Bishop Franco
ന്യൂസ് ഡെസ്ക് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഉൾപ്പെട്ട പീഡനാരോപണക്കേസിൽ കെസിബിസിയുടെ നിലപാടുകൾ പ്രസിഡന്റ് ഡോ. സൂസൈ പാക്യം ഔദ്യോഗികമായി വിശദീകരിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കെ സി ബി സിക്കെതിരെ ഉയർന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിലാണ് കെസിബിസി അധ്യക്ഷൻ നേരിട്ട് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുറവിലങ്ങാട്ട് കോൺവന്റിലെ കന്യാസ്ത്രീ നല്കി പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ്‌ ചെയ്യപ്പെട്ട ജലന്ധർ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കൽ ഇപ്പോൾ ജയിലിലാണ്. പാലാ സബ് ജയിലിൽ കഴിയുന്ന ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനു മുമ്പ് രണ്ട് തവണ കെ സി ബി സി ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വക്താവ് വഴി നിലപാട് വെളിപ്പെടുത്തിക്കൊണ്ട് സർക്കുലർ ഇറക്കിയിരുന്നു. "ആനുകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കെസിബിസിയെ തെറ്റിദ്ധരിക്കുകയും വിമർശനം ഏറ്റുവാങ്ങേണ്ടിയും വന്ന അവസരമാണിത്. ജലന്ധർ രൂപതാദ്ധ്യക്ഷനെതിരെ ഒരു സന്യാസിനി ഉന്നയിച്ച ലൈംഗികാരോപണമാണ് ചർച്ചാ വിഷയം. വർഷങ്ങളായി ഈ സന്യാസിസിനി അടിച്ചമർത്തലും ഭീഷണിയും അപമാനവും സഹിക്കുന്നു എന്നതാണ് പരാതി. ഡൽഹിയിലെ നുൺഷ്യോയ്ക്കും സിബിസിഐ അധ്യക്ഷനും റോമിലെ ഉത്തരപ്പെട്ടവർക്കും കേരളത്തിലെ ചില മെത്രാൻമാർക്ക് വ്യക്തിപരമായും ഇതുമായി ബന്ധപ്പെട്ട് പരാതി കൊടുത്തിരുന്നുവെന്നും  എന്നാൽ സഭയുടെ ഭാഗത്തു നിന്നും പരിഹാരത്തിനായുള്ള എല്ലാ വാതിലുകളും അടഞ്ഞപ്പോൾ പോലീസിന് പരാതി നല്കി എന്നുമാണ് സമർപ്പിതയുടെ വിശദീകരണം". ഡോ. സൂസൈ പാക്യം പറഞ്ഞു. "വളരെയേറെ ഗൗരവകരമായി എടുക്കേണ്ട ഒരു വിഷയമാണിത്. കെസിബിസി അദ്ധ്യക്ഷൻ എന്ന നിലയിൽ പ്രശ്ന പരിഹാരത്തിൽ നിന്നും നിലപാട് വ്യക്തമാക്കുന്നതിൽ നിന്നും ഞാനൊഴിഞ്ഞു മാറുന്നു എന്നതാണ് എനിക്കെതിരായ ആക്ഷേപം". സൂസൈ പാക്യം വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ ചില വസ്തുതകൾ എല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ടു വരേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. "പീഡനാരോപണം സംബന്ധിച്ച് കെസിബിസിക്ക് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. കർദ്ദിനാൾ ആലഞ്ചേരിയ്ക്ക് ലഭിച്ച പരാതി വ്യക്തിപരവും സ്വകാര്യ സ്വഭാവമുള്ളതാകയാൽ ആ രീതിയിൽ കൈകാര്യം ചെയ്യപ്പെട്ടു എന്നാണ് അറിയുന്നത്. ഇവയിലൊന്നും ലൈംഗികാരോപണം ഉള്ളതായി സൂചനയില്ല. ജൂൺ മാസം അവസാനം പോലീസിൽ നല്കപ്പെട്ട പരാതിയേക്കുറിച്ച് കെസിബിസി അറിയുന്നതു പത്രമാധ്യമങ്ങളിൽ നിന്നാണ്. ന്യായം നിഷേധിക്കപ്പെട്ടുവെന്ന് തോന്നുന്ന അവസരങ്ങളിൽ പോലീസിൽ പരാതിപ്പെടുവാനുള്ള സന്യാസിനിയുടെ അവകാശത്തെയും സ്വാതന്ത്യത്തെയും കെസിബിസി മാനിക്കുന്നു. സഭയുടെ ഭാഗത്ത് നിന്ന് പരാതി സ്വീകരിച്ചവർ മുറപോലെ അന്വേഷണം നടത്തുകയും തക്ക സമയത്ത് തീരുമാനങ്ങളും തിരുത്തലുകളും ശിക്ഷണ നടപടികൾ ഉണ്ടാവുകയും ചെയ്യും. പോലീസ് അന്വേഷണം ആരംഭിച്ചതുകൊണ്ടും അതിന് മുൻഗണന നല്കാനുള്ളതുകൊണ്ടും സമാന്തരമായി പരസ്യമായ അന്വേഷണം സഭയുടെ ഭാഗത്തു നിന്ന് ഉണ്ടാവില്ല". "സത്യം അറിയാനും നീതി നടപ്പാക്കാനുള്ള പോലീസിന്റെ അന്വേഷണവുമായി സഭ അങ്ങേയറ്റം സഹകരിക്കും. പ്രശ്നത്തിന്റെ വാദിയും പ്രതിയും സഭാംഗങ്ങളാണ്. രണ്ടിലൊരാൾ കള്ളം പറയുന്നു. ആരു ജയിച്ചാലും ആരു തോറ്റാലും അതിന്റെ അപമാനവും വേദനയും മുറിവും സഭാ കുടുംബം മുഴുവൻ ഏറ്റെടുത്തേ മതിയാവൂ". അന്വേഷണം പൂർത്തിയായി വിധി വരുന്നതുവരെ ചിലർ വേട്ടക്കാരായും ചിലരെ ഇരകളായും നിശ്ചയിക്കുന്ന സമീപനത്തോട് കെസിബിസിക്ക് യോജിപ്പില്ല. ഇതിന്റെ മറവിൽ സഭയെ അടച്ചാക്ഷേപിക്കുന്നതിനെ കെസിബിസി അപലപിക്കുന്നു. പീഡനാരോപണവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രശ്നം വളരെ സങ്കീർണ്ണമാണെന്നും സാധിക്കുകയാണെങ്കിൽ ജലന്ധർ ബിഷപ്പ് സ്ഥാനത്തു നിന്ന് മാറി നിന്ന് അന്വേഷണം നേരിടുകയാണ് വേണ്ടതെന്ന നിലപാട് നുൺഷ്യോയെയും സിബിസിഐയും അറിയിച്ചിരുന്നു എന്നും ഡോ. സൂസൈ പാക്യം പറഞ്ഞു. സെപ്റ്റംബർ 8 ന് സന്യാസിനികളുടെ സമരം ആരംഭിക്കുകയും മാധ്യമ വിചാരണ ശക്തമാവുകയും നിക്ഷിപ്ത താത്പര്യക്കാർ സഭയെ പ്രതികൂട്ടിൽ നിർത്തി ആക്ഷേപിക്കുന്ന അവസ്ഥ ഉണ്ടായി. "സെപ്റ്റംബർ 12 ന് അന്വേഷണത്തെ സ്വാഗതം ചെയ്തുകൊണ്ടും സഹകരണം ഉറപ്പു നല്കിക്കൊണ്ടു കെസിബിസി പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ചില രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരും സംസ്ക്കാരിക പ്രവർത്തകരും സമരത്തെ അനുകൂലികുകയും കെസിബിസിയുടെയും സിബിസിഐയുടേയും ശവപ്പെട്ടി ഉണ്ടാക്കി സംസ്കാരം നടത്തുകയും ചെയ്തപ്പോൾ വളരെയേറെ വേദന തോന്നി". "കെസിബിസി ആരോടും പക്ഷഭേദം കാണിച്ചിട്ടില്ല. സത്യം ആരുടെ ഭാഗത്താണെന്ന് ഇനിയും നിശ്ചയമില്ല. സന്യാസിനി നല്കിയ പരാതിയുടെ വിവരങ്ങൾ നല്കാനഭ്യർത്ഥിച്ച് നുൺഷ്യോയ്ക്കും സിബിസിഐയ്ക്കും കത്തയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്കാൻ പ്രത്യേക രേഖകൾ ഒന്നുമില്ല എന്നും വത്തിക്കാനെ യഥാസമയം വിവരങ്ങൾ അറിയിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നുമാണ് നൂൺഷ്യോ അറിയിച്ചത്. കെസിബിസിയ്ക്ക് എവിടെയാണ് തെറ്റുപറ്റിയതെന്ന് എനിക്ക് അറിയില്ല. ആരേയും വിധിക്കാനോ ന്യായീകരിക്കാനോ സമയമായിട്ടില്ല. മെത്രാനെ അനുകൂലിച്ചതായും സന്യാസിനിയെ എതിർത്തതായും ഉള്ള വ്യാഖ്യാനങ്ങൾ ശരിയല്ല. അന്വേഷണത്തിന്റെ ഘട്ടത്തിൽ കെസിബിസി രണ്ടു കൂട്ടരേയും ഒരു പോലെ ഉൾക്കൊള്ളാനും സമദൂരം പാലിക്കാനുമാണ് ശ്രമിക്കുന്നത്.  കെസിബിസിയെ ഇന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. കിട്ടാത്ത ഒരു പരാതിയിന്മേൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഇതിനപ്പുറം എന്താണ് ചെയ്യേണ്ടിയിരുന്നത് എന്ന് അറിയില്ല". ഡോ. സൈ പാക്യം തുടര്‍ന്നു.  
കന്യാസ്‌സ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഒക്ടോബര്‍ മൂന്നാം തീയതി ബുധനാഴ്ചത്തേക്കാണ് വിധി പറയുന്നത് മാറ്റിവച്ചത്. ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പോലീസ് കോടയില്‍ പറഞ്ഞു. അതേസമയം, ഇത് കള്ളക്കേസാണെന്നും കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ അടിസ്ഥാനഹരിതമാണെന്നുമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇരുവരും പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി.
മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ജലന്ധർ രൂപതയുടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായി. ഇന്ത്യൻ കത്തോലിക്ക സഭയിൽ ആദ്യമായാണ് ഒരു ബിഷപ്പിനെ ക്രിമിനൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുന്നത്. കുറവിലങ്ങാടുള്ള കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2014 മുതൽ ബിഷപ്പ് 13 തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. കത്തോലിക്കാ സഭയ്ക്ക് മുഴുവൻ നാണക്കേടുണ്ടാക്കുന്ന ഈ സംഭവം അന്താരാഷ്ട്ര ശ്രദ്ധ കൈവരിച്ചിരുന്നു. രാഷ്ട്രീയ സ്വാധീനവും പണക്കൊഴുപ്പും ഉപയോഗിച്ച് നിയമ വ്യവസ്ഥയെ കൈയിലെടുക്കാൻ ബിഷപ്പ് ശ്രമിക്കുകയാണെന്ന് ആരോപിച്ചു കൊണ്ടും നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അഞ്ച് കന്യാസ്ത്രീകൾ എറണാകുളത്ത് പ്രതിഷേധമാരംഭിച്ചതോടെയാണ് പോലീസ് അന്വേഷണ നടപടികൾ ഊർജിതമാക്കിയത്. ബുധനാഴ്ചയും വ്യാഴാഴ്ചയും ബിഷപ്പ് ഫ്രാങ്കോ തൃപ്പൂണിത്തുറയിൽ അന്വേഷണ സംഘത്തിനു മുമ്പിൽ ഹാജരായിരുന്നു. ഹൈടെക് സംവിധാനങ്ങളോടെയാണ് പോലീസ് ചോദ്യം ചെയ്യൽ നടത്തിയത്. കോട്ടയം എസ് പി പി. ഹരിശങ്കറും വൈക്കം ഡിവൈഎസ്പി കെ സുഭാഷുമടങ്ങിയ സംഘമാണ് എഴുതി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം ചോദ്യം ചെയ്യൽ നടത്തിയത്. ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ തുടർന്നു. ബിഷപ്പിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ വിലയിരുത്തിയ സംഘം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയിൽ നിന്ന് നിരവധി തവണ പോലീസ് മൊഴി എടുത്തിരുന്നു. ഇന്ന് വീണ്ടും മൊഴിയെടുത്തു. ബിഷപ്പ് ഫ്രാങ്കോയെ ജലന്ധറിൽ എത്തി നേരത്തെ ഒരു തവണ പോലീസ് ചോദ്യം ചെയ്തിരുന്നു. മുൻകൂർ ജാമ്യം തേടിയുള്ള ബിഷപ്പ് ഫ്രാങ്കോയുടെ ഹർജി കോടതി ഈ മാസം 25 തിയതി തീരുമാനമെടുക്കാനായി മാറ്റി വച്ചിരിക്കുകയാണ്. കോടതിയിൽ ഹർജി നല്കിയിരിക്കുന്നത് അറസ്റ്റിന് തടസമാവില്ലെന്നും പീഡനത്തിന് തെളിവുകൾ ലഭിച്ചാൽ അറസ്റ്റുണ്ടാവുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഫ്രാങ്കോയുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നില്ല.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി. ബിഷപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സിബിസിഐ അധ്യക്ഷന്‍ വ്യക്തമാക്കി. തന്നെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്ക്കാലികമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഡല്‍ഹിയിലുള്ള വത്തിക്കാന്‍ സ്ഥാനപതി മുഖേന മാര്‍പാപ്പയ്ക്ക്‌ കത്ത് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി കേരളത്തിലേക്ക് പോകുന്നതിനാല്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഈ കത്ത് പരിഗണിച്ചാണ് മാര്‍പാപ്പയുടെ തീരുമാനം എന്നാണ് വിവരം. മുംബൈ അതിരൂപത മുന്‍ സഹായമെത്രാന്‍ ആഗ്നെലോ റൂഫിനൊ ഗ്രേഷ്യസിനാണ് ജലന്ധര്‍ രൂപതയുടെ പകരം ചുമതല നല്‍കിയിരിക്കുന്നത്. ഇതിനിടെ കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ല. അന്വേഷണസംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നോ നാളെയോ തീര്‍ച്ചയായും തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഭയെയും വിശ്വാസങ്ങളെയും എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന് വിശ്വാസ സമൂഹം ഒന്നടങ്കം പ്രഖ്യാപിക്കുന്നതിനിടയിൽ, സഭയിലെ അനാരോഗ്യ പ്രവണതകൾ പൊതുസമൂഹത്തിൽ വൻ ചർച്ചയാകുന്നതിൽ നേതൃത്വത്തിന് അമർഷം. അന്താരാഷ്ട്ര തലത്തിൽ തന്നെ വാർത്തയായ ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട പീഡനാരോപണത്തിൽ തെറ്റോ ശരിയോ അന്വേഷിക്കാൻ സഭയുടെ നേതൃത്വത്തിന് സമയമില്ല. നിലവിൽ സഭയിൽ ഉണ്ടായ പ്രവണതകൾ മുളയിലേ നുള്ളണമെന്ന ദൃഡ നിശ്ചയത്തിലാണ് നേതൃത്വം എന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകൾ എറണാകുളത്ത് നടത്തുന്ന സമരത്തിന് ലഭിച്ചിരിക്കുന്ന പിന്തുണ വിവിധ സഭാ കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. നേരിട്ടും അല്ലാതെയും ജനങ്ങൾ പിന്തുണ അറിയിക്കുമ്പോൾ സോഷ്യൽ മീഡിയയും പ്രതിഷേധാഗ്നി ആളിക്കത്തിക്കുന്നു. ജസ്റ്റീസ് കമാൽ പാഷയും പി.ടി തോമസ് എം.എൽ.എയും ബാലചന്ദ്രൻ ചുള്ളിക്കാടും ഫാ.പോൾ തേലക്കാട്ടുമടക്കമുള്ള പ്രമുഖർ സമരപന്തലിൽ പിന്തുണയുമായെത്തിയിരുന്നു. എറണാകുളം രൂപതയിൽപ്പെട്ട വൈദികരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വേദിയിലെത്തി. പത്തു ദിവസം പിന്നിട്ട സമരത്തിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ ഒത്തുചേർന്ന് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. പ്രവാസി സമൂഹങ്ങളിലും സമ്മിശ്ര പ്രതികരണമാണുള്ളത്. അതിദീർഘമായ പ്രവർത്തന പാരമ്പര്യമുള്ള സഭയിൽ ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല. പുതിയ സംഭവ വികാസങ്ങളിൽ ഭൂരിപക്ഷം വിശ്വാസികളും ദുഃഖിതരാണ്. സത്യം പുറത്തുവരണമെന്ന് അവർ ആഗ്രഹിക്കുന്നു. ആരോപണം ഉയർന്നപ്പോൾ തന്നെ ബിഷപ്പ് സ്ഥാനത്തു നിന്ന് കുറ്റാരോപിതനെ മാറ്റി നിർത്തിയിരുന്നെങ്കിൽ പ്രശ്നങ്ങൾ ഇത്രയും വഷളാവില്ലായിരുന്നു എന്ന അഭിപ്രായക്കാരാണ് മിക്കവരും. സഭയിൽ ഉണ്ടായ ഇടർച്ച സഭയുടെ തകർച്ച ആഗ്രഹിക്കുന്നവർ മുതലെടുക്കുന്നത് കൈയും കെട്ടി നോക്കി നിൽക്കാനേ അവർക്കാകുന്നുള്ളൂ. കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തെ അംഗീകരിക്കാൻ കെസിബിസി തയ്യാറല്ല. ബിഷപ്പ് ഫ്രാങ്കോയെ മാറ്റി നിർത്താൻ സിബിസിഐയും തയ്യാറായില്ല. പ്രതിഷേധ സമരത്തിന് ഉള്ള ഫണ്ട് എവിടെ നിന്ന് വരുന്നു എന്നകാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട മിഷനറീസ് ഓഫ് ജീസസ് പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ഐഡൻറിറ്റി വെളിപ്പെടുത്തിയും പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകളുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചു. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കാൻ വിമുഖത കാണിക്കുകയാണ്. സംസ്ഥാന സർക്കാർ ഇരയോടൊപ്പമാന്നെന്ന് മന്ത്രി ഇ.പി ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്. ലത്തീൻ സഭ മാത്രമാണ് ബിഷപ്പ് ഫ്രാങ്കോയുടെ നിലപാടുകളെ തള്ളിപ്പറഞ്ഞത്. കേരളത്തിൽ ചോദ്യം ചെയ്യലിനായി എത്തുന്ന ഫ്രാങ്കോയ്ക്കായി വൻ നിയമയുദ്ധത്തിനുള്ള സന്നാഹമാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ പീഡനക്കേസിൽ കുറ്റക്കാരനാണോ എന്നതിനേക്കാൾ വിശ്വാസികൾ പ്രതിഷേധ സ്വരമുയർത്തുന്ന പ്രവണതയാണ് നേതൃത്വത്തെ ഭയപ്പെടുത്തുന്നത്.  ഇത് അവസാനിപ്പിക്കാൻ സത്വര നടപടി വേണമെന്ന അഭിപ്രായത്തിൽ നേതൃത്വം ഒറ്റക്കെട്ടാണ്. സോഷ്യൽ മീഡിയയിൽ പീഡനാരോപണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു കൊണ്ടും അനുകൂലിച്ചും വൻ വാഗ്വാദങ്ങളാണ് നടക്കുന്നത്. ഫേസ്ബുക്കും വാട്ട്സ്ആപ്പും ഈ വിഷയത്തിൽ സജീവമാണ്. ഫേസ്ബുക്കിലെയും വാട്ട്സ് ആപ്പിലെയും വിവിധ ഗ്രൂപ്പുകളിൽ നിന്നും തമ്മിലുള്ള ചെളിവാരിയെറിയലും പുറത്താക്കലും തുടരുകയാണ്. വിശ്വാസികൾ സഭയ്ക്കു പിന്നിൽ അണിനിരക്കണമെന്ന് അഭ്യർത്ഥിച്ചുള്ള ധാരാളം പോസ്റ്റുകൾ ഈയിടെ സജീവമായുണ്ട്. വിശ്വാസികളെ സഭാ നേതൃത്വത്തിന് അനുകൂലമായ രീതിയിൽ സോഷ്യൽ മീഡിയയിൽ സജീവമാക്കാൻ രഹസ്യ നിർദ്ദേശം നല്കിയതായി പറയപ്പെടുന്നു.
RECENT POSTS
Copyright © . All rights reserved