Care
പഠന വൈകല്യവും ഓട്ടിസവും ബാധിച്ചവരെ എന്‍എച്ച്എസ് കെയര്‍ വര്‍ക്കര്‍മാര്‍ അധിക്ഷേപിക്കുന്ന രംഗങ്ങളുമായി ഡോക്യുമെന്ററി പുറത്ത്. ബിബിസി പനോരമയാണ് ഞെട്ടിക്കുന്ന ഡോക്യുമെന്ററി പുറത്തു വിട്ടത്. കൗണ്ടി ഡേര്‍ഹാമിലെ വോള്‍ട്ടണ്‍ ഹോള്‍ കെയറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. രോഗികളെ ജീവനക്കാര്‍ അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതുമായ രംഗങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അണ്ടര്‍ കവര്‍ റിപ്പോര്‍ട്ടര്‍ ഒലിവിയ ഡേവിസ് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രോഗികളെ മനപൂര്‍വം ഉപദ്രവിക്കാറുണ്ടെന്ന് ആറ് ജീവനക്കാര്‍ ഒലിവിയയോട് പറഞ്ഞു. രോഗികളുടെ മുഖത്തടിച്ചിട്ടുണ്ടെന്നും ചിലര്‍ വെളിപ്പെടുത്തി. സംഭവം മാനസിക പീഡനമാണെന്ന് ലേബര്‍ കുറ്റപ്പെടുത്തി. ഡോക്യുമെന്ററി പുറത്തുവന്നതിനെത്തുടര്‍ന്ന് ക്ഷമാപണവുമായി സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഡോക്യുമെന്ററിയില്‍ കണ്ട കാര്യങ്ങള്‍ അപലപനീയമാണെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ കരോളിന്‍ ഡൈനനേജ് കോമണ്‍സില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആരോഗ്യ, പരിപാലന സംവിധാനങ്ങളുടെ പേരില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ പറഞ്ഞു. ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി. രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന വിധത്തിലാണോ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുമെന്നും അവര്‍ വിശദീകരിച്ചു. വീട്ടില്‍ നിന്ന് അകന്ന് ഇത്തരം കെയറുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ കിട്ടുന്നുണ്ടോ എന്ന് ഉറപ്പാക്കുമെന്നും ഇക്കാര്യത്തില്‍ മേല്‍നോട്ടത്തിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. 17 ബെഡുകളുള്ള ആശുപത്രി അന്വേഷണത്തിന്റെ ഭാഗമായി അടച്ചിരിക്കുകയാണ്. ഡേര്‍ഹാം കോണ്‍സ്റ്റാബുലറി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രോഗികളെ ഇവിടെ നിന്ന് മാറ്റുകയും സ്ഥാപനത്തിലെ 16 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 2017ല്‍ വളരെ മികച്ച സ്ഥാപനമെന്ന് സാക്ഷ്യപ്പെടുത്തിയ കെയര്‍ ക്വാളിറ്റി കമ്മീഷനും സംഭവത്തില്‍ ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
കെയര്‍ ഹോമുകളില്‍ പെന്‍ഷനര്‍മാര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഇംഗ്ലണ്ടിലെ പല കെയര്‍ ഹോമുകളിലും ഇതാണ് അവസ്ഥയെന്നാണ് ആക്ഷേപം ഉയരുന്നത്. പണം നല്‍കാന്‍ കഴിവുള്ളവര്‍ക്കു പോലും വളരെ ദയനീയമായ പരിചരണമാണ് ലഭിക്കുന്നത്. 7585 ഇംഗ്ലീഷ് പോസ്റ്റ്‌കോഡുകളില്‍ 75 ശതമാനം പ്രദേശങ്ങളിലും കെയര്‍ ഹോം ബെഡുകള്‍ കിട്ടാനില്ല. മൂന്നില്‍ രണ്ടിടങ്ങളില്‍ നഴ്‌സിംഗ് കെയര്‍ സൗകര്യം ലഭ്യമല്ലെന്നും വിശകലനം വ്യക്തമാക്കുന്നു. 2244 പേര്‍ക്ക് കെയര്‍ ഹോം ബെഡുകള്‍ ലഭ്യമല്ലെന്നാണ് കണക്ക്. അതേസമയം 30 ശതമാനം ആളുകള്‍ക്ക് പ്രാദേശികമായി ഈ കെയര്‍ സൗകര്യം കിട്ടാക്കനിയാണെന്നും പഠനത്തില്‍ വ്യക്തമായി. 65 വയസിനു മേല്‍ പ്രായമുള്ള 1.4 മില്യന്‍ ആളുകള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നതേയില്ല. എയിജ് യുകെയ്ക്കു വേണ്ടി ഇന്‍സിസീവ് ഹെല്‍ത്ത് എന്ന ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍സിയാണ് പഠനം നടത്തിയത്. സോഷ്യല്‍ കെയര്‍ വര്‍ക്ക് ഫോഴ്‌സിന്റെ ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കിലും വര്‍ഷങ്ങളായി രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതെ വന്നതും ലോക്കല്‍ അതോറിറ്റികള്‍ ബജറ്റ് വെട്ടിച്ചുരുക്കിയതും ശരിയായ സേവനം ലഭ്യമാക്കാനുള്ള ഈ സംവിധാനത്തിന്റെ ശേഷി ഇല്ലാതാക്കിയതായി കണ്‍സള്‍ട്ടന്‍സി പ്രതിനിധി കീരാന്‍ ലൂസിയ പറഞ്ഞു. ഹള്‍, ഈസ്റ്റ് യോര്‍ക്ക്ഷയര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നഴ്‌സിംഗ് ഹോ ബെഡ് ലഭിക്കുകയെന്നത് അസാധ്യമായി മാറിയിരിക്കുകയാണ്. മൂന്നു വര്‍ഷത്തിനിടെ ഈ സൗകര്യത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഡെവണ്‍, ടോട്ട്‌നസ് തുടങ്ങിയ പ്രദേശങ്ങളിലും ഇതേ സാഹചര്യമാണ് നിലവിലുള്ളത്. പെന്‍ഷനര്‍മാര്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ പോലും അതാതു സ്ഥലങ്ങളില്‍ കെയര്‍ കിട്ടുന്നത് വിദൂര സാധ്യത മാത്രമായി മാറിയിരിക്കുന്നു. ഇതു മൂലം തങ്ങളുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സാമീപ്യമില്ലാത്ത ദൂരെയുള്ള കെയര്‍ഹോമുകളില്‍ കഴിയേണ്ട അവസ്ഥയാണ് പ്രായമുള്ളവര്‍ക്കെന്നും പഠനം വ്യക്തമാക്കുന്നു.
മാതാപിതാക്കളുടെ അശ്രദ്ധ മൂലം കെയര്‍ ഹോമുകളിലേക്ക് മാറ്റപ്പെട്ട സഹോദരങ്ങളായ ആറു കുട്ടികള്‍ക്കു വേണ്ടി വന്‍ തുക ചെലവാക്കുന്നതിനെ വിമര്‍ശിച്ച് കോടതി. ലീഡ്‌സ് ഫാമിലി കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് ഹോള്‍മാന്‍ ആണ് കുട്ടികളുടെ സംരക്ഷണത്തിനായി പ്രതിവര്‍ഷം 5 ലക്ഷം പൗണ്ട് ചെലവാകുന്നതിനെ വിമര്‍ശിച്ചത്. കുട്ടികളെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് ആകില്ലെന്ന് വ്യക്തമായതോടെയാണ് കുട്ടികളെ കൗണ്‍സില്‍ ഏറ്റെടുത്തത്. എന്നാല്‍ ഇവരുടെ സംരക്ഷണത്തിനായി ആഴ്ചയില്‍ 10,000 പൗണ്ട് വീതം ചെലവാകുന്നത് നിരാശാജനകമാണെന്ന് ജഡ്ജ് പറഞ്ഞു. മദ്യപാനിയായ പിതാവ് സ്ഥിരമായി കുട്ടികളുടെ അമ്മയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് കോടതി സ്ഥിരീകരിച്ചു. കുട്ടികള്‍ക്ക് വേണ്ട ശ്രദ്ധയോ പരിഗണനയോ ലഭിച്ചിരുന്നില്ല. അവര്‍ക്ക് ടിവി കാണാന്‍ നല്‍കുകയോ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നല്‍കുകയോ ആയിരുന്നു പതിവ്. ഇവരെ സ്‌കൂളില്‍ അയക്കുകയോ മറ്റു കുട്ടികളുമായി ഇടപഴകാന്‍ അനുവദിക്കുകയോ ചെയ്തിരുന്നില്ല. ഇവരില്‍ ഒരു പെണ്‍കുട്ടിയെ മൂത്ത ആണ്‍കുട്ടി ലൈംഗികമായി ഉപദ്രവിച്ചതായും കണ്ടെത്തി. മൂന്നു വയസ് മുതല്‍ 16 വയസ് വരെ പ്രായമുള്ളവരാണ് കുട്ടികള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇവരെ മൂന്ന് റെസിഡെന്‍ഷ്യല്‍ ഹോമുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മൂത്തയാള്‍ ഒരു ചില്‍ഡ്രന്‍സ് ഹോമിലാണ്. മറ്റു രണ്ട് ആണ്‍കുട്ടികള്‍ മറ്റൊരു ചില്‍ഡ്രന്‍സ് ഹോമിലും മൂന്നു പെണ്‍കുട്ടികളെ ഏജന്‍സി ഫോസ്റ്റര്‍ ഹോമുകളിലും പാര്‍പ്പിച്ചിരിക്കുന്നു. കുട്ടികളെ ഈ വിധത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതിനാല്‍ ലോക്കല്‍ അതോറിറ്റിക്ക് ആഴ്ചയില്‍ 10,000 പൗണ്ടെങ്കിലും ചെലവു വരുന്നുണ്ട്. ഇത് വര്‍ഷത്തില്‍ അര മില്യന്‍ പൗണ്ട് എത്തുമെന്നും കോടതി വിലയിരുത്തി. മൂത്ത ആണ്‍കുട്ടി സഹോദരിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കിലും കുടുംബ പശ്ചാത്തലം അവനെയും ഇരയായി പരിഗണിക്കാന്‍ കോടതിയെ പ്രേരിപ്പിക്കുകയാണെന്നും ജഡ്ജ് പറഞ്ഞു. തകരുന്ന കുടുംബങ്ങള്‍ കുട്ടികള്‍ക്കു മാത്രമല്ല, നികുതി ദായകനു കൂടി ബാധ്യതയാകുകയാണെന്നാണ് ഹെന്റി ജാക്‌സണ്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അലന്‍ മെന്‍ഡോസ പറയുന്നത്.
വിവാഹം കഴിഞ്ഞ് 67 വര്‍ഷമായി ഒന്നിച്ചു കഴിയുന്ന ദമ്പതികള്‍ ഗവണ്‍മെന്റ് സംവിധാനങ്ങളുടെ അപര്യാപ്തത മൂലം പിരിയേണ്ടി വരുമോ എന്ന് ആശങ്ക. ചെംസ്ലി വുഡ് സ്വദേശികളായ ഫ്രാങ്ക് സപ്രിംഗെറ്റ് (91) ഭാര്യ മെരി (86) എന്നിവര്‍ കൗണ്‍സില്‍ ഫണ്ടിംഗ് ലഭിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പിരിഞ്ഞു ജീവിക്കേണ്ടി വരുമോ എന്ന ആശങ്കയില്‍ കഴിയുന്നത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വൂട്ടന്‍ വേവന്‍ എന്ന കെയര്‍ ഹോമിലാണ് ഇരുവരും ഇപ്പോള്‍ കഴിയുന്നത്. എന്നാല്‍ ഇവര്‍ക്ക് പ്രൈവറ്റ് കെയര്‍ നല്‍കാന്‍ കുടുംബത്തിന് പണമില്ല. കൗണ്‍സില്‍ കെയറാണ് ഇനി ആശ്രയം. ഇരുവര്‍ക്കും വ്യത്യസ്തമായ ആവശ്യങ്ങളാണ് ഉള്ളതെന്നതിനാല്‍ രണ്ട് ഇടങ്ങളിലേക്ക് ഇവരെ മാറ്റുമോ എന്ന് ആശങ്കയുണ്ടെന്ന് മകള്‍ ജോവാന്‍ ഡൗണ്‍സ് പറഞ്ഞു. അല്‍ഷൈമേഴ്‌സ രോഗ ബാധിതയായ മേരിക്ക് കെയര്‍ നല്‍കാമെന്ന് ലോക്കല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഫ്രാങ്കിന് സ്വന്തം ഫ്‌ളാറ്റില്‍ താമസിക്കാന്‍ കഴിയുമെന്നാണ് കൗണ്‍സില്‍ വിലയിരുത്തുന്നതെന്ന് ഡൗണ്‍സ് പറയുന്നു. ഇരുവരെയും ഒരുമിച്ച് താമസിപ്പിക്കുന്നതിനായി ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഫ്രാങ്കും മേരിയും ഇതുവരെ പിരിഞ്ഞു താമസിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇപ്പോള്‍ പിരിക്കുന്നത് അവരെ തകര്‍ത്തു കളയുമെന്നും മകള്‍ വ്യക്തമാക്കി. മേരിക്ക് അല്‍ഷൈമേഴ്‌സ് രോഗമുണ്ട്. ഫ്രാങ്കിന് പേശികള്‍ മരവിക്കുന്ന വാതരോഗവും ടൈപ്പ് 2 ഡയബറ്റിസ് രോഗവുമുണ്ട്. ഇദ്ദേഹത്തിന്റെ കേള്‍വിശക്തി പൂര്‍ണ്ണമായും നഷ്ടമായിട്ടുമുണ്ട്. കഴിഞ്ഞ മാര്‍ച്ച് വരെ ഇരുവരും ചെംസ്ലി വുഡിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മറവി രോഗം ഗുരുതരമായതോടെ മേരി വീടുവിട്ട് പുറത്തിറങ്ങി അലഞ്ഞു നടക്കാന്‍ തുടങ്ങി. അയല്‍ക്കാരും ഒരിക്കല്‍ ഒരു പോസ്റ്റ്മാനുമാണ് ഇവരെ വീട്ടില്‍ തിരികെയെത്തിച്ചത്. ഇപ്പോള്‍ ശരിയായി സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍ ഉള്ളത്. ഫ്രാങ്ക് നാലു തവണ വീട്ടിനുള്ളില്‍ വീണു. സന്ധിവാതവും വീഴ്ച നല്‍കിയ ആഘാതവും അദ്ദേഹത്തിന്റെ കൈകള്‍ക്ക് ഒരു ഫ്രെയിമിന്റെ പിന്തുണ വേണ്ട അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇവരെ ഒരുമിച്ച് നിര്‍ത്തുന്നതിനായി മക്കളായ റോഡെറിക്ക് സ്പ്രിംഗെറ്റും ജോവാന്‍ ഡൗണ്‍സും ശ്രമങ്ങള്‍ തുടരുകയാണ്. ദമ്പതികളുടെ മൂന്നാമത്തെ കുട്ടി 2005ല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചിരുന്നു.
രോഗികള്‍ക്ക് പണം നേരിട്ട് നല്‍കുന്ന സംവിധാനം എന്‍എച്ച്എസ് ആവിഷ്‌കരിക്കുന്നു. രോഗികള്‍ക്ക് അനുയോജ്യമായ കെയറിംഗ് സംവിധാനം സ്വയം തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഇതിലൂടെ രോഗികള്‍ക്ക് ലഭിക്കുന്നത്. പേഴ്‌സണല്‍ അലവന്‍സായി ലക്ഷക്കണക്കിന് രോഗികള്‍ക്ക് പണം നല്‍കും. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ഡിമെന്‍ഷ്യ, പഠന വൈകല്യങ്ങള്‍ എന്നിവയുള്ളവര്‍ക്ക് തങ്ങള്‍ക്കാവശ്യമായ ചികിത്സ ഏതു വിധത്തിലുള്ളതാകണമെന്ന് തെരഞ്ഞെടുക്കാം. രോഗികളിലേക്ക് അധികാരം തിരിച്ചെത്തിക്കുക എന്ന ആശയമാണ് ഇതിലൂടെ നടപ്പാക്കുന്നത്. എന്നാല്‍ രോഗികള്‍ക്ക് ഇപ്രകാരം ചെയ്യണമെങ്കില്‍ ഒരു ഡോക്ടറുടെ അപ്രൂവല്‍ ആവശ്യമാണ്. പേഴ്‌സണല്‍ ഹെല്‍ത്ത് ബജറ്റുകള്‍ ആര്‍മിയില്‍ നിന്ന് വിരമിച്ചവര്‍ക്കും വീല്‍ച്ചെയറില്‍ കഴിയുന്നവര്‍ക്കും നല്‍കി വരുന്നുണ്ട്. അതിനു സമാനമായാണ് എന്‍എച്ച്എസും അലവന്‍സുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് പൗണ്ടുകള്‍ ഈ വിധത്തില്‍ രോഗികള്‍ക്ക് കൈമാറാനാണ് പദ്ധതി. ഇതിലൂടെ രോഗികള്‍ക്ക് സ്വന്തമായി കെയറര്‍മാരെ നിയോഗിക്കാന്‍ കഴിയും പേഴ്‌സണല്‍ അസിസ്റ്റന്റുമാരെ നിയോഗിക്കാനും ഉപകരണങ്ങള്‍ വാങ്ങാനും എക്‌സര്‍സൈസ് ക്ലാസുകളില്‍ പങ്കെടുക്കാനുമുള്ള സാമ്പത്തിക സ്വാതന്ത്ര്യമാണ് രോഗികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. നിരവധി പേര്‍ ഈ നീക്കത്തെ അനുകൂലിക്കുമ്പോള്‍ വിമര്‍ശകരും കുറവല്ല. ചികിത്സക്കായി നല്‍കുന്ന പണം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇത് ഉപയോഗിച്ച് ഹോളിഡേകള്‍ ആഘോഷിക്കുമെന്നും അരോമതെറാപ്പി പോലെയുള്ള വ്യാജ വൈദ്യത്തിന് ഉപയോഗിക്കപ്പെടുമെന്നും വിമര്‍ശനമുയരുന്നു. നിലവില്‍ 23,000 പേര്‍ക്ക് പേഴ്‌സണല്‍ ബജറ്റ് എന്‍എച്ച്എസ് നല്‍കുന്നുണ്ട്. ഇത് 350,000 ആയി ഉയര്‍ത്താനാണ് മന്ത്രിമാര്‍ ലക്ഷ്യമിടുന്നത്. എന്‍എച്ച്എസ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് എന്നിവരുടെ പിന്തുണയോടെയാണ് ഈ പദ്ധതി നിലവില്‍ വരുന്നത്.
RECENT POSTS
Copyright © . All rights reserved