Brussels
നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കാന്‍ നീക്കവുമായി എംപിമാര്‍. രാഷ്ട്രീയ ഭേദമില്ലാതെയുള്ള നീക്കമാണ് നടക്കുന്നത്. മാര്‍ച്ചിനുള്ളില്‍ സര്‍വസമ്മതമായ ഉടമ്പടി രൂപീകരിക്കാന്‍ സാധിക്കില്ലെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു ഭേദഗതിക്ക് ശ്രമിക്കാനാണ് എംപിമാരുടെ സംഘം ശ്രമിക്കുന്നത്. ലേബര്‍ എംപി യിവെറ്റ് കൂപ്പര്‍, ടോറി മുന്‍ മന്ത്രിയായ സര്‍ ഒലിവര്‍ ലെറ്റ്‌വിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ശ്രമവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രിമാര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഒരു നീക്കത്തിനാണ് ഇവര്‍ തയ്യാറെടുക്കുന്നത്. ഈ മുന്നേറ്റത്തിന് പിന്തുണ നല്‍കിക്കൊണ്ട് നോ ഡീലിനെ എതിര്‍ക്കുന്ന മന്ത്രിമാര്‍ രാജി വെച്ചേക്കുമെന്നും വെസ്റ്റ്മിന്‍സ്റ്ററില്‍ ചിലര്‍ കരുതുന്നു. മേയ് അവതരിപ്പിച്ച ഉടമ്പടിയെ പിന്തുണച്ചില്ലെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ യൂണിയന്‍ മുഖ്യ നെഗോഷ്യേറ്റര്‍ പറഞ്ഞത് ബ്രെക്‌സിറ്റ് അനുകൂലികളുടെ രോഷം വിളിച്ചു വരുത്തിയതിനു പിന്നാലെയാണ് പുതിയ നീക്കം. ആര്‍ട്ടിക്കിള്‍ 50 നടപടികള്‍ക്ക് കൂടുതല്‍ സമയം നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറായേക്കുമെന്ന് ചീഫ് നെഗോഷ്യേറ്ററായ ഓലി റോബിന്‍സ് ബ്രസല്‍സിലെ ഒരു ഹോട്ടല്‍ ബാറില്‍ വെച്ച് തന്റെ സഹപ്രവര്‍ത്തകരോട് പറയുന്നത് കേട്ടുവെന്ന് ഐടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉടമ്പടിയെ എംപിമാര്‍ പിന്തുണച്ചില്ലെങ്കില്‍ ബ്രെക്‌സിറ്റ് ഒരു ദൈര്‍ഘ്യമേറിയ പ്രവൃത്തിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ ദീര്‍ഘിപ്പിക്കലിന്റെ കാര്യത്തില്‍ ബ്രസല്‍സിന് വ്യക്തതയുണ്ടോ എന്ന കാര്യത്തില്‍ മാത്രമാണ് വ്യക്തത വരേണ്ടത്. എന്തായാലും ഒടുവില്‍ ബ്രസല്‍സ് യുകെയ്ക്ക് കൂടുതല്‍ സമയം അനുവദിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ക്രിസ് ഫിലിപ്പ് ഈ റിപ്പോര്‍ട്ടിനെ തള്ളി. ഒരു ഉദ്യോഗസ്ഥന്‍ ബാറിലിരുന്ന് കുറച്ചു ഡ്രിങ്കുകള്‍ക്ക് ശേഷം പറയുന്നതും ഊഹിക്കുന്നതുമായ കാര്യങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പ്രധാനമന്ത്രി തന്റെ ആദ്യ കരാറിന് അംഗീകാരം വാങ്ങാന്‍ എംപിമാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കം നടത്തുകയാണോ എന്ന സംശയം പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ റോബിന്‍സിന്റെ കമന്റിന് കഴിഞ്ഞിട്ടുണ്ട്.
ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് ഉള്‍പ്പെടെ തിരിച്ചടി നേരിട്ട ബ്രെക്‌സിറ്റ് ഉടമ്പടിയിലെ വ്യവസ്ഥകളില്‍ വീണ്ടും ചര്‍ച്ചയ്ക്ക് സാധ്യത തേടി പ്രധാനമന്ത്രി ബ്രസല്‍സിലേക്ക്. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ യൂറോപ്യന്‍ നേതാക്കളായ ജീന്‍ ക്ലോദ് ജങ്കര്‍, ഡൊണാള്‍ഡ് ടസ്‌ക് എന്നിവര്‍ ഉടമ്പടി സംബന്ധിച്ച് കടുത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നിലവില്‍ രൂപീകരിച്ചിട്ടുള്ള ഉടമ്പടിയില്‍ വീണ്ടും ഒരു ചര്‍ച്ചയ്ക്കില്ലെന്നാണ് ഇരു നേതാക്കളും അറിയിച്ചിട്ടുള്ളത്. ബ്രസല്‍സുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ചകള്‍ക്കു മുന്നോടിയായി ഐറിഷ് ബാക്ക്‌സ്‌റ്റോപ്പില്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന മുതിര്‍ന്ന ക്യാബിനറ്റ് മിനിസ്റ്റര്‍മാര്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അടുത്തയാഴ്ച പാര്‍ലമെന്റില്‍ നടക്കാനിരിക്കുന്ന ബ്രെക്‌സിറ്റ് ഉടമ്പടി വോട്ടെടുപ്പിന് മുന്നോടിയായാണ് ബ്രസല്‍സില്‍ ചര്‍ച്ചകള്‍ നടത്താന്‍ പ്രധാനമന്ത്രി യാത്ര തിരിച്ചിരിക്കുന്നത്. ഈ ചര്‍ച്ചകള്‍ വിജയകരമായാല്‍ വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. പരാജയപ്പെട്ടാല്‍ വോട്ടെടുപ്പ് വ്യാഴാഴ്ചയായിരിക്കും നടക്കുക. പുതിയൊരു ഉടമ്പടിക്കായി മേയ്ക്ക് ശ്രമം നടത്തണമെങ്കില്‍ ബ്രെക്‌സിറ്റ് ദിവസത്തിന് ഒരു മാസം മുമ്പ് വരെയെങ്കിലും പാര്‍ലമെന്റിലെ വോട്ടെടുപ്പ് നീട്ടിവെക്കേണ്ടതുണ്ട്. തന്റെ ഉടമ്പടിയെ പിന്തുണയ്ക്കുന്നതിനായി എംപിമാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായാണ് ഇത്. എന്നാല്‍ ഈ വിധത്തില്‍ വൈകിപ്പിച്ചാല്‍ അത് ആര്‍ട്ടിക്കിള്‍ 50 നീട്ടുന്നതിലേക്കു വരെ നയിച്ചേക്കാമെന്ന് പ്രധാനമന്ത്രിക്ക് മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കുകയെന്നത് അനിവാര്യമാകുമെന്ന് ലേബര്‍ നേതാക്കളും അറിയിച്ചിട്ടുണ്ട്. ബ്രസല്‍സിലേക്ക് പുറപ്പെടുന്നതിനു മുമ്പായി പ്രധാനമന്ത്രിക്ക് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ അഞ്ചിന നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. ലേബറിന്റെ പിന്തുണ ബ്രെക്‌സിറ്റില്‍ ലഭിക്കണമെങ്കിലും രാജ്യത്തെ ഒന്നിച്ചു നിര്‍ത്തണമെങ്കിലും ഇവ അംഗീകരിക്കമെന്നാണ് കോര്‍ബിന്‍ അയച്ച കത്തില്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി 10 വിഷയങ്ങളില്‍ ഊന്നിയായിരിക്കും സംസാരിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ യൂറോപ്യന്‍ യൂണിയനിലേക്ക് നല്‍കി വരുന്ന ബജറ്റ് വിഹിതം വര്‍ഷങ്ങളോളം തുടര്‍ന്നും നല്‍കേണ്ടി വരും. യൂറോപ്യന്‍ കമ്മീഷന്‍ തയ്യാറാക്കിയ മുന്‍കരുതല്‍ പദ്ധതിയിലാണ് ഈ വ്യവസ്ഥയുള്ളത്. ബ്രെക്‌സിറ്റ് അനുകൂലികളുടെ വലിയ എതിര്‍പ്പ് വിളിച്ചു വരുത്തുന്ന നിര്‍ദേശമാണ് ഇത്. ബ്രിട്ടീഷ് പാര്‍ലമെന്റിലും ഇത് വലിയ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കും. 2019ലെയും വരും വര്‍ഷങ്ങളിലെയും യൂറോപ്യന്‍ ബജറ്റിലേക്ക് ബ്രിട്ടന്‍ വിഹിതം നല്‍കേണ്ടി വരുമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ബുധനാഴ്ചയാണ് ബ്രസല്‍സ് പുറത്തു വിട്ടത്. ഏപ്രില്‍ 18 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന അവസാന തിയതിക്കു ശേഷം നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ ബ്രിട്ടന് ഈ വ്യവസ്ഥ അംഗീകരിക്കേണ്ടി വരും. മാര്‍ച്ച് 29ന് അര്‍ദ്ധരാത്രിയാണ് ബ്രെക്‌സിറ്റ് ഔദ്യോഗികമായി നടപ്പാകുന്നത്. അതേസമയം നോ ഡീല്‍ പ്രതിഫലിക്കുമോ എന്ന് അറിയാന്‍ അല്‍പ സമയം നല്‍കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാലാണ് ഏപ്രില്‍ 18 വരെ സമയം നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ സഹായത്താല്‍ നടന്നു വരുന്ന കൃഷി, ഗവേഷണം തുടങ്ങിയവയ്ക്ക് നോ ഡീല്‍ ബ്രെക്‌സിറ്റ് സൃഷ്ടിക്കാവുന്ന ആഘാതം കുറയ്ക്കാന്‍ ബജറ്റ് വിഹിതം നല്‍കുന്നതിലൂടെ സാധിക്കുമെന്നാണ് യൂണിയന്‍ വ്യക്തമാക്കുന്നത്. 2019 മാര്‍ച്ച് 30 മുതല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള കരാറുകളിലെല്ലാം ഈ വ്യവസ്ഥ ബാധകമായിരിക്കും. ചില കരാറുകള്‍ക്ക് രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ കാലാവധിയുള്ളതിനാല്‍ ബജറ്റ് വിഹിതമായി പണം നല്‍കേണ്ടി വരുന്നത് ഇക്കാലമത്രയും തുടരേണ്ടതായി വന്നേക്കും. പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതുപോലെ 28 അംഗരാജ്യങ്ങള്‍ ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ പാലിക്കാന്‍ 28 രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും യൂറോപ്യന്‍ കമ്മീഷന്‍ പുറത്തുവിട്ട പ്രസ്താവന പറയുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏതെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നേരിട്ടിട്ടുള്ള ഏറ്റവും വലിയ തോല്‍വിയായിരിക്കും കോമണ്‍സില്‍ ഇന്ന് തെരേസ മേയ് നേരിടുകയെന്ന് റിപ്പോര്‍ട്ട്. 100 കണ്‍സര്‍വേറ്റീവ് എംപിമാരും പ്രധാനമന്ത്രിയുടെ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്നാണ് അവസാന വിവരം. ബില്ലിന്റെ പരാജയം സര്‍ക്കാരിനെയും രാജ്യത്തെയും അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടേക്കും. ബില്‍ പരാജയപ്പെട്ടാല്‍ തെരേസ മേയ് തന്റെ പ്ലാന്‍-ബി പുറത്തെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബ്രസല്‍സില്‍ എത്തി ഉടമ്പടിയില്‍ ഇളവുകള്‍ക്കായി യാചിക്കുക എന്നതു മാത്രമാണ് മേയ്ക്കു മുന്നിലുള്ള അടുത്ത വഴി. ഇതിനായി ഒരു റോയല്‍ എയര്‍ഫോഴ്‌സ് വിമാനം തയ്യാറാക്കി നിര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ ഇത്തരം സാവകാശങ്ങള്‍ തേടാന്‍ ഇവര്‍ക്ക് അവസരം കിട്ടുമോ എന്ന സംശയവും ഉയരുന്നുണ്ട്. എല്ലാ കണ്ണുകളും ലേബറിലേക്കും നേതാവ് ജെറമി കോര്‍ബിനിലേക്കുമാണ് നീളുന്നത്. ബില്‍ പരാജയപ്പെട്ടാല്‍ ലേബര്‍ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ബില്‍ പരാജയപ്പെട്ടാല്‍ മേയ് രാജിവെക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ബില്‍ പരാജയപ്പെട്ടാല്‍ ബ്രെക്‌സിറ്റ് തന്നെ ഉണ്ടാകില്ലെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ ക്യാമ്പില്‍ നിന്ന് ലഭിക്കുന്നത്. ഇടഞ്ഞു നില്‍ക്കുന്ന ബ്രെക്‌സിറ്റ് അനുകൂലികളെ ഒപ്പം നിര്‍ത്താനുള്ള അവസാന ശ്രമമെന്ന നിലയില്‍ ബില്‍ പരാജയപ്പെടുന്നത് രാജ്യത്തെ തകര്‍ക്കുമെന്ന പ്രസ്താവനയും മേയ് നടത്തി. പാര്‍ലമെന്റില്‍ നേരിട്ടേക്കാവുന്ന പരാജയത്തിനു പുറമേ, ബില്ലില്‍ ഇളവുകള്‍ വേണമെന്ന ആവശ്യം ബ്രസല്‍സ് തള്ളിയേക്കുമെന്നും സൂചനയുണ്ട്. എംപിമാരെ തണുപ്പിക്കാനുള്ള നീക്കമാണ് ബ്രസല്‍സിനെ വീണ്ടും സമീപിച്ചു കൊണ്ട് മേയ് നടത്തുക. എന്നാല്‍ ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് പോലെയുള്ള വിഷയങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് രാജ്യത്തെ വലിയൊരു ഭൂരിപക്ഷം ചിന്തിക്കുന്നുവെന്ന് സര്‍വേ. ബ്രെക്‌സിറ്റില്‍ നിര്‍ണ്ണായകമായ വോട്ടെടുപ്പ് പാര്‍ലമെന്റില്‍ നടക്കാനിരിക്കെയാണ് ഈ സര്‍വേ ഫലം പുറത്തു വന്നിരിക്കുന്നത്. ഇന്‍ഡിപ്പെന്‍ഡന്റ് ദിനപ്പത്രം നടത്തിയ സര്‍വേയില്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ 52 ശതമാനം പേര്‍ അനുകൂലിച്ചു. ഇന്‍ഡിപ്പെന്‍ഡന്റിനു വേണ്ടി ബിഎംജി റിസര്‍ച്ച് നടത്തിയ സര്‍വേയിലെ വിവരങ്ങള്‍ അനുസരിച്ച് സമ്മര്‍ മുതല്‍ യൂറോപ്പ് അനുകൂലികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ബ്രെക്‌സിറ്റിന്റെ സങ്കീര്‍ണ്ണതയും യാഥാര്‍ത്ഥ്യവും വ്യക്തമായതോടെ ഡിസംബറിലാണ് മിക്കയാളുകളും അഭിപ്രായത്തില്‍ നിന്ന് മാറിയത്. പ്രധാനമന്ത്രി തെരേസ മേയുടെ പിന്‍മാറ്റ കരാര്‍ വളരെ മോശം എന്ന അഭിപ്രായം പുലര്‍ത്തുന്നവരാണ് പകുതിയോളം പേര്‍. ചൊവ്വാഴ്ച കോമണ്‍സില്‍ വോട്ടിനെത്തുമ്പോള്‍ എംപിമാര്‍ ഈ ധാരണ തള്ളണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും രാജ്യമൊട്ടാകെ ഓടിനടന്ന് നടത്തുന്ന പ്രചാരണങ്ങള്‍ സമയം മെനക്കെടുത്തലാണെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. വിഷയത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസം പുറത്തു കൊണ്ടുവരാന്‍ മാത്രമേ ഇത് ഉപകരിച്ചുള്ളൂ. ഒരു രണ്ടാം ഹിതപരിശോധനയോ നോര്‍വേ മോഡലിലുള്ള ബന്ധത്തെക്കുറിച്ചോ ചിന്തിക്കാന്‍ സാധിച്ചില്ലെന്ന കുറ്റപ്പെടുത്തലും സര്‍വേയില്‍ പങ്കെടുത്തവര്‍ നടത്തുന്നു. നോര്‍വേ മാതൃകയെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന ആംബര്‍ റൂഡ് സംസാരിച്ചിരുന്നു. ഇത് പ്രധാനമന്ത്രി പരിഗണിക്കാതിരുന്നതാണ് വിമര്‍ശനത്തിന് കാരണമായത്. പിന്മാറ്റ ബില്‍ കോമണ്‍സ് തള്ളിയാല്‍ ബ്രസല്‍സ് വീണ്ടും ചര്‍ച്ചക്ക് സന്നദ്ധരാകുമെന്നും അതിലൂടെ കൂടുതല്‍ ഇളവുകള്‍ ചോദിച്ചു വാങ്ങാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുമെന്നും മുന്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് റൊമാനോ പ്രോഡി പറഞ്ഞു.
RECENT POSTS
Copyright © . All rights reserved