British Gas
ബ്രിട്ടീഷ് ഗ്യാസ് പ്രഖ്യാപിച്ച വില വര്‍ദ്ധനവ് ചൊവ്വാഴ്ച പ്രാബല്യത്തിലാകും. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിലുള്ള ഉപഭോക്താക്കളുടെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ 5.5 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഏപ്രിലില്‍ പ്രഖ്യാപിച്ച ഈ വര്‍ദ്ധനവ് മൂലം ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 246 മില്യന്‍ പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു ശരാശരി ഉപഭോക്താവിന് വര്‍ഷത്തില്‍ 60 പൗണ്ട് വീതം അധികമായി ചെലവാകും. 4.1 മില്യന്‍ ഉപഭോക്താക്കളാണ് രാജ്യത്തെ ഏറ്റവും വലിയ എനര്‍ജി കമ്പനിയായ ബ്രിട്ടീഷ് ഗ്യാസിന് യുകെയിലുള്ളത്. മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ താരിഫ് നിരക്ക് പ്രതിവര്‍ഷം 796 പൗണ്ടാണ്. വില വര്‍ദ്ധിക്കുന്നതോടെ സ്റ്റാന്‍ഡാര്‍ഡ് താരിഫ് ഇതിനേക്കാള്‍ 45 ശതമാനം വിലയേറിയതാകും. കഴിഞ്ഞ സെപ്റ്റംബറില്‍ വരുത്തിയ 12.5 ശതമാനം വര്‍ദ്ധനയ്ക്ക് ശേഷമാണ് ഇപ്പോള്‍ 5.5 ശതമാനത്തിന്റെ കൂടി വര്‍ദ്ധന വരുത്തുന്നത് ഉപഭോക്താവിന് ഇരട്ടി പ്രഹരമാണ് നല്‍കുന്നത്. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിന് കീഴിലുള്ള ഉപഭോക്താക്കള്‍ക്കാണ് ഇതു മൂലമുള്ള ഭാരം കൂടുതല്‍ താങ്ങേണ്ടി വരിക. അതേസമയം ഓണ്‍ലൈനില്‍ ഒരു ഫിക്‌സഡ് താരിഫിലേക്ക് മാറിയാല്‍ വര്‍ഷം 100 പൗണ്ടെങ്കിലും ലാഭിക്കാനാകുമെന്നും വിലയിരുത്തലുണ്ട്. ബിഗ് സിക്‌സ് എന്ന് അറിയപ്പെടുന്ന രാജ്യത്തെ ആറ് പ്രധാന എനര്‍ജി കമ്പനികളില്‍ 5 എണ്ണവും അടുത്ത മാസം അവസാനത്തോടെ നിരക്ക് വര്‍ദ്ധന നടപ്പിലാക്കുകയാണ്. ബ്രിട്ടീഷ് ഗ്യാസിനു പുറമേ എന്‍പവര്‍, സ്‌കോട്ടിഷ് എനര്‍ജി, ഇ-ഓണ്‍, ഇഡിഎഫ്, എസ്എസ്ഇ മുതലായ കമ്പനികളാണ് നിരക്കു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
എനര്‍ജി ഭീമന്‍ സൗജന്യ കസ്റ്റമര്‍ സര്‍വീസ് നമ്പര്‍ പിന്‍വലിക്കുന്നു. 0800 സീരീസിലുള്ള നമ്പറില്‍ നിന്ന് 0333 സീരീസിലേക്കാണ് മാറ്റം. ഇനി മുതല്‍ കസ്റ്റമര്‍ സര്‍വീസില്‍ വിളിക്കുന്നവര്‍ ലോക്കല്‍ കോള്‍ നിരക്കുകള്‍ നല്‍കേണ്ടി വരും. ചില ഫോണ്‍ പാക്കേജുകളില്‍ ഈ കോളുകള്‍ സൗജന്യമാണെങ്കിലും മറ്റുള്ളവയില്‍ മിനിറ്റിന് 55 പെന്‍സ് വീതം നല്‍കേണ്ടി വരും. ഈ മാറ്റത്തിന് കമ്പനി കാരണമൊന്നും അറിയിച്ചിട്ടില്ല. മെയ് മാസം മുതല്‍ എനര്‍ജി നിരക്കില്‍ വര്‍ദ്ധന വരുത്തുമെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്കുള്ളിലാണ് ഉപഭോക്താക്കള്‍ക്കു മേല്‍ മറ്റൊരു ഭാരം കൂടി കമ്പനി അടിച്ചേല്‍പ്പിക്കുന്നത്. 4.1 മില്യന്‍ ഉപഭോക്താക്കളാണ് കമ്പനിക്ക് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം 572 മില്യന്‍ പൗണ്ട് ലാഭം ബ്രിട്ടീഷ് ഗ്യാസ് നേടിയിരുന്നു. മാതൃ കമ്പനിയായ സെന്‍ട്രിക്ക 1.25 ബില്യന്‍ പൗണ്ടാണ് ലാഭമുണ്ടാക്കിയത്. ചില ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ബില്ലുകളില്‍ ഇപ്പോഴും 0800 048 0202 എന്ന പഴയ നമ്പര്‍ തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കുന്നു. അതേ സമയം ഈയാഴ്ച ലഭിച്ച ബില്ലില്‍ 0333 202 9802 എന്ന നമ്പറാണ് നല്‍കിയിരിക്കുന്നതെന്ന് മറ്റു ചിലരും വ്യക്തമാക്കി. പുതിയ നമ്പറില്‍ വിളിച്ചിട്ട് കോളുകള്‍ ലഭിക്കുന്നില്ലെന്ന പരാതിയും ചിലര്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം പഴയ നമ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം 0333 നമ്പര്‍ ലഭിച്ചവരെ അറിയിച്ചിട്ടുമില്ല. പുതിയ നമ്പര്‍ അവതരിപ്പിച്ചിട്ട് കുറച്ചു കാലമായെന്നും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കായാണ് പഴയ നമ്പറെന്നും ബ്രിട്ടീഷ് ഗ്യാസ് അറിയിച്ചു. ഡിജിറ്റല്‍ ചാനലുകളിലൂടെ നിരവധി ഉപഭോക്താക്കള്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ബ്രിട്ടീഷ് ഗ്യാസ് എനര്‍ജി നിരക്കുകളില്‍ വര്‍ദ്ധന വരുത്തുന്നു. ഇല്ക്ട്രിസിറ്റി, ഗ്യാസ് നിരക്കുകളില്‍ 5.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തുന്നത്. പ്രതിവര്‍ഷം 60 പൗണ്ടിന്റെ വര്‍ദ്ധനവ് ഇതോടെ ബില്ലുകളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതോടെ രണ്ട് ബില്ലുകളിലുമായി വര്‍ഷത്തില്‍ ശരാശരി 1161 പൗണ്ട് ഉപഭോക്താവ് നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. മെയ് 29 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. ഈ സ്പ്രിംഗില്‍ എനര്‍ജി നിരക്കുകള്‍ ഉയര്‍ത്തുന്ന ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ് ഇതോടെ ബ്രിട്ടീഷ് ഗ്യാസ്. ഫിക്‌സഡ് ഡീലുകള്‍ അവസാനിച്ച് ഡിഫോള്‍ട്ട് താരിഫിലേക്ക് നീങ്ങിയിരിക്കുന്ന ഉപഭോക്താക്കള്‍ക്കും 60 പൗണ്ടിന്റെ വര്‍ദ്ധന ബാധകമായിരിക്കും. യുകെയിലെ ഏറ്റവും വലിയ എനര്‍ജി വിതരണക്കാരായ ബ്രിട്ടീഷ് ഗ്യാസിന് 4.1 മില്യന്‍ ഉപഭോക്താക്കളാണ് നിലവില്‍ ഉള്ളത്. ഹോള്‍സെയില്‍ വിലയിലും ഉദ്പാദനച്ചെലവിലുമുണ്ടായ വര്‍ദ്ധന മൂലമാണ് നിരക്കു വര്‍ദ്ധന വേണ്ടിവന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്. സര്‍ക്കാര്‍ നയങ്ങളും ഈ നിരക്കു വര്‍ദ്ധനയ്ക്ക് കാരണമാകുന്നുണ്ടെന്നും കമ്പനി പ്രതിനിധി മാര്‍ക്ക് ഹോഡ്ജസ് പറഞ്ഞു. എനര്‍ജി സിസ്റ്റത്തില്‍ മാറ്റം വരുത്താനുദ്ദേശിച്ച് നടപ്പാക്കുന്ന സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ വാസ്തവത്തില്‍ ഉപഭോക്താവിനു മേല്‍ സമ്മര്‍ദ്ദം വളര്‍ത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തിയാല്‍ മാത്രമേ എല്ലാ എനര്‍ജി വിതരണക്കാരുടെയും ഉപഭോക്താക്കള്‍ക്ക് ശരിയായ സേവനം ലഭിക്കുകയുള്ളു. ഇത്തരം ചെലവുകള്‍ എനര്‍ജി ബില്ലുകളെ സ്വാധീനിക്കാത്ത വിധത്തില്‍ ജനറല്‍ ടാക്‌സേഷനില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RECENT POSTS
Copyright © . All rights reserved