BINU
ചെന്നൈ: ചെന്നൈയിലെ കുപ്രസിദ്ധ ഗുണ്ടയും മലയാളിയുമായ ബിനു കീഴടങ്ങി. അമ്പത്തൂര്‍ കോടതിയിലെത്തിയാണ് ബിനു കീഴടങ്ങിയത്. ഇയാളുടെ പിറന്നാള്‍ ആഘോഷത്തിനിടെ തമിഴ്‌നാട് പോലീസ് നടത്തിയ റെയ്ഡില്‍ 73 ഗുണ്ടകള്‍ പിടിയിലായിരുന്നു. കഴിഞ്ഞ 6-ാം തിയതിയായിരുന്ന പിറന്നാള്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. അന്ന് പിടിയിലായെങ്കിലും പോലീസിനെ കബളിപ്പിച്ച് ഇയാള്‍ രക്ഷപ്പെട്ടിരുന്നു. തൃശൂര്‍ സ്വദേശിയായ ചൂളൈമേട് ബിന്നി പാപ്പച്ചനാണ് (45) ഗുണ്ട ബിനുവെന്ന പേരില്‍ അറിയപ്പെടുന്നത്. പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ കണ്ടാലുടന്‍ വെടിവെക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. തമിഴ്‌നാട് പോലീസ് ഇയാള്‍ക്കായുള്ള അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരുന്നു. പിറന്നാള്‍ പാര്‍ട്ടിയില്‍ നടന്ന പോലീസ് റെയ്ഡില്‍ നിന്ന് ബിനുവും 20ഓളം പേരുമാണ് രക്ഷപ്പെട്ടത്. ബിനുവിന്റെ ജന്മദിനാഘോഷത്തിനു വന്ന ഗുണ്ടകള്‍ അമ്പത്തൂരിന് സമീപം ഔട്ടര്‍ റിങ് റോഡില്‍ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. പിടിയിലായ ഇവരെ പിന്നീട് വിവിധ കോടതികളില്‍ ഹാജരാക്കുകയും മൂന്ന് പേര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പുഴല്‍ ജയിലിലാണ് ഗുണ്ടകളെ പാര്‍പ്പിച്ചിരിക്കുന്നത്. എട്ട് കൊലക്കേസുകളില്‍ ബിനു പ്രതിയാണ്.
ചെന്നൈ: കുപ്രസിദ്ധ ഗുണ്ടയും പിടികിട്ടാപ്പുള്ളിയുമായ ഗുണ്ട ബിനു എന്നറിയപ്പെടുന്ന ബിന്നി പാപ്പച്ചനെ(45) കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്. തമിഴ്‌നാട് പൊലീസാണ് ഉത്തരവിറക്കിയിരിക്കുന്നത്. 1994 മുതല്‍ തമിഴ്നാട് കേന്ദ്രീകരിച്ച് ഗുണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇയാള്‍ 8 ലധികം കൊലപാതക കേസുകളില്‍ പ്രതിയാണ്. തിരുവനന്തപുരത്ത് വേരുകള്‍ ഉള്ള ബിനുവിനായുള്ള തെരെച്ചില്‍ കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സേലം, കൃഷ്ണഗിരി, വെല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താവളങ്ങളുള്ള ബിനുവിനായുള്ള തെരച്ചില്‍ ശക്തമാക്കിയതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച്ച ഗുണ്ട ബിനുവിന്റെ ജന്മദിനം ആഘോഷിക്കാനായി എത്തിയ 73 ഓളം ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ പൊലീസിന്റെ പിടിയില്‍ നിന്നും ഗുണ്ട ബിനു ഉള്‍പ്പെടെ 20 ഓളം പേര്‍ ഓടി രക്ഷപ്പെട്ടു. മാരകായുധങ്ങളുമായി ആഘോഷ ചടങ്ങിനെത്തിയ ഗുണ്ടകളെ തോക്ക് ചൂണ്ടിയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് പള്ളിക്കരണയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ അറസ്റ്റിലായ മദന്‍ എന്ന ഗുണ്ടയാണ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്. പൊലീസിനെ കണ്ടെയുടന്‍ ഓടി രക്ഷപ്പെട്ട ഗുണ്ടകളില്‍ പലരേയും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനു തുടങ്ങിയ പോലീസ് നടപടി ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടര്‍ന്നു. എട്ടു കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍, കത്തികള്‍ തുടങ്ങിയവയും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.
RECENT POSTS
Copyright © . All rights reserved