Cancer
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്  ക്യാൻസർ രോഗികൾക്ക് ശരിയായ ചികിത്സ നൽകാൻ എൻ എച്ച് എസ് പാടുപെടുന്നുവെന്ന് മുതിർന്ന ഡോക്ടർമാർ. യുകെയിലുടനീളമുള്ള ആശുപത്രികൾ ജീവനക്കാരുടെ അഭാവം മൂലം ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് റോയൽ കോളേജ് ഓഫ് റേഡിയോളജിസ്റ്റ്സ് പറഞ്ഞു. ഇത് മൂലം രോഗികൾ സുപ്രധാന പരിശോധനകൾക്കും ചികിത്സകൾക്കുമായി വളരെക്കാലം കാത്തിരിക്കേണ്ടി വരുന്നു. മിക്ക ക്യാൻസർ യൂണിറ്റുകളിലും റേഡിയോ തെറാപ്പിക്കും കീമോതെറാപ്പിക്കും ഇടയ്ക്കിടെ കാലതാമസം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജീവനക്കാരുടെ ക്ഷാമം പരിഹരിച്ചുകൊണ്ടുള്ള പുതിയ പ്ലാൻ ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രിമാർ പറഞ്ഞു. അടുത്ത 15 വർഷത്തിനുള്ളിൽ സർക്കാർ ജീവനക്കാരുടെ വിടവ് നികത്തുന്നത് എങ്ങനെ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പദ്ധതി പുറത്ത് വിടാനുള്ള താമസം ആരോഗ്യ മേഖലയിൽ ഉള്ളവരിൽ കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏപ്രിൽ മുതൽ ഇംഗ്ലണ്ടിലെ 22,533 രോഗികൾ ക്യാൻസർ രോഗനിർണയത്തിനോ ചികിത്സയ്‌ക്കോ വേണ്ടി രണ്ട് മാസത്തിലേറെ കാത്തിരിക്കേണ്ടതായി വരുന്നു. മാർച്ചിലെ കണക്കുകൾ നോക്കുമ്പോൾ ഇത് 19,023 ആയി ഉയരും. ക്യാൻസറും മറ്റ് ചികിത്സയ്ക്കുമായി കാത്തിരിക്കുന്ന രോഗികളുടെ വെയ്റ്റിംഗ് ലിസ്റ്റിൽ നിലവിൽ 7.4 ദശലക്ഷം ആളുകളുണ്ട്. ഇത് 2007-ൽ ഈ സംവിധാനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. കോവിഡിന് മുൻപ് തന്നെ ക്യാൻസർ സംബന്ധമായ ചികിത്സ നൽകുന്നതിൽ എൻ എച്ച് എസ് ബുദ്ധിമുട്ടിയിരുന്നു. ലോക്ക്ഡൗൺ മൂലം സ്കാനുകളും ചികിത്സയും ഈ കണക്കുകൾ കുത്തനെ ഉയർത്തി. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ജിപിയുടെ അടിയന്തര റഫറൽ കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ചികിത്സ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. വെയിൽസിൽ അടിയന്തിരവും അല്ലാത്തതുമായ റഫറലുകൾ എന്നിവ അടിസ്ഥാനം ആക്കിയായിരിക്കും ക്യാൻസർ ചികിത്സ.
ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് ഹോസ്പിറ്റല്‍ ട്രസ്റ്റിനെതിരെ മാനനഷ്ടത്തിന് പരാതി നല്‍കുമെന്ന് എന്‍എച്ച്എസ് നേതൃത്വം. ക്യാന്‍സര്‍ ചികിത്സയിലെ സുപ്രധാനമായ ഒരു ഘട്ടം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെയാണ് എന്‍എച്ച്എസ് രംഗത്തെത്തിയിരിക്കുന്നത്. ഇത് രോഗികള്‍ക്ക് ദോഷകരമാകുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ആരോപിക്കുന്നത്. ക്യാന്‍സര്‍ സ്‌കാനിംഗ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കാനുള്ള ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ തീരുമാനമാണ് വിവാദമായിരിക്കുന്നത്. ഈ നീക്കത്തില്‍ നിന്ന് ട്രസ്റ്റ് അടിയന്തരമായി പിന്‍മാറണമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടു. ട്രസ്റ്റിന്റെ നീക്കത്തിനെതിരെ ഡോക്ടര്‍മാരും എംപിമാരും രോഗികളും രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ട്രസ്റ്റിന് വക്കീല്‍ നോട്ടീസ് അയക്കുകയായിരുന്നു. അസാധാരണ സംഭവമായാണ് ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ എന്‍എച്ച്എസ് സോളിസിറ്ററായ ഡിഎസി ബീച്ച്‌ക്രോഫ്റ്റ് ട്രസ്റ്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്‍ഹെല്‍ത്ത് എന്ന സ്വകാര്യ കമ്പനിയെ പെറ്റ് സ്‌കാനിംഗ് നടത്തിപ്പിനുള്ള ചുമതല ഏല്‍പ്പിക്കാന്‍ നേരത്തേ എന്‍എച്ച്എസ് ഇംഗ്ലണ്ട് തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുകയും കഴിഞ്ഞയാഴ്ച ഈ തീരുമാനത്തില്‍ നിന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പിന്തിരിയുകയും ചെയ്തു. രണ്ട് പെറ്റ് സ്‌കാനറുകള്‍ ട്രസ്റ്റിന്റെ ചര്‍ച്ചില്‍ ഹോസ്പിറ്റലില്‍ തന്നെ നിലനിര്‍ത്തിയിരുന്നു. പിന്നീട് ഇന്‍ഹെല്‍ത്തിനു തന്നെ പെറ്റ് സ്‌കാനിംഗ് നടത്താന്‍ ആശുപത്രി അനുവാദം നല്‍കുകയായിരുന്നു. ഇപ്പോള്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് നടത്തുന്ന നീക്കത്തിനെതിരെ പ്രദേശത്തെ എംപിയും ലേബര്‍ അംഗവുമായ ആന്‍ലീസ് ഡോഡ്‌സ് രംഗത്തെത്തിയിട്ടുണ്ട്. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ നീക്കം സംശയകരമാണെന്ന് അവര്‍ പറഞ്ഞു.
അപൂര്‍വ്വ ക്യാന്‍സറിനോട് പൊരുതുന്ന അഞ്ചു വയസുകാരന് ചികിത്സക്കായി വിത്തു കോശങ്ങള്‍ വേണം. ഓസ്‌കാര്‍ സാക്‌സെല്‍ബി-ലീ എന്ന വോസ്റ്റര്‍ഷയര്‍ സ്വദേശിയായ ബാലന് ക്യാന്‍സറില്‍ നിന്ന രക്ഷനേടാന്‍ സ്‌റ്റെം സെല്‍ ചികിത്സയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ടി-സെല്‍ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രക്താര്‍ബുദമാണ് ഓസ്‌കാറിന് ബാധിച്ചിരിക്കുന്നത്. കുട്ടിക്ക് ചേരുന്ന വിത്തുകോശങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 6000ത്തോളം ആളുകളാണ് ഇതിനോടകം വിത്തുകോശങ്ങള്‍ ചേരുമോ എന്നറിയാന്‍ പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. കഴിഞ്ഞയാഴ്ച 5000 ആളുകള്‍ പരിശോധന നടത്തി. ഇന്നലെ ഒരു ദിവസം മാത്രം വൂസ്റ്ററിലെ ഗില്‍ഡ് ഹാളില്‍ 1090 പേരാണ് പരിശോധനയ്ക്കായി എത്തിയത്. മൂന്നു മാസത്തിനുള്ളില്‍ വിത്തുകോശ ചികിത്സ ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ക്യാന്‍സര്‍ കണ്ടെത്തിയതിനു ശേഷം ഓസ്‌കാര്‍ കീമോതെറാപ്പിക്ക് വിധേയനായിരുന്നു. എന്നാല്‍ പൂര്‍ണ്ണ രോഗമുക്തി നേടണമെ ങ്കില്‍ കൂടുതല്‍ മികച്ച ചികിത്സ ആവശ്യമാണ്. കുട്ടിയുടെ ശരീരത്തില്‍ ചതവു പോലെയുള്ള പാടുകള്‍ കണ്ടെത്തിയതോടെയാണ് മാതാപിതാക്കളായ ഒലീവിയ സാക്‌സെല്‍ബിയും ജാമീ ലീയും ഡോക്ടറെ സമീപിച്ചത്. പിന്നീട് നടത്തിയ പരിശോധനകളിലാണ് കുട്ടിക്ക് അപൂര്‍വ്വ ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ വാരാന്ത്യത്തില്‍ ഓസ്‌കാറിന് ചേരുന്ന സ്െറ്റം സെല്‍ ദാതാക്കളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് വിത്തുകോശ പരിശോധനയ്ക്ക് 4855 പേരാണ് എത്തിയത്. പിറ്റമാസ്റ്റണ്‍ പ്രൈമറി സ്‌കൂളില്‍ നടന്ന പരിശോധനയ്ക്ക് മഴയെയും അവഗണിച്ച് ആളുകള്‍ ക്യൂ നില്‍ക്കുകയായിരുന്നു. ഡികെഎംഎസ് എന്ന ചാരിറ്റിയാണ് സ്വാബ് ശേഖരണം നടത്തിയത്. ഇതിനു മുമ്പ് സ്വാബ് ശേഖരണത്തിന് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത് 2200 ആളുകള്‍ മാത്രമായിരുന്നു. വൂസ്റ്റര്‍ഷയര്‍ എംപി റോബിന്‍ വോക്കര്‍, വൂസ്റ്റര്‍ മേയര്‍ ജബ്ബ റിയാസ് തുടങ്ങിയവരും സ്വാബ് പരിശോധനയ്ക്ക് എത്തി. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബ്രിട്ടനില്‍ ഓരോ വര്‍ഷവും 650 പേരെ ബാധിക്കാറുണ്ട്. അവരില്‍ പകുതിയും കുട്ടികളാണ്.
വന്‍കുടലിനെ ബാധിച്ച ക്യാന്‍സര്‍ നിര്‍ണ്ണയിക്കപ്പെട്ടപ്പോള്‍ വെറും മാസങ്ങള്‍ മാത്രം ആയുസ് പ്രതീക്ഷിച്ച മധ്യവയസ്‌കന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ രോഗമുക്തി. ഇവാന്‍ ഡാഗ് എന്ന 53കാരനാണ് ലോകത്ത് ആദ്യമായി നടത്തിയ ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായും രോഗമുക്തനായത്. 2013ല്‍ ശരീരഭാരം അമിതമായി കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്. നാലാം ഘട്ട ക്യാന്‍സറാണ് ഇവാനെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കരളിലേക്കും രോഗം പടരുകയും ഇവാന്റെ ആരോഗ്യനില മോശമാകുകയും ചെയ്തു. കീമോതെറാപ്പിയിലൂടെ രോഗമുക്തിക്ക് 6 ശതമാനം സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ പ്രവചിച്ചത്. നിരവധി തവണ ട്യൂമറുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ഇവാന്റെ ആരോഗ്യനിലയില്‍ കഴിഞ്ഞ വര്‍ഷം വരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായതുമില്ല. പിന്നീട് 2018 ജനുവരിയില്‍ സ്പയര്‍ ലീഡ്‌സ് ഹോസ്പിറ്റലില്‍ നടത്തിയ ശസ്ത്രക്രിയയാണ് ഇവാന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ലോകത്തില്‍ ആദ്യമായി നടത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ഈ കരള്‍ ശസ്ത്രക്രിയയില്‍ കരളിലേക്കുള്ള പ്രധാന രക്തക്കുഴലിലുണ്ടായിരുന്ന ട്യൂമര്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു. ഹെപ്പാറ്റിക് വെയിന് സമീപമുള്ള ട്യൂമറുകള്‍ മാത്രമാണ് നീക്കിയത്. മുന്‍ ശസ്ത്രക്രിയക്കു ശേഷം ഇവാന്റെ കരളില്‍ പുതിയ രക്തക്കുഴല്‍ രൂപംകൊണ്ടിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ ആരോഗ്യം വീണ്ടെടുത്ത ഇവാന്‍ ഇപ്പോള്‍ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. അതേ സമയം ഇനിയെന്ത് സംഭവിക്കും എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പൊന്നുമില്ല എന്നാണ് ഇവാന്‍ പറയുന്നത്. അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും ഒന്നും പറയാന്‍ കഴിയില്ല. പക്ഷേ താന്‍ ഭാഗ്യവാനാണെന്ന് അദ്ദേഹം പറയുന്നു. പ്രൊഫ.പീറ്റര്‍ ലോഡ്ജ് ആണ് ഇവാന്റെ ശസ്ത്രക്രിയ നടത്തിയത്. വളരെ അപകടകരമായ ഒന്നായിരുന്നു ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹെപ്പാറ്റിക് വെസല്‍ എന്ന് അറിയപ്പെടുന്ന പ്രധാന രക്തക്കുഴലുകളായിരുന്നു ഇതിനു മുമ്പ് നടന്ന ശസ്ത്രക്രിയകളില്‍ തനിക്ക് മുറിച്ചു മാറ്റേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ ട്യൂമറുകള്‍ മാത്രമേ നീക്കം ചെയ്യേണ്ടി വന്നുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്യാന്‍സര്‍ നിര്‍ണ്ണയത്തില്‍ വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന ശ്വാസ പരിശോധന ബ്രിട്ടനില്‍ പരീക്ഷിക്കുന്നു. രോഗമുള്ളവരുടെ നിശ്വാസ വായുവിലൂടെ പുറത്തു വരുന്ന ക്യാന്‍സര്‍ മുദ്രകളുള്ള തന്മാത്രകളെ കണ്ടെത്തുകയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്ന ബ്രെത്ത് ബയോപ്‌സി ഡിവൈസ് ചെയ്യുന്നത്. പ്രാഥമിക ഘട്ടത്തിലുള്ള ക്യാന്‍സറുകള്‍ പോലും ഈ രീതിയിലൂടെ കണ്ടെത്താന്‍ കഴിയും. ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഘട്ടത്തില്‍ത്തന്നെ രോഗനിര്‍ണ്ണയം വളരെ ചെലവു കുറഞ്ഞ രീതിയില്‍ നടത്താന്‍ ഈ ഉപകരണം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആയിരക്കണക്കിനാളുകളെ മാരക രോഗത്തില്‍ നിന്ന് രക്ഷിക്കാനും ഹെല്‍ത്ത്‌കെയര്‍ ചെലവില്‍ മില്യന്‍ കണക്കിന് പൗണ്ട് ലാഭമുണ്ടാക്കാനും ഇത് സഹായിക്കുമെന്നുമാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. കേംബ്രിഡ്ജിലെ അഡന്‍ബ്രൂക്‌സ് ഹോസ്പിറ്റലിലായിരിക്കും പരീക്ഷണം നടക്കുക. ഇത് രണ്ടു വര്‍ഷത്തോളം നീണ്ടു നില്‍ക്കും. ക്യാന്‍സര്‍ രോഗികളും അല്ലാത്തവരുമായ 1500 പേരിലായിരിക്കും പരീക്ഷണം നടത്തുക. ആദ്യഘട്ടത്തില്‍ അന്നനാളത്തിലും ആമാശയത്തിലും ക്യാന്‍സര്‍ ഉള്ള രോഗികളെയായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക. പിന്നീട് പ്രോസ്‌റ്റേറ്റ്, കിഡ്‌നി, മൂത്രസഞ്ചി, കരള്‍, പാന്‍ക്രിയാസ് എന്നിവിടങ്ങളില്‍ ക്യാന്‍സര്‍ ബാധിച്ചവരെ ഉപകരണം ഉപയോഗിച്ച് പരിശോധിക്കും. ക്യാന്‍സര്‍ എന്ന മഹാരോഗം നേരത്തേ കണ്ടെത്താനും രോഗികളെ രക്ഷിക്കാനും ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ അടിയന്തരമായി നിര്‍മിക്കണമെന്ന് ക്യാന്‍സര്‍ റിസര്‍ച്ച് യുകെ കേംബ്രിഡ്ജ് സെന്ററിലെ പ്രൊഫ. റബേക്ക ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു. നിസ്വാസ വായുവിലൂടെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ സ്ഥിരീകരിക്കുകയാണ് ഈ പരിശോധനയിലൂടെ ചെയ്യുന്നത്. സാങ്കേതിക വിദ്യയുടെ അടുത്ത ഘട്ട വികാസത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പാണ് ഇതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് കമ്പനിയായ ഔള്‍സ്റ്റോണ്‍ മെഡിക്കല്‍ ആണ് ഈ ഉപകരണം കണ്ടെത്തിയിരിക്കുന്നത്. കമ്പനിയും ക്യാന്‍സര്‍ റിസര്‍ച്ച് യുകെയും ചേര്‍ന്നാണ് പാന്‍ ക്യാന്‍സര്‍ ട്രയല്‍ ഫോര്‍ ഏര്‍ലി ഡിറ്റക്ഷന്‍ ഓഫ് ക്യാന്‍സര്‍ ഇന്‍ ബ്രെത്ത് എന്ന പേരില്‍ പരീക്ഷണം നടത്തുന്നത്.
RECENT POSTS
Copyright © . All rights reserved