child
മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധത്തെ സാങ്കേതികവിദ്യ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വിദഗ്ദ്ധര്‍. കണ്ടംപററി സൈക്കോഅനാലിസിസ് ആന്‍ഡ് ഡെവലപ്‌മെന്റല്‍ സയന്‍സിലെ വിദഗ്ദ്ധരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. മാതാപിതാക്കളും കുട്ടികളുമായുള്ള സുപ്രധാനമായ ബന്ധം ഇല്ലാതാക്കുന്നതിലൂടെ കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് ഡിജിറ്റല്‍ ലോകത്തിന്റെ വളര്‍ച്ചയെന്ന് പ്രൊഫ.പീറ്റര്‍ ഫോനാഗി പറയുന്നു. തലമുറകള്‍ തമ്മിലുള്ള ബന്ധത്തെ ഡിജിറ്റല്‍ ലോകം ഇല്ലാതാക്കുകയാണെന്നാണ് ഇദ്ദേഹം വിശദീകരിക്കുന്നത്. സൈക്കോളജിയില്‍ 19 പുസ്തകങ്ങളും 500ലേറെ പ്രബന്ധങ്ങളും എഴുതിയിട്ടുള്ള ആളാണ് പ്രൊഫ.ഫോനാഗി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്ന ഫ്രോയ്ഡ് നാഷണല്‍ സെന്റര്‍ ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലീസ് എന്ന മെന്റല്‍ ഹെല്‍ത്ത് ചാരിറ്റി കുട്ടികളുടെ മാനസിക വളര്‍ച്ച സംബന്ധിച്ച് 50 വര്‍ഷത്തിലേറെയായി പഠനം നടത്തി വരികയാണ്. 14 മുതല്‍ 19 വരെ വയസ് പ്രായമുള്ള പെണ്‍കുട്ടികളില്‍ ഇമോഷണല്‍ ഡിസോര്‍ഡറുകള്‍ കാണുന്നത് സാധാരണമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ആത്മഹത്യാ ശ്രമങ്ങള്‍ നടത്തി ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ആണ്‍കുട്ടികളില്‍ അക്രമ സ്വഭാവം വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവം യുവാക്കളുമായി സംസാരിക്കുകയെന്നത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കി മാറ്റിയിട്ടുണ്ട്. യുവാക്കള്‍ മുതിര്‍ന്നവരുമായി സംസാരിക്കുന്നത് വളരെ ചുരുങ്ങിയിട്ടുണ്ട്. യുവാക്കള്‍ തമ്മിലാണ് ഇപ്പോള്‍ കൂടുതല്‍ ആശയവിനിമയം നടക്കുന്നത്. എന്നാല്‍ നമ്മുടെ മസ്തിഷ്‌കം അതിനു വേണ്ടി മാത്രമല്ല രൂപകല്പന ചെയ്തിട്ടുള്ളത്. മുതിര്‍ന്നവരുമായി സോഷ്യലൈസ് ചെയ്യാനും അവരില്‍ നിന്ന് വളര്‍ച്ചയില്‍ സഹായങ്ങള്‍ നേടാനും പാകത്തിനാണ് അതിന്റെ ഘടന. സുഹൃത്തുക്കളും ഇന്റര്‍നെറ്റുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാല്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള ഭക്ഷണം പോലും കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളില്‍ അസ്വസ്ഥതയും ഉന്മാദവുമുണ്ടാക്കുന്ന സീരിയല്‍ ബാര്‍ വിപണിയില്‍ ലഭ്യമാണെന്ന് മുന്നറിയിപ്പ് നല്‍കി സ്‌കൂള്‍. സെന്‍ട്രല്‍ ലണ്ടനിലെ ഹോള്‍ബോണിലുള്ള സെയിന്റ് ആല്‍ബാന്‍സ് പ്രൈമറി ആന്‍ഡ് നഴ്‌സറി സ്‌കൂള്‍ ആണ് ഇതേക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന കത്ത് രക്ഷിതാക്കള്‍ക്ക് അയച്ചത്. ആസ്‌ട്രോസ്‌നാക്ക്‌സ് എന്ന പേരിലുള്ള സീരിയല്‍ ബാറിനെക്കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. പല നിറങ്ങളിലുള്ള സീരിയല്‍ ബാറുകളടങ്ങിയ ഈ സ്‌നാക്ക് ഒരു പര്‍പ്പിള്‍ പ്ലാസ്റ്റിക് പാക്കേജിലാണ് ലഭിക്കുന്നത്. ഒരു അന്യഗ്രഹജീവിയുടെ കാര്‍ട്ടൂണ്‍ ചിത്രവും പാക്കറ്റിലുണ്ട്. കുട്ടികള്‍ക്ക് ഈ പാക്കറ്റ് നല്‍കാന്‍ ശ്രമിക്കുന്നവരെ ശ്രദ്ധിക്കണമെന്ന് ഹെഡ്ടീച്ചര്‍ റബേക്ക ഹാരിസ് പറഞ്ഞു. ഈ സ്‌നാക്ക് കഴിച്ചാല്‍ കടുത്ത അസ്വസ്ഥതകളും ഉന്മാദാവസ്ഥയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ വ്യാജ സ്‌നാക്കിനെക്കുറിച്ച് മെട്രോപോളിറ്റന്‍ പോലീസ് അന്വേഷണം നടത്തി വരികയാണെന്നും പോലീസാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നും കത്തില്‍ പറയുന്നു. ഐലിംഗ്ടണ്‍, ആര്‍ച്ച് വേ, ഹൈഗേറ്റ് എന്നിവിടങ്ങളിലാണ് നിലവില്‍ ഇതിനെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നത്. കാംഡെനിലും ഇത് ലഭിക്കാനിടയുണ്ട്. നിങ്ങളുടെ കുട്ടികള്‍ക്ക് ഇത് ആരെങ്കിലും നല്‍കുന്നുണ്ടോയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്‌കൂള്‍ നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഒരു വ്യാജ സ്‌നാക്ക് ബാര്‍ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതായി മെറ്റ് പോലീസും സ്ഥിരീകരിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത് കഴിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടവരുമായി പോലീസ് ബന്ധപ്പെട്ടിട്ടില്ലെന്നും മെറ്റ് പോലീസ് അറിയിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ക്ക് ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. സ്‌നാക്കിനുള്ളില്‍ കഞ്ചാവിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇത് അടങ്ങിയിരിക്കുന്നതെന്നും മെയില്‍ റിപ്പോര്‍ട്ട് പറയുന്നു.
ബ്രിട്ടനില്‍ കുട്ടികളിലെ പ്രമേഹ നിരക്കില്‍ വര്‍ദ്ധന. പഞ്ചസായടങ്ങിയ പാനീയങ്ങളോടും ജങ്ക് ഫുഡിനോടുമുള്ള പ്രേമം കുട്ടികളെ പ്രമേഹരോഗികളാക്കി മാറ്റുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുകെയില്‍ 25 വയസില്‍ താഴെ പ്രായമുള്ള 7000 പേര്‍ ടൈപ്പ് 2 ഡയബറ്റിസ് രോഗികളാണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗം നേരത്തേ കരുതിയതിലും കൂടിയ നിരക്കിലാണ് കുട്ടികളില്‍ വ്യാപിക്കുന്നത്. ഔദ്യോഗികമായി രേഖപ്പെടുത്തിയതിലും പത്തിരട്ടി കുട്ടികള്‍ രോഗബാധിതരായിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് കുട്ടികളില്‍ ആര്‍ക്കും പ്രമേഹം ജീവഹാനിയുണ്ടാക്കുന്ന വിധത്തിലേക്ക് മാറിയിരുന്നില്ല. വരുന്ന വര്‍ഷങ്ങളില്‍ പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ക്ക് പ്രമേഹം സ്ഥിരീകരിക്കുപ്പെട്ടേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രൈമറി സ്‌കൂള്‍ കാലം പിന്നിടുന്ന മൂന്നിലൊന്ന് കുട്ടികളും അമിത ശരീരഭാരവും പൊണ്ണത്തടിയും ഉള്ളവരാണ്. നമ്മുടെ കാലത്തെ ഏറ്റവും മാരകമായ ഒരു ആരോഗ്യ പ്രതിസന്ധിയാണ് ഇതെനന് എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും ക്ലീന്‍ ലിവിംഗ് ക്യാംപെയിനറുമായ ഡോ.അസീം മല്‍ഹോത്ര പറയുന്നു. കുട്ടികള്‍ക്ക് ശരിയായ ഒരു ആരോഗ്യാടിത്തറ നല്‍കാന്‍ കഴിയാതെ പോകുന്നതിന്റെ ഫലമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ ലക്ഷ്യമിടുന്ന ജങ്ക് ഫുഡ് വ്യവസായത്തില്‍ നിന്ന് പൊതുജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നതും ഇതിന്റെ മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. 2016-17 കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ പ്രമേഹം സ്ഥിരീകരിക്കപ്പെട്ട 6836 പേരുടെ കണക്കാണ് ഡയബറ്റിസ് യുകെ പുറത്തു വിട്ടത്. ഇക്കാലയളവിലെ ജിപിമാരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് കണക്ക് തയ്യാറാക്കിയത്. ഈ വര്‍ഷം 25 വയസില്‍ താഴെ പ്രായമുള്ള 715 പേര്‍ക്ക് ചികിത്സ നല്‍കിയതായി പീഡിയാട്രിക് യൂണിറ്റുകളില്‍ നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ച് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് നേരത്തേ അറിയിച്ചിരുന്നു.
കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിനേക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. കുടുംബാംഗങ്ങളില്‍ നിന്നുള്‍പ്പെടെ പീഡനങ്ങള്‍ കുട്ടികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. ബോധവല്‍ക്കരണങ്ങളും കടുത്ത ശിക്ഷകളും ഏര്‍പ്പെടുത്തിയാലും ഇതിന് പരിഹാരമുണ്ടാകുന്നില്ല. ഈ പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നത് വലിയൊരു ചോദ്യമാണ്. പ്രത്യേകിച്ചും മാതാപിതാക്കളാണ് കുട്ടികളെ മര്‍ദ്ദിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതെങ്കില്‍, അവരെ നിങ്ങള്‍ക്ക് നേരിട്ടറിയാമെങ്കില്‍ അത് എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നത് ഒരു കീറാമുട്ടി പ്രശ്‌നമായിരിക്കും. അവരുമായി സംസാരിക്കുന്നതുപോലും നമ്മെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ട് നിറഞ്ഞ അനുഭവമായിരിക്കും. എന്നാല്‍ കുട്ടികളെയാണ് നിങ്ങള്‍ പരിഗണിക്കുന്നതെങ്കില്‍ മാതാപിതാക്കളുമായി സംസാരിക്കുകയും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുകയും വേണം. വിദഗ്ദ്ധര്‍ക്കു മുന്നിലാണ് പ്രശ്‌നം എത്തുന്നതെങ്കില്‍ അവര്‍ കുട്ടികളുടെ സുരക്ഷയ്ക്കും ഭാവിക്കും പരിഗണന നല്‍കുകയും അതിനായുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? ഒരു കുട്ടി പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടോ എന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്. ചില അടയാളങ്ങള്‍ കണ്ടാല്‍ ഇത് തിരിച്ചറിയാം. എബിസി ചിഹ്നങ്ങളാണ് അവയില്‍ പ്രധാനം. Appearance, Behaviour, Communication എന്നിവയാണ് അവ. അപ്പിയറന്‍സ്: അസാധാരണമായ മുറിവുകളോ ചതവുകളോ കുട്ടികളില്‍ കണ്ടാല്‍ ശ്രദ്ധിക്കേണ്ടതാണ്. ബിഹേവിയര്‍: അന്തര്‍മുഖത്വം, ഉത്ക്ണ്ഠ, സ്വയം മുറിവേല്‍പ്പിക്കുന്ന ശീലം, സ്വഭാവത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം തുടങ്ങിയവയും ശ്രദ്ധ നല്‍കേണ്ട കാര്യമാണ്. കമ്യൂണിക്കേഷന്‍: ദേഷ്യത്തോടെ സംസാരിക്കുക, ലൈംഗികമായി സംസാരിക്കുക, രഹസ്യാത്മകത എന്നിവയെല്ലാം കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ ലക്ഷണങ്ങളായി കണക്കാക്കാം ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അവ റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ് ആദ്യമായി നിങ്ങളുടെ ഉത്തരവാദിത്തം. ചിലപ്പോള്‍ സാഹചര്യങ്ങളെ നിങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതായിരിക്കാമെന്ന ആശങ്കയും തോന്നാം. പക്ഷേ കുട്ടികളുടെ സുരക്ഷയ്ക്ക് നിങ്ങള്‍ ശബ്ദമുയര്‍ത്തുന്നത് തന്നെയായിരിക്കും നല്ലത്. പീഡനത്തിന് ഉത്തരവാദിയായ ആള്‍ നിങ്ങളുടെ ഉറ്റ സുഹൃത്തോ, പരിചയക്കാരനോ ബന്ധുവോ ആണെങ്കില്‍ പോലും വിവരം അറിയിക്കുന്നതാണ് നീതി. കുട്ടി പീഡിപ്പിക്കപ്പെട്ടതായി സംശയമുണ്ടെങ്കിലും അക്കാര്യത്തില്‍ ഉറപ്പില്ലെങ്കില്‍ എന്തുചെയ്യണം? ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടതായി നിങ്ങള്‍ക്ക് സംശയം തോന്നുന്നു.എന്നാല്‍ അതിന് തെളിവുകളൊന്നുമില്ല. കുട്ടി അതേക്കുറിച്ച് സൂചനകളും നല്‍കുന്നില്ലയെങ്കില്‍ എന്തു ചെയ്യാനാകുമെന്നത് മറ്റൊരു പ്രശ്‌നമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടിയുടെ പെരുമാറ്റം നിരീക്ഷിക്കുക. ഒരു ഡയറിയില്‍ അവ കുറിച്ചുവെക്കുന്നത് കുട്ടിയുടെ സ്വഭാവമാറ്റം നിരീക്ഷിക്കാന്‍ ഉതകും. നിങ്ങളുടെ സംശയം സ്‌കൂളുമായും ജിപിയുമായും പങ്കുവെക്കുക. കുട്ടിയോട് ഇടപഴകുന്ന പ്രൊഫഷണലുകള്‍ക്ക് സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസിലായിട്ടുണ്ടാകും. ഏറ്റവും വിശ്വാസമുള്ള സുഹൃത്തോ കുടുംബാംഗമോ ആയി ഇക്കാര്യങ്ങള്‍ സംസാരിക്കുക. എന്‍എസ് പിസിസി കൗണ്‍സലറുമായി സംസാരിക്കുന്നതും കൂടുതല്‍ വ്യക്തത ഇക്കാര്യത്തിലുണ്ടാകാന്‍ ഉതകും. സംശയമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ് ചെയ്യാനാകുന്ന മറ്റൊരു കാര്യം. ഇതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ സഹായം ലഭിച്ചേക്കാം.
RECENT POSTS
Copyright © . All rights reserved