cold
വിന്റര്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് കടക്കുന്നുവെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. യുകെയില്‍ പലയിടങ്ങളിലും താപനില മൈനസ് 9 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും കുറഞ്ഞ താപനിലയും അനുഭവപ്പെടുമെന്നും ശീതക്കാറ്റ് ബ്രിട്ടനില്‍ എത്തിയിരിക്കുകയാണെന്നും കാലാവസ്ഥാ മുന്നറിയിപ്പ് പറയുന്നു. വീക്കെന്‍ഡില്‍ നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡിലായിരിക്കും മൈനസ് 9 വരെ താപനില താഴുക. സൗത്തില്‍ കുറച്ചുകൂടി മെച്ചമായിരിക്കുമെങ്കിലും ശൈത്യം തന്നെയായിരിക്കും തുടരുക. ഫെബ്രുവരിയിലേക്കും ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് മെറ്റ് ഓഫീസ് ചീഫ് മെറ്റീരിയോളജിസ്റ്റ് ആന്‍ഡി പേജ് പറയുന്നു. നിലവില്‍ അനുഭവപ്പെടുന്ന കാലാവസ്ഥ ഈ വാരാന്ത്യത്തിലും തുടരും. മേഘാവൃതമായ അന്തരീക്ഷവും മഴയും ആലിപ്പഴം വീഴ്ചയും വാരാന്ത്യത്തില്‍ തെക്കന്‍ മേഖലകളില്‍ പ്രതീക്ഷിക്കാം. സെന്‍ട്രല്‍ ഈസ്റ്റേണ്‍ ഇംഗ്ലണ്ടില്‍ മഴയോ ചെറിയ തോതിലുള്ള മഞ്ഞുവീഴ്ചയോ ഉണ്ടാകാനിടയുണ്ട്. ഹൈലാന്‍ഡ്‌സിലും സ്‌കോട്ട്‌ലന്‍ഡിലെ ഗ്രാംപിയന്‍സിലും മഞ്ഞുവീഴ്ചയുണ്ടാകും. പിന്നീട് ഇത് നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ പെനൈന്‍സിലേക്കും വെയില്‍സിലെ സ്‌നോഡോണിയയിലേക്കും വ്യാപിക്കും. അടുത്തയാഴ്ചയും ശൈത്യം തുടരുമെന്നാണ് മുന്നറിയിപ്പ് പറയുന്നത്. രാജ്യത്തൊട്ടാകെ കനത്ത മഴയും ആലിപ്പഴം വീഴ്ചയും ഉണ്ടാകും. അതായത് ശൈത്യം കുറച്ചു കാലത്തേക്ക് രാജ്യത്ത് തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒട്ടേറെ അനിശ്ചിതത്വം ഇക്കാര്യത്തില്‍ ഉണ്ടെങ്കിലും കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു.
ജനുവരി പകുതി വരെ സാധാരണ വിന്റര്‍ അനുഭവിച്ച ബ്രിട്ടനെ കാത്തിരിക്കുന്നത് അതി ശൈത്യമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഈ മാസം അവസാനത്തോടെ കടുത്ത ശൈത്യമായിരിക്കും ഉണ്ടാകുകയെന്ന് ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ മഞ്ഞുവീഴ്ചയുണ്ടാകുമോയെന്നും ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ അടുത്ത പതിപ്പ് രാജ്യത്ത് ആഞ്ഞടിക്കുമോ എന്നും സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. ഇന്നുകൂടി ശരാശരി 9 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരിക്കും രേഖപ്പെടുത്തുക. എന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ജനുവരിയില്‍ രേഖപ്പെടുത്തിയ ശരാശരിയേക്കാള്‍ 3.5 ഡിഗ്രി കുറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് മുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്നത്. ഈ വാരാന്ത്യത്തിനു ശേഷം കാലാവസ്ഥയില്‍ കാര്യമായ വ്യത്യാസമുണ്ടായേക്കുമെന്നാണ് വിവരം. ഇന്ന് രാത്രിയോടെ താപനില ഗണ്യമായി കുറയും. ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡിലേക്ക് തണുത്ത കാറ്റ് എത്തും. ഈ പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയും കാണുന്നുണ്ട്. തിങ്കളാഴ്ചയും തണുത്ത കാലാവസ്ഥ തുടരും. എന്നാല്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഈ അവസ്ഥയില്‍ നിന്ന് മാറ്റമുണ്ടാകുമെന്നാണ് പ്രവചനം. പിന്നീട് തണുത്ത കാലാവസ്ഥ തന്നെ തുടരാനാണ് സാധ്യത. ഇടയ്ക്ക് ചില ദിവസങ്ങളില്‍ തണുപ്പിന് ശമനമുണ്ടായേക്കും. ഈ മാസം അവസാനത്തോടെ കടുത്ത ശൈത്യം എത്തുമെന്നത് ഉറപ്പാണെങ്കിലും അത് എത്ര ദിവസത്തോളം നീണ്ടു നില്‍ക്കും എന്ന് പറയാന്‍ കഴിയില്ലെന്ന് സ്‌കൈ വെതര്‍ പ്രൊഡ്യൂസര്‍ ജോവാന റോബിന്‍സണ്‍ പറഞ്ഞു. അടുത്ത ആഴ്ചയോടെ തണുത്ത കാലാവസ്ഥ എത്തുമെങ്കിലും അത് ഈ വര്‍ഷത്തെ ഏറ്റവും തണുപ്പേറിയതായിരിക്കാന്‍ ഇടയില്ലെന്നാണ് മെറ്റ് ഓഫീസ് വക്താവ് പറയുന്നത്. ജനുവരിയുടെ രണ്ടാം പകുതി തണുത്തതായിരിക്കുമെന്നും മഞ്ഞുവീഴ്ചയുണ്ടാകുമോ എന്ന് പറയാന്‍ കഴിയില്ലെന്നും വക്താവ് പറഞ്ഞു. 21-ാം തിയതി ആരംഭിക്കുന്ന ആഴ്ചയില്‍ കടുത്ത ശൈത്യമായിരിക്കും ബ്രിട്ടന്‍ അഭിമുഖീകരിക്കുകയെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.
ലണ്ടന്‍: കനത്ത മഞ്ഞുവീഴ്ചയും ഹിമക്കാറ്റും വരും ദിവസങ്ങളിലുണ്ടാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. മൊബൈല്‍ സിഗ്നലുകള്‍ പോലും ഇതു മൂലം തടസപ്പെടാന്‍ ഇടയുണെന്ന് മുന്നറിയിപ്പ് പറയുന്നു. പവര്‍ ലൈനുകളിലെ ഈര്‍പ്പം തണുപ്പില്‍ ഉറഞ്ഞ് ഇല്ലാതായാല്‍ അവ പൊട്ടിയേക്കാമെന്നും അതുമൂലം സിഗ്നലുകള്‍ തടസപ്പെടാമെന്നുമാണ് വിശദീകരിക്കപ്പെടുന്നത്. പവര്‍കട്ടുകള്‍ക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രണ്ട് യെല്ലോ വാണിംഗുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പലയിടങ്ങളിലും ഗതാഗത തടസമുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കാറ്റിന് നാളെ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും മഴയു മഞ്ഞുവീഴ്ചയും ഈയാഴ്ച മുഴുവന്‍ തുടര്‍ന്നേക്കും. കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്. അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള ഹിമക്കാറ്റ് നോര്‍ത്ത് ഇംഗ്ലണ്ടില്‍ ശക്തമായ കാറ്റിനും സ്‌കോട്ട്‌ലാന്‍ഡിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചക്കും കാരണമായേക്കും. നാല് ദിവസത്തേക്കെങ്കിലും മഴ തുടരുമെന്നാണ് പ്രവചനം. രാജ്യത്തുടനീളം താപനില പൂജ്യത്തിനു താഴെയാകും. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ കോള്‍ഡ് വെതര്‍ ഹെല്‍ക്ക് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ സൗത്ത്, ഈസ്റ്റ് പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകാനിടയില്ലെന്നാണ് കരുതുന്നതെങ്കിലും സാധ്യത തള്ളിക്കളയാനാകില്ല. ഇന്ന് പുലര്‍ച്ചെയോടെ മഴയ്ക്ക് അല്‍പം ശമനമുണ്ടായേക്കും. കുംബ്രിയയില്‍ റോഡുകള്‍ മഞ്ഞില്‍ പുതച്ചതിനാല്‍ മഞ്ഞു നീക്കുന്ന വാഹനങ്ങളും ഷവലുകളുമായി ജനങ്ങളും രംഗത്തിറങ്ങി. നോര്‍ത്ത് വെസ്റ്റില്‍ കനത്ത മഞ്ഞുവീഴ്ച വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് പ്രവചനം. ലണ്ടനില്‍ കഴിഞ്ഞ രാത്രി -5 വരെ താപനില താഴുമെന്നായിരുന്നു മെറ്റ് ഓഫീസ് അറിയിച്ചിരുന്നത്. കനത്ത മഞ്ഞില്‍ കുടുങ്ങിയ മൂന്ന് പേരെയാണ് മൗണ്ടന്‍ റെസ്‌ക്യു സംഘം ഇന്നലെ രക്ഷിച്ചത്. മണ്‍റോ മൗണ്ടന്‍സില്‍ കെയണ്‍ഗോം മൗണ്ടന്‍ റെസ്‌ക്യൂ സംഘം തണുത്ത് മരവിച്ച നിലയില്‍ കണ്ടെത്തിയ വിദേശിയെ ആശുപത്രിയിലാക്കി. സ്‌നോഡന്‍ റിഡ്ജില്‍ നിന്ന് രണ്ടു പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved