Brexit delay voteb
ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന പ്രമേയത്തില്‍ വോട്ട് അനുവദിക്കാമെന്ന് എംപിമാര്‍ക്ക് ഉറപ്പു നല്‍കി പ്രധാനമന്ത്രി തെരേസ മേയ്. അടുത്ത മാസം നടക്കുന്ന പാര്‍ലമെന്റ് വോട്ടെടുപ്പില്‍ ബ്രെക്‌സിറ്റ് ഉടമ്പടി തള്ളുകയാണെങ്കില്‍ ഈ പ്രമേയത്തിന്‍മേല്‍ വോട്ട് അനുവദിക്കാമെന്നാണ് മേയ് അറിയിച്ചിരിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കുന്നതിനായാണ് ബ്രെക്‌സിറ്റ് നീട്ടണമെന്ന ആവശ്യവുമായി എംപിമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ബ്രെക്‌സിറ്റിനെ അനുകൂലിക്കാത്ത മന്ത്രിമാര്‍ കലാപത്തിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇതു സംബന്ധിച്ച് തെരേസ മേയ് ചൊവ്വാഴ്ച പ്രസ്താവന നടത്തിയത്. താന്‍ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ മാര്‍ച്ച് 12ന് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുമെന്നും അവര്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയനുമായി നടത്തിയ രണ്ടാം വട്ട ചര്‍ച്ചകളില്‍ കൊണ്ടുവന്ന മാറ്റങ്ങളുമായാണ് ഉടമ്പടി വീണ്ടും അവതരിപ്പിക്കുന്നതെന്നും താന്‍ വാഗ്ദാനം ചെയ്ത മാറ്റങ്ങള്‍ ഇതിലുണ്ടെന്നും മേയ് അവകാശപ്പെട്ടു. എന്നാല്‍ വിചിത്രവും വീണ്ടുവിചാരമില്ലാത്തതുമായ ബ്രെക്‌സിറ്റ് വൈകിപ്പിക്കലിനാണ് മേയ് ഒരുങ്ങുന്നതെന്ന് ജെറമി കോര്‍ബിന്‍ ആരോപിച്ചു. ഈ ബില്ലും പാര്‍ലമെന്റില്‍ പരാജയപ്പെട്ടാല്‍ രണ്ടു സാധ്യതകളാണുള്ളത്. ഒന്ന് നോ ഡീലിന് അനുവാദം നല്‍കുക എന്നതാണ്. ഇതിന് അംഗീകാരം ലഭിച്ചാല്‍ മാര്‍ച്ച് 29ന് തന്നെ ഉടമ്പടികളില്ലാതെ ബ്രെക്‌സിറ്റ് സാധ്യമാകും. രണ്ടു വര്‍ഷത്തേക്ക് പ്രഖ്യാപിച്ച ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കാന്‍ അപേക്ഷിക്കണമെന്ന ആവശ്യമായിരിക്കും രണ്ടാമത്തെ വോട്ട്. ഇത് മാര്‍ച്ച് 14ന് നടന്നേക്കും. ഈ ബില്‍ പാസായാല്‍ മാര്‍ച്ച് 29ന് നടക്കേണ്ട ബ്രെക്‌സിറ്റ് നീളും. ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മേയ് പ്രസ്താവനയില്‍ എംപിമാരെ അറിയിച്ചു. മാര്‍ച്ച് 29ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ നടപ്പിലാകുന്ന ഉടമ്പടിയിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്യാവശ്യമാണെങ്കില്‍ മാത്രം ബ്രെക്‌സിറ്റ് നീട്ടിവെക്കാന്‍ ആവശ്യപ്പെടാം. എന്നാല്‍ അത് ജൂണിന് അപ്പുറം നീളരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും അവര്‍ വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved