Bank of England
ബ്രെക്‌സിറ്റ് അനിശ്ചിതത്വം തുടരുന്നതിനിടെ ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥയുടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇതേത്തുടര്‍ന്ന് പൗണ്ടിന്റെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. പലിശ നിരക്ക് 0.75 ശതമാനത്തില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള അറിയിപ്പില്‍ 2019ലെ വളര്‍ച്ചാനിരക്ക് പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രവചിച്ചു. മൂന്നു മാസം മുമ്പ് 1.7 ശതമാനം വളര്‍ച്ചയായിരുന്നു പ്രവചിച്ചിരുന്നതെങ്കില്‍ ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ 1.2 ശതമാനമായി വളര്‍ച്ചാനിരക്ക് പുതുക്കി നിശ്ചയിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ പൗണ്ടിന്റെ മൂല്യം 0.6 ശതമാനം ഇടിഞ്ഞ് അമേരിക്കന്‍ ഡോളറിനെതിരെ 1.285ലെത്തി. യൂറോക്കെതിരെ 0.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 1.134 ആണ് യൂറോക്കെതിരെയുള്ള മൂല്യം. മൂന്നാഴ്ചക്കിടയിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് ഇത്. പലിശനിരക്കുകള്‍ അവലോകനം ചെയ്യുന്ന കമ്മിറ്റിയുടെ കഴിഞ്ഞ യോഗത്തിനു ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോകാനുള്ള നടപടിക്രമങ്ങളില്‍ ഒട്ടേറെ പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെന്നും അനിശ്ചിതത്വം വളര്‍ന്നിട്ടുണ്ടെന്നും സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തി. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളെക്കുറിച്ച് വ്യവസായ മേഖല ആശങ്കയിലാണ്. ഈ അനിശ്ചിതത്വം കുടുംബങ്ങളുടെ ചെലവിനെയും നിക്ഷേപങ്ങളെയും ഉടന്‍ തന്നെ നേരിട്ടു ബാധിക്കുമെന്നതാണ് വിലയിരുത്തല്‍. 2018ന്റെ അവസാന പാദത്തില്‍ വളര്‍ച്ചാനിരക്ക് 0.3 ശതമാനം മാത്രമായിരുന്നു. മൂന്നാം പാദത്തില്‍ 0.6 ശതമാനം വളര്‍ച്ച നേടിയതിനു ശേഷമാണ് ഇത് നേര്‍ പകുതിയായി കുറഞ്ഞത്. 2019ന്റെ ആദ്യ പാദത്തില്‍ ഇത് 0.2 ആയി കുറയുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിക്കുന്നത്.
അടിസ്ഥാന പലിശ നിരക്കുകള്‍ അടുത്ത 20 വര്‍ഷത്തേക്ക് കുറഞ്ഞ നിലയില്‍ തുടരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പോളിസി മേക്കറും വിദഗ്ദ്ധനുമായ ഇയാന്‍ മക് കാഫേര്‍റ്റി. വായ്പകളുടെ പലിശ നിരക്കുകള്‍ ഉയരുമെങ്കിലും നിക്ഷേപകര്‍ക്ക് ഇത് ഗുണകരമാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 5 ശതമാനത്തില്‍ താഴെയായിരിക്കും വായ്പകളുടെ അടിസ്ഥാന നിരക്കുകളെങ്കിലും സമീപഭാവിയില്‍ അവ വര്‍ദ്ധിക്കും. സാമ്പത്തികമാന്ദ്യ കാലത്തിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കുകളായിരിക്കും നിക്ഷേപകര്‍ക്ക് ഇനി ലഭിക്കാനിടയുള്ളതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. മോണിറ്ററി പോളിസി കമ്മിറ്റി പ്രതീക്ഷിക്കുന്ന വിധത്തില്‍ സമ്പദ് വ്യവസ്ഥ ഉരുത്തിരിഞ്ഞു വരികയാണെങ്കില്‍ 2 ശതമാനം നാണയപ്പെരുപ്പം എന്ന അവസ്ഥയിലേക്ക് നമുക്ക് തിരികെ പോകാന്‍ കഴിയില്ല. ഇപ്പോള്‍ നല്‍കിവരുന്ന ഉത്തേജനം ഇല്ലാതാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. വേതന നിരക്കുകള്‍ അടുത്ത വര്‍ഷത്തോടെ നാല് ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തൊഴിലാളികളുടെ ക്ഷാമം മൂലമുണ്ടാകാനിടയുള്ള അവസ്ഥയാണ്. ബ്രിട്ടന്റെ തൊഴിലില്ലായ്മ 40 വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് തുടരുന്നത്. ലേബര്‍ മാര്‍ക്കറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരാനിരിക്കുകയാണ്. സര്‍വേകളും മറ്റും കടുത്ത തൊഴിലാളി ക്ഷാമമുണ്ടാകുമെന്ന സൂചനകളാണ് നല്‍കുന്നത്. പലിശ നിരക്കില്‍ അടുത്ത രണ്ടു വര്‍ഷങ്ങളില്‍ രണ്ട് വര്‍ദ്ധന കൂടിയുണ്ടാകുമെന്നും അദ്ദഹം പറഞ്ഞു. ഈ മാസം അവസാനം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ചുമതലകളില്‍ നിന്ന് മക് കാഫേര്‍റ്റി ഒഴിയുകയാണ്. കഴിഞ്ഞയാഴ്ച പുതുക്കിയ പലിശനിരക്ക് ഉപഭോക്താക്കള്‍ക്ക് ബാധകമാക്കിയത് നൂറിലൊന്ന് ബാങ്കുകളും ഹൗസിംഗ് സൊസൈറ്റികളും മാത്രമാണെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മക് കാഫേര്‍റ്റിയുടെ പ്രസ്താവന.
നോ ഡീല്‍ ബ്രെക്‌സിറ്റ് രാജ്യത്തിന് ആശ്വാസകരമല്ലാത്ത അനന്തരഫലങ്ങളായിരിക്കും നല്‍കുകയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. നോ ഡീല്‍ സാഹചര്യം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യത്തെ തള്ളി വിടുമെന്ന സൂചനയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി നല്‍കിയത്. ഈ പ്രസ്താവനയ്ക്ക് ശേഷം ഡോളറിനെതിരെ 11 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് പൗണ്ട് ഇടിഞ്ഞത്. ബിബിസി റേഡിയോ 4ന്റെ പരിപാടിയിലാണ് കാര്‍ണി ഈ പ്രസ്താവന നടത്തിയത്. നോ ഡീല്‍ സാഹചര്യം ഒഴിവാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും എല്ലാ ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിക്കുകയെന്ന് നിരീക്ഷിക്കുകയാണെന്നും ഒരു നോ ഡീല്‍ സാഹര്യമുണ്ടായാല്‍ അതിന്റെ ആഘാതം കുറയ്ക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് സെന്‍ട്രല്‍ ബാങ്കെന്നും കാര്‍ണി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ കൊമേഴ്‌സ്യല്‍, റെസിഡെന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില മൂന്നിലൊന്നായി കുറയുമെന്നും പലിശ നിരക്ക് വര്‍ദ്ധിക്കുമെന്നും കാര്‍ണി മുന്നറിയിപ്പ് നല്‍കുന്നു. സമ്പദ് വ്യവസ്ഥയില്‍ ശതമാനം ചുരുക്കം അനുഭവപ്പെടും അതിനൊപ്പം തൊഴിലില്ലായ്മ 9 ശതമാനം ഉയരുമെന്നും കാര്‍ണി പറഞ്ഞു. എന്നാല്‍ ഏതു കടുത്ത സാഹചര്യങ്ങളെയും നേരിടാന്‍ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വര്‍ഷത്തെ സമയത്തില്‍ ഇത് മറികടക്കാന്‍ കഴിയും. മോര്‍ട്‌ഗേജുകള്‍ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന വിധത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പകുതിയിലേറെ മോര്‍ട്‌ഗേജുകളും ഫിക്‌സഡ് റേറ്റ് രീതിയിലുള്ളവയാണ്. ഇവ എടുക്കുമ്പോള്‍ തന്നെ ഒരു അഫോര്‍ഡബിലിറ്റി ടെസ്റ്റ് നിങ്ങള്‍ പാസാകേണ്ടതുണ്ട്. അതിനാല്‍ അവ 7 ശതമാനത്തില്‍ തിരിച്ചടക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പറയുന്നത്. നിരക്കുകള്‍ ഉയരുന്ന സാഹചര്യത്തിലും മോര്‍ട്‌ഗേജുകള്‍ തിരിച്ചടക്കപ്പെടാനുള്ള സൗകര്യത്തിനാണ് ഇത് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർദ്ധിപ്പിച്ചു. 0.5 ആയിരുന്ന നിരക്ക് 0.75 ശതമാനമായാണ് ഉയർത്തിയത്. മലയാളികൾ അടക്കമുള്ള 3.5 മില്യൻ റെസിഡെൻഷ്യൽ മോർട്ട്ഗേജ് കസ്റ്റമേർസിന് ഇതു മൂലം മാസം തോറും കൂടുതൽ തുക അടയ്ക്കേണ്ടി വരും. വേരിയബിൾ, ട്രാക്കർ റേറ്റ് മോർട്ട്ഗേജ് എടുത്തിട്ടുള്ളവർക്ക് വർദ്ധന അധിക സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കും. ഫിക്സഡ് മോർട്ട്ഗേജുകൾക്ക് വർദ്ധന ബാധകമാവില്ല. സേവിംഗ്സ് അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചിരിക്കുന്നവർക്ക് നിരക്ക് വർദ്ധന മൂലം കൂടുതൽ റിട്ടേൺ ലഭിക്കും. 2009 നു ശേഷമുള്ള ഏറ്റവും ഉയർന്ന പലിശ നിരക്കാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 2007 നവംബറിൽ 5.75 ശതമാനമായിരുന്ന പലിശ നിരക്ക് സാമ്പത്തികമാന്ദ്യത്തെ തുടർന്ന് പടിപടിയായി 2009 മാർച്ചിൽ 0.5 ശതമാനമാക്കുകയായിരുന്നു. തുടർന്ന് ഏഴു വർഷത്തിനുശേഷം 2016 ആഗസ്റ്റിൽ പലിശ നിരക്ക് 0.25 ലേക്ക് വീണ്ടും താഴ്ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2017 നവംബറിൽ 0.5 ശതമാനത്തിലേക്ക് നിരക്ക് ഉയർത്തിയിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഇന്നു നടന്ന പോളിസി കമ്മിറ്റിയാണ് പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. കമ്മിറ്റി ഐകകണ്ഠ്യേന വർദ്ധനയെ പിന്തുണയ്ക്കുകയായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണിയാണ് വർദ്ധന പ്രഖ്യാപിച്ചത്. നാണ്യപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വർദ്ധനവെന്ന് ഗവർണർ പറഞ്ഞു. നിലവിൽ 2.4 ശതമാനമായ നാണ്യപ്പെരുപ്പം 2 ശതമാനത്തിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.
രാജ്യത്തിന്റെ സാമ്പത്തിക മേഖല അനുദിനം പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ പൊതുധനം ധൂര്‍ത്തടിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉന്നതര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ചെലവുകള്‍ക്കായി സെന്‍ട്രല്‍ ബാങ്ക് ഉന്നതര്‍ എഴുതിവാങ്ങിയത് ഒരു മില്യന്‍ പൗണ്ടിനു മേലുള്ള തുകയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകള്‍ മുതല്‍ സ്റ്റേഷനറി വസ്തുക്കള്‍ വാങ്ങുന്നതില്‍ വരെ വമ്പന്‍ ബില്ലുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. മൊബൈല്‍ ചാര്‍ജര്‍ വാങ്ങിയതിനു പോലും ബില്ലെഴുതി പണം പോക്കറ്റിലാക്കിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ബാങ്ക് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണിയും ചെലവാക്കലില്‍ മോശക്കാരനല്ല. മൂന്ന് ലക്ഷം പൗണ്ടിലേറെയാണ് കാര്‍ണിയുടെ ചെലവുകള്‍ക്കായി വിനിയോഗിക്കപ്പെട്ടിരിക്കുന്ന പൊതുധനം. ബാങ്കിന്റെ ലണ്ടനിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തുന്നതിനായി അമേരിക്കയിലുള്ള രണ്ട് ഉപദേശകര്‍ യാത്രപ്പടിയിനത്തില്‍ കൈപ്പറ്റിയിരിക്കുന്നത് 390,000 പൗണ്ടാണെന്ന് ട്രഷറി സെലക്ട് കമ്മിറ്റിയുടെ ഇന്നലെ നടന്ന ഹിയറിംഗില്‍ വെളിപ്പെട്ടു. പലിശ നിരക്കുകള്‍ തയ്യാറാക്കാനുള്ള മോണിറ്ററി പോളിസി കമ്മിറ്റി, ബാങ്കിംഗ് സംവിധാനങ്ങള്‍ നിരീക്ഷിക്കുന്ന ഫിനാന്‍ഷ്യല്‍ പോളിസി കമ്മിറ്റി എന്നിവയിലുള്ള 18 ഒഫീഷ്യലുകള്‍ 1 മില്യന്‍ പൗണ്ടാണ് 2015 ഡിസംബര്‍ മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ചെലവിട്ടത്. കഴിഞ്ഞ വര്‍ഷം ശമ്പളയിനത്തില്‍ മാത്രം 900,000 പൗണ്ട് കൈപ്പറ്റിയ മാര്‍ക്ക് കാര്‍ണി മറ്റു ചെലവുകള്‍ക്ക് 300,000 പൗണ്ട് ഉപയോഗിച്ചു. എംപിമാരുടെ ധൂര്‍ത്തിന് സമാനമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നേതൃത്വം നടത്തുന്നതെന്ന വിമര്‍ശനവും ഇതേത്തുടര്‍ന്ന് ഉയര്‍ന്നിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved