car
ട്രെയിന്‍ യാത്ര ചെലവേറിയതാകുന്നു. കാറില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ 13 ഇരട്ടി വരെ പണം ട്രെയിന്‍ ടിക്കറ്റുകള്‍ക്കായി നല്‍കേണ്ടി വരുന്നുണ്ടെന്നാണ് വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടനിലെ 20 ഇടങ്ങളിലേക്ക് പീക്ക് ടൈമില്‍ നടത്തിയ യാത്രകളില്‍ കാര്‍ യാത്രയാണ് താരതമ്യേന ചെലവ് കുറഞ്ഞതെന്ന് വ്യക്തമായി. നിരക്കുകളിലുണ്ടാകുന്ന വര്‍ദ്ധനയില്‍ ട്രെയിന്‍ യാത്രക്കാര്‍ ക്ഷുഭിതരാണ്. ഗതാഗത തടസങ്ങളും കാര്യേജുകളിലെ തിരക്കുമെല്ലാം നിരക്കുകള്‍ കുറയ്ക്കാന്‍ കമ്പനികള്‍ക്കു മേല്‍ സമ്മര്‍ദ്ദം ഏറ്റുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആറു മാസത്തിനിടെ പെട്രോള്‍ വില ഏറ്റവും ഉയര്‍ന്നിരിക്കുന്ന ഈ സമയത്തും ശരാശരി ഫുള്‍ ടാങ്ക് അണ്‍ലെഡഡ് നിറയ്ക്കാന്‍ 70 പൗണ്ട് മാത്രം മതിയാകും. ബ്രിട്ടനിലെ ഏറ്റവും വില്‍പനയുള്ള കാറായ ഫോര്‍ഡ് ഫിയസ്റ്റയിലാണ് പെട്രോള്‍പ്രൈസ് ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് പഠനം നടത്തിയത്. 20 യാത്രകളില്‍ ഉണ്ടാകുന്ന ഇന്ധനച്ചെലവാണ് പഠന വിധേയമാക്കിയത്. ഒരു ദിവസം മുമ്പ് ബുക്ക് ചെയ്ത് പീക്ക് ടൈമില്‍ നടത്തിയ റിട്ടേണ്‍ റെയില്‍ യാത്രകളുടെ നിരക്കുമായി ഇതിനെ താരതമ്യം ചെയ്തുകൊണ്ടുള്ള ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ ഇവ തമ്മിലുള്ള വ്യത്യാസം വ്യക്തമായി. രാവിലെ 8 മണിക്കായിരുന്നു യാത്രകള്‍. ലൂട്ടണില്‍ നിന്ന് കേംബ്രിഡ്ജിലേക്കും തിരിച്ചും ഇതേ സമയത്തുള്ള ട്രെയിന്‍ യാത്രയ്ക്ക് 84.60 പൗണ്ടാണ് ചെലവായത്. അതേസമയം കാറില്‍ ഈ ദൂരം യാത്ര ചെയ്യാന്‍ ആവശ്യമായി വന്നത് 6.40 പൗണ്ടിന്റെ പെട്രോള്‍ മാത്രമാണ്. കാറില്‍ 40 മൈല്‍ ദൂരമാണ് ഈ യാത്രയില്‍ സഞ്ചരിക്കേണ്ടി വരുന്നത്. ഈ കേന്ദ്രങ്ങള്‍ തമ്മില്‍ നേരിട്ട് ലിങ്ക് ഇല്ലാത്തതിനാല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ലണ്ടനില്‍ ഇറങ്ങി മാറിക്കയറേണ്ട അവസ്ഥയും ഉണ്ട്. ലണ്ടന്‍-മാഞ്ചസ്റ്റര്‍ യാത്രയ്ക്ക് ട്രെയിനില്‍ 327 പൗണ്ടാണ് നല്‍കേണ്ടത്. 398 മൈല്‍ വരുന്ന ഈ യാത്രയ്ക്ക് കാറില്‍ ചെലവാകുന്നത് 33.97 പൗണ്ടിന്റെ ഇന്ധനം മാത്രം. എന്നാല്‍ തടസങ്ങളില്ലെങ്കില്‍ വളരെ വേഗത്തില്‍ ട്രെയിനുകള്‍ എത്തിച്ചേരും എന്ന സൗകര്യവും ഉണ്ട്. ലണ്ടന്‍ യൂസ്റ്റണില്‍ നിന്ന് മാഞ്ചസ്റ്ററിലെ പിക്കാഡിലിയിലേക്ക് കാര്‍ യാത്രയേക്കാള്‍ പത്തിരട്ടി പണം നല്‍കേണ്ടി വരുമെങ്കിലും രണ്ടു മണിക്കൂറില്‍ ഇവിടെ എത്തിച്ചേരും. കാറിലാണെങ്കില്‍ നാലു മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്യേണ്ടി വരും.
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പ്യൂഷേയ്ക്ക് വില്‍ക്കുകയാണെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉടമകളായ ടാറ്റ മോട്ടോഴ്‌സ്. വില്‍പനയ്ക്കായുള്ള നീക്കങ്ങള്‍ സജീവമാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ടാറ്റ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരു കമ്പനികളും ലയിച്ചാലുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് വിവരിക്കുന്ന പോസ്റ്റ് സെയില്‍ ഇന്റഗ്രേഷന്‍ ഡോക്യുമെന്റ് ആണ് പുറത്തായത്. ലയനം സംബന്ധിച്ചുള്ള വാര്‍ത്തകളും പ്രചാരണങ്ങളും ടാറ്റ നിഷേധിച്ചെങ്കിലും ഇതിനായുള്ള അണിയറ നീക്കങ്ങള്‍ സജീവമാണെന്നാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഒരു വില്‍പനയോ വാങ്ങലോ നടക്കാനുള്ള സാധ്യതയിലേക്കാണ് പുറത്തു വന്ന രേഖകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് അവര്‍ സൂചന നല്‍കി. പ്യൂഷേ, സിട്രോണ്‍, വോക്‌സ്‌ഹോള്‍ തുടങ്ങിയവയുടെ നിര്‍മാതാക്കളായ പിഎസ്എയും ഇത്തരമൊരു ഇടപാട് നടക്കുന്നില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമങ്ങളുടെ ഊഹങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു ടാറ്റ വ്യക്തമാക്കിയത്. ഈ അഭ്യൂഹങ്ങളില്‍ സത്യത്തിന്റെ അംശം ഇല്ലെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂല്യമുണ്ടാക്കുന്ന ഏതൊരു അവസരത്തിനോടും തുറന്ന വാതില്‍ സമീപനമാണ് തങ്ങള്‍ക്കുള്ളതെന്ന് പിഎസ്എ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറോ മറ്റേതെങ്കിലും കമ്പനിയോ ഏറ്റെടുക്കുന്നതില്‍ തങ്ങള്‍ക്ക് തിടുക്കമില്ലെന്നും കമ്പനി വക്താവ് അറിയിച്ചു. തങ്ങളുടെ വ്യവസായ സാമ്രാജ്യം വികസിപ്പിക്കുന്നതിന് താല്‍പര്യമുണ്ടെന്ന് പിഎസ്എ തലവന്‍ കാര്‍ലോസ് ടവാരസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ജെഎല്‍ആര്‍ പരിഗണിക്കാന്‍ സന്നദ്ധനാണെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. ബ്രെക്‌സിറ്റിനു ശേഷം ഡീസല്‍ വാഹനങ്ങളുടെ ആവശ്യം ഇടിയുമെന്നതിനാലും ചൈനീസ് മാര്‍ക്കറ്റില്‍ വില്‍പന കുറഞ്ഞതിനാലും യുകെയിലെ 5000 ജോലിക്കാരെ പിരിച്ചുവിടുമെന്ന് ജനുവരിയില്‍ ജെഎല്‍ആര്‍ പ്രഖ്യാപിച്ചിരുന്നു.
കാറുകളില്‍ സ്പീഡ് ലിമിറ്ററുകള്‍ വെക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിബന്ധനക്കെതിരെ ഓട്ടോമൊബൈല്‍ അസോസിയേഷന്‍. ഈ നിര്‍ദ്ദേശം നടപ്പായാല്‍ ചില സുരക്ഷാ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ അറിയിച്ചു. ശരിയായ സമയത്ത് ശരിയായ വേഗത നിര്‍ണ്ണയിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് കഴിയും. എന്നാല്‍ അതിനായി സ്ഥാപിക്കുന്ന സാങ്കേതികത ഒട്ടും സുരക്ഷിതമായിരിക്കില്ലെന്ന് എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു. ഏറ്റവും മികച്ച സ്പീഡ് ലിമിറ്റര്‍ ഡ്രൈവറുടെ വലതുകാലാണ്. ഇത് ശരിയായ സമയത്ത് ശരിയായ സ്പീഡ് നിര്‍ണ്ണയിക്കും. ശരിയായ വേഗമെന്നത് സ്പീഡ് ലിമിറ്റിന്റെ താഴെയായിരിക്കും മിക്ക സമയങ്ങളിലും. സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ ഏറെയുള്ളപ്പോള്‍ വേഗം കുറച്ചായിരിക്കും വാഹനങ്ങള്‍ പോകുന്നത്. എന്നാല്‍ സ്പീഡ് ലിമിറ്റര്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന വേഗത്തില്‍ ഓടാന്‍ പ്രേരിപ്പിച്ചേക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ചിലപ്പോള്‍ കുറച്ചു വേഗതയെടുക്കുന്നത് റോഡിലെ സുരക്ഷയ്ക്ക് അത്യാവശ്യമായിരിക്കും. ഗ്രാമപ്രദേശങ്ങളില്‍ ട്രാക്ടറുകളെ ഓവര്‍ടേക്ക് ചെയ്യാനും മോട്ടോര്‍വേയില്‍ കയറാനുമൊക്കെ ഇത് ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 2022 മുതല്‍ കാറുകളില്‍ സ്പീഡ് ലിമിറ്റര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്റ് എന്ന ഈ ബ്ലാക്ക് ബോക്‌സ് ജിപിഎസ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ പ്രദേശങ്ങളിലെയും സ്പീഡ് ലിമിറ്റ് കടന്നു പോകാതെ വാഹനത്തെ നിയന്ത്രിക്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ കാറുകളുടെ എല്ലാ പുതിയ മോഡലുകളിലും ഇത് സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. ബ്രെക്‌സിറ്റ് പ്രാവര്‍ത്തികമായാലും ബ്രിട്ടനിലെ കാറുകളിലും ഇത് സ്ഥാപിക്കേണ്ടി വരും. ഇത് യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ തുടരുന്നതിനു സമമായിരിക്കുമെന്ന് യുകെയുടെ വെഹിക്കിള്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി പറയുന്നു. ഐഎസ്എ സ്ഥാപിക്കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും യൂറോപ്യന്‍ അംഗ രാജ്യങ്ങളുടെയും അംഗീകാരത്തിനായി സെപ്റ്റംബറില്‍ എത്താനിരിക്കുകയാണ്.
ഇന്ത്യന്‍ വംശജയായ യുവതി പ്രസവിച്ചത് കാറിന്റെ പിന്‍സീറ്റില്‍. ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് ബോള്‍ട്ടനില്‍ താമസിക്കുന്ന സോനല്‍ വാസ്ത പ്രസവിച്ചത്. പക്ഷേ കാര്‍ ഡ്രൈവ് ചെയ്യുകയായിരുന്ന ഭര്‍ത്താവ് വിക് വാസ്ത തന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കുകയാണെന്ന കാര്യം മനസിലായതു പോലുമില്ല. 35കാരിയായ സോനലിന്റെ ആദ്യ പ്രസവമായിരുന്നു ഇത്. തിരക്കേറിയ റോഡിലൂടെ വിക് കാര്‍ ആശുപത്രിയിലേക്ക് പായിക്കുന്നതിനിടെ പിറന്ന മിഹാന്‍ എന്ന ആണ്‍കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നു. താന്‍ പ്രസവിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ വിക് വിശ്വസിച്ചില്ലെന്ന് സോനല്‍ പറഞ്ഞു. കുഞ്ഞിന്റെ തല പുറത്തു വന്നപ്പോള്‍ കാര്‍ നിര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടുവെന്നും സോനല്‍ വ്യക്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലില്‍ ഫിനാന്‍സ് ഓഫീസറായ സോനലിന് നവംബര്‍ 30നാണ് പ്രസവ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. മിഡ് വൈഫുമാരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രസവവേദനയുടെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. അത്ര ശാന്തമായാണ് സോനല്‍ ഫോണില്‍ സംസാരിച്ചത്. പക്ഷേ മിനിറ്റുകള്‍ക്കുള്ളില്‍ ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയും സോനലും ഭര്‍ത്താവും ആശുപത്രിയിലേക്ക് തിരിക്കുകയും ചെയ്തു. ഗര്‍ഭകാലത്ത് ഹിപ്‌നോബര്‍ത്തിംഗ്, യോഗ തുടങ്ങിയവയില്‍ സോനല്‍ പരിശീലനം നേടിയിരുന്നു. ഇവ മൂലമായിരിക്കാം പ്രസവ സമയത്ത് വളരെ ശാന്തമായിരിക്കാന്‍ സാധിച്ചതെന്നാണ് ഈ ദമ്പതികള്‍ വിശ്വസിക്കുന്നത്. ക്ലാസുകൡ പ്രസവ സ്ഥലത്തെക്കുറിച്ച് ചിന്തിക്കാന്‍ പറയുമായിരുന്നു. എന്നാല്‍ ഒരിക്കലും തന്റെ പ്രസവം കാറിനുള്ളിലായിരിക്കുമെന്ന് ചിന്തിച്ചിരുന്നില്ലെന്ന് സോനല്‍ പറഞ്ഞു. കാറിനുള്ളില്‍ വെച്ച് കുട്ടി പുറത്തു വരാന്‍ തുടങ്ങിയെന്ന് പറഞ്ഞിട്ടും വിക്കിന് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയിലെത്തിയിട്ടാണ് വിക് കാര്‍ നിര്‍ത്തിയത്. പൊക്കിള്‍ക്കൊടി കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റിക്കിടക്കുകയായിരുന്നു. അത് എടുത്തു മാറ്റണമെന്ന് ചിന്തിക്കാന്‍ അപ്പോള്‍ തനിക്കു കഴിഞ്ഞുവെന്നും സോനല്‍ പറഞ്ഞു. കുഞ്ഞിന്റെ പുറം തടവിക്കൊടുത്തപ്പോള്‍ അവന്‍ ചുമച്ചു. അപ്പോളാണ് തനിക്ക് ആശ്വാസമായത്. ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടാണ് തങ്ങള്‍ യാത്ര ചെയ്തത്. മിഡൈ്വഫുമാര്‍ എല്ലാക്കാര്യങ്ങളും പറഞ്ഞുതന്നു. കാര്‍പാര്‍ക്കില്‍ അവര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നുവെന്നും സോനല്‍ വ്യക്തമാക്കി.
ബ്രെക്‌സിറ്റ് ഭീതിയില്‍ ഒട്ടേറെ കമ്പനികള്‍ ബ്രിട്ടനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുയകയും ഉദ്പാദന പ്ലാന്റുകള്‍ ഉള്‍പ്പെടെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റുകയും ചെയ്തപ്പോള്‍ അതിനോട് മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്‍. തങ്ങളുടെ എക്‌സ്-ട്രെയില്‍ എസ്.യുയുവിയുടെ നിര്‍മാണത്തിനായി സന്‍ഡര്‍ലാന്‍ഡിലെ പ്ലാന്റില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും 2016ല്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനത്തില്‍ നിന്ന് നിസാന്‍ പിന്നോട്ടു പോകുന്നു. നിലവില്‍ പ്ലാന്റില്‍ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതു കൂടാതെ നിക്ഷേപം നടത്തുന്നത് നിര്‍ത്തിവെക്കുകയാണെന്നു കൂടി കമ്പനി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഹൂട്ടന്‍ ആന്‍ഡ് സന്‍ഡര്‍ലാന്‍ഡ് സൗത്തിലെ ലേബര്‍ എംപിയായ ബ്രിജറ്റ് ഫിലിപ്‌സണ്‍ ട്വിറ്റര്‍ സന്ദേശത്തില്‍ ഇതേക്കുറിച്ച് സൂചന നല്‍കി. നോര്‍ത്ത് ഈസ്റ്റിലെ സാമ്പത്തികരംഗത്തിന് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണ് ഇതെന്നും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും ട്വീറ്റില്‍ അവര്‍ പറഞ്ഞു. നിസാന്റെ വിജയത്തെ ആശ്രയിച്ച് നിരവധി പേരുടെ ജീവിതങ്ങളുണ്ടെന്നും അവരുടെ ജോലി നഷ്ടപ്പെടുമെന്നും അവര്‍ പറയുന്നു. സന്‍ഡര്‍ലാന്‍ഡ് സെന്‍ട്രലിലെ ലേബര്‍ എംപിയായ ജൂലി എലിയറ്റും വിഷയത്തില്‍ പ്രതികരിച്ചു. ബ്രെക്‌സിറ്റിന്റെ ഒഴിവാക്കാനാകാത്ത വശമാണ് ഇതെന്നും രാജ്യത്ത് വ്യവസായ നിക്ഷേപം കൊണ്ടുവരുന്നതില്‍ ബ്രെക്‌സിറ്റിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. സന്‍ഡര്‍ലാന്‍ഡ് പ്ലാന്റിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകാതിരിക്കാന്‍ എല്ലാ മാര്‍ഗ്ഗവും താന്‍ നോക്കുന്നുണ്ട്. ഇടപെടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കി. 1986 മുതല്‍ സന്‍ഡര്‍ലാന്‍ഡിലെ പ്ലാന്റില്‍ നിസാന്‍ കാറുകള്‍ ഉത്പാദിപ്പിച്ചു വരികയാണ്. 7000 ജീവനക്കാരാണ് ഇവിടെയുള്ളത്. ഈ പ്ലാന്റില്‍ നിന്നായിരിക്കും അടുത്ത തലമുറ എക്‌സ്-ട്രെയില്‍, ക്വാഷ്‌കായ് തുടങ്ങിയവ നിര്‍മിക്കുക എന്ന് 2016ല്‍ കമ്പനി അറിയിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിലും കൂടുതല്‍ നിക്ഷേപത്തിന് കമ്പനി തയ്യാറായത്. എന്നാല്‍ പുതിയ തീരുമാനത്തിന് കാരണമെന്താണെന്ന് അറിയില്ലെന്ന് ബിബിസി ബിസിനസ് റിപ്പോര്‍ട്ടര്‍ റോബ് യംഗ് പറഞ്ഞു.
RECENT POSTS
Copyright © . All rights reserved