾ പക്ഷികൾ ഭയന്ന് നാടുവിടുമ്പോൾ അനാഥരാക്കപ്പെട്ട കുട്ടികൾ ചേറുണ്ട് വിശപ്പാറ്റുമ്പോൾ പൊള്ളിയടർന്ന ശരീരങ്ങൾ മോർച്ചറിയിൽ ആരും സ്വീകരിക്കാനില്ലാതെ കാത്തുകിടക്കുമ്പോൾ ഞാനിവിടെ മോര് കൂട്ടി വയറുനിറയെ ഉണ്ണും ചൂടിനെ കുറ്റം പറഞ്ഞ് ഏസി ഓണാക്കി വെളുവെളുത്ത പതുപതുത്ത കിടക്കയിൽ സുഖമായുറങ്ങും പെട്ടെന്ന് ഞാനൊരു സ്വപ്നം കാണും പറക്കുന്ന കഴുകന്മാർ ക്കിടയിലൂടെ നീലക്കണ്ണുള്ള ഒരു കൊച്ചുസുന്ദരി അമ്മയെ തിരയുന്നു ഞെട്ടിയുണർന്ന ഞാൻ ഫ്രിഡ്ജിൽ നിന്നും വെള്ളം കുടിക്കും വീണ്ടും കിടന്നുറങ്ങും എന്നിട്ട് ഞാൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇടും 'സിറിയ' എനിക്ക് ദുഃഖമുണ്ട്   ആദില ഹുസൈൻ , 1996 നവംബർ 28ന് കായംകുളത്ത് ജനിച്ചു. പിതാവ് :ഹുസൈൻ എം , മാതാവ് : ഷീജ സെന്റ് മേരീസ്‌ ബഥനി പബ്ലിക് സ്കൂൾ, പി. കെ. കുഞ്ഞ് സാഹിബ്‌ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ആദില ഹുസൈന്റെ കവിതകൾ എന്ന കവിതാസമാഹാരം 2019ൽ പുറത്തിറക്കി. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹോദരി : ആൽഫിയാ ഹുസൈൻ  
RECENT POSTS
Copyright © . All rights reserved