ban
ഹെഡ്ടീച്ചറുമായി വഴക്കിട്ടതിന് കുട്ടി പഠിക്കുന്ന സ്‌കൂളില്‍ അമ്മയ്ക്ക് പ്രവേശന വിലക്ക്. സാലി വില്ലീസ് എന്ന 39കാരിക്കാണ് സ്റ്റാഫോര്‍ഡ്ഷയറിലെ ഹെറോണ്‍ ക്രോസ് പ്രൈമറി സ്‌കൂളില്‍ പ്രവേശിക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തന്റെ സ്വകാര്യ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് ഹെഡ്ടീച്ചര്‍ ഡോറി ഷെന്റണോട് താന്‍ പറഞ്ഞിരുന്നുവെന്ന് സാലി വില്ലിസ് പറഞ്ഞു. ഇപ്പോള്‍ കുട്ടിയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ വരെ കൊണ്ടു വിടാന്‍ മാത്രമേ ഇവര്‍ക്ക് കഴിയൂ. സ്‌കൂള്‍ പരിസരത്ത് പ്രവേശിക്കാനോ പേരന്റ്‌സ് ഈവനിംഗ് പോലെയുള്ള പരിപാടികളില്‍ പങ്കെടുക്കാനോ ഇവര്‍ക്ക് അനുവാദമില്ല. കുട്ടികള്‍ക്ക് അപായമുണ്ടാക്കും എന്നാണ് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഹെഡ്ടീച്ചര്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് വിലക്ക്. ഇക്കാലയളവില്‍ കുട്ടിയുടെ പഠനം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ലോക്കല്‍ അതോറിറ്റിയുടെ മധ്യസ്ഥത തേടണം. ഇത് വളരെ നിരാശാജനകമാണെന്ന് വില്ലീസ് പറയുന്നു. ഇവരുടെ എട്ടു വയസുകാരനായ മകനാണ് സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂളില്‍ ഒരു ടീച്ചിംഗ് അസിസ്റ്റന്റായി ജോലി ലഭിക്കുമോ എന്ന് അന്വേഷിച്ചപ്പോള്‍ ഹെഡ്ടീച്ചര്‍ അനുവാദം നല്‍കിയില്ല. തനിക്ക് പോസ്റ്റ്‌നേറ്റല്‍ ഡിപ്രഷന്‍ ഉണ്ടെന്നും അതിനാല്‍ കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി ഈ ജോലി നല്‍കാന്‍ കഴിയില്ലെന്നുമാണ് അവര്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് വില്ലീസ് സ്‌കൂളിന് പരാതി നല്‍കി. സ്‌കൂള്‍ ഭരണസമിതിക്കാണ് പരാതി നല്‍കിയത്. മൂന്നര വര്‍ഷം മുമ്പ് തനിക്ക് പോസ്റ്റ് നേറ്റല്‍ ഡിപ്രഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്ന് താന്‍ മുക്തയാണെന്ന് സ്‌കൂളിനെ അറിയിച്ചുവെന്നും വില്ലീസ് പറഞ്ഞു. തനിക്ക് ജോലി ചെയ്യാന്‍ അനുവാദം നല്‍കില്ലെന്ന് പറയുന്നതു വരെ പ്രശ്‌നമില്ല. പക്ഷേ തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചര്‍ച്ച വന്നതോടെ അത് സ്വകാര്യ വിവരങ്ങള്‍ പുറത്തു വിടുന്നതിന് തുല്യമായാണ് തോന്നിയത്. ഇത് കൗണ്‍സിലില്‍ പരാതിയായി ബോധിപ്പിച്ചു. അവര്‍ അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് തനിക്ക് പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് കൗണ്‍സിലിനോട് പറഞ്ഞിരുന്നു. എന്നാല്‍ പോസ്റ്റ്‌നേറ്റല്‍ ഡിപ്രഷന് വിധേയരായവരെ സ്‌കൂളും കൗണ്‍സിലും പരിഗണിക്കുന്ന രീതിയില്‍ താന്‍ സന്തുഷ്ടയല്ലെന്നും അവര്‍ പറഞ്ഞു.
പ്ലാസ്റ്റിക് കട്‌ലറികള്‍ക്കും പ്ലേറ്റുകള്‍ക്കും ബ്രിട്ടനില്‍ നിരോധനം വന്നേക്കും. സമുദ്രങ്ങളിലെ സിന്തറ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. ഇവയ്‌ക്കൊപ്പം സ്‌ട്രോകള്‍, പ്ലാസ്റ്റിക് ബലൂണ്‍ സ്റ്റിക്കുകള്‍ എന്നിവയുടെയെല്ലാം വില്‍പന നിരോധിക്കുന്നതിന്റെ പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായി 19,000 പൗണ്ടിന്റെ കോണ്‍ട്രാക്ടാണ് എന്‍വയണ്‍മെന്റ് ചീഫുമാര്‍ വാഗ്ദാനം നല്‍കുന്നത്. ഡിപ്പാര്‍ട്ട്‌മെന്‍ ഫോര്‍ എന്‍വയണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് ആണ് പുതിയ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. സമുദ്ര മലിനീകരണം ഇല്ലാതാക്കാനാണ് യൂറോപ്യന്‍ കമ്മീഷന്റെ പദ്ധതി. 10 പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ഫിഷിംഗ് ഗിയറുകളും നിരോധനത്തിന്റെ പരിധിയില്‍ വരും. ഇവയാണ് സമുദ്ര മാലിന്യങ്ങളുടെ 70 ശതമാനവും വരുന്നതെന്നാണ് കണക്കാക്കുന്നത്. പ്ലാസ്റ്റിക് നൈഫുകള്‍, ഫോര്‍ക്കുകള്‍, സ്പൂണ്‍, പ്ലേറ്റ്, കപ്പുകള്‍ എന്നിവ നിരോധിക്കുന്ന കാര്യത്തില്‍ ബ്രിട്ടന്‍ ഫ്രാന്‍സിനേക്കാള്‍ ഏറെ പിന്നിലാണെന്ന് വിമര്‍ശകര്‍ പരാതി ഉന്നയിച്ചിരുന്നു. 2016ല്‍ ഫ്രാന്‍സ് ഈ ഉല്‍പന്നങ്ങള്‍ നിരോധിച്ചിരുന്നു. 2020ലാണ് ഈ നിരോധനം പ്രാബല്യത്തിലാകുന്നതെങ്കിലും ഇത്തരമൊരു തീരുമാനമെടുത്ത ആദ്യ രാജ്യമെന്ന ബഹുമതി ഫ്രാന്‍സിനു തന്നെയാണ്. 2021ഓടെ സിംഗിള്‍ യൂസ് കട്‌ലറി, പ്ലേറ്റുകള്‍, സ്‌ട്രോകള്‍, കോട്ടണ്‍ ബഡ്‌സ്, ഡ്രിങ്ക് സ്റ്റിറര്‍, ബലൂണ്‍ സ്റ്റിക്ക് തുടങ്ങിയവ നിരോധിക്കാനുള്ള പദ്ധതി യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുകെയും സമാന പദ്ധതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതിവര്‍ഷം 150 മില്യന്‍ ടണ്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാണ് ആഗോളതലത്തില്‍ ഉദ്പാദിപ്പിക്കപ്പെടുന്നത്. എതില്‍ 8 മില്യന്‍ ടണ്‍ സമുദ്രത്തിലെത്തുന്നുണ്ടെന്ന് ക്യാംപെയിന്‍ ഗ്രൂപ്പായ പ്ലാസ്റ്റിക് ഓഷ്യന്‍സ് ഫൗണ്ടേഷന്‍ പറയുന്നു.
ചില ഹൈബ്രിഡ് മോഡലുകള്‍ നിരോധിക്കപ്പെട്ടേക്കാമെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ വ്യവസായ മേഖല ജാഗ്രതയില്‍. പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങളനുസരിച്ച് ഇന്ധനവും വൈദ്യുതിയും ഉപയോഗിച്ച് ഓടുന്ന കാറുകളില്‍ ചിലത് നിരോധിക്കപ്പെട്ടേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വൈദ്യുതി ഉപയോഗിച്ച് 50 മൈല്‍ വരെ എത്താത്ത കാറുകള്‍ 2040നുള്ളില്‍ റോഡുകളില്‍ നിന്ന് പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. യുകെയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹൈബ്രിഡ് കാറായ ടൊയോട്ട പ്രയസിനെ ഈ നിരോധനം ബാധിച്ചേക്കും. ഇത്തരത്തില്‍ തെറ്റായ സൂചനകള്‍ നല്‍കുന്ന സര്‍ക്കാര്‍ സന്ദേശങ്ങള്‍ കാര്‍ വ്യവസായത്തെ ബാധിക്കുമെന്നും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും എസ്എംഎംടിയുടെ കാര്‍ വ്യവസായ ഘടകം പറഞ്ഞു. അതേസമയം ഹൈബ്രിഡുകള്‍ നിരോധിക്കാന്‍ പദ്ധതികളൊന്നുമില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ റോഡ് ടു സീറോ കാര്‍ എമിഷന്‍ നയം ഉടന്‍ തന്നെ പുറത്തു വിടുമെന്നാണ് കരുതുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസും ഓട്ടോകാറും റിപ്പോര്‍ട്ട് ചെയ്യുന്നു. 2040ഓടെ യുകെയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുമെന്ന് ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹൈബ്രിഡ് മോഡലുകളുടെ കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ റോഡ് ടു സീറോ നയം പ്രഖ്യാപിച്ചാല്‍ മാത്രമേ വ്യക്തതയുണ്ടാകൂ. അതാണ് ഇത്തരം അഭ്യൂഹങ്ങള്‍ പടരാന്‍ കാരണമെന്ന് വിലയിരുത്തലുണ്ട്. ഫിനാന്‍ഷ്യല്‍ ടൈംസും ഓട്ടോകാറും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് 50 മൈല്‍ വൈദ്യുതി ഉപയോഗിച്ച് ഓടാന്‍ കഴിയാത്ത കാറുകള്‍ നിരോധിക്കപ്പെട്ടേക്കുമെന്ന് പരാമര്‍ശിച്ചിരിക്കുന്നത്.
കുട്ടികളില്‍ കാണപ്പെടുന്ന പൊണ്ണത്തടി പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ ജങ്ക് ഫുഡ് നിയന്ത്രിക്കണമെന്ന് ഡോക്ടര്‍മാര്‍. ഇതിനായി കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. യുകെയിലെ സ്‌കൂളുകള്‍ക്ക് സമീപം ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്‌കൂളുകളുടെ 400 മീറ്റര്‍ പരിധിയില്‍ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്നാണ് ആവശ്യം. കുട്ടികളിലെ അമിതവണ്ണം സംബന്ധിച്ച സര്‍ക്കാര്‍ നയം തിരുത്തുന്നതിന്റെ ഭാഗമായി റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് നല്‍കിയ പ്രൊപ്പോസലിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. സ്‌കൂളില്‍ നിന്ന് വിശന്ന് ഇറങ്ങി വരുന്ന കുട്ടികള്‍ക്കു മുന്നിലാണ് വിലക്കുറവുള്ള ചിക്കന്‍ ഷോപ്പുകളും ചിപ്‌സ് ഷോപ്പുകളും മറ്റ് ജങ്ക് ഫുഡ് സ്റ്റോറുകളും തുറന്നിരിക്കുന്നതെന്ന് റോയല്‍ കോളേജ് പ്രസിഡന്റ് പ്രൊഫസര്‍ റസല്‍ വൈനര്‍ പറഞ്ഞു. തങ്ങള്‍ക്ക് മുന്നില്‍ ലഭിക്കുന്നത് കഴിക്കുകയെന്നതാണ് ആളുകള്‍ ചെയ്യുന്നത്. അതിന്റെയൊക്കെ ഫലമായി കുട്ടികളിലെ അമിതവണ്ണത്തിന്റെ നിരക്ക് ഉയരുകയാണ്. നാല്-അഞ്ച് വയസ് പ്രായമുള്ള കുട്ടികളില്‍ പത്തിലൊന്ന് പേര്‍ക്കും അപകടകരമായ വിധത്തില്‍ പൊണ്ണത്തടിയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രൈമറി സ്‌കൂളില്‍ പ്രവേശിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ അമിതവണ്ണമുള്ളവരുടെ എണ്ണം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കൂടുതലാണെന്ന് 2016-17 വര്‍ഷത്തെ എന്‍എച്ച്എസ് ഡിജിറ്റല്‍ ഡേറ്റയും സൂചിപ്പിക്കുന്നു. കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവരുടെ ശരീരഭാരം രേഖപ്പെടുത്തണമെന്നും ഒരു നിര്‍ദേശം പറയുന്നു. ഈ വിഷയം ഹൗസ് ഓഫ് കോമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ കമ്മിറ്റി അടുത്ത മാസം പരിഗണിക്കും.
കൊച്ചി : ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ വിലക്ക് വീണ്ടും തുടരും. ശ്രീശാന്തിന്റെ വിലക്കു റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വിലക്കും കോടതി നടപടികളും രണ്ടായി കാണമെന്നാണ് ബിസിസിഐ കോടതിയില്‍ വാദിച്ചത്.വാതുവെയ്പുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളിലെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചത്. അതേസമയം കോടതിയുടെ തീരുമാനം കഠിനമായിപ്പോയെന്ന് ശ്രീശാന്ത് പ്രതികരിച്ചു. തനിക്ക് മാത്രം പ്രത്യേക നിയമം ആണോ? തന്റെ അവകാശത്തിനായി ഇനിയും താന്‍ പോരാടും. എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ഇത് ബാധകമല്ലെന്നും താരം ചോദിച്ചു. ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബി.സി.സി.ഐ ശ്രീശാന്തിനേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നേരത്തെ കേരളാ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബിസിസിഐയുടെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്ന് കോടതി വിലക്ക് റദ്ദാക്കിയത്. ഈ വിധിക്കെതിരെയാണ് ബിസിസിഐ അപ്പില്‍ നല്‍കിയത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിലാണ് ബിസിസിഐ അപ്പീല്‍ ഫയല്‍ ചെയ്തത്. വിലക്ക് നീക്കിയ നടപടി നിയമപരമല്ല. 2013ല്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ 2017ല്‍ മാത്രമാണ് ശ്രീശാന്ത് കോടതിയെ സമീപിക്കുന്നത്. വാതുവെയ്പ് കേസില്‍ കോടതി വെറുതെ വിട്ടതും ബിസിസിഐയുടെ അച്ചടക്ക നടപടിയും രണ്ടായി കാണേണ്ടതാണെന്നും ചൂണ്ടിക്കാണിച്ചാണ് ബിസിഐ അപ്പീല്‍ സമര്‍പ്പിച്ചത്. സമാന വസ്തുതകള്‍ ഉന്നയിച്ചുള്ള ശ്രീശാന്തിന്റെ അപ്പീല്‍ ബിസിസിഐ നേരത്തെ തള്ളിയതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013 ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 2013 സെപ്തംബറില്‍ ശ്രീയെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തം വിലക്കുകയായിരുന്നു. പിന്നീട് കേസില്‍ ശ്രീയെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ചിട്ടുളള ശ്രീശാന്ത് കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുളള ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ്. ഏകദിനത്തില്‍ 75 വിക്കറ്റും ടെസ്റ്റില്‍ 87 വിക്കറ്റും ശ്രീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.
Copyright © . All rights reserved