Aviation
ലണ്ടന്‍: ഇനി വിമാനക്കമ്പനികള്‍ സ്ഥിരീകരിക്കുന്നതിനു മുമ്പ് തന്നെ വിമാനങ്ങള്‍ വൈകുന്നത് നമുക്ക് അറിയാം. ഗൂഗിളാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് എന്ന ഈ സെര്‍ച്ച് സംവിധാനത്തിലൂടെ ഇത്തരം വിവരങ്ങള്‍ യാത്രക്കാരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. വിമാനങ്ങള്‍ വൈകുന്നത്, ടിക്കറ്റ് നിരക്കിലെ കുറവുകളും ഇവയില്‍ സങ്കീര്‍ണ്ണതകളുണ്ടെങ്കില്‍ അവ തുടങ്ങി വിമാനയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഗൂഗിള്‍ ഫ്‌ളൈറ്റ്‌സില്‍ ലഭ്യമാണ്. വ്യോമയാനരംഗത്തെ ഡേറ്റയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നതെന്ന് ഗൂഗിള്‍ അറിയിക്കുന്നു. എയര്‍ലൈന്‍ കമ്പനികള്‍ ഔദ്യോഗികമായി അറിയിക്കുന്നതിനു മുമ്പ് തന്നെ വിമാനങ്ങള്‍ വൈകുന്ന വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നതാണ് ഈ സെര്‍ച്ച് എന്‍ജിന്റെ ഏറ്റവും വലിയ സവിശേഷത. 80 ശതമാനം കൃത്യതയുള്ള വിവരങ്ങള്‍ മാത്രമായിരിക്കും ഗൂഗിള്‍ നല്‍കുക. അതായത് നിങ്ങള്‍ വിമാനത്താവളത്തില്‍ കൃത്യസമയത്ത് തന്നെ എത്തിയിരിക്കണമെന്ന് സാരം. പക്ഷേ അവിടെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളില്‍ സൂചന നല്‍കാന്‍ ഗൂഗിളിന് കഴിയും. വിമാനം എത്തിച്ചേരാന്‍ വൈകുന്നത് മുതല്‍ കാലാവസ്ഥയുടെ സ്വാധീനം വരെ സര്‍വീസ് വൈകുന്നതിന് കാരണമാകുമോ എന്ന കാര്യം ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് വിശദീകരിക്കും. ഫ്‌ളൈറ്റ് നമ്പര്‍ നല്‍കി നിങ്ങള്‍ ബുക്ക് ചെയ്ത ഫ്‌ളൈറ്റിന്റെ സ്റ്റാറ്റസ്, റൂട്ട് വിവരങ്ങള്‍ എന്നിവ അറിയാം. ഇവയ്‌ക്കൊപ്പം വിമാനം താമസിച്ചാല്‍ അതിന്റെ വിവരങ്ങളും ലഭിക്കും. അടിസ്ഥാന ഇക്കോണമി നിരക്കുകളേക്കുറിച്ചുള്ള വിവരങ്ങളും ടിക്കറ്റ് നിരക്കുകളും നല്‍കും. ഇവയില്‍ വിമാനക്കമ്പനികള്‍ വരുത്തിയിരിക്കുന്ന നിയന്ത്രണങ്ങളേക്കുറിച്ചും അറിയാനാകും. സീറ്റുകള്‍ സെലക്ട് ചെയ്യാനുള്ള സൗകര്യം, അഡീഷണല്‍ ബാഗേജ് ഫീസ് തുടങ്ങിയ അടിസ്ഥാന വിവരങ്ങളായിരിക്കും ലഭ്യമായിരിക്കുക.
ലണ്ടന്‍: മദ്യലഹരിയില്‍ വിമാനം പറത്താനെത്തിയ പൈലറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. മൗറീഷ്യസിലേക്ക് പുറപ്പെടാന്‍ തയ്യാറായ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ നിന്നാണ് ഫസ്റ്റ് ഓഫീസറായ 49കാരനെ പോലീസ് നീക്കം ചെയ്തത്. മറ്റൊരു പൈലറ്റ് എത്തുന്നത് വരെ വിമാനത്തിന്റെ യാത്ര വൈകുകയും ചെയ്തു. അനുവദനീയമായതിലും ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ ലെവലുമായി വിമാനം പറത്താന്‍ ശ്രമിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവം ഗൗരവമായാണ് കാണുന്നതെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു. ഗാറ്റ്വിക്കിലെ സൗത്ത് ടെര്‍മിനലില്‍ നിന്ന് പുറപ്പെടാന്‍ തയ്യാറായ ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബോയിംഗ് 777 വിമാനത്തിനുള്ളിലായിരുന്നു സംഭവം. മുന്നൂറോളം യാത്രക്കാരും ജീവനക്കാരും വിമാനത്തിനുള്ളിലുണ്ടായിരുന്നു. യാത്രക്കൊരുങ്ങിയ വിമാനത്തിലേക്ക് ആംഡ് പോലീസ് കടന്നു വന്നത് യാത്രക്കാരെ ഭീതിയിലാക്കി. എന്നാല്‍ കോക്പിറ്റിലേക്ക് പോയ പോലീസ് പൈലറ്റുമാരില്‍ ഒരാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് അതിശയത്തോടെയാണ് യാത്രക്കാര്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലെത്തിയ പൈലറ്റിന് മദ്യത്തിന്റെ രൂക്ഷ ഗന്ധമുണ്ടായിരു. സഹപ്രവര്‍ത്തകരില്‍ ആരോ 999ല്‍ വിളിച്ച് ഇക്കാര്യം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു. മൂന്ന് പൈലറ്റുമാരില്‍ ഒരാളെയാണ് പോലീസ് വിമാനത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.20നായിരുന്നു വിമാനം പുറപ്പെടാനിരുന്നത്. 8.25ന് തങ്ങള്‍ക്ക് വിവരം ലഭിച്ചെന്നും ഉടന്‍ തന്നെ പോലീസ് വിമാനത്തിലെത്തി പൈലറ്റിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് പകരം പൈലറ്റിനെ കണ്ടെത്തി 10.56നാണ് വിമാനം പുറപ്പെട്ടത്.
RECENT POSTS
Copyright © . All rights reserved