BBC
യുകെയില്‍ ടിവി ലൈസന്‍സ് നിരക്ക് വര്‍ദ്ധിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലാകും. തങ്ങളുടെ ജനപ്രിയ ഷോകള്‍ കാണണമെങ്കില്‍ ഇനി മുതല്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്ന് ബിബിസിയും വ്യക്തമാക്കിയിട്ടുണ്ട്. 150.50 പൗണ്ടാണ് നിലവിലുള്ള ലൈസന്‍സ് ഫീസ്. ഇത് 154.50 പൗണ്ടായാണ് ഉയര്‍ത്തിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് ടിവി ലൈസന്‍സ് ഫീസ് ഉയര്‍ത്തുന്നത്. 201ല്‍ ടിവി ലൈസന്‍സിന് 145.50 പൗണ്ട് നല്‍കിയാല്‍ മതിയായിരുന്നു. 2017 ഏപ്രില്‍ 1 മുതല്‍ നാണ്യപ്പെരുപ്പത്തിന് അനുസരിച്ച് ഫീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ചു വര്‍ഷത്തേക്ക് ഇത് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതാണ് നിരക്കു വര്‍ദ്ധനയ്ക്ക് കാരണമെന്നും ബിബിസി അറിയിച്ചു. പുതിയ നിരക്കനുസരിച്ച് ടിവി കാണണമെങ്കില്‍ ആഴ്ചയില്‍ 2.97 പൗണ്ട് അധികമായി നല്‍കേണ്ടി വരും. മാസത്തില്‍ ഇത് 12.87 പൗണ്ടാകും. സ്ട്രിക്റ്റ്‌ലി കം ഡാന്‍സിംഗ്, ഡോക്ടര്‍ ഹൂ, ഈസ്‌റ്റെന്‍ഡേഴ്‌സ് തുടങ്ങിയ ജനപ്രിയ ഷോകള്‍ കാണണമെങ്കില്‍ ഇത് നല്‍കിയേ മതിയാകൂ. ഒമ്പത് ദേശീയ ചാനലുകളും റീജിയണല്‍ പ്രോഗ്രാമിംഗുകളുമാണ് ബിബിസി നല്‍കുന്നത്. 10 നാഷണല്‍ റേഡിയോ സ്‌റ്റേഷനുകള്‍, 40 ലോക്കല്‍ റേഡിയോ സ്റ്റഷനുകള്‍ കൂടാതെ രാജ്യത്തിനു വേണ്ടിയുള്ള പ്രത്യേക റേഡിയോ സര്‍വീസുകളും നടത്തുന്നു. യുകെയിലെ ജനപ്രിയ വെബ്‌സൈറ്റുകള്‍, റേഡിയോ ആപ്പായ ബിബിസി സൗണ്ട്, ബിബിസി ഐപ്ലേയര്‍ തുടങ്ങിയ സേവനങ്ങളും നല്‍കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ബിബിസിയുടെ നിയന്ത്രിത ബജറ്റിന്റെ 96 ശതമാനവും പ്രേക്ഷകര്‍ക്കു വേണ്ടിയും പരിപാടികള്‍ക്കു വേണ്ടിയുമാണ് ചെലവഴിച്ചത്. സ്ഥാപനത്തിനു വേണ്ടി വെറും 6 ശതമാനം മാത്രമാണ് ലഭിച്ചതെന്ന് ബിബിസി പറയുന്നു. അതേസമയം ഫീസ് വര്‍ദ്ധന ബ്രിട്ടീഷുകാരെ രോഷത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. ബിബിസിക്ക് ഇപ്പോള്‍ നല്‍കുന്നതും പോലും അധികമാണെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകര്‍ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചേക്കും. 75,000 പൗണ്ട് വരെ ചില എക്‌സിക്യട്ടീവുകളുടെ ശമ്പളത്തില്‍ വര്‍ദ്ധന വരുത്തിയതിനു പിന്നാലെയാണ് ഫീസ് നിരക്ക് ഉയര്‍ത്തിയെന്ന പ്രഖ്യാപനം വരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ശമ്പള വര്‍ദ്ധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഈ നിരക്കു വര്‍ദ്ധന പ്രേക്ഷകന്റെ മുഖത്തടിക്കുന്നതിന് തുല്യമാണെന്ന് കണ്‍സര്‍വേറ്റീവ് എംപി ഫിലിപ്പ് ഡേവിസ് പറഞ്ഞു. ഈ നിലപാട് പൊതുജനങ്ങളെ ബിബിസിയില്‍ നിന്ന് അകറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ടിവിയില്‍ സിനിമയോ ഉദ്വേഗഭരിതമായ ഒരു സീരീസോ കാണുമ്പോള്‍ തീയേറ്ററിനു സമാനമായ ശബ്ദ സംവിധാനമുണ്ടെങ്കില്‍ എന്ന് പലരും ആഗ്രഹിച്ചു പോകാറുണ്ട്. എന്നാല്‍ വീടുകളില്‍ സ്ഥാപിക്കാവുന്ന സറൗണ്ട് സൗണ്ട് സിസ്റ്റങ്ങള്‍ വന്‍ വില കൊടുത്ത് സ്ഥാപിക്കേണ്ടി വരും എന്ന ന്യൂനത ഈ ആഗ്രഹത്തിന് പലപ്പോഴും വിലങ്ങുതടിയാകാറുണ്ട്. ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബിബിസി. സ്പീക്കര്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ് പോലെയുള്ള വീട്ടുപകരണങ്ങളും സ്മാര്‍ട്ട്‌ഫോണും ഐപാഡും എല്ലാം സറൗണ്ട് സൗണ്ട് സിസ്റ്റത്തിന്റെ ഭാഗമാക്കി മാറ്റുന്ന സാങ്കേതികതയ്ക്കാണ് ബിബിസിയുടെ റിസര്‍ച്ച് വിഭാഗം രൂപം നല്‍കിക്കൊണ്ടിരിക്കുന്നത്. സിനിമ ഹാളിനുള്ളില്‍ ഇരിക്കുന്ന പ്രതീതി വീട്ടില്‍ സൃഷ്ടിക്കാന്‍ ഈ സംവിധാനത്തിസലൂടെ സാധിക്കും. കുട്ടികള്‍ മുറിയിലുണ്ടെങ്കില്‍ പേടിപ്പെടുത്തുന്ന ശബ്ദങ്ങള്‍ കുറയ്ക്കുന്ന വിധത്തില്‍ പ്രോഗ്രാം ചെയ്യാനും ഇതിലൂടെ സാധിക്കും. വീട്ടുപകരണങ്ങളിലെ സ്പീക്കറുകള്‍ ഉപയോഗിച്ച് സറൗണ്ട് സിസ്റ്റത്തിനു സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്. ഫ്രിഡ്ജുകള്‍, ഇലക്ട്രോണിക് അസിസ്റ്റന്റ് ആയ അലക്‌സ തുടങ്ങിയവയും ഇതില്‍ ഉപയോഗിക്കപ്പെടും. ഹൊറര്‍ മൂവികളിലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ലൈറ്റുകള്‍ ഫ്‌ളിക്കര്‍ ചെയ്യാന്‍ പോലും ഇതിലൂടെ സാധിക്കും. ഈ സാങ്കേതികത ഉപയോഗിക്കുന്ന ആദ്യത്തെ ഓഡിയോ ഡ്രാമ ദി വോസ്‌റ്റോക്-കെ ഇന്‍സിഡന്റ് ബ്രിട്ടീഷ് സയന്‍സ് ഫെസ്റ്റിവലില്‍ അവതരിപ്പിച്ചിരുന്നു. ബിബിസി വെബ്‌സൈറ്റില്‍ ഇത് ട്രയല്‍ ചെയ്യാവുന്നതാണ്. 20 ഡിവൈസുകള്‍ വരെ ഇതില്‍ ഉപയോഗിക്കാനാകും. ഇത് വിജയകരമായാല്‍ ഈ സാങ്കേതികത ഉപയോഗിക്കുന്ന പരിപാടികള്‍ ബിബിസി കൂടുതലായി നിര്‍മിക്കും. പഴയ പ്രോഗ്രാമുകള്‍ ഇവയ്ക്ക് അനുസൃതമായി പുനസൃഷ്ടിക്കും. രണ്ടു വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങളുടെ ഫലമായാണ് ഈ സാങ്കേതികത ഉരുത്തിരിഞ്ഞതെന്ന് ബിബിസിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് തലവന്‍ ഡോ.ജോണ്‍ ഫ്രാന്‍കോംബ് പറഞ്ഞു. ഇതനുസരിച്ച് കാഴ്ചക്കാര്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍, ഐപാഡ് തുടങ്ങിയവ ക്യുആര്‍ കോഡ് ഉപയോഗിച്ച് പെയര്‍ ചെയ്യണം. ഇവ എവിടെയൊക്കെ സ്ഥാപിക്കണമെന്ന് ഈ സംവിധാനം നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. വളരെ വ്യത്യസ്തമായ ഒരു ശബ്ദാനുഭവമായിരിക്കും ഇത് പ്രേക്ഷകര്‍ക്ക് നല്‍കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലണ്ടന്‍: യു.കെയിലെ പബ്ലിക്ക് ബ്രോഡ്കാസ്റ്റിക്ക് സ്ഥാപനമായ ബി.ബി.സി ജനങ്ങളുടെ നികുതിപ്പണം പാഴാക്കുന്നതായി ആരോപണം. സ്ഥാപനം പയോഗിക്കാത്ത ടാക്‌സി. ട്രെയിന്‍, ഹോട്ടല്‍ ബില്ലുകള്‍ക്കായി ചെലവഴിച്ചത് 200,000 പൗണ്ടെന്ന് റിപ്പോര്‍ട്ട്. മാധ്യമരംഗത്ത് ദീര്‍ഘകാലത്തെ പരിചയവും പ്രാവീണ്യമുള്ള ലോകത്തുള്ള ചുരുക്കം സ്ഥാപനങ്ങളിലൊന്നാണ് ബി.ബി.സി. സമീപകാലത്ത് ചെലവ് ചുരുക്കല്‍ പദ്ധതിയുമായി സ്ഥാപനം രംഗത്ത് വന്നിരുന്നു. എന്നാല്‍ ബുക്ക് ചെയ്തതിന് ശേഷം റദ്ദാക്കേണ്ടിവന്ന ഹോട്ടല്‍, ട്രെയിന്‍, ടാക്‌സി ഇനത്തിലായി വന്‍തുകയാണ് സ്ഥാപനത്തിന് നഷ്ടമായത്. ഇത് ജാഗ്രത കുറവിന്റെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ വളരെയധികം കഷ്ടപ്പാടുകള്‍ സഹിച്ച് സംമ്പാദിക്കുന്ന പണം പാഴാക്കുന്ന നടപടി ഒഴിവാക്കാന്‍ കഠിന ശ്രമം ആവശ്യമാണെന്ന് ടാക്‌സപെയേര്‍സ് അലയന്‍സ് പ്രതിനിധി ജോണ്‍ ഒ കോണല്‍ അഭിപ്രായപ്പെട്ടു. 3418 ട്രെയിന്‍ ടിക്കറ്റുകള്‍, 233 ഹോട്ടല്‍ ബുക്കിംഗ്, 944 ടാക്‌സി ട്രിപ്പുകള്‍ എന്നിവയാണ് ബി.ബി.സി സമീപകാലത്ത് റദ്ദാക്കിയിരിക്കുന്നത്. ട്രെയിന്‍ ടിക്കറ്റ് ഇനത്തില്‍ മാത്രമായി ഏതാണ്ട് 17200 പൗണ്ട് നഷ്ടം വന്നിട്ടുണ്ട്. ഹോട്ടല്‍ റൂം ഇനത്തില്‍ 32,000 പൗണ്ടും ടാക്‌സി ഇനത്തില്‍ 15,000 പൗണ്ടുമാണ് ആകെ നഷ്ടം.  ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്ന സമയത്ത് അവയ്ക്കായി ചെലവാക്കിയ പണം സ്ഥാപനത്തിന് തിരികെ ലഭിക്കാത്തതാണ് നഷ്ടമുണ്ടാക്കുന്നത്. ലക്ഷകണക്കിന് പൗണ്ടാണ് ഇത്തരത്തില്‍ ഒരോ വര്‍ഷവും നഷ്ടപ്പെടുന്നത്. ട്രാവല്‍ ഇതര അലവന്‍സില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് നേരത്തെ ബി.ബി.സി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനം എന്ന നിലയില്‍ പല പദ്ധതികളും വളരെ പെട്ടന്ന് മാറ്റേണ്ടി വരാറുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകുന്നത് സാധാരണമാണെന്നും ബി.ബി.സി വക്താവ് പ്രതികരിച്ചു. നികുതിപ്പണം പാഴാക്കുന്നതായി നേരത്തെയും ബി.ബി.സിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
RECENT POSTS
Copyright © . All rights reserved