Brexit delay vote
ലണ്ടന്‍: ബ്രെക്‌സിറ്റ് അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ യു.കെ പുറത്തിറക്കാനിരിക്കുന്ന 'ബ്രെക്‌സിറ്റ് കോയിനുകള്‍' വിപണിയിലെത്തുന്നത് വൈകും. പ്രതിസന്ധികളില്ലാതെ യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ മാര്‍ച്ച് 29ഓടെ 'ബ്രെക്‌സിറ്റ് കോയിനുകള്‍' പുറത്തിറക്കാനായിരുന്നു പദ്ധതി. എന്നാല്‍ പ്രധാനമന്ത്രി തെരേസ മേയ് രണ്ടാമതും വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ 'ബ്രെക്‌സിറ്റ് കോയിനുകള്‍' വൈകി പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ബ്രെകസിറ്റ് പാസാക്കാന്‍ സമയം അനുവദിക്കണമെന്ന് മേയ് ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ത്ഥിക്കാനിരിക്കുകയാണ്. 50 പെന്‍സിന്റെ കോയിനുകളാണ് ബ്രെക്‌സിറ്റ് സ്മരണാര്‍ത്ഥം യു.കെ നിര്‍മ്മിക്കുന്നത്. യു.കെയുടെ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന തീരുമാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാവും 'ബ്രെക്‌സിറ്റ് കോയിനുകള്‍'. ലോകത്തിലെ എല്ലാ രാജ്യങ്ങളോടും സൗഹൃദം സൂക്ഷിക്കുന്നതായി വ്യക്തമാക്കുന്ന 50 പെന്‍സ് കോയിനുകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടവാങ്ങുന്നതോടെ യു.കെ പുറത്തിറക്കുമെന്നായിരുന്നു നേരത്തെ ട്രഷറി അറിയിച്ചിരുന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് പ്രതിസന്ധി തുടരുന്ന സാഹചര്യം കോയിനുകള്‍ പുറത്തിറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച തിയതി മാറ്റുമെന്നാണ് ട്രഷറി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ടോറി എം.പി ക്രെയിഗ് മാകിന്‍ലിയാണ് 'സെവന്‍ സൈഡഡ്' കോയിനുകളുടെ ക്യാംപെയിന്‍ നടത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ചാന്‍സ്‌ലര്‍ ഫിലിപ്പ് ഹാമന്‍ഡ് ബ്രെക്‌സിറ്റ് കോയിനുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിക്കുന്നത്. പണത്തിന്റെ കൈമാറ്റത്തിലുപരി യു.കെയുടെ ചരിത്രപരമായ നീക്കത്തെ അടയാളപ്പെടുത്തുകയാണ് സ്മാരണാര്‍ത്ഥം പുറത്തിറക്കുന്ന കോയിനുകളുടെ ലക്ഷ്യം. നേരത്തെ ബ്രെക്സിറ്റ് പോളിസിക്ക് അംഗീകാരം തേടി മൂന്നാം തവണയും പാര്‍ലമെന്റിലെത്താനുള്ള ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നീക്കം സ്പീക്കര്‍ തടഞ്ഞിരുന്നു. രണ്ടുതവണയും പരാജയപ്പെട്ട പോളിസികളില്‍ നിന്ന് വ്യക്തമായ മാറ്റം ഉള്‍ക്കൊള്ളാതെ മൂന്നാമത് എം,പിമാര്‍ക്ക് മുന്നിലെത്തേണ്ടതില്ലെന്നാണ് സ്പീക്കറുടെ നിര്‍ദേശം. രണ്ടുതവണയും മേയ് സമര്‍പ്പിച്ച് ബ്രെക്സിറ്റ് പോളിസി വലിയ വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ ബ്രെക്‌സിറ്റ് കൂടുതല്‍ അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. പ്രതിസന്ധി അവസാനിച്ചാല്‍ മാത്രമെ കോയിനുകളുടെ കാര്യത്തിലും വ്യക്തമായ ധാരണയുണ്ടാകൂ.
ലണ്ടന്‍: ബ്രെക്‌സിറ്റ് പോളിസിക്ക് അംഗീകാരം തേടി മൂന്നാം തവണയും പാര്‍ലമെന്റിലെത്താനുള്ള ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നീക്കം സ്പീക്കര്‍ തടഞ്ഞു. രണ്ടുതവണയും പരാജയപ്പെട്ട പോളിസികളില്‍ നിന്ന് വ്യക്തമായ മാറ്റം ഉള്‍ക്കൊള്ളാതെ മൂന്നാമത് എം,പിമാര്‍ക്ക് മുന്നിലെത്തേണ്ടതില്ലെന്നാണ് സ്പീക്കറുടെ നിര്‍ദേശം. രണ്ടുതവണയും മേയ് സമര്‍പ്പിച്ച് ബ്രെക്‌സിറ്റ് പോളിസി വലിയ വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള വിമത നീക്കമുള്‍പ്പെടെ മേയ്ക്ക് പ്രതിസന്ധികള്‍ ഏറെയുണ്ട് മറികടക്കാന്‍. മൂന്നാമതും ബ്രെക്‌സിറ്റ് അംഗീകാരത്തിനായി എത്തുകയാണെങ്കില്‍ നേരത്തെ അവതരിപ്പിച്ച പോളിസികളില്‍ നിന്ന് വലിയ മാറ്റങ്ങള്‍ വരുത്താന്‍ മേയ് തയ്യാറാകേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. വോട്ടെടുപ്പ് തടയുന്നതിലൂടെ സ്പീക്കര്‍ നല്‍കുന്ന മുന്നറിയിപ്പും അതാണെന്ന് നിരീക്ഷകര്‍ പറയുന്നു. അതേസമയം രണ്ടാമതും ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ മേയ് പരാജയപ്പെട്ടതോടെ ഡിലേയ്ഡ് ബ്രെക്‌സിറ്റിനായി കൂടുതല്‍ സമയം അനുവദിക്കാനാവും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ശ്രമിക്കുക. കൂടുതല്‍ സമയം ലഭിക്കുന്നത് നിലവിലുണ്ടായിരിക്കുന്ന പ്രതിസന്ധികളെ മറികടക്കാന്‍ ഗുണകരമാവുമെന്നാണ് മേയ് അനുകൂല എം.പിമാരുടെ പ്രതീക്ഷ. ആര്‍ട്ടിക്കിള്‍ 50ന്റെ പുനഃപരിശോധന ചര്‍ച്ചകള്‍ മേയ് നടത്തുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ ബ്രസ്സല്‍സുമായി ചര്‍ച്ച നടത്തിയേക്കും. ഈ വരുന്ന വ്യാഴായ്ച്ചയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി മേയ് ബ്രെസ്സല്‍സിലേക്ക് പുറപ്പെടുന്നത്. മൂന്നാമതും പാര്‍ലമെന്റിലെത്തുന്നതിന് മുന്‍പ് പോളിസിയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. മെയ് മാസത്തില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ പങ്കെടുക്കാതിരിക്കുകയും നോ ഡീല്‍ ബ്രെക്സിറ്റ് ഒഴിവാക്കുന്നതിനായി യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ യുകെ ശ്രമിക്കുകയും ചെയ്താല്‍ പുതിയ നീക്കങ്ങള്‍ക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വിരളമാണ്. ജൂലൈ 1ന് അപ്പുറം ഒരു കാലാവധി നീട്ടല്‍ സാധ്യമല്ലെന്നു തന്നെയാണ് വിവരം. അല്ലെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേ തീരുമാനിച്ച തിയതിയില്‍ നടക്കാതിരിക്കണം. അതായത് യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലെങ്കില്‍ ബ്രിട്ടന് ബ്രെക്സിറ്റ് നീട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ സാധ്യമാകാതെ വരും. ശരിയായ രൂപമോ പ്രാതിനിധ്യമോ ഇല്ലാത്ത പാര്‍ലമെന്റിന്റെ നടപടി നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നതിനാലാണ് യൂറോപ്യന്‍ യൂണിയന്‍ ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിക്കുന്നതെന്നാണ് വിവരം.
ഈ മാസം അവസാനത്തോടെ സംഭവിക്കുന്നത് നോ ഡീല്‍ ബ്രെക്‌സിറ്റാണെങ്കില്‍ 3.5 മില്യന്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്പ് യാത്ര വിലക്കപ്പെടും. അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനായി പാസ്‌പോര്‍ട്ടുകള്‍ പുതുക്കാനുള്ള അവസരം ഇന്നു കൂടി മാത്രമേ ലഭിക്കൂ എന്ന് റിപ്പോര്‍ട്ട്. ഉപാധികളില്ലാതെ മാര്‍ച്ച് 29ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വിട്ടു പോയാല്‍ യൂറോപ്പിലെത്തുന്ന ബ്രിട്ടീഷ് യാത്രികര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് കുറഞ്ഞത് ആറു മാസമെങ്കിലും കാലാവധിയുള്ളതാകണം. അല്ലാത്തവരുടെ യാത്ര നിഷേധിക്കപ്പെടുകയോ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ നിന്ന് തിരികെ അയക്കപ്പെടുകയോ ചെയ്യാം. ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും ഇത് സംഭവിക്കാം. ഷെങ്കന്‍ നിയമങ്ങള്‍ അനുസരിച്ച് യാത്ര തുടങ്ങുന്ന ദിവസം മുതല്‍ കുറഞ്ഞത് ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരിക്കണം. ഈ പ്രശ്‌നം 2 മില്യന്‍ ബ്രിട്ടീഷുകാരെ നേരിട്ട് ബാധിക്കുമെന്ന് കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്? പറയുന്നു. എന്നാല്‍ 15 മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ള 1.5 മില്യന്‍ ആളുകളെക്കൂടി ഈ പ്രശ്‌നം ബാധിച്ചേക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതോടെയാണ് 3.5 ദശലക്ഷം ആളുകള്‍ക്ക് മാര്‍ച്ച് 29നുള്ളില്‍ പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കേണ്ടി വരുമെന്ന് കണക്കാക്കിയത്. ഇതനുസരിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്നാണ്. യാത്ര മുടങ്ങുമോ എന്ന ആശങ്കയില്‍ ആപ്ലിക്കേഷനുകളുമായി ആളുകള്‍ തള്ളിക്കയറാനിടയുണ്ടെന്ന പ്രതീക്ഷയിലാണ് പാസ്‌പോര്‍ട്ട് ഓഫീസ്. അടുത്തിടെ വരെ പാസ്‌പോര്‍ട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പായി അവ പുതുക്കിയ ആളുകള്‍ക്ക് ശേഷിച്ചിരുന്ന കാലാവധിയിലെ 9 മാസം കൂടി പുതുക്കിയ പാസ്‌പോര്‍ട്ടിന്റെ കാലാവധിയില്‍ നീട്ടി നല്‍കിയിരുന്നു. എന്നാല്‍ നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ പാസ്‌പോര്‍ട്ടില്‍ ബാക്കിയുള്ള കാലാവധി ചേര്‍ക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് നിഗമനം.
പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ പാര്‍ലമെന്റില്‍ നടക്കാനിരിക്കുന്ന വോട്ടെടുപ്പ് മുമ്പ് നിശ്ചയിച്ച ദിവസം തന്നെ നടക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ്. ബ്രെക്‌സിറ്റ് ധാരണ സംബന്ധിച്ച് ബ്രസല്‍സുമായി നടന്നു വന്നിരുന്ന ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുമ്പോളും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് സംശയമില്ല. മാര്‍ച്ച് 12 ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ നിയമപരമായ മാറ്റങ്ങള്‍ ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതെങ്കിലും ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് പോയ അറ്റോര്‍ണി ജനറല്‍ ജെഫ്രി കോക്‌സ് വെറുംകയ്യോടെയാണ് മടങ്ങുന്നത്. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ ശക്തമായ നിലപാടുകളാണ് അവതരിപ്പിച്ചതെന്നായിരുന്നു ബ്രസല്‍സില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പായി കോക്‌സ് പറഞ്ഞത്. ചര്‍ച്ച ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് സമ്മതിച്ചുവെങ്കിലും പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് വോട്ടെടുപ്പ് ചൊവ്വാഴ്ച തന്നെ നടക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി. ഈ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ബുധനാഴ്ച നടക്കുന്ന മറ്റൊരു വോട്ടെടുപ്പില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് തടയാനും ബ്രെക്‌സിറ്റ് തിയതി മാറ്റിവെക്കാനുമുള്ള കാര്യത്തില്‍ എംപിമാര്‍ തീരുമാനമെടുക്കും. ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ കാര്യമായ ഇളവുകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് നേടിയെടുക്കാന്‍ തെരേസ മേയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. അതിനാല്‍ പ്രധാനമന്ത്രി തന്റെ പദ്ധതി എംപിമാരെക്കൊണ്ട് സാധിച്ചെടുക്കാന്‍ ശ്രമിക്കും. ഈയാഴ്ച അവസാനം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്‌തേക്കുമെന്നും കരുതുന്നു. വീണ്ടും ബ്രസല്‍സിനെ സമീപിക്കാനുള്ള പദ്ധതി പ്രധാനമന്ത്രിക്കും കോക്‌സിനും ഇല്ലെന്നാണ് കരുതുന്നത്. എന്നാല്‍ ആവശ്യമായി വരികയാണെങ്കില്‍ അതിന് ഇരുവരും തയ്യാറായേക്കും. എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ഞായറാഴ്ച രാത്രിയാണ് അതിനുള്ള സമയപരിധി അവസാനിക്കുന്നത്. തിങ്കളാഴ്ച ധാരണ സംബന്ധിച്ച രേഖകള്‍ അച്ചടിച്ച് പുറത്തു വിടേണ്ടതുണ്ടെന്നതിനാലാണ് ഇത്. ഈ രേഖയാണ് പാര്‍ലമെന്റില്‍ എംപിമാരുടെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടത്.
നോ ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടായാല്‍ വന്നേക്കാവുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള മുന്‍കരുതല്‍ നടപടികളുമായി എന്‍എച്ച്എസ് ആശുപത്രികള്‍. ജീവനക്കാരുടെയും മരുന്നിന്റെയും ക്ഷാമം ഉണ്ടാകാതിരിക്കാനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ശസ്ത്രക്രിയകള്‍ മാറ്റിവെക്കാതിരിക്കാനുള്ള നടപടികളും ആശുപത്രികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സ്‌കൈ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മരുന്നുകള്‍ കൊള്ളയടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഫാര്‍മസികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് ആശുപത്രികള്‍ അറിയിച്ചു. സ്പാനിഷ് നഴ്‌സുമാര്‍ ഒന്നടങ്കം വിട്ടുപോകുന്നത് തങ്ങള്‍ക്ക് പ്രതിസന്ധിയായിരിക്കുകയാണെന്ന് ഒരു വിഭാഗം ആശുപത്രികള്‍ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഉപാധിരഹിതമായി വിട്ടുപോയാല്‍ മരുന്നുകള്‍ക്ക് ക്ഷാമമുണ്ടായേക്കാമെന്നും അത്തരമൊരു സാഹചര്യത്തെ നേരിടാനായി വേണ്ട നിര്‍ദേശങ്ങള്‍ എന്‍എച്ച്എസ് നേതൃത്വത്തില്‍ നിന്നോ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തില്‍ നിന്നോ ലഭിക്കുന്നില്ലെന്നും ട്രസ്റ്റുകള്‍ വ്യക്തമാക്കുന്നു. ഇഗ്ലണ്ടിലെ 130 ട്രസ്റ്റുകളില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നോ ഡീല്‍ സാഹചര്യത്തില്‍ പൗണ്ടിന്റെ മൂല്യത്തകര്‍ച്ച മുതലെടുത്തുകൊണ്ട് യൂറോപ്യന്‍ വിതരണക്കാര്‍ക്ക് മറിച്ചു വില്‍ക്കാനായി മരുന്നുകള്‍ പൂഴ്ത്തിവെക്കാന്‍ ചിലര്‍ ശ്രമിച്ചേക്കാമെന്നും ഇത്തരം ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തടയിടണമെന്നും ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ മേഖല ആവശ്യപ്പെടുന്നു. നോ ഡീല്‍ സാഹചര്യത്തെ നേരിടാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ മാസങ്ങളായി പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. മരുന്നുകള്‍ പൂഴ്ത്തിവെക്കുന്നതിനെക്കുറിച്ചും മരുന്നുകളുടെ ഇറക്കുമതി തടസങ്ങളില്ലാതെ നടത്തുന്നതിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഈയാഴ്ച പുറത്തു വിട്ടിരുന്നു. മരുന്നുകളുടെ ലഭ്യതയില്‍ യാതൊരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറയുന്നത്. ഓരോരുത്തരും അവരുടെ ഉത്തരവാദിത്തം നിറവേറിയാല്‍ മാത്രം മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹെല്‍ത്ത് സെക്രട്ടറിയുടെ ആത്മവിശ്വാസം ആശുപത്രികള്‍ക്ക് ഇല്ലെന്നാണ് ട്രസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
RECENT POSTS
Copyright © . All rights reserved