Coke
പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബോട്ടില്‍ റിട്ടേണ്‍ പദ്ധതിയുമായി കോക്കകോള. ഇതിനായി ഒരു ഡിപ്പോസിറ്റ് റിട്ടേണ്‍ സ്‌കീം അവതരിപ്പിക്കുമെന്ന് ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ കോക്കകോള അറിയിച്ചു. ഇംഗ്ലണ്ടില്‍ ഈ പദ്ധതിയുടെ ട്രയല്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഗ്ലാസ്, പ്ലാസ്റ്റിക്, മെറ്റല്‍ കണ്ടെയ്‌നറുകള്‍ തുടങ്ങിയവ തിരികെ വാങ്ങാനാണ ്ഉദ്ദേശിക്കുന്നത്. ഇതിന് കണ്‍സള്‍ട്ടേഷന്‍ ആവശ്യമാണ്. പാര്‍ലമെന്റ് സെഷന്റെ അവസാനഘട്ടത്തില്‍ ഇത് ലഭ്യമാകുമെന്നാണ് കരുതുന്നത്. പ്ലാസ്റ്റിക്കിനെക്കുറിച്ച് ഉയര്‍ന്നു വരുന്ന ആശങ്കകള്‍ക്കിടെ ഈ വാര്‍ത്ത വളരെ സന്തോഷം പകരുന്നതാണെന്ന് കോക്കകോള യൂറോപ്പ വൈസ് പ്രസിഡന്റ് ജൂലിയന്‍ ഹണ്ട് പറഞ്ഞു. മാര്‍ക്കറ്റിലെത്തുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കുന്നതിലൂടെ ഇക്കാര്യത്തില്‍ മാതൃകയാകാനാണ് കമ്പനി ശ്രമിക്കുന്നതെന്നും ഒരു ഡിപ്പോസിറ്റ് റിട്ടേണ്‍ സ്‌കീമും നിലവിലുള്ള റിക്കവറി രീതികളില്‍ മാറ്റവുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഹണ്ട് വ്യക്തമാക്കി. സര്‍ക്കാരുമായി ചേര്‍ന്നുകൊണ്ട് ഇത്തരമൊരു പദ്ധതി നടപ്പാക്കാനുള്ള അപൂര്‍വ അവസരമായാണ് ഇതിനെ കാണുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. റിട്ടേണ്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ മറ്റ് രാജ്യങ്ങളില്‍ ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്യപ്പെടുന്നതിന്റെ നിരക്ക് കാര്യമായി ഉയര്‍ന്നിട്ടുണ്ട്. നിലവിലുള്ള പദ്ധതികളിലൂടെ 60 ശതമാനത്തിനും 70 ശതമാനത്തിനുമിടയില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ നിരക്ക് ഉയര്‍ത്താനാണ ശ്രമിക്കുന്നതെന്നും ഹണ്ട് വ്യക്തമാക്കി. തങ്ങളുടേതുപോലെയുള്ള വ്യവസായങ്ങള്‍ റിസൈക്കിളിംഗ് കൂടി കണക്കിലെടുത്തായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗവണ്‍മെന്റുകള്‍ക്ക് കാര്യമായ പങ്കുവഹിക്കാനുണ്ടെന്നും ഹണ്ട് പറഞ്ഞു.
ലോകപ്രശസ്ത ശീതളപാനീയ കമ്പനിയായ കോക്കകോള ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളുടെ വിപണിയിലേക്ക്. കമ്പനിയുടെ 130 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണ് ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം വിപണിയിലെത്തിക്കുന്നത്. ജപ്പാനിലെ ജനപ്രിയ ലഹരിപാനീയമായ ചൂ-ഹി നിര്‍മിച്ച് വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഡിസ്റ്റില്‍ഡ് ഷോചു ആല്‍ക്കഹോളും ഫ്‌ളേവേര്‍ഡ് സോഡയും അടങ്ങിയതാണ് ഈ പാനീയം. ആല്‍ക്കഹോളിന്റെ അംശം കുറവായ ഈ പാനീയം ജപ്പാനിലായിരിക്കും ആദ്യം വിപണിയില്‍ എത്തിക്കുക. ചൂ-ഹിയുടെ നിരവധി ബ്രാന്‍ഡുകള്‍ വിപണിയിലുള്ള ജാപ്പനീസ് മാര്‍ക്കറ്റില്‍ കോക്കകോള കൂടുതല്‍ മത്സരം സൃഷ്ടിക്കും. കോക്കകോള ജപ്പാന്‍ പ്രസിഡന്റ് ജോര്‍ജ് ഗാര്‍ഡൂനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യമായാണ് ആല്‍ക്കഹോള്‍ പാനീയ രംഗത്ത് കോക്കകോള പരീക്ഷണത്തിന് മുതിരുന്നതെന്നും പ്രധാന മേഖലയില്‍ നിന്ന് മാറി മറ്റ് മേഖലകളിലും സാധ്യതകള്‍ തേടുന്നതിന് ഉദാഹരണമാണ് ഇതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ചൂ-ഹി പാനീയങ്ങള്‍ ജപ്പാന്റെ മാത്രം പ്രത്യേകതയാണ്. ആല്‍ക്കഹോള്‍ അടങ്ങിയ കോക്കകോള ഡ്രിങ്കിന്റെ വില്‍പന ഈ പ്രത്യേകത മൂലം ജപ്പാനില്‍ തന്നെ ഒതുങ്ങാനാണ് സാധ്യത. 130 വര്‍ഷം മുമ്പ് അമേരിക്കയിലാണ് കോക്കകോള അവതരിപ്പിക്കപ്പെട്ടത്. കര്‍ശനമായ നിയമങ്ങള്‍ മൂലം കോക്കകോളയില്‍ ആല്‍ക്കഹോള്‍ ചേര്‍ത്തിരുന്നില്ല. കോക്കകോള ലഹരി പാനീയ വിപണിയിലേക്ക് കടക്കാന്‍ മറ്റു കാരണങ്ങളുണ്ടെന്നും വിലയിരുത്തപ്പെടുന്നു. കോള ഉല്‍പന്നങ്ങള്‍ക്ക് ആഗോള തലത്തില്‍ വിപണിയിടിയുന്നത് കമ്പനിയെ ബാധിച്ചിട്ടുണ്ട്. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ജനങ്ങളുടെ തിരിച്ചറിവ് ശീതളപാനീയ വിപണിയെ ലോകമൊട്ടാകെ ബാധിച്ചിരുന്നു. ഇതു കൂടാതെ ജപ്പാനിലെ ചൂ-ഹി വിപണിക്കുണ്ടായ ദ്രുത വളര്‍ച്ചയും ഈ മേഖലയിലേക്ക് കാലെടുത്ത് വെക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
ലണ്ടന്‍: കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, പ്രത്യേകിച്ച് കോളകളുടെ ഉപയോഗം മനുഷ്യന്റെ പ്രത്യുല്‍പാദനശേഷിയെ ബാധിക്കുമെന്ന് പഠനം. ദിവസവും കോള കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനു പുറമേയാണ് ഇത്. ദിവസവും ഒരു ക്യാന്‍ കോക്കകോള കുടിച്ചാല്‍ അത് സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നതിനുള്ള സാധ്യത 20 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. ഒരു ക്യാന്‍ കോക്കില്‍ 46 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം 30 ഗ്രാം പഞ്ചസാരയില്‍ കൂടുതല്‍ ഉപയോഗിക്കരുതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, കുട്ടികളില്‍ നേരത്തേയുണ്ടാകുന്ന ആര്‍ത്തവം, ശുക്ലത്തില്‍ ബീജങ്ങളുടെ എണ്ണം കുറയുക തുടങ്ങിയ അവസ്ഥകള്‍ക്ക് കോള ഉപയോഗം കാരണമാകുമെന്നാണ് വ്യക്തമായിരിക്കുന്നത്. അതുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും കോളയുടെ ഉപയോഗം വന്ധ്യതയുണ്ടാക്കും. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. അമേരിക്കയിലും ക്യാനഡയിലുമുള്ള 21നും 45നുമിടയില്‍ പ്രായമുള്ള 3828 സ്ത്രീകളില്‍ നടത്തിയ പഠനം പഞ്ചസാരയടങ്ങിയ പാനീയങ്ങളും വന്ധ്യതയുമായുള്ള ബന്ധം വ്യക്തമാക്കുന്നു. ഈ സ്ത്രീകളുടെ 1045 പങ്കാളികളെയും പഠനത്തിന് വിധേയരാക്കി. ജീവിതശൈലി, മെഡിക്കല്‍ ഹിസ്റ്ററി, ആഹാരം, കോളകളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. സ്ത്രീകളുടെ കോള ഉപയോഗം ഓരോ മാസത്തിലും ഗര്‍ഭം ധരിക്കാനുള്ള സാധ്യതകളെ 20 ശതമാനം ഇല്ലാതാക്കുന്നുണ്ടെന്ന് കണ്ടെത്തി. ഒന്നിലേറെ ക്യാനുകള്‍ ഉപയോഗിക്കുന്നവര്‍ ഗര്‍ഭിണികളാകാന്‍ 25 ശതമാനം സാധ്യത കുറവാണെന്നും വ്യക്തമായി. കോളകള്‍ ഉപയോഗിക്കുന്ന പുരുഷന്‍മാര്‍ക്ക് തങ്ങളുടെ പങ്കാളികളെ ഗര്‍ഭിണികളാക്കാനുള്ള കഴിവ് 33 ശതമാനം കുറയുന്നതായും പഠനം കണ്ടെത്തി. ഡയറ്റ് കോളകളും അമിതമായി പഞ്ചസാരയടങ്ങിയ ഫ്രൂട്ട് ജ്യൂസുകളും ഇതേവിധത്തില്‍ പാര്‍ശ്വഫലങ്ങളുള്ളവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഹാംപ്ഷയര്‍: ബ്രിട്ടീഷ് തെരുവുകളെ മയക്കുമരുന്നിന്റെ ലഹരിയില്‍ മുക്കാനുള്ള ശ്രമത്തിന് തടയിട്ട് വന്‍ കൊക്കെയ്ന്‍ വേട്ട. ഹാംപ്ഷയറിലെ ഫാണ്‍ബറോ വിമാനത്താവളത്തിലാണ് വന്‍ മയക്കുമരുന്ന കള്ളക്കടത്ത് പിടിച്ചത്. കൊളംബിയയിലെ ബൊഗോട്ടയില്‍ നിന്നെത്തിയ സ്വകാര്യ ജെറ്റില്‍ നിന്നാണ് കൊക്കെയ്ന്‍ പിടിച്ചത്. പ്രത്യേകം ഡിസൈന്‍ ചെയ്ത സ്യൂട്ട്‌കെയ്‌സുകളില്‍ നിറച്ച 500 കിലോ കൊക്കെയ്‌നാണ് പിടികൂടിയത്. ഇതിന് 5 കോടി പൗണ്ട് മൂല്യമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ക്ലാസ് എ വിഭാഗത്തില്‍പ്പെടുന്ന മയക്കുമരുന്നാണ് കൊക്കെയ്ന്‍. ലാന്‍ഡ് ചെയ്തയുടന്‍തന്നെ വിമാനത്തില്‍ പരിശോധന നടത്തിയ യുകെ ബോര്‍ഡര്‍ ഫോഴ്‌സ് പോലീസാണ് ഈ മയക്കുമരുന്ന് പിടിച്ചെടുത്തത്. രണ്ട് ബ്രിട്ടീഷുകാരും രണ്ട് സ്‌പെയിന്‍കാരും ഒരു ഇറ്റലിക്കാരനുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. മയക്കുമരുന്ന് കടത്തിന് ഇവരെ അറസ്റ്റ് ചെയ്തു. വിമാനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. നാഷണല്‍ ക്രൈം ഏജന്‍സി പോലെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുമായി ചേര്‍ന്ന് രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ബോര്‍ഡര്‍ ഫോഴ്‌സ് ഡെപ്യൂട്ടി ഓപ്പറേറ്റിംഗ് ഓഫീസര്‍ മൈക്ക് സ്റ്റീപ്പ്‌നി പറഞ്ഞു. വിമാനത്തിലുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നുകയും കൂടുതല്‍ പരിശോധനകള്‍ നടത്തുകയുമായിരുന്നു. പെട്ടികള്‍ തുറന്നപ്പോള്‍ അവയില്‍ പൊതികള്‍ കാണുകയും അവയില്‍ നിന്ന് വെളുത്ത നിറത്തിലുള്ള പൊടി കണ്ടെത്തുകയുമായിരുന്നു. ആദ്യ പരിശോധനയില്‍ത്തന്നെ അത് കൊക്കെയ്ന്‍ ആണെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
RECENT POSTS
Copyright © . All rights reserved