attack
സ്‌കോട്ട്‌ലന്‍ഡിലെ ഏറ്റവും വലിയ ഭൂവുടമയും ഡെന്‍മാര്‍ക്കിലെ ഏറ്റവും ധനികനായ വ്യക്തിയുമായ ആന്‍ഡേഴ്‌സ് ഹോള്‍ച് പോള്‍സെന് ഈസ്റ്റര്‍ കടുത്ത ദുഃഖമാണ് സമ്മാനിച്ചത്. ശ്രീലങ്കയിലുണ്ടായ ചാവേറാക്രമണത്തില്‍ ഇദ്ദേഹത്തിന്റെ മൂന്നു മക്കള്‍ കൊല്ലപ്പെട്ടു. സ്‌കോട്ട്‌ലന്‍ഡിലെ എഎസ്ഒഎസ് ഉടമയാണ് പോള്‍സെന്‍. നാലു മക്കളും ഭാര്യയുമായി ശ്രീലങ്കയില്‍ ഹോളിഡേക്കായി എത്തിയതായിരുന്നു ഇദ്ദേഹം. നാലു കുട്ടികളില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടു. മരണ വിവരം പോള്‍സെനിന്റെ വക്താവ് സ്ഥിരീകരിച്ചെങ്കിലും കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്ന വിവരങ്ങള്‍ നല്‍കിയില്ല. ആക്രമണം നടക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പോള്‍സെനിന്റെ മകളായ അല്‍മ സഹോദരങ്ങളായ ആസ്ട്രിഡ്, ആഗ്നസ്, ആല്‍ഫ്രഡ് എന്നിവരോടൊത്ത് ശ്രീലങ്കയിലെ അവധിക്കാലത്തിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന തീവ്രവാദി സംഘടനയാണ് ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടത്തിയതെന്നാണ് ശ്രീലങ്ക അറിയിച്ചത്. അന്താരാഷ്ട്ര സഹായം ഈ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും ഐസിസ് പങ്കു പോലും ആക്രമണത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ശ്രീലങ്ക വ്യക്തമാക്കി. ഭീകരാക്രമണത്തില്‍ 290 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ 500ലേറെ ആളുകള്‍ക്ക് പരിക്കേറ്റു. കൊളംബോയുടെ പരിസരത്തുള്ള പള്ളികളിലും ഹോട്ടലുകളിലുമായി എട്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. സ്‌ഫോടനങ്ങളില്‍ 39 വിദേശികള്‍ കൊല്ലപ്പെട്ടു. എട്ട് ബ്രിട്ടീഷുകാരും യുകെ-യുഎസ് ഇരട്ട പൗരത്വമുള്ള രണ്ടു പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പാര്‍ലമെന്റിനു സമീപം കാര്‍ ഇടിച്ചു കയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവം പരാജയപ്പെട്ട ഭീകരാക്രമണ ശ്രമമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ്മിന്‍സ്റ്ററിനു നേരെ 17 മാസങ്ങള്‍ക്കിടെയുണ്ടാകുന്ന ആറാമത് ആക്രമണ ശ്രമമാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് സുരക്ഷാ വിദഗ്ദ്ധര്‍ പറയുന്നു. 2017 മാര്‍ച്ചില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തില്‍ വെച്ച് ഖാലിദ് മസൂദ് എന്ന ഭീകരന്‍ ആളുകള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയും പിന്നീട് കത്തി ഉപയോഗിച്ച് നിരവധി പേരെ ആക്രമിക്കുകയും ചെയ്ത സ്ഥലത്തിന് തൊട്ടടുത്താണ് ഇന്നലെ കാര്‍ ഇടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റത്. ബ്രിട്ടനില്‍ ഐസിസ് ഉത്തരവാദിത്തമേറ്റെടുത്ത ആദ്യ ആക്രമണം കൂടിയായിരുന്നു കഴിഞ്ഞ വര്‍ഷം നടന്നത്. പിന്നീട് നാല് ആക്രമണങ്ങള്‍ കൂടി ബ്രിട്ടനില്‍ നടന്നു. വാഹനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്ന ഈ രീതി പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും ആവര്‍ത്തിക്കപ്പെട്ടു. വെസ്റ്റ്മിന്‍സ്റ്ററാണ് യുകെയില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നിട്ടുള്ള പ്രദേശം. ആദ്യത്തെ ആക്രമണത്തിനു ശേഷം പരാജയപ്പെടുത്തിയിട്ടുള്ള 13 ഇസ്ലാമിക് ഭീകരാക്രമണങ്ങളില്‍ നാലെണ്ണവും വെസ്റ്റ്മിന്‍സ്റ്ററില്‍ ഒരേ പ്രദേശത്താണ് നടന്നിട്ടുള്ളത്. 2017 ഏപ്രിലില്‍ പാര്‍ലമെന്റിലേക്ക് കത്തികളുമായി കടക്കാന്‍ തയ്യാറെടുത്ത മുന്‍ താലിബാന്‍ ബോംബ് വിദഗ്ദ്ധന്‍ ഖാലിദ് അലിക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വെസ്റ്റ്മിന്‍സ്റ്ററില്‍ കത്തി ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ച ബ്രിട്ടനിലെ ആദ്യ വനിതാ ജജിഹാദി സെല്ലും പിന്നാലെ പിടിയിലായിരുന്നു. ലണ്ടനില്‍ പലയിടങ്ങളില്‍ ഒരേസമയം ആക്രമണം നടത്താന്‍ കുട്ടികളെ പരിശീലിപ്പിച്ച ഉമര്‍ ഹഖ് എന്ന ഭീകരനും വെസ്റ്റ്മിന്‍സ്റ്റര്‍ ലക്ഷ്യമിട്ടിരുന്നു. ഡൗണിംഗ് സ്ട്രീറ്റില്‍ ചാവേര്‍ ബോംബാക്രമണം നടത്താനായിരുന്നു നവംബറില്‍ ഒരു ജിഹാദി ശ്രമിച്ചത്. യുകെയുടെ രാഷ്ട്രീയ ഹൃദയമായതിനാല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ തീവ്രവാദികളുടെ പ്രധാന ആക്രമണ ലക്ഷ്യമായിരിക്കുമെന്ന് റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ഡയറക്ടറായ റഫേലോ പാന്റൂച്ചി പറഞ്ഞു.
ആസിഡ് ആക്രമണത്തില്‍ 47കാരിയായ കെയറര്‍ കൊല്ലപ്പെട്ട കേസില്‍ 19കാരന് 17 വര്‍ഷം തടവ്. സെനറല്‍ വെബ്സ്റ്റര്‍ എന്ന 19 കാരനാണ് ശിക്ഷ ലഭിച്ചത്. ജോവാന്‍ റാന്‍ഡ് എന്ന 47 കാരി ആഡിസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസിലാണ് വിധി. ആസിഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യമായാണ് ബ്രിട്ടനില്‍ ശിക്ഷ വിധിക്കുന്നത്. കേസില്‍ വെബ്സ്റ്റര്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഏപ്രിലില്‍ റീഡിംഗ് ക്രൗണ്‍ കോര്‍ട്ട് കണ്ടെത്തിയിരുന്നു. വെബ്‌സ്റ്ററിന്റെ പ്രവൃത്തിയാണ് റാന്‍ഡിന്റെ മരണത്തിന് കാരണമായതെന്ന് ജഡ്ജ് ആന്‍ജല മോറിസ് പറഞ്ഞു. വിധി പ്രസ്താവത്തിനു ശേഷം വെബ്സ്റ്റര്‍ ജഡ്ജിയെ അസഭ്യം പറയുകയും ചെയ്തു. ജോവാന്‍ റാന്‍ഡ് ഹൈവൈക്കോമ്പിലെ ഫ്രോഗ്മൂറിലുള്ള ശ്മശാനത്തില്‍ തന്റെ മകളുടെ കല്ലറ സന്ദര്‍ശിച്ചതിനു ശേഷം ബെഞ്ചില്‍ ഇരിക്കുകയായിരുന്നു. ഇതിനു സമീപം മറ്റൊരാളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്ന വെബ്സ്റ്റര്‍ ബാഗിലുണ്ടായിരുന്ന ആസിഡ് അയാളുടെ ശരീരത്തിലേക്ക് ഒഴിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് ലക്ഷ്യം തെറ്റി റാന്‍ഡിന്റെ ശരീരത്തില്‍ വീഴുകയായിരുന്നു. 2017 ജൂണ്‍ 3നാണ് സംഭവമുണ്ടായത്. ശരീരമാസകലം ആസിഡ് വീണ് ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പിന്നീട് ഈ വ്രണങ്ങളില്‍ അണുബാധയുണ്ടായി സെപ്റ്റിസീമിയ ബാധിച്ചാണ് റാന്‍ഡ് മരിച്ചത്. ആസിഡ് ആക്രമണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് റാന്‍ഡിന്റെ മകള്‍ കാറ്റി പിറ്റ് വെല്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന ആസിഡിന് ഒരാളെ ഏതു വിധത്തില്‍ പരിക്കേല്‍പ്പിക്കാനാകുമെന്ന് വെബ്സ്റ്റര്‍ക്ക് അറിയാമായിരുന്നുവെന്ന് പിറ്റ് വെല്‍ അഭിപ്രായപ്പെട്ടു. ഒരാളെ ഉപദ്രവിക്കുക എന്ന ലക്ഷ്യവുമായാണ് അയാള്‍ ആസിഡ് പ്രയോഗിച്ചത്. എന്നാല്‍ അതിന് ഇരയായത് നിരപരാധിയായ ഒരു വ്യക്തിയായിരുന്നു. ഇത്തരം വസ്തുക്കള്‍ കൈവശം വെക്കുന്നവര്‍ അത് മറ്റുള്ളവരെ കൊലപ്പെടുത്താനോ പരിക്കേല്‍പ്പിക്കാനോ സാധ്യതയുള്ള ഒന്നാണെന്ന കാര്യം ഓര്‍മിക്കണമെന്നും പിറ്റ് വെല്‍ പറഞ്ഞു.
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ രാസായുധാക്രമണത്തില്‍ ബാഷര്‍ അല്‍ അസദിനുള്ള പങ്ക് സ്ഥിരീകരിക്കാന്‍ അമേരിക്കന്‍ ശ്രമം. ഒരു സൈനിക നടപടി സ്ഥിതിഗതികള്‍ കൈവിട്ടു പോകാന്‍ കാരണമാകുമെന്നതിനാല്‍ തെളിവുകള്‍ക്കായി ശ്രമിക്കുകയാണെന്ന് യുഎസ് ഡിഫന്‍സ് സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. സൈനിക നടപടി സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് മുതിര്‍ന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് വ്യാഴാഴ്ച അറിയിച്ചത്. അസദ് ഭരണകൂടത്തിന് രാസായുധാക്രമണത്തില്‍ പങ്കുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് ജെയിംസ് മാറ്റിസ് യോഗത്തില്‍ പറഞ്ഞുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സിറിയയെ ശിക്ഷിക്കണമെന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിപ്രായത്തോട് ഭരണകൂടത്തിന് എതിരഭിപ്രായമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വൈറ്റ് ഹൗസ് യോഗത്തിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ട്രംപ് സംസാരിച്ചിരുന്നു. രാസായുധാക്രമണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് അനിവാര്യമാണെന്ന ധാരണയിയാണ് ഇരു നേതാക്കളും എത്തിച്ചേര്‍ന്നിരിക്കുന്നത്. ഡമാസ്‌കസില്‍ നടന്ന രാസായുധാക്രമണത്തിന് പിന്നില്‍ അസദും സിറിയന്‍ ഭരണകൂടവുമാണെന്നതില്‍ സംശയമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും മാക്രോണ്‍ വ്യക്തമാക്കി. കുട്ടികളുള്‍പ്പെടെ 50 പേരാണ് കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് വിഷബാധയേല്‍ക്കുകയും ചെയ്തു. ഇരകളായവരുടെ രക്തത്തിലും മൂത്രത്തിലും ക്ലോറിന്റെയും നെര്‍വ് ഏജന്റുകളുടെയും അംശം കണ്ടെത്തിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസിയും സിഎന്‍എനും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഭരണകൂടത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ്. ഈ തെളിവുകള്‍ പ്രസിഡന്റ് ട്രംപിന് നല്‍കുമെന്നും അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം സിറിയയില്‍ ആക്രമണം നടത്തുമെന്ന ട്വീറ്റില്‍ നിന്ന് ട്രംപ് മലക്കം മറിഞ്ഞു. മിസൈലുകള്‍ വരുന്നുവെന്നും തയ്യാറായിരിക്കാനും ആവശ്യപ്പെടുന്ന ട്വീറ്റില്‍ താന്‍ ആക്രമണത്തിനുള്ള ആഹ്വാനം നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.
സിറിയയില്‍ ജനങ്ങള്‍ക്കു മേലുണ്ടാകുന്ന രാസായുധാക്രമണങ്ങളില്‍ തിരിച്ചടിക്കൊരുങ്ങി ബ്രിട്ടന്‍ സൈനികനീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. സിറിയയിലെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ബ്രിട്ടീഷ് മുങ്ങിക്കപ്പലുകള്‍ തയ്യാറായതായി ഗവണ്‍മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കിയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടോമഹോക്ക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശേഷിയുള്ള സബ്മറൈനുകള്‍ സിറിയന്‍ ലക്ഷ്യങ്ങളുടെ പരിധിയിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് സൂചന. റോയല്‍ നേവി ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ആക്രമണം തുടങ്ങാനുള്ള ഉത്തരവ് പ്രധാനമന്ത്രി തെരേസ മേയ് പുറപ്പെടുവിക്കുമെന്നാണ് സൂചന. ഒരു അസാധാരണ ക്യാബിനറ്റ് യോഗം ഇന്ന് വിളിച്ചിട്ടുള്ളതായി പ്രധാനമന്ത്രിയുടെ വക്താവും അറിയിച്ചു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സ്വന്തം പൗരന്‍മാര്‍ക്കു നേരെ രാസായുധപ്രയോഗം നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബ്രിട്ടന്‍ അടുത്ത സഖ്യകക്ഷികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മേയ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ അമേരിക്കയ്ക്കുള്ള പിന്തുണയാണ് ഇതിലൂടെ മേയ് നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായുള്ള രാസായുധ പ്രയോഗങ്ങള്‍ എതിര്‍ക്കപ്പെടാതെ പോകരുതെന്നും അവര്‍ പറഞ്ഞു. എംപിമാരോട് ചോദിക്കാതെ തന്നെ ആക്രമണത്തിന് പ്രധാനമന്ത്രി ഉത്തരവിട്ടേക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.റോയല്‍ നേവിക്ക് നാല് വാന്‍ഗാര്‍ഡ് ക്ലാസ് ബാലിസ്റ്റിക് മിസൈല്‍ ആണവ മുങ്ങിക്കപ്പലുകളാണ് ഉള്ളത്. ഇവ സിറിയ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ട്. ഇത്തരമൊരു ആക്രമണം ഉണ്ടായാല്‍ അത് പ്രതിപക്ഷത്തില്‍ നിന്ന് കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തുമെന്നത് ഉറപ്പാണ്. തീരുമാനം പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ മാത്രമേ എടുക്കാവൂ എന്ന് ജെറമി കോര്‍ബിന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
RECENT POSTS
Copyright © . All rights reserved