award
സാലിസ്ബറി:  യുകെ മലയാളികൾക്ക് അഭിമാനമായിസാലിസ്ബറി താമസിക്കുന്ന പാലക്കാട്ടുകാരൻ റഷീദ്.. യുകെയിലേക്കുള്ള പ്രവാസ കാലഘട്ടം അതിന്റെ വളർച്ചയുടെ ഗ്രാഫ് കുത്തനെ ഉയർന്നുകൊണ്ടിരുന്ന 2003 സമയങ്ങൾ..  ഗൾഫ് വിട്ട് മറ്റൊരു പ്രവാസ ജീവിതം ഇല്ല എന്ന് ചിന്തിച്ചിരുന്ന കാലത്തിന്റെ അസ്‌തമയ സമയം... നേഴ്‌സുമാർ മാത്രമല്ല ഷെഫുകൾ കൂടി യുകെയിലെ ഷോർട്ട് ലിസ്റ്റിൽ കയറിക്കൂടിയപ്പോൾ ഒരുപിടി മലയാളി ഷെഫുമാരും വർക്ക് പെർമിറ്റിൽ യുകെയിൽ എത്തിച്ചേർന്നു... അങ്ങനെ എത്തിപ്പെട്ടവരിൽ ഒരാളായിരുന്നു ബിർമിങ്ഹാമിൽ 2003 ന്നിൽ വന്നിറങ്ങിയ മുഹമ്മദ് റഷീദ്. ഹോട്ടൽ മാനേജ്‌മന്റ് പഠനം കോയമ്പത്തൂരിൽ പൂർത്തിയാക്കി. തുടർന്ന് ഹൈദ്രാബാദിലുള്ള ഷെറാട്ടൺ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൽ ജോലി നേടിയെടുത്ത മിടുക്കൻ.. തുടർന്ന് ഇന്ത്യയിലെ തന്നെ മുൻപന്തിയിൽ നിൽക്കുന്ന താജ് ഹോട്ടൽ എത്തിയെങ്കിലും തന്റെ അഭീഷ്ടങ്ങൾ അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ അത് ഉതകുമായിരുന്നില്ല എന്ന സത്യം മനസിലാക്കി ഡൽഹിയിൽ വച്ച് നടന്ന ഇന്റർവ്യൂ പാസ്സായി വർക്ക് വിസയിൽ യുകെയിൽ എത്തിച്ചേർന്നു.ആദ്യം വന്ന എല്ലാ മലയാളികളും അനുഭവിച്ച ജീവിത യാഥാർത്യങ്ങളിലൂടെ റഷീദ് കടന്നു പോയി... അതെ അതിജീവനത്തിന്റെ നാളുകൾ... എവിടെ എങ്ങനെ എപ്പോൾ തുടങ്ങും എന്ന ചിന്തയിൽ.. ഒരു മാസത്തെ ബിർമിങ്ഹാം ജീവിതം അവസാനിപ്പിച്ച് ബോൺമൗത്തിലേക്ക് കുടിയേറിയ റഷീദ് രണ്ട് വർഷത്തോളം ലണ്ടനിൽ ഉള്ള മുന്തിയ ഹോട്ടലുകളിൽ ജോലി ചെയ്തു. എങ്കിലും തന്റെ കൊച്ചുനാളുകളിൽ 'അമ്മ പകുത്തുനൽകിയ പാചക കലയോടുള്ള അടങ്ങാത്ത അടുപ്പം റഷീദിനെ മറ്റൊരു വഴിയിൽ നീങ്ങാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് 2016 ലിൽ സാലിസ്ബറിയിൽ ഒരു ഹോട്ടൽ എന്ന ആശയം 'കഫേ ദിവാലി' എന്ന പേരിൽ നടപ്പിലാക്കിയത്. ഒരു ബിസിനസ് തുടങ്ങുന്നതിന്റെ ബാലാരിഷ്ടതകൾ തന്നെ തുറിച്ചു നോക്കിയപ്പോഴും അതിനെയെല്ലാം ഒന്നൊന്നായി പിന്തള്ളി മുന്നേറിയ റഷീദിന് തന്റെ അമ്മയുടെ വാക്കുകൾ കൂടുതൽ കരുത്തേകി...  ഇന്ന് അഞ്ച് മലയാളികൾ ഉൾപ്പെടെ ഒരുപറ്റം സായിപ്പുമാർ വരെ റഷീദിനൊപ്പം നിലകൊള്ളുന്നു. ഇംഗ്ലീഷ്‌കാരുടെ പ്രിയപ്പെട്ട ഭക്ഷണ കേന്ദ്രമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. വിവിധങ്ങളായ ഭക്ഷണങ്ങൾ ഒരുക്കിയപ്പോൾ അതിൽ നാടൻ വിഭവങ്ങൾ ആയ ദോശയും താലിയും ഒക്കെ ഇടം പിടിച്ചപ്പോൾ പെട്ടെന്ന് തന്നെ ഈ കൊച്ചു ഹോട്ടലിനെ തേടി അവാർഡുകൾ എത്തി.. ആദ്യമായി സാലിസ്ബറിയിലെ പ്രാദേശിക പത്രവും റേഡിയോ സ്റ്റേഷനും സംയുക്തമായി ഏർപ്പെടുത്തിയ അവാർഡ് നേടിയെടുത്തു. അങ്ങനെ ഇരിക്കെ ഏഷ്യൻ റെസ്‌റ്റോറന്റ് അവാർഡിന് ഉള്ള അപേക്ഷ കാണാനിടയായത്. കിട്ടില്ല എന്ന് വിചാരിച്ച് തന്നെ അപേക്ഷ സമർപ്പിച്ചു എന്നാണ് ഇതുമായി ബന്ധപ്പെട്ട് മലയാളം യുകെയുമായി റഷീദ് പങ്ക് വെച്ചത്. അപേക്ഷിക്കാനുള്ള യോഗ്യത പട്ടിക കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു കിട്ടില്ല എന്ന്.. ശുചിത്വം വേണ്ടത് 5 സ്റ്റാർ റേറ്റിംഗ്.... ഗൂഗിൾ, ഫേസ്ബുക് റിവ്യൂസ്... മറ്റ് അവാർഡുകൾ എന്ന് തുടങ്ങി ഒരു നീണ്ട ലിസ്റ്റ് ... ഇതിനെല്ലാം പുറമെ 'മിസ്റ്ററി ഡിന്നെഴ്‌സ്' എന്ന കടമ്പയിൽ വിജയിക്കണം... അത് ഇങ്ങനെ.. ആരെന്നോ എപ്പോൾ എന്നോ പറയാതെ മൂന്ന് ജഡ്ജുമാർ ഹോട്ടലിൽ വന്നു ഭക്ഷണം കഴിക്കും. അവരാണ് മാർക്ക് നൽകുന്നത്.  ഇങ്ങനെ മേൽപ്പറഞ്ഞ എല്ലാ കടമ്പകളും കടന്ന് റഷീദിന്റെ കഫേ ദിവാലി സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏഷ്യൻ ഹോട്ടലുകളിൽ മുൻപിൽ എത്തി അവാർഡിന് അർഹമായി.. ഈ കഴിഞ്ഞ (നവംബർ) പതിനേഴാം തിയതി ലണ്ടനിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ലണ്ടൻ മേയറായ സാദിഖ് ഖാനിൽ നിന്നും അഭിമാനപൂർവം അവാർഡ് ഏറ്റുവാങ്ങിയപ്പോൾ യുകെ മലയാളികളുടെ നേട്ടങ്ങളുടെ പട്ടികയിൽ ഒന്ന് കൂടി വന്നു ചേർന്നു. തന്റെ അടുത്തുവരുന്ന കസ്റ്റമേഴ്സ് ആണ് രാജാവ് എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടു പോവാതെ എളിമയോടെ സ്വീകരിക്കുന്ന ഒരു നല്ല സേവകൻ ആയി പ്രത്യക്ഷപ്പെടുബോൾ ജീവിത വിജയം സുനിശ്ചിതം.റഷീദ് കുടുംബമായി സാലിസ്ബറിയിൽ താമസിക്കുന്നു. പാലക്കാട്ടുകാരി ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. തന്റെ വിജയം മലയാളം യുകെയുമായി പങ്കുവെച്ച റഷീദിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഒപ്പം അഭിനന്ദനവും    
ദുബായ്: മികച്ച അധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചേഴ്‌സ് പുരസ്‌കാരത്തിന് ലണ്ടനില്‍ നിന്നുള്ള അധ്യാപിക അര്‍ഹയായി. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ബ്രെന്റില്‍ സ്ഥിതിചെയ്യുന്ന ആല്‍പ്പേര്‍ട്ടണ്‍ കമ്യൂണിറ്റി സ്‌കുളിലെ അധ്യാപികയായ ആന്‍ഡ്രിയ സാഫിറാക്കോയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. അവസാന റൗണ്ടിലെത്തിയ പത്ത് പേരില്‍ നിന്നാണ് സാഫിറാക്കോ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ദുബായി ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ സണ്ണി വര്‍ക്കിയുടെ നേതൃത്വത്തിലുള്ള വര്‍ക്കി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നാലാമത് പുരസ്‌കാരമാണ് ഇത്. ദുബായില്‍ വെച്ച് നടന്ന ചടങ്ങില്‍വെച്ച് സാഫിറാക്കോ ഒരു മില്യന്‍ ഡോളര്‍ മൂല്യമുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. യുഎഇ പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പുരസ്‌കാരം സമ്മാനിച്ചത്. അധ്യാപകരുടെ നൊബേല്‍ എന്ന് അറിയപ്പെടുന്ന വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചേഴ്‌സ് പ്രൈസ് നേടുന്ന ആദ്യത്തെ ബ്രിട്ടീഷ് അധ്യാപികയാണ് സാഫിറാക്കോ. ആല്‍പ്പേര്‍ട്ടണ്‍ സ്‌കൂളില്‍ ആര്‍ട്ട് ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് അധ്യാപികയാണ് ഇവര്‍. ബ്രിട്ടനിലെ ഏറ്റവും ദരിദ്രമേഖലകളിലൊന്നാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ബ്രെന്റ് മേഖല. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ വിദ്യാഭ്യാസം തേടിയെത്തുന്നത്. ഏകദേശം 85 ഭാഷകളില്‍ സംസാരിക്കുന്ന വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലുള്ളതെന്നതു തന്നെ അധ്യാപകര്‍ നേരിടുന്ന വെല്ലുവിളി മനസിലാക്കാന്‍ പര്യാപ്തമായ വിവരമാണ്. സാഫിറാക്കോ വ്യത്യസ്തയാകുന്നതും വ്യത്യസ്തമായ സാംസ്‌കാരിക സാഹചര്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളോട് ഇണങ്ങി അവരുടെ വിദ്യാഭ്യാസത്തില്‍ മികച്ച പങ്കു വഹിക്കുന്നതിലൂടെയാണ്. ഗുജറാത്തി, ഹിന്ദി, തമിഴ്, പോര്‍ച്ചുഗീസ് തുടങ്ങി 35 ഭാഷകളില്‍ ഇവര്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാറുണ്ട്. സഹ അധ്യാപകരുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് യോജിച്ച വിധത്തില്‍ പുതിയ പാഠ്യപദ്ധതി സാഫിറാക്കോ തയ്യാറാക്കി. യാഥാസ്ഥിതിക സാഹചര്യങ്ങളില്‍ നിന്ന് വരുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രത്യേക സ്‌പോര്‍ട്‌സ് ക്ലബ് സ്ഥാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്തും വീടുകള്‍ സന്ദര്‍ശിച്ചും സാഫിറാക്കോ അവരുമായുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തി എന്നിങ്ങനെ ഇവരുടെ ുപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരം നല്‍കിയിത്. നേട്ടത്തില്‍ സാഫിറാക്കോയെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ അഭിനന്ദിച്ചു. സാഫിറാക്കോ തന്റെ ജോലിയില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണവും ക്രിയാത്മകതയും പ്രകടിപ്പിച്ചതായും മേയ് പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന അധ്യാപകരെ ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ദൗത്യമാണ് വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ് ചെയ്യുന്നത്. സണ്ണി വര്‍ക്കി സ്ഥാപിച്ച വിദ്യാഭ്യാസ മാനേജ്‌മെന്റ് സ്ഥാപനമായ ജെംസ് എജ്യുക്കേഷനാണ് സ്വകാര്യ മേഖലയില്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെ വിദ്യാഭ്യാസം നല്‍കുന്ന ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ നടത്തുന്ന സ്ഥാപനം. വിവിധ രാജ്യങ്ങളിലായി 130ഓളം സ്‌കൂളുകളാണ് ജെംസിന് സ്വന്തമായുള്ളത്. വര്‍ക്കി ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യവും വര്‍ക്കി ഫൗണ്ടേഷനും ഇദ്ദേഹം തന്നെയാണ് സ്ഥാപിച്ചത്. 2012 മുതല്‍ യുണെസ്‌കോയുടെ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയാണ് ഇദ്ദേഹം.
ലണ്ടന്‍: യൂറോപ്പില്‍ പ്രസിദ്ധീകരിക്കുന്ന ഫോര്‍ബ്‌സ് മാസികയുടെ നോമിനേഷന്‍ ലിസ്റ്റില്‍ ആദ്യമായി ഇന്ത്യന്‍ വനിത ഇടം പിടിച്ചിരിക്കുന്നു. കോഴിക്കോട് വടകര സ്വദേശി നികിത ഹരിയാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്ന 30 പേരുടെ ലിസ്റ്റിലേക്കാണ് നികിത നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. 30 വയസ്സിനുള്ളില്‍ ജീവിതത്തില്‍ വിജയങ്ങള്‍ കൈവരിക്കുന്ന, വരും തലമുറയ്ക്ക് പ്രചോദനമാക്കുന്നവര്‍ക്ക് 30 അണ്ടര്‍ 30 എന്ന പേരില്‍ ഫോര്‍ബ്‌സ് മാഗസിന്‍ നല്‍കുന്ന അംഗീകാരമാണിത്. സയന്‍സ് വിഭാഗത്തിലാണ് നികിത തിരഞ്ഞെടുക്കപ്പെട്ടത്. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ വൈദ്യുത ഗ്രഡുമായി ബന്ധിപ്പിക്കുമ്പോഴുള്ള പ്രസരണം കുറയ്ക്കുന്നതിന് ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്ന ഗവേഷണത്തിനാണ് അംഗീകാരം ലഭിച്ചത്. 29-1454068563-nikitha മലയാളിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായി ഇതിനെ കാണുന്നു എന്ന് നികിത ഹരി പറഞ്ഞു. ഇന്ത്യയില്‍ നിന്നും ആദ്യ വനിതയായി തിരഞ്ഞെടുക്കപ്പെട്ടത്തില്‍ അഭിമാനമുണ്ടെന്നും രേഖപ്പെടുത്തി. വടകരയില്‍ ഇന്‌ടെക് ഇന്‍ഡസ്ട്രിസ് സ്ഥാപനഉടമയുമായ ഹരി ദാസിന്റെയും ഗീതയുടെയും മകളാണ് നികിത. വടകരയിലെ പഴങ്കാവില്‍ നിന്നും ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയില്‍ റിസേര്‍ച്ച് ചെയ്യാന്‍ അവസരം ലഭിച്ച നികിത രണ്ടായിരത്തി പതിമൂന്നിലാണ് യുകെയില്‍ എത്തിയത്. ആ വര്‍ഷം കേംബ്രിഡ്ജില്‍ റിസര്‍ച്ച് ചെയ്യാന്‍ അവസരം ലഭിച്ച ഏക ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി നികിത ആയിരുന്നു. ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍സ്ട്രുമെന്ടല്‍ എന്‍ജിനീയര്‍ ആയി  കുസാറ്റില്‍ സേവനമനുഷ്ടിച്ചിട്ടുള്ള നികിത ചെന്നൈയിലെ എസ്ആര്‍എം യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് കേംബ്രിഡ്ജില്‍ പഠിക്കാന്‍ എത്തുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്ട്ടീന്റെയും സ്റ്റീവ് ജോബ്സിന്റെയും കടുത്ത ആരാധികയായ നികിത കണ്‍വെന്ഷണല്‍ എനര്‍ജിയുടെ ട്രാന്‍സ്മിഷന്‍ ലോസ്സ് കുറയ്ക്കുന്ന ഉപകരണങ്ങളില്‍ ആണ് ഗവേഷണം നടത്തുന്നത്
ന്യൂഡല്‍ഹി: സ്ത്രീപീഡകര്‍ക്കെതിരെ ശക്തമായ പ്രചാരണം നടത്തിയ സാമൂഹ്യ പ്രവര്‍ത്തക സുനിതാ കൃഷ്ണന് പത്മശ്രീ ബഹുമതി. ആന്ധ്രപ്രദേശ് സര്‍ക്കാരാണ് സുനിതയെ നാമനിര്‍ദേശം ചെയ്തത്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ ഈ പാലക്കാട്ടുകാരി തുടക്കം കുറിച്ച സ്ത്രീ പീഡകര്‍ക്കെതിരെ ഷെയിം ദി റേപ്പിസ്റ്റ് ക്യാംപയിന്‍ വലിയ പ്രതികരണമുണ്ടാക്കിയിരുന്നു. മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങള്‍ക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥിയാണ് സുനിത. പാലക്കാട് സ്വദേശികളായാണ് സുനിതയുടെ മാതാപിതാക്കള്‍. ബാംഗ്ലൂരിലായിരുന്നു പഠനം. പതിനഞ്ചാം വയസ്സില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സുനിത, ആ സംഭവത്തില്‍ തളരാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുകയും ലൈംഗിക ചൂഷണങ്ങള്‍ക്കും മനുഷ്യക്കടത്തിനും എതിരായ പോരാട്ടങ്ങള്‍ക്കുള്ള പ്രചോദനമാക്കി അതിനെ മാറ്റുകയും ചെയ്തു. 1996ല്‍ ബംഗളൂരുവില്‍ നടന്ന ലോകസുന്ദരി മത്സരത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചാണ് സുനിത പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ലൈഗികപീഡനത്തിന്റെയും വേശ്യാവൃത്തിയുടെയും ഇരകളെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതോടൊപ്പം മാനസികരോഗികളുടെ പുനരധിവാസം, മനുഷ്യവാണിഭത്തിനിരയായവരുടെ സംരംക്ഷണം, വേശ്യാവൃത്തിയില്‍ ഏര്‍പ്പെടേണ്ടിവന്നവരുടെ കുട്ടികളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തനം നടത്തുന്നു. ഇതിനായി സുനിത പ്രജ്വല എന്ന സംഘടനയ്ക്ക് രൂപംകൊടുത്തു. വേശ്യാലയങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ വിദ്യാഭ്യാസവും ജോലിയും നല്‍കി രക്ഷപ്പെടുത്തുന്നതിനൊപ്പം അവരുടെ കുട്ടികളെ പുനരധിവസിപ്പിക്കുന്ന 'പ്രജ്വല'യ്ക്ക് 17 കേന്ദ്രങ്ങളുമുണ്ട്. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ സുനിത ഷെയിം ദി റേപ്പിസ്റ്റ് ക്യാംപയിനിന് തുടക്കമിട്ടത്. കൂട്ടബലാത്സംഗം നടത്തുന്നതിനിടെ ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന അഞ്ചുപേരുടെ വീഡിയോ സുനിത യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ബലാത്സംഗം ചെയ്യുന്നവരെ അവഹേളിക്കുന്നതിനും ശിക്ഷിക്കുന്നതിനും വേണ്ടിയാണ് ക്യാംപയിന്‍. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് ചിരിച്ചു കൊണ്ട് നോക്കിയിരിക്കുന്ന അഞ്ചുപേരുടെ വീഡിയോ പുറത്തുവിട്ടായിരുന്നു തുടക്കം. സുനിത കൃഷ്ണന്റെ അനുഭവങ്ങളെ ആധാരമാക്കി നിര്‍മ്മിച്ച 'എന്റെ' എന്ന ചലച്ചിത്രം ഭര്‍ത്താവും ചലച്ചിത്ര പ്രവര്‍ത്തകനുമായ രാജേഷ് ടച്ച്‌റിവര്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറക്കിയിരുന്നു. ആന്ധ്രപ്രദേശില്‍ താമസമായിക്കിയ സുനിത ആന്ധ്ര വനിതാ കമ്മീഷന്‍ അംഗമാണ്. കേന്ദ്ര സര്‍ക്കാരിന്റെ 2002 അശോക ഫെലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സുനിതക്ക് ലഭിച്ചിട്ടുണ്ട്. മൂന്നാം ലോകരാജ്യങ്ങളില്‍ വനിതകളുടെ അവകാശസംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുവര്‍ക്ക് യുഎന്‍ നല്‍കുന്ന പെര്‍ഡിറ്റ ഹുസ്റ്റണ്‍ പുരസ്‌കാരം 2006ല്‍ സുനിതയ്ക്ക് ലഭിച്ചിരുന്നു. 2011ലെ ഇന്ത്യാവിഷന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും അന്തര്‍ദേശീയ സംഘടനയായ ഹ്യൂമന്‍ സിംഫണി ഫൗണ്ടേഷന്റെ 2013 ലെ ലിവിംഗ് ലെജന്‍ഡ് അവാര്‍ഡും നേടിയിട്ടുണ്ട്. പത്മ അവാര്‍ഡുകള്‍ക്കായി കേരളം നല്‍കിയ ലിസ്റ്റില്‍ നിന്നും മുന്‍ സിഎജി വിനോദ് റായിയെ മാത്രമാണ് പരിഗണിച്ചത്. ഇദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. ഗാന്ധിയന്‍ പിപി ഗോപിനാഥന്‍ നായര്‍ക്കും പ്രവാസി ഇന്ത്യക്കാരനായ വ്യവസായി ഡോ. സുന്ദര്‍ ആദിത്യ മേനോനും പത്മശ്രീ അവാര്‍ഡുണ്ട്.
RECENT POSTS
Copyright © . All rights reserved