Business
രാജ്യത്തെ തൊഴില്‍ദാതാക്കള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥ സ്ഥാനങ്ങളിലുള്ളവരുടെയും സാധാരണ ജീവനക്കാരുടെയും വേതനത്തിലെ അന്തരം ബോധ്യപ്പെടുത്തണമെന്ന് നിയമം. ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന നിയമത്തിലാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 250 ജീവനക്കാരില്‍ ഏറെയുള്ള കമ്പനികളുടെ ഡയറക്ടര്‍മാര്‍ ഈ വ്യത്യാസം വെളിപ്പെടുത്തേണ്ടി വരുമെന്ന് ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് അറിയിച്ചു. പേയ് റേഷ്യോ എന്നാണ് ഇത് അറിയപ്പെടുന്നത്. ബ്രിട്ടനിലെ ബിസിനിസുകളില്‍ നിലവിലള്ള വേതന അസമത്വത്തെ ഇല്ലാതാക്കാന്‍ ഈ നിയമത്തിന് സാധിക്കില്ലെന്ന് ലേബറും യൂണിയനുകളും വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. എക്‌സിക്യൂട്ടീവ് വേതന നിരക്കുകളില്‍ കമ്പനി ഓഹരിയുടമകള്‍ നേരത്തേ തന്നെ വിമര്‍ശനമുന്നയിച്ചിരുന്നു. ചില കമ്പനി മേധാവികള്‍ക്ക് അമിത ശമ്പളം നല്‍കുന്നതിനെതിരെ അവര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പുതിയ നിയമം പേയ് റേഷ്യോ വെളിപ്പെടുത്തുന്നതിനു പുറമേ ഓഹരി നിരക്കുകളിലുണ്ടാകുന്ന വര്‍ദ്ധനവ് എക്‌സിക്യൂട്ടീ വ് വേതനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കും. പാര്‍ലമെന്റിന്റെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് കമ്പനികള്‍ തങ്ങളുടെ പേയ് റേഷ്യോ 2020 മുതല്‍ വെളിപ്പെടുത്തിത്തുടങ്ങണം. യുകെയിലെ വന്‍കിട ബിസിനസുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വേതനങ്ങള്‍ തമ്മിലുള്ള അന്തരത്തില്‍ ജീവനക്കാര്‍ക്കും ഓഹരിയുടമകള്‍ക്കുമുള്ള പ്രതിഷേധം കാണാതിരിക്കാനാകില്ലെന്ന് ബിസിനസ് സെക്രട്ടറി പറഞ്ഞു. മേലധികാരികള്‍ക്ക് കമ്പനിയുടെ പ്രകനത്തിനു മേല്‍ ശമ്പളം നല്‍കുന്നത് പലപ്പോഴും പ്രതിഷേധങ്ങള്‍ക്ക് കാരണമാകാറുണ്ട്. പെര്‍സിമ്മണ്‍, ബിപി തുടങ്ങിയ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വന്‍ ശമ്പളം നല്‍കിയതിലുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് പുതിയ നടപടി. ഷെല്‍, ലോയ്ഡ്‌സ്, ആസ്ട്രസെനെക, പ്ലേടെക്, വില്യം ഹില്‍, ജിവിസി, ഇന്‍മര്‍സാറ്റ് തുടങ്ങിയ കമ്പനികളിലും ഇത്തരം കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
RECENT POSTS
Copyright © . All rights reserved