Black money
ലക്ഷക്കണക്കിന് പൗണ്ടിന്റെ കള്ളപ്പണവുമായി പിടിയിലായ പാകിസ്ഥാന്‍ വംശജരുടെ സംഘത്തിന് 26 വര്‍ഷം തടവുശിക്ഷ നല്‍കാന്‍ വിധി. ചൗധരി യഹ്യ, സഹോദരന്‍ ഷഹബാസ് അലി, ആബിദ് ഹസ്സന്‍, ബോസ്താസ് എന്നിവര്‍ക്കാണ് തടവുശിക്ഷ ലഭിച്ചത്. യഹ്യയുടെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിച്ചത്. സൗത്ത് മാഞ്ചസ്റ്ററിലെ ലോംഗ്‌സൈറ്റില്‍ ഒരു പഴയ പോസ്റ്റ് ഓഫീസില്‍ ഇയാള്‍ ആരംഭിച്ച മണി സര്‍വീസ് ബ്യൂറോയിലൂടെയായിരുന്നു കള്ളപ്പണം വെളുപ്പിച്ചിരുന്നത്. സങ്കീര്‍ണ്ണമായ മാര്‍ഗ്ഗങ്ങളിലൂടെ കോടിക്കണക്കിന് പൗണ്ടിന്റെ കള്ളപ്പണം ഇവിടെ വെളുപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.. ഇയാള്‍ ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്. കുട്ടികള്‍ക്ക് പ്രൈവറ്റ് വിദ്യാഭ്യാസമായിരുന്നു നല്‍കിയിരുന്നത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രഹസ്യമായി നടത്തിയ അന്വേഷണങ്ങളിലാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായത്. ഈസ്റ്റ് മാഞ്ചസ്റ്ററിലെ ഓഡന്‍ഷോയിലുള്ള ആരോ ട്രേഡിംഗ് എസ്‌റ്റേറ്റിലാണ് സംഘത്തിന്റെ രഹസ്യനീക്കങ്ങള്‍ നടന്നിരുന്നതെന്ന് വ്യക്തമായി. 2014 സെപ്റ്റംബറില്‍ ഇവിടേക്ക് നിരവധി വലിയ ബാഗുകള്‍ എത്തിച്ചിരുന്നതിന് പോലീസ് ദൃക്‌സാക്ഷിയായി. പിന്നീട് നാടകീയമായ ഒരു നീക്കത്തില്‍ മാഞ്ചസ്റ്ററില്‍ വെച്ച് യഹ്യയുടെ കാര്‍ പോലീസ് തടഞ്ഞു. എന്നാല്‍ ഉള്ളില്‍ നിന്ന് ഡോറുകള്‍ ലോക്ക് ചെയ്തതിനാല്‍ പോലീസിന് വിന്‍ഡോകള്‍ തകര്‍ക്കേണ്ടി വന്നു. കാറിന്റെ പിന്‍സീറ്റില്‍ ബിന്‍ ബാഗുകളിലാക്കിയ നിലയില്‍ 2.5 ലക്ഷം പൗണ്ടിന്റെ കറന്‍സി കണ്ടെത്തുകയും ചെയ്തു. ആബിദ് ഹസ്സന്‍ എന്നയാളുടെ കാറിന്റെ ഹോള്‍ഡോളില്‍ നിന്ന് 3 ലക്ഷം പൗണ്ടിന്റെ നോട്ടുകളാണ് പിടികൂടിയത്. ട്രാഫോര്‍ഡില്‍ നിന്ന് സംഘത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര്‍ പിടികൂടിയിരുന്നു. ഇതില്‍ നിന്ന് 2.7 ലക്ഷം പൗണ്ടാണ് ലഭിച്ചത്. സംഘത്തിലെ നാലു പേരില്‍ നിന്നായി 818,000 പൗണ്ടാണ് ആകെ പിടികൂടിയത്. ഇവരുടെ കേന്ദ്രത്തില്‍നിന്ന് 29,604 പൗണ്ടും പിടികൂടി. യഹ്യക്ക് 12 വര്‍ഷവും ഷഹബാസ് അലിക്ക് ഒമ്പതര വര്‍ഷവും ബോസ്താസിന് രണ്ടു വര്‍ഷവും എട്ടു മാസലും ഹസ്സന് രണ്ടു വര്‍ഷവും 11 മാസവുമാണ് തടവ് വിധിച്ചിരിക്കുന്നത്.
RECENT POSTS
Copyright © . All rights reserved