Border
ലണ്ടന്‍: ഇന്ന് മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നു. കുട്ടികളുടെ പാസ്‌പോര്‍ട്ടിന്റെ ഫീസ് 46 പൗണ്ടില്‍ നിന്ന് 58.50 പൗണ്ടായി ഉയരും. 27 ശതമാനം വര്‍ദ്ധനയാണ് ഇതിലുണ്ടായിരിക്കുന്നത്. മുതിര്‍ന്നവരുടെ പാസ്‌പോര്‍ട്ട് ഫീസ് 72.50 പൗണ്ടില്‍ നിന്ന് 85 പൗണ്ടായും ഉയര്‍ന്നു. ഈസ്റ്റര്‍ അവധി ദിനങ്ങള്‍ വരാനിരിക്കെയാണ് ഫീസ് വര്‍ദ്ധന നിലവില്‍ വന്നിരിക്കുന്നത്. എന്നാല്‍ ഈ വര്‍ദ്ധനയില്‍ നിന്ന് രക്ഷപ്പെടാനും മാര്‍ഗ്ഗമുണ്ട്. ഓണ്‍ലൈനില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷച്ചാല്‍ കാര്യമായ പണച്ചെലവ് ഉണ്ടാകില്ല. മുതിര്‍ന്നവരുടെ പാസ്‌പോര്‍ട്ടിന് 75.50 പൗണ്ടും 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ പാസ്‌പോര്‍ട്ടിന് 49 പൗണ്ടും മാത്രമാണ് ഓണ്‍ലൈനില്‍ ഈടാക്കുക. വെറും മൂന്ന് പൗണ്ടിന്റെ വര്‍ദ്ധനവ് മാത്രമാണ് ഓണ്‍ലൈനില്‍ വരുത്തിയിരിക്കുന്നത്. പോസ്റ്റര്‍ ആപ്ലിക്കേഷനുകളുടെ ഫീസിലാണ് കാര്യമായ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. മാര്‍ച്ച് 27, അതായത് ഇന്നുമുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ത്തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നതിനാല്‍ നിരക്ക് വര്‍ദ്ധന തടയാന്‍ ലേബര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 258നെതിരെ 317 വോട്ടുകള്‍ക്ക് ഫീസ് വര്‍ദ്ധനയ്ക്കുള്ള തീരുമാനം കോമണ്‍സ് പാസാക്കി. ചെലവ് കൂടുമെന്നതിനാല്‍ ഈ നിരക്കു വര്‍ദ്ധന മൂലം ഒട്ടേറെ കുടുംബങ്ങള്‍ തങ്ങളുടെ സമ്മര്‍ യാത്രകള്‍ ഉപേക്ഷിക്കാനിടയുണ്ടെന്ന് ഷാഡോ ഹോം സെക്രട്ടഫി ഡയാന്‍ ആബട്ട് പറഞ്ഞു. ഫാസ്റ്റ് ട്രാക്ക് ആപ്ലിക്കേഷനുകളുടെ ഫീസ് മുതിര്‍ന്നവര്‍ക്ക് 39 പൗണ്ട് വര്‍ദ്ധിച്ച് 142 പൗണ്ടായി. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇത് 122 ആയാണ് ഉയര്‍ന്നത്. ഒരു പ്രീമിയം കളക്ട് സര്‍വീസും പുതിയ നിരക്കിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 177 പൗണ്ടും കുട്ടികള്‍ക്ക് 151 പൗണ്ടുമാണ് ഇതിന്റെ നിരക്ക്.
ലണ്ടന്‍: നിലവിലുള്ള ധാരണകള്‍ അനുസരിച്ച് ബ്രെക്‌സിറ്റ് നടന്നില്ലെങ്കില്‍ യൂറോപ്പിലേക്കുള്ള ചരക്കു ഗതാഗതത്തില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടീഷ് ഡ്രൈവര്‍മാര്‍ക്ക് ഫ്രാന്‍സിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കടക്കണമെങ്കില്‍ പുതിയ ലൈസന്‍സുകളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യമായി വരും. ആദ്യഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യുണൈറ്റഡ് നേഷന്‍സ് റോഡ് ട്രാഫിക് കണ്‍വെന്‍ഷനിലായിരിക്കും യുകെ ഒപ്പു വെക്കുക. ഇത് പാര്‍ക്കിംഗിലും സീബ്ര ക്രോസിംഗിലുമുള്‍പ്പെടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. യുകെ നല്‍കുന്ന ലൈസന്‍സുകള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിക്കാന്‍ ഇടയില്ലെന്നതിനാല്‍ പകരം ഒരു സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ യുകെയില്‍ നിന്നുള്ള വാഹനങ്ങളെയും ഡ്രൈവര്‍മാരെയും യൂറോപ്യന്‍ രാജ്യങ്ങള്‍ നിരോധിക്കാന്‍ വരെ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ 1968ലെ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ ബ്രിട്ടന് അംഗീകരിക്കേണ്ടതായി വരും. ഇത് നേരത്തേ ഒപ്പു വെക്കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചിരുന്നതാണ്.യൂറോപ്യന്‍ നിയമങ്ങള്‍ക്ക് പകരമായി പ്രത്യേക ധാരണകള്‍ പിന്‍മാറ്റ കാലയളവില്‍ നിലവില്‍ വരുമെന്നാണ് ബ്രിട്ടന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ യുഎന്‍ കണ്‍വെന്‍ഷന്‍ ചട്ടങ്ങള്‍ അംഗീകരിക്കാന്‍ രാജ്യത്തിനു മുന്നില്‍ ശേഷിക്കുന്നത് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യുകെ ലൈസന്‍സുകള്‍ അംഗീകരിക്കാന്‍ യൂറോപ്പ് വിസമ്മതിക്കുകയാണെങ്കില്‍ ട്രെയിലറുകള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതിനും അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നതിനുമായുള്ള നിയമങ്ങള്‍ അവതരിപ്പിക്കണം. ഇതിനായി 21 ദിവസത്തെ സൂക്ഷ്മ പരിശോധനയും ഒരു വര്‍ഷത്തോളം നീളുന്ന പാര്‍ലമെന്റ് നടപടികളും ആവശ്യമായി വരും. ഇവയെല്ലാം അനാവശ്യ നൂലാമാലകള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.
ലണ്ടന്‍: ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളുടെ അപേക്ഷാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. മുതിര്‍ന്നവര്‍ക്കുള്ള പാസ്‌പോര്‍ട്ടിന് ഇപ്പോള്‍ 72.50 പൗണ്ടാണ് ഫീസ്. നേരിട്ടും ഓണ്‍ലൈനിലുമുള്ള അപേക്ഷകള്‍ക്ക് ഒരേ നിരക്ക് തന്നെയാണ് ഈടാക്കി വരുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച് നിരക്കുകളില്‍ 17 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ 85 പൗണ്ടായി പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് ഉയരും. ഓണ്‍ലൈന്‍ അപേക്ഷകളുടെ നിരക്കില്‍ കാര്യമായ വര്‍ദ്ധനയില്ല. 3 പൗണ്ട് മാത്രമാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് വരുത്തിയിരിക്കുന്ന വര്‍ദ്ധന. ഫാസ്റ്റ് ട്രാക്ക് അപേക്ഷകളുടെ നിരക്ക് 103 പൗണ്ടില്‍ നിന്ന് 142 പൗണ്ടായും പ്രീമിയം സര്‍വീസുകള്‍ 128 പൗണ്ടില്‍ നിന്ന് 177 പൗണ്ടായും ഉയര്‍ത്തിയിട്ടുണ്ട്. കുട്ടികളുടെ പാസ്‌പോര്‍ട്ടുകളുടെ ഫീസിനും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. 16 വയസ് വരെ പ്രായമുള്ളവരുടെ പാസ്‌പോര്‍ട്ടുകള്‍ക്ക് 12.50 പൗണ്ടാണ് വര്‍ദ്ധിപ്പിച്ചത്. ഇതനുസരിച്ച് നേരത്തേ 46 പൗണ്ട് ഈടാക്കിയിരുന്നത് 58.50 പൗണ്ടായി ഉയരും. 27 ശതമാനമാണ് വര്‍ദ്ധനയുടെ നിരക്ക്. അതേസമയം ഓണ്‍ലൈനില്‍ ഈ പാസ്‌പോര്‍ട്ടുകളുടെ ഫീസിലും 3 പൗണ്ടിന്റെ വര്‍ദ്ധനയേ വരുത്തിയിട്ടുള്ളൂ. ആദ്യമായാണ് ഓണ്‍ലൈനിലെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ തപാല്‍ അപേക്ഷകളേക്കാള്‍ ചെലവ് കുറഞ്ഞതാകുന്നത്. ഫീസുകള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇവ 9 വര്‍ഷം മുമ്പുള്ള നിരക്കുകളേക്കാള്‍ കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2012ല്‍ പാസ്‌പോര്‍ട്ട് നിരക്കുകള്‍ കുറച്ചിരുന്നു. നിരക്കു വര്‍ദ്ധനക്കുള്ള നിര്‍ദേശത്തിന് ഇനി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കണം. അതിര്‍ത്തി സുരക്ഷയിലും അടിസ്ഥാന സൗകര്യ വികസനത്തിനും അടുത്ത വര്‍ഷത്തോടെ 100 ദശലക്ഷം പൗണ്ട് നിക്ഷേപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പാസ്‌പോര്‍ട്ടുകള്‍ക്കുള്ള അപേക്ഷാനിരക്ക് ഉയര്‍ത്തിയതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ അപേക്ഷകളേക്കാള്‍ പോസ്റ്റല്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള വര്‍ദ്ധിച്ച ചെലവാണ് അത്തരം ഫീസ് കൂട്ടിയതിന് ഹോം ഓഫീസിന്റെ ന്യായീകരണം. നീല പാസ്‌പോര്‍ട്ടുകള്‍ തിരികെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമല്ല ഫീസ് വര്‍ദ്ധനയെന്നും അവക്ക് അധികമായി പണച്ചെലവുണ്ടാകില്ലെന്നും ഹോം ഓഫീസ് വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved