canada
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ക്യാനഡയിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദക്ഷിണേന്ത്യന്‍ വംശജയായ ബ്രിട്ടീഷ് യുവതിയുടെ മരണകാരണം പുറത്ത്. ജ്യോതി പിള്ളയെന്ന 27 കാരി മുങ്ങി മരിക്കുകയായിരുന്നുവെന്ന് കനേഡിയന്‍ കൊറോണര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം ആത്മഹത്യയോ കൊലപാതകമോ ആകാനുള്ള സാധ്യതകള്‍ വിരളമാണെന്നും കൊറോണര്‍ സ്റ്റീവ് പോയ്ഷണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ബ്രിസ്‌റ്റോളില്‍ കഴിഞ്ഞ ദിവസം ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വായിച്ചു. വിദൂര മേഖലയിലുള്ള ബീച്ചിലേക്ക് ജ്യോതി ഹിച്ച്‌ഹൈക്ക് ചെയ്താണ് എത്തിയതെന്നും ഇന്‍ക്വസ്റ്റില്‍ പറയുന്നു. 2018 ജനുവരിയിലാണ് ജ്യോതി കാനഡയിലേക്ക് തനിച്ച് യാത്ര തിരിച്ചത്. മോണ്‍ട്രിയലില്‍ മൂന്നു മാസം താമസിച്ച ശേഷം പേഴ്‌സ് എന്ന സ്ഥലത്തേക്ക് ജ്യോതി തിരിക്കുകയായിരുന്നു. ലണ്ടനിലെ സെന്‍ട്രല്‍ സെയിന്റ് മാര്‍ട്ടിന്‍സില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിയായിരുന്ന ജ്യോതി യാത്രക്കു വേണ്ടി ഒരു സ്ലീപ്പിംഗ് ബാഗ് വാങ്ങുകയും പേഴ്‌സിലേക്ക് ഹിച്ച്‌ഹൈക്ക് ചെയ്ത് പോകുകയുമായിരുന്നു. ജ്യോതിയെ പേഴ്‌സില്‍ ഇറക്കിയ രണ്ടു വ്യക്തികളാണ് അവരെ ജീവനോടെ അവസാനം കണ്ടത്. ഏപ്രില്‍ 9-ാം തിയതി ജ്യോതിയുടെ മൃതദേഹം ബീച്ചില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ ബാഗും മറ്റു വസ്തുക്കളും മൃതദേഹത്തിനരികില്‍ ഉണ്ടായിരുന്നു. പാരാമെഡിക്കുകള്‍ പരിശോധിച്ചെങ്കിലും ആശുപത്രിയില്‍ വെച്ചാണ് ജ്യോതി മരിച്ചതായി പ്രഖ്യാപിച്ചത്. ജ്യോതിക്ക് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജ്യോതിയുടെ സ്മരണാര്‍ത്ഥം സെന്‍ട്രല്‍ സെയിന്റ് മാര്‍ട്ടിന്‍സ് യൂണിവേഴ്‌സിറ്റി ജ്യോതി പിള്ള മെമ്മോറിയല്‍ പ്രൈസ് ഏര്‍പ്പെടുത്തി. എം.ആര്‍ക്ക് വിദ്യാര്‍ത്ഥികളില്‍ മികവുള്ളവര്‍ക്ക് ഈ അവാര്‍ഡ് നല്‍കാനാണ് തീരുമാനം. ഇന്ത്യന്‍ വംശജയായ ജ്യോതി പിള്ള യുകെയിലാണ് ജനിച്ചതും വളര്‍ന്നതും. യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നതിനു മുമ്പ് കുടുംബത്തിനൊപ്പം ബ്രിസ്റ്റോളിലായിരുന്നു ജ്യോതി താമസിച്ചിരുന്നത്.
ഇന്ത്യ-ക്യാനഡ ബന്ധത്തിനിടയില്‍ ഖാലിസ്ഥാന്‍ വാദം വീണ്ടും പ്രതിസന്ധിയുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. 1980 മുതലുള്ള കാലഘട്ടത്തിലാണ് ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയില്‍ ഖാലിസ്ഥാന്‍ ഒരു പ്രശ്‌നമായി മാറുന്നത്. അടുത്തിടെ പ്രശ്‌നം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ശോഭ കെടുത്തിയതും ഖാലിസ്ഥാന്‍ പ്രശ്‌നമാണെന്ന വാദം ഉയര്‍ന്നിട്ടുണ്ട്. 2015 ജസ്റ്റിന്‍ ട്രൂഡോ അധികാരത്തിലെത്തുന്നത് തീവ്ര ഖാലിസ്ഥാനി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയോടു കൂടിയാണ്. കാനഡയില്‍ നിന്ന് സിഖ് തീവ്രവാദ സംഘടനകള്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ ഇല്ലാതാക്കുന്നതില്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് ഒരു മുന്‍ നയതന്ത്രജ്ഞന്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ഏപ്രിലില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഖല്‍സ ദിനത്തില്‍ സിഖ് തീവ്ര സംഘടനകള്‍ സംഘടിപ്പിച്ച പരേഡില്‍ പങ്കെടുത്തതോടെയാണ് ഖാലിസ്ഥാന്‍ പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നത്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ പ്രതിഷേധം കാനഡ സര്‍ക്കാരിനെ അറിയിച്ചിരുന്നു. 1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തെ തുടര്‍ന്നുണ്ടായി കൂട്ടക്കൊലയില്‍ ഇന്ത്യയെ പഴിച്ച് കനേഡിയന്‍ അസംബ്ലി രംഗത്ത് വന്നിരുന്നു. 1984 ജൂണില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന ഓപറേഷനിലും കൊല്ലപ്പെട്ട തീവ്ര സിഖ് കലാപകാരികളായ ജെര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാല, അമ്‌രീഖ് സിംഗ് എന്നിവരെ നായകന്മാരായി ഉയര്‍ത്തിക്കാണിച്ചായിരുന്നു ഖല്‍സ പരേഡ് നടന്നത്. മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ ഖല്‍സ ദിനത്തില്‍ നടന്ന പരേടുകളില്‍ പങ്കെടുത്തിരുന്നില്ല. ഇക്കാരണം കൊണ്ടു തന്നെ 2012ലെ മന്‍മോഹന്‍ സിംഗിന്റെയും 2015ല്‍ പ്രധാനമന്ത്രി മോഡിയുടേയും കാനഡ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം വളരാന്‍ സഹായിച്ചിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയെ സംബന്ധിച്ച് പരേഡില്‍ പങ്കെടുത്തത് യാതൊരു പ്രശ്‌നവും ഉണ്ടാക്കുന്ന കാര്യമല്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യടെ ആശങ്കയെ അദ്ദേഹം കണക്കിലെടുത്തില്ലെന്ന് കാനഡിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ വിഷ്ണു പ്രകാശ് ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കഴിഞ്ഞ മാസം തീവ്ര സിഖ് സംഘടനകള്‍ ഇന്ത്യയിലെ തെരെഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികള്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്) പ്രവര്‍ത്തകര്‍, ശിവസേന അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് കാനഡയില്‍ പ്രവേശനമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് എതിരായി കനേഡിയന്‍ സര്‍ക്കാര്‍ യാതൊരു വിധ നടപടിയും സ്വീകരിച്ചില്ലെന്ന വാദവും ശക്തമാണ്.
രണ്ട് വര്‍ഷമായി തുമ്പില്ലാതെ കിടന്നിരുന്ന കൊലപാതകത്തിന് തെളിവായി സെല്‍ഫി. റോസ് ആന്റണിയെന്ന കനേഡിയന്‍ യുവതിയാണ് പൊലീസ് പിടിയിലായത്. കുറ്റകൃത്യത്തിന് തൊട്ടു മുന്‍പ് കൊലപാതകി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് പിന്നീട് അവള്‍ക്കു തന്നെ വിനയായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; റോസ് ആന്റണി സുഹൃത്ത് ബ്രിട്‌നി ഗോര്‍ഗോളിനെ കൊലപ്പെടുത്തുകയും മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കുകയുമായിരുന്നു. സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മില്‍ ഒരു മദ്യപാന സദസ്സിനിടെ നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൈയ്യിലുണ്ടായിരുന്ന ബെല്‍റ്റ് ഉപയോഗിച്ച് റോസ് ബ്രിട്‌നി ഗോര്‍ഗോളിനെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. കുറേക്കാലം കേസിനാസ്പദമായ സംഭവത്തെക്കുറിച്ചോ കൊലപാതകിയെക്കുറിച്ചോ പൊലീസിന് തെളിവൊന്നും ലഭിച്ചിരുന്നില്ല. ബ്രിട്‌നി ഗോര്‍ഗോളിന്റെ മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബെല്‍റ്റ് മാത്രമായിരുന്നു തെളിവായി ലഭിച്ചിരുന്നത്. ബെല്‍റ്റ് തെളിവായി സൂക്ഷിച്ചെങ്കിലും ആരുടേതാണെന്ന് കണ്ടെത്തിയിരുന്നില്ല. റോസ് പോസ്റ്റ് ചെയ്ത ചിത്രം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ആ ചിത്രത്തില്‍ റോസ് മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബെല്‍റ്റ് ധരിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് റോസ് ആന്റണിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്. എന്നാല്‍ കോടതിയില്‍ റോസ് തനിക്കൊന്നും അറിയില്ലെന്നും താന്‍മൂലമാണ് ഗോര്‍ഗോള്‍ മരിച്ചെങ്കില്‍ കുറ്റബോധമുണ്ടെന്നുമാണ് പറഞ്ഞത്. അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മയില്ലെന്നും റോസ് കോടതിയെ അറിയിച്ചു. പൊലീസ് നല്‍കിയ തെളിവുകള്‍ അംഗീകരിച്ച കോടതി റോസിന് ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.
RECENT POSTS
Copyright © . All rights reserved