cochin airport
ന്യൂസ് ഡെസ്ക് ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നുവിട്ട സാഹചര്യത്തിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം  ഭാഗികമായി അടച്ചു. വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആഭ്യന്തര, അന്താരാഷ്ട്ര  സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വിമാനം പുറപ്പെടുന്നതിന് തടസമില്ല. ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്. നിരോധനത്തെ തുടർന്ന് നെടുമ്പാശേരിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ എവിടെയിറക്കുമെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് വഴി തിരിച്ചുവിടുമെന്നാണ് സൂചന. ഇടമലയാര്‍ ഡാം തുറന്നതോടെ വിമാനത്താവളത്തിന് സമീപത്തെ ചെങ്ങല്‍ത്തോട് നിറഞ്ഞ് കവിഞ്ഞ് ഇവിടെനിന്നുള്ള വെള്ളം റണ്‍വേയിലേക്ക് കയറുന്നതിനാലാണ് തല്‍ക്കാലത്തേക്ക് വിമാനം ഇറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സിയാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. മഴ കനക്കുന്ന അവസരങ്ങളില്‍ കനാലിന്റെ ആഴം കൂട്ടിയും  ബണ്ടുകള്‍ പണിതും നടപടികള്‍ സ്വീകരിച്ചിരുന്നത്  കൊണ്ടാണ് ഇതുവരെ വിമാനത്താവളം അടക്കേണ്ടി വരാതിരുന്നത്. നേരത്തെ 2013 ല്‍ വെള്ളപ്പൊക്കത്തെതുടര്‍ന്ന് വിമാനത്താവളം അടച്ചിരുന്നു ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കരകവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്‌. റണ്‍വേയില്‍ വെള്ളം കയറിയിട്ടില്ല. എന്നാല്‍ ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ എന്ന് പരിശോധിച്ച ശേഷമേ ഇനി വിമാനങ്ങളുടെ ലാന്‍ഡിങ് അനുവദിക്കൂ.
RECENT POSTS
Copyright © . All rights reserved