Bahrain
ന്യൂസ്‌ ഡെസ്ക് ബഹ്റൈനില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ടു മലയാളി ഡോക്ടര്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു പുരുഷ ഡോക്ടറും ഒരു വനിതാ ഡോക്ടറുമാണ് മരിച്ചത്.  സഹപാഠികള്‍ ആയ ഇവരെ ശനിയാഴ്ച രാത്രിയാണ് ബുഖ്വാരയിലെ ഫ്ളാറ്റില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശി ഡോ. ഇബ്രാഹിം റാവുത്തരും (34) പത്തനംതിട്ട സ്വദേശി ഡോ. ഷംലിനാ മുഹമ്മദ് സലീമും (34) ഒരേ ആശുപത്രിയിലെ അനസ്തെറ്റിസ്റ്റുമാരാണ്.  ഇവര്‍ കഴിഞ്ഞ മൂന്നു ദിവസമായി ജോലിക്ക് ഹാജരായിരുന്നില്ലെന്നു പറയുന്നു.  ശനിയാഴ്ച രാത്രി ഡോ. ഇബ്രാഹിമിന്റെ ഭാര്യ വീട്ടിലെത്തി വാതിലില്‍ മുട്ടിയിട്ട് തുറക്കാത്തതിനെത്തുടര്‍ന്ന് പോലീസിനെ അറിയിച്ചു. പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ രണ്ടുപേരുടേയും മൃതദേഹങ്ങള്‍ സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മരണകാരണം അറിവായിട്ടില്ല. ഇബ്രാഹിമിന് ഭാര്യയും ഒരു മകനുമുണ്ട്. ഷംലീനയുടെ ഭര്‍ത്താവും ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. നാലു വയസ്സുള്ള മകളുണ്ട്. ഷംലീനയുടെ പിതാവ് ബഹ്റൈനിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്.  നാട്ടില്‍നിന്ന് ഇരുവരുടേയും ബന്ധുക്കള്‍ ഇന്നലെ ബഹ്റൈനില്‍ എത്തിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കും.
മനാമ: ബഹ്‌റൈനിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ, പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി. പടിഞ്ഞാറന്‍ തീരമായ ഖലീജ് അല്‍ ബഹ്‌റൈന്‍ എന്ന സ്ഥലത്താണ് ശേഖരം കണ്ടെത്തിയത്. രാജ്യത്തിന് വലിയ സാമ്പത്തിക മുന്നേറ്റം നടത്താന്‍ പുതിയ എണ്ണ ശേഖരം സഹായിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ബഹ്‌റൈന്‍ എണ്ണ ഉത്പാദന പട്ടികയില്‍ താഴെത്തട്ടില്‍ നില്‍ക്കുന്ന രാജ്യമാണ്. എന്നാല്‍ പുതിയ നിക്ഷേപം കണ്ടെത്തിയതോടെ ഇതില്‍ മാറ്റം വരും. ഏകദേശം 80 ബില്യണ്‍ ബാരല്‍ എണ്ണ പുതിയ സ്ഥലത്ത് നിന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇവിടെ നിന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ എണ്ണ ഉത്പാദനം ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എണ്ണ കൂടാതെ വന്‍ തോതിലുള്ള പ്രകൃതി വാതക നിക്ഷേപവും പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. 10 ട്രില്യണ്‍ ക്യുബിക് അടി മുതല്‍ 20 ട്രില്യണ്‍ ക്യുബിക് അടിവരെ പ്രകൃതി വാതകനിക്ഷേപമുണ്ടെന്നാണ് കരുതുന്നത്. നിലവില്‍ രണ്ട് എണ്ണപ്പാടങ്ങളാണ് ബഹ്‌റൈന് സ്വന്തമായുള്ളത്. അവിടെ നിന്ന് പ്രതിദിനം 50,000 ബാരല്‍ ക്രൂഡ് ഓയില്‍ രാജ്യം ഉദ്പാദിപ്പിക്കുന്നുണ്ട്. പ്രദേശവാസികള്‍ക്കൊപ്പം വിദേശീയര്‍ക്കും പ്രതീക്ഷയുണ്ടാക്കുന്നതാണ് പുതിയ എണ്ണ നിക്ഷേപം. ബഹ്‌റൈനിലെ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന വളര്‍ച്ച കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അത് ഗുണം ചെയ്യും.
RECENT POSTS
Copyright © . All rights reserved