church of england
ജിപ്‌സികള്‍ക്കും സഞ്ചാരികള്‍ക്കും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്ഥലസൗകര്യമൊരുക്കണമെന്ന് ജനറല്‍ സിനോഡ്. ഇവരുടെ സാന്നിധ്യം ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്നും ഇത്തരക്കാര്‍ പ്രശ്‌നക്കാരാണെന്നുമുള്ള ഉത്കണ്ഠകള്‍ നിലനില്‍ക്കെയാണ് ജനറല്‍ സിനോഡിന്റെ നിര്‍ദേശം. കൈവശമുള്ള വലിയ ഭൂസ്വത്തില്‍ നിന്ന് ഒരു ഭാഗം നാടോടികള്‍ക്ക് അനുവദിക്കണമെന്ന നിര്‍ദേശത്തിന് സിനോഡ് അംഗങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. സ്വകാര്യ ഭൂമിയില്‍ അതിക്രമിച്ചു കയറുന്നത് ക്രിമിനല്‍ കുറ്റമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത് 5 മാസത്തിനുള്ളിലാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഈ തീരുമാനം എടുത്തിരിക്കുന്നത്. എന്നാല്‍ സിനോഡിനുള്ളില്‍ ഇതിനെതിരെയും അഭിപ്രായം ഉയര്‍ന്നിരുന്നു. തന്റെ പള്ളിയുടെ കാര്‍പാര്‍ക്കില്‍ അടുത്തിടെ എത്തിയ നാടോടികള്‍ അവിടമാകെ ഗ്ലാസ് പൊട്ടിച്ച് ഇടുകയും മലവിസര്‍ജനം നടത്തുകയും ചെയ്തതായി ചെംസ്‌ഫോര്‍ഡ് ഡയോസീസില്‍ നിന്നുള്ള മേരി ഡേളാര്‍ച്ചര്‍ പറഞ്ഞു. പ്രദേശവാസികളില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പ് തിരിച്ചറിയുകയും വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം പള്ളിയുടെ കാര്‍ പാര്‍ക്ക് നാടോടികളെക്കൊണ്ട് നിറയുകയായിരുന്നു. തങ്ങളോട് അവരെ സമീപിക്കേണ്ടെന്നാണ് പോലീസ് നിര്‍ദേശിച്ചത്. ബാങ്ക് അവധി ദിനമായിരുന്ന ഒരു വെള്ളിയാഴ്ച പള്ളിയില്‍ കുര്‍ബാന പോലും മുടങ്ങി. പള്ളിയിലേക്ക് ജനങ്ങള്‍ക്ക് എത്താന്‍ കഴിയുമായിരുന്നില്ല. സെമിത്തേരിയില്‍ ബന്ധുജനങ്ങളുടെ കല്ലറ കാണാനെത്തിയവര്‍ക്കും അതിന് സാധിച്ചില്ല. ഭീകരാന്തരീക്ഷമായിരുന്നു ആ ദിവസങ്ങളിലുണ്ടായിരുന്നതെന്നും അവര്‍ പറഞ്ഞു. നാടോടികള്‍ മടങ്ങിയപ്പോള്‍ പ്രദേശം വൃത്തിയാക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ബ്ലാക്ക് ബാഗുകള്‍ എടുത്തു മാറ്റുന്നത് പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ മനുഷ്യ വിസര്‍ജ്യം എടുത്തു കളയുകയെന്നത് ബുദ്ധിമുട്ടായിരുന്നുവെന്ന് അവര്‍ പരാതിപ്പെട്ടു. ഇവര്‍ എതിര്‍ത്തെങ്കിലും നാടോടികള്‍ക്ക് സ്ഥലം വിട്ടു നല്‍കണമെന്ന നിര്‍ദേശത്തിന് 265 പേരുടെ വോട്ടുകള്‍ ലഭിച്ചു. നാടോടി സമൂഹങ്ങള്‍ക്ക് അനുവദിക്കാനുള്ള സ്ഥലം കണ്ടെത്തുന്നതിനായി കമ്മീഷന്‍ രൂപീകരിക്കണമെന്നും ഈ സമൂഹത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നതിനെതിരെ ഹൗസ് ഓഫ് ലോര്‍ഡ്‌സിലുള്ള ബിഷപ്പുമാര്‍ ശബ്ദമുയര്‍ത്തണമെന്നും സിനോഡ് ആവശ്യപ്പെട്ടു.
പള്ളികളിലെ ഞായറാഴ്ച സര്‍വീസുകള്‍ നിര്‍ബന്ധമായി നടത്തേണ്ടതില്ലെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ജനറല്‍ സിനോഡിന്റെ തീരുമാനം. 17-ാം നൂറ്റാണ്ടില്‍ രൂപീകരിച്ച നിയമം എടുത്തു കളഞ്ഞുകൊണ്ടാണ് ഈ നിര്‍ദേശം സിനോഡ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ പള്ളികളിലും ഞായറാഴ്ച സര്‍വീസുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ട് 1603ലാണ് കാനോന്‍ നിയമം കൊണ്ടുവന്നത്. 1964ല്‍ ഇത് പുനര്‍നിര്‍വചിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഗ്രാമീണ മേഖലയിലെ പള്ളിവികാരിമാരുടെ ആവശ്യ പ്രകാരമാണ് ഇതില്‍ മാറ്റം വരുത്താന്‍ തീരുമാനമായിരിക്കുന്നത്. 20ഓളം പള്ളികളുടെ ചുമതലയുള്ള വികാരിമാരാണ് തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സിനോഡിനു മുന്നില്‍ അവതരിപ്പിച്ചത്. പുരോഹിതരുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടാകുന്നതിനാല്‍ എല്ലാ പള്ളികളിലും സര്‍വീസ് നടത്തുക എന്നത് അപ്രായോഗികമാണെന്നും നിയമം പാലിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ അത് ലംഘിക്കേണ്ടി വരികയാണെന്നും അവര്‍ അറിയിച്ചു. നേരത്തേ ഓരോ പള്ളികളിലും സ്വതന്ത്രമായി കുര്‍ബാനകള്‍ നടത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ചില ഇടവകകള്‍ ഒരുമിച്ചു ചേര്‍ന്നാണ് ഞായറാഴ്ച കുര്‍ബാനകള്‍ നടത്തി വരുന്നത്. ഈ പ്രവണത വര്‍ദ്ധിച്ചു വരികയാണെന്നും വ്യക്തമായി. എന്നാല്‍ കാനോനിക നിയമം തെറ്റിച്ചതില്‍ ഇതുവരെ ഒരു വികാരിയും ശിക്ഷിക്കപ്പെട്ടിട്ടില്ല. വ്യാഴാഴ്ച പുറത്തുവന്ന പുതിയ നിര്‍ദേശം അനുസരിച്ച് വിവിധ കോണ്‍ഗ്രിഗേഷനുകള്‍ക്ക് രേഖാമൂലമുള്ള അനുമതിയില്ലാതെ തന്നെ ഒരുമിച്ചു ചേര്‍ന്ന് ഞായറാഴ്ച കുര്‍ബാന നടത്താന്‍ സാധിക്കും. ഈ മാറ്റം നടപ്പില്‍ വരുത്തണമെന്ന് മൂന്നു വര്‍ഷം മുമ്പ് വില്ലെസ്‌ഡെന്‍ ബിഷപ്പ് റൈറ്റ് റവ. പീറ്റ് ബ്രോഡ്‌ബെന്റ് ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ സത്യസന്ധരായിരിക്കാന്‍ ഇത്തരം മാറ്റങ്ങള്‍ ആവശ്യമാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
അണുവായാധങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനൊരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. പ്രധാനമന്ത്രി തെരേസ മേയോട് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ക്യാംപെയിന്‍ തുടങ്ങാനാണ് സഭയുടെ പദ്ധതി. ബിഷപ്പുമാര്‍ ഇതിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇടതുപക്ഷാഭിമുഖ്യമുള്ള ബിഷപ്പുമാര്‍ 35 വര്‍ഷം മുമ്പ് കൊണ്ടുവന്ന ഇത്തരം ഒരു പദ്ധതിക്ക് ജനറല്‍ സിനോഡ് അംഗീകാരം നല്‍കിയിരുന്നില്ല. നിരായുധീകരണം ഏകപക്ഷീയമായി നടപ്പാക്കണമെന്നായിരുന്നു ആവശ്യം. അതിനു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു നീക്കം സഭയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ചെംസ്‌ഫോര്‍ഡ് ബിഷപ്പ് റൈറ്റ് റവന്റ് സ്റ്റീഫന്‍ കോട്രല്‍ അടുത്ത മാസം യോര്‍ക്കില്‍ നടക്കുന്ന സിനോഡില്‍ ഇക്കാര്യം അവതരിപ്പിക്കും. ആണവ നിരായുധീകരണം സംബന്ധിച്ച് ഐക്യരാഷ്ട്രസഭ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച ഉടമ്പടിയോട് അനുകൂലമായി പ്രതികരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാണ് പദ്ധതി. ഉടമ്പടിയില്‍ യുകെ ഒപ്പുവെക്കുമോ എന്ന കാര്യം സഭയുടെ ഈ നീക്കം പരിശോധിക്കുമെന്ന് സഭ ഇന്നലെ പുറത്തിറക്കിയ രേഖ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ സഭ അണുവായുധങ്ങള്‍ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അറിയിച്ചു. സമാധാനം സ്ഥാപിക്കാനുള്ള നടപടികള്‍ക്കാണ് തങ്ങളുടെ പിന്തുണയെന്ന് സഭാനേതൃത്വം അറിയിച്ചു. എന്നാല്‍ ഈ ചര്‍ച്ച ഏകപക്ഷീയമായ നിരായുധീകരണം കാംക്ഷിക്കുന്നവര്‍ക്ക് അവസരമൊരുക്കുമെന്നും സഭ വ്യക്തമാക്കുന്നു. അതേസമയം സഭയുടെ ഈ നിലപാട് അപ്രസക്തമാണെന്നാണ് മുതിര്‍ന്ന ടോറി നേതാക്കള്‍ പറയുന്നത്. അറിവോ വൈദഗ്ദ്ധ്യമോ ഇല്ലാത്ത കാര്യങ്ങളില്‍ സമയം മെനക്കെടുത്തുന്നതിനേക്കാള്‍ ക്രിസ്തീയ മൂല്യങ്ങളേക്കുറിച്ച് സംസാരിക്കുകയാണ് സഭ ചെയ്യേണ്ടതെന്ന് മുന്‍ ഡിഫന്‍സ് മിനിസ്റ്റര്‍ സര്‍ ജെറാള്‍ഡ് ഹോവാര്‍ത്ത് പറഞ്ഞു.
15 വയസുകാരനെ പീഡിപ്പിച്ച കേസില്‍ ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ട ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വികാരിയെ കാണാനില്ല. ഈ മാസം ആദ്യവാരം ചെന്നൈ ഹൈക്കോടതി വികാരി ജോനാഥന്‍ റോബിണ്‍സണ് 3 വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു. എന്നാല്‍ ശിക്ഷാവിധിയുണ്ടായതിന് ശേഷം ഇയാളെയും ഭാര്യയെയും കാണാനില്ല. ചെന്നൈ എയര്‍പോര്‍ട്ട് വഴി ഇയാള്‍ ലണ്ടനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. ഇംഗ്ലണ്ടിലെ വസതിയില്‍ വികാരിയും ഭാര്യയും എത്തിച്ചേര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ജാമ്യത്തിലായിരുന്ന ഇയാള്‍ ജാമ്യ വ്യവസ്ഥ അനുസരിച്ച് പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ശിക്ഷാവിധി പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ നാടുവിട്ടതാണെന്നാണ് പോലീസ് നിഗമനം. വികാരിയെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്ത്യ ഇന്റര്‍പോളിനെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2011 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ചില്‍ഡ്രന്‍സ് ഹോം ആന്റ് ചാരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയിരുന്നു ജോനാഥന്‍ റോബിന്‍സണ്‍. കുട്ടികളുമായി തലസ്ഥാന നഗരയില്‍ വിനോദ യാത്രയ്‌ക്കെത്തിയ വികാരി കുട്ടികള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ച് 15കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വികാരി തന്നെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 15കാരന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയ ശേഷം ലോക്കല്‍ അതോറിറ്റി അധികൃതരുടെ സഹായത്തോടെ കുട്ടി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വികാരി അറസ്റ്റിലാകുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസുമായി സഹകരിക്കാന്‍ റോബിന്‍സണ്‍ തയ്യാറായില്ല. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ഇന്ത്യയിലെത്തി കേസിനെ നേരിടാന്‍ തയ്യാറല്ലെന്നും ഇയാള്‍ വാദിച്ചു. ഇതേതുടര്‍ന്ന് ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടി. നാല് വര്‍ഷം ഇയാള്‍ ഇന്റര്‍പോളിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിട്ടും ഇന്ത്യയിലേക്ക് തിരികെ വന്നില്ല. എന്നാല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടു കൂടി 2015ല്‍ വികാരിക്ക് ഇന്ത്യയിലേക്ക് വരേണ്ടി വന്നു. തമിഴ്‌നാട് പോലീസ് റോബിന്‍സണെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. നീണ്ട 7 വര്‍ഷത്തെ നിയമ യുദ്ധത്തിന് ഒടുവില്‍ ഇയാളെ ചെന്നൈ ഹൈക്കോടതി 3 വര്‍ഷത്തിന് ശിക്ഷിക്കുകയും ചെയ്തു. കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പ് റോവാന്‍ വില്യംസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് റോബിന്‍സണ്‍. എന്നാല്‍ വിഷയത്തില്‍ ബിഷപ്പ് പ്രതികരിച്ചിട്ടില്ല.
ലണ്ടന്‍: സംഭാവനകള്‍ സ്വീകരിക്കുന്നതിനായി പോര്‍ട്ടബിള്‍ കാര്‍ഡ് റീഡറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. സഭയ്ക്ക് കീഴിലുള്ള 16,000ത്തോളം വരുന്ന പള്ളികളിലും കത്തീഡ്രലുകളിലും ഇവ എത്തിക്കും. ഇവയിലൂടെ കോണ്ടാക്ട്‌ലെസ്, ആപ്പിള്‍ പേ, ഗൂഗിള്‍ പേ, ചിപ്പ് ആന്‍ഡ് പിന്‍ ട്രാന്‍സാക്ഷനുകള്‍ എന്നിവ സാധ്യമാണ്. കോണ്‍ഗ്രിഗേഷനുകള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇതെന്ന് സഭാവൃത്തങ്ങള്‍ പറയുന്നു. പള്ളികളില്‍ എത്തുന്നവരുടെ കൈവശം ചിലപ്പോള്‍ സംഭാവനകള്‍ നല്‍കാന്‍ ആവശ്യമായ പണം ഉണ്ടാകണമെന്നില്ല. അപ്പോള്‍ ഈ റീഡറുകള്‍ ഉപകകരിക്കുമെന്ന് സ്റ്റാംഫോര്‍ഡിലെ സെന്റ് ജോര്‍ജ് ചര്‍ച്ച് സെക്രട്ടറി ആലിസണ്‍ ഡേവി പറഞ്ഞു. സംഅപ് എന്ന ഫിനാന്‍ഷ്യല്‍ കമ്പനിയാണ് കാര്‍ഡ് റീഡറുകളുടെ സാങ്കേതികതയ്ക്ക് പിന്നില്‍. പള്ളികളില്‍ നിന്നുള്ള സംഭാവനകള്‍ പ്രതിവര്‍ഷം 580 മില്യന്‍ പൗണ്ടായി ഉയര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഒരു ക്യാഷ്‌ലെസ് സമൂഹത്തില്‍ ഇത്തരം രീതികള്‍ അനിവാര്യമാണെന്നും വിലയിരുത്തപ്പെടുന്നു. വിവാഹങ്ങള്‍ പോലെയുള്ള അവസരങ്ങളില്‍ സംഭാവനകള്‍ നല്‍കാന്‍ പലര്‍ക്കും കഴിയാറില്ല. കോണ്ടാക്ട്‌ലെസ് കാര്‍ഡുകള്‍ ഈ പ്രശ്‌നത്തിനും പരിഹാരമാകും. പണം നല്‍കുന്ന രീതികള്‍ മാറിയിരിക്കുന്നു. പുതിയ തലമുറയ്ക്കും ആരാധനാസ്ഥലങ്ങളില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വിധത്തിലുള്ള മാറ്റമാണ് ആവശ്യമെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് നാഷണല്‍ സ്റ്റുവാര്‍ഡ്ഷിപ്പ് ഓഫീസര്‍ ജോണ്‍ പ്രെസ്റ്റണ്‍ പറഞ്ഞു.
RECENT POSTS
Copyright © . All rights reserved