Cars
ആഴ്ചയിലെ ദിവസങ്ങള്‍ക്കനുസരിച്ച് മോട്ടോര്‍വേകളില്‍ കാറുകളുടെ സ്പീഡ് ലിമിറ്റ് ക്രമീകരിക്കുമെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട്. റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ കുറയുന്നതനുസരിച്ച് 50മൈല്‍ പരിധിയില്‍ നിന്ന് 60 മൈല്‍ വരെയായി സ്പീഡ് ലിമിറ്റ് ഉയര്‍ത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഞായറാഴ്ചകളിലായിരിക്കും പരമാവധി സ്പീഡ് ലിമിറ്റ് ലഭിക്കുക. റോഡ് പണികള്‍ മൂലം ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് അറിയിച്ചു. റോഡ് വര്‍ക്കുകള്‍ നടക്കുന്നയിടങ്ങളില്‍ വേഗപരിധികളില്‍ മാറ്റം വരുത്തും. റോഡ് പണികള്‍ നടക്കുന്ന പ്രദേശങ്ങളില്‍ വേഗം കുറയ്ക്കാനും പണികള്‍ നടക്കാത്തയിടങ്ങളില്‍ പരമാവധി വേഗപരിധി അനുവദിക്കാനുമാണ് നീക്കം. റോഡ് പണികള്‍ നടക്കുന്ന അവസരങ്ങളില്‍ നാരോ ലെയിനുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ 50 മൈല്‍ വേഗതയാണ് സാധാരണയായി അനുവദിക്കാറുള്ളത്. ഇപ്രകാരം വേഗ പരിധികളില്‍ മാറ്റം വരുത്തുന്നത് പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കോ ഡ്രൈവര്‍മാര്‍ക്കോ എന്തെങ്കിലും ദോഷം വരുത്തുമോ എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. റോഡ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് അറിയാമെങ്കിലും ജനങ്ങള്‍ ഇവയില്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം ഒ' സള്ളിവന്‍ പറയുന്നു. അതുകൊണ്ടാണ് എല്ലാവര്‍ക്കും സൗകര്യപ്രദമായ വിധത്തില്‍ രീതികളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തോളം പഠനങ്ങള്‍ നടത്തിയ ശേഷമായിരിക്കും ഇത് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടന്‍: ഡീസല്‍ കാറുകളുടെ റോഡ് ടാക്‌സില്‍ വന്‍ വര്‍ദ്ധന വരുത്തിയതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളുമായി പുതുക്കിയ വാഹന നികുതി നിരക്കുകള്‍ പ്രാബല്യത്തിലേക്ക്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ത്രീ ബാന്‍ഡ് ടാക്‌സ് സംവിധാനമാണ് നടപ്പിലാകുന്നത്. ടാക്‌സ് ഫ്രീ ബാന്‍ഡിലേക്ക് പ്രവേശനം ബുദ്ധിമുട്ടാകുന്ന വിധത്തിലാണ് പുതിയ നിയമങ്ങള്‍. നിരക്കുകളില്‍ കാര്യമായ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. കാറുകളുടെ റോഡ് ടാക്‌സ് 800 പൗണ്ടില്‍ നിന്ന് 1200 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുതിയ കാറുകള്‍ വാങ്ങിയവര്‍ക്ക് ആദ്യമായി രണ്ടാം വര്‍ഷ ചാര്‍ജുകളെ അഭിമുഖീകരിക്കേണ്ടി വരുന്നതും ഈ പരിഷ്‌കാരത്തിന്റെ പ്രത്യേകതയാണ്. ആദ്യ വര്‍ഷത്തെ കാര്‍ ടാക്‌സുകള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളലിന്റെ അടിസ്ഥാനത്തിലായിരിക്കും നിര്‍ണ്ണയിക്കുക. പരമാവധി 2000 പൗണ്ട് വരെയായിരിക്കും ഈ നിരക്ക്. രണ്ടാം വര്‍ഷത്തില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് 140 പൗണ്ട് മാത്രം റോഡ് ടാക്‌സായി നല്‍കിയാല്‍ മതിയാകും. ഹൈബ്രിഡ്, ബയോ എഥനോള്‍, എല്‍പിജി വാഹനങ്ങള്‍ക്ക് ഇത് 130 പൗണ്ട് മാത്രമായിരിക്കും. സിറോ എമിഷന്‍ വാഹനങ്ങള്‍ക്ക് ഈ തുക നല്‍കേണ്ടതില്ലെന്ന പ്രത്യേകതയുമുണ്ട്. ഇത് കൂടാതെ പുതിയ ചില വ്യവസ്ഥകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഡീസല്‍ കാറുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് പുതിയ നിയമത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിശോധനകളില്‍ യൂറോ 6 മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതില്‍ ടാക്‌സ് ബാന്‍ഡില്‍ ഒരു നില മുകളിലേക്കായിരിക്കും ഇവ കടക്കുക. പുതിയ ഫോര്‍ഡ് ഫോക്കസിന് ആദ്യവര്‍ഷം 20 പൗണ്ട് അധികം നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പോര്‍ഷെ കായേന്‍ 500 പൗണ്ട് അധികമായി നല്‍കേണ്ടി വരും. ഇത് കാറുകള്‍ക്ക് മാത്രമാണ്. വാനുകള്‍ക്കും കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കും ഈ നിരക്ക് ബാധകമല്ല. കിലോമീറ്ററിന് 50 ഗ്രാം വരെ കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്തുവിടുന്ന കാറുകള്‍ പത്ത് പൗണ്ടും 51 മുതല്‍ 71 വരെ ഗ്രാം പുറത്തുവിടുന്നവ 25 പൗണ്ടുമാണ് നല്‍കേണ്ടി വരിക. ഉയര്‍ന്ന നിരക്കായി 2000 പൗണ്ട് വരെ ഈടാക്കും. 40,000 പൗണ്ടില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് 310 പൗണ്ട് സര്‍ചാര്‍ജ് അടക്കേണ്ടതായി വരും. വില കുറഞ്ഞ കാര്‍ വാങ്ങി അതില്‍ എക്‌സ്ട്രാകള്‍ ഘടിപ്പിച്ച് മൊത്തം വില 40,000 പൗണ്ടിനു മേലെത്തിയാലും ഈ പ്രീമിയം നല്‍കേണ്ടിവരും. എന്നാല്‍ 40,000പൗണ്ടിനു മേല്‍ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് ഇത് ബാധകമാകില്ല.
RECENT POSTS
Copyright © . All rights reserved