Bed
കെയര്‍ ഹോമുകളില്‍ പെന്‍ഷനര്‍മാര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഇംഗ്ലണ്ടിലെ പല കെയര്‍ ഹോമുകളിലും ഇതാണ് അവസ്ഥയെന്നാണ് ആക്ഷേപം ഉയരുന്നത്. പണം നല്‍കാന്‍ കഴിവുള്ളവര്‍ക്കു പോലും വളരെ ദയനീയമായ പരിചരണമാണ് ലഭിക്കുന്നത്. 7585 ഇംഗ്ലീഷ് പോസ്റ്റ്‌കോഡുകളില്‍ 75 ശതമാനം പ്രദേശങ്ങളിലും കെയര്‍ ഹോം ബെഡുകള്‍ കിട്ടാനില്ല. മൂന്നില്‍ രണ്ടിടങ്ങളില്‍ നഴ്‌സിംഗ് കെയര്‍ സൗകര്യം ലഭ്യമല്ലെന്നും വിശകലനം വ്യക്തമാക്കുന്നു. 2244 പേര്‍ക്ക് കെയര്‍ ഹോം ബെഡുകള്‍ ലഭ്യമല്ലെന്നാണ് കണക്ക്. അതേസമയം 30 ശതമാനം ആളുകള്‍ക്ക് പ്രാദേശികമായി ഈ കെയര്‍ സൗകര്യം കിട്ടാക്കനിയാണെന്നും പഠനത്തില്‍ വ്യക്തമായി. 65 വയസിനു മേല്‍ പ്രായമുള്ള 1.4 മില്യന്‍ ആളുകള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നതേയില്ല. എയിജ് യുകെയ്ക്കു വേണ്ടി ഇന്‍സിസീവ് ഹെല്‍ത്ത് എന്ന ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍സിയാണ് പഠനം നടത്തിയത്. സോഷ്യല്‍ കെയര്‍ വര്‍ക്ക് ഫോഴ്‌സിന്റെ ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കിലും വര്‍ഷങ്ങളായി രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതെ വന്നതും ലോക്കല്‍ അതോറിറ്റികള്‍ ബജറ്റ് വെട്ടിച്ചുരുക്കിയതും ശരിയായ സേവനം ലഭ്യമാക്കാനുള്ള ഈ സംവിധാനത്തിന്റെ ശേഷി ഇല്ലാതാക്കിയതായി കണ്‍സള്‍ട്ടന്‍സി പ്രതിനിധി കീരാന്‍ ലൂസിയ പറഞ്ഞു. ഹള്‍, ഈസ്റ്റ് യോര്‍ക്ക്ഷയര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നഴ്‌സിംഗ് ഹോ ബെഡ് ലഭിക്കുകയെന്നത് അസാധ്യമായി മാറിയിരിക്കുകയാണ്. മൂന്നു വര്‍ഷത്തിനിടെ ഈ സൗകര്യത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഡെവണ്‍, ടോട്ട്‌നസ് തുടങ്ങിയ പ്രദേശങ്ങളിലും ഇതേ സാഹചര്യമാണ് നിലവിലുള്ളത്. പെന്‍ഷനര്‍മാര്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ പോലും അതാതു സ്ഥലങ്ങളില്‍ കെയര്‍ കിട്ടുന്നത് വിദൂര സാധ്യത മാത്രമായി മാറിയിരിക്കുന്നു. ഇതു മൂലം തങ്ങളുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സാമീപ്യമില്ലാത്ത ദൂരെയുള്ള കെയര്‍ഹോമുകളില്‍ കഴിയേണ്ട അവസ്ഥയാണ് പ്രായമുള്ളവര്‍ക്കെന്നും പഠനം വ്യക്തമാക്കുന്നു.
എന്‍എച്ച്എസ് ആശുപത്രികളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ബെഡ് ക്ഷാമത്തിന്റെ രൂക്ഷമുഖം വെളിപ്പെടുത്തുകയാണ് എസെക്‌സിലെ ബാസില്‍ഡന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലുണ്ടായ സംഭവം. ഗുരുതരാവസ്ഥയില്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ എത്തിച്ച സോഫി ബ്രൗണ്‍ എന്ന സ്ത്രീക്ക് നിലത്ത് കിടത്തിയാണ് ചികിത്സ നല്‍കിയത്. കടുത്ത വേദനയുമായി എത്തിയ ഇവര്‍ക്ക് ഒരു ബെഡ് ലഭിക്കുന്നതിനായി അഞ്ചര മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. ഇവര്‍ ബോധരഹിതയായി വീഴുമെന്ന ഭീതിയില്‍ നിലത്ത് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ തന്റെ ഹൃദയമിടിപ്പ് ഉയര്‍ന്ന നിലയിലായിരുന്നു. സാധാരണ നിലയിലെത്താന്‍ അര മണിക്കൂറിനു മേല്‍ വേണ്ടി വരുമെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. അതിനു മേല്‍ താന്‍ ജീവിച്ചിരിക്കില്ലെന്നാണ് കരുതിയതെന്ന് സോഫി പറയുന്നു. എക്‌സ് റേ എടുക്കുന്നതിനായി കൊണ്ടുപോയ തന്നോട് പിന്നീട് ക്ലിനിക്കല്‍ ഡിസിഷന്‍ യൂണിറ്റില്‍ ഇരിക്കാന്‍ നിര്‍ദേശിച്ചു. അവിടെ ഒരു കസേരയില്‍ തനിക്ക് മണിക്കൂറുകളോളം ഇരിക്കേണ്ടതായി വന്നു. തല കറങ്ങുന്നതു പോലെ തനിക്ക് തോന്നി. ബാഗില്‍ നിന്ന് ഒരു ബ്ലാങ്കറ്റ് വലിച്ചെടുത്ത് താന്‍ അതുമായി തറയിലേക്ക് വീഴുകയായിരുന്നു. ഇതോടെ ഓടിയെത്തിയ നഴ്‌സുമാര്‍ വെയിറ്റിംഗ് റൂമില്‍ത്തന്നെ ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ എത്തിക്കുകയും രക്തപരിശോധന നടത്തുകയും ചെയ്തു. നെഞ്ചു വേദനയും കാലുകളില്‍ നീര്‍വീക്കവുമായി ജിപിയെ കാണാനെത്തിയ ഇവരെ എ ആന്‍ഡ് ഇയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
ആശുപത്രി വാര്‍ഡുകളിലെ സുഖവാസത്തിന് അന്ത്യം വരുത്താനൊരുങ്ങി എന്‍എച്ച്എസ്. കൂടുതല്‍ കാലം ആശുപത്രികളില്‍ തുടരുന്ന സംസ്‌കാരം ഒഴിവാക്കുന്നതിനായി ആയിരക്കണക്കിന് രോഗികളെ തിരികെ വീടുകളിലേക്ക് അയക്കാനാണ് എന്‍എച്ച്എസ് തയ്യാറെടുക്കുന്നത്. ഇത്തരത്തില്‍ ദീര്‍ഘകാലം തുടരുന്ന രോഗികളുടെ എണ്ണം 25 ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. ആവശ്യക്കാര്‍ക്ക് കിടക്കകള്‍ ലഭ്യമാക്കുന്നതിനായാണ് ഈ നടപടിയെന്നും സ്റ്റീവന്‍സ് വിശദീകരിച്ചു.   ഓരോ വര്‍ഷവും 3,50,000 രോഗികള്‍ ആശുപത്രി വാര്‍ഡുകളില്‍ മൂന്നാഴ്ചയെങ്കിലും ചെലവഴിക്കുന്നുണ്ട്. മൊത്തം ആശുപത്രി ബെഡുകളുടെ അഞ്ചിലൊന്നാണ് ഈ സംഖ്യ. 36 ആശുപത്രികള്‍ക്ക് തുല്യമാണ് ഇതെന്നും സ്റ്റീവന്‍സ് വ്യക്തമാക്കി. വീടുകളിലെ പരിചരണം മാത്രം ആവശ്യമുള്ള പ്രായമുള്ള നിരവധി പേരാണ് ആശുപത്രികളില്‍ ഇത്തരത്തില്‍ ചികിത്സ തേടുന്നത്. അധിക കാലം ആശുപത്രികളില്‍ തുടരുന്ന രോഗികളെ വീടുകളിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റീവന്‍സ് ഇന്ന് പുറപ്പെടുവിക്കും. ഇവര്‍ക്കാവശ്യമായ പരിചരണം ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്. രോഗികളെക്കുറിച്ചുള്ള വിലയിരുത്തല്‍ വേഗത്തില്‍ നടത്തണമെന്ന് ട്രസ്റ്റുകളോടും നിര്‍ദേശിക്കും. വാരാന്ത്യങ്ങളില്‍ പരമാവധിയാളുകളെ ഡിസ്ചാര്‍ജ് ചെയ്യാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഡേ കേസുകളില്‍ കൂടുതല്‍ റൂട്ടീന്‍ ട്രീറ്റ്‌മെന്റുകള്‍ നടത്താനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നടപടിയിലൂടെ അടുത്ത വിന്ററിനു മുമ്പായി 4000 കിടക്കകള്‍ ഒഴിച്ചിടാനാകുമെന്നാണ് കരുതുന്നത്.
RECENT POSTS
Copyright © . All rights reserved