Commons
ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് എംപിമാര്‍ നിര്‍ദേശിച്ച പരിഹാര മാര്‍ഗ്ഗങ്ങള്‍ക്ക് ഒന്നിനും കോമണ്‍സ് വോട്ടെടുപ്പുകളില്‍ ഭൂരിപക്ഷ പിന്തുണയില്ല. യൂറോപ്യന്‍ യൂണിയന്‍ വിടുന്ന വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ എട്ടു മാര്‍ഗ്ഗങ്ങളായിരുന്നു നിര്‍ദേശിക്കപ്പെട്ടത്. യൂറോപ്യന്‍ യൂണിയനുമായുള്ള കസ്റ്റംസ് യൂണിയന്‍ തുടരുക, ഉടമ്പടിയില്‍ ഹിതപരിശോധന നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അടക്കമുള്ള ഇവയില്‍ വോട്ടെടുപ്പു പരമ്പര തന്നെയാണ് കോമണ്‍സില്‍ നടന്നത്. പാര്‍ലമെന്റില്‍ ഇത്തരമൊരു ഫലമുണ്ടായത് മന്ത്രിമാര്‍ നിര്‍ദേശിച്ച ഡീലാണ് മികച്ചതെന്ന് വ്യക്തമാക്കുന്നുവെന്ന് ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീഫന്‍ ബാര്‍ക്ലേയ് പ്രതികരിച്ചു. തന്റെ ഡീലിന് പിന്തുണ നല്‍കിയാല്‍ പ്രധാനമന്ത്രി പദം ഒഴിയാന്‍ തയ്യാറാണെന്ന് തെരേസ മേയ് പ്രഖ്യാപിച്ചതിനു ശേഷമാണ് വോട്ടെടുപ്പുകളില്‍ ഈ വിധത്തിലുള്ള ഫലം ഉണ്ടായത്. യൂറോപ്യന്‍ യൂണിയനുമായുള്ള പിന്‍മാറ്റ കരാറിന് അംഗീകാരം നല്‍കിയാല്‍ നേരത്തേ തീരുമാനിച്ചതിലും മുമ്പായി താന്‍ സ്ഥാനംമൊഴിയാന്‍ തയ്യാറാണെന്ന് ടോറി എംപിമാരുടെ യോഗത്തിലാണ് മേയ് അറിയിച്ചത്. ഇതേത്തുടര്‍ന്ന് വിരുദ്ധ ചേരിയിലായിരുന്ന പല കണ്‍സര്‍വേറ്റീവ് എംപിമാരും മേയ്ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഡീലിനെ പിന്തുണക്കില്ലെന്ന് ടോറി സഖ്യ കക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റുകള്‍ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച നടന്ന അപ്രതീക്ഷിത വോട്ടെടുപ്പുകള്‍ ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റിലുണ്ടായ തടസ്സങ്ങള്‍ നീക്കുമെന്നായിരുന്നു എംപിമാര്‍ പ്രതീക്ഷിച്ചത്. ബ്രെക്‌സിറ്റ് ഡീലില്‍ ഹിതപരിശോധന, കസ്റ്റംസ് യൂണിയന്‍, ലേബര്‍ നിര്‍ദേശിച്ച ബ്രെക്‌സിറ്റ് പ്ലാന്‍, പൊതു വിപണി, ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കി നോ ഡീല്‍ ഒഴിവാക്കാനുള്ള നിര്‍ദേശം, ഏപ്രില്‍ 12ഓടെ നോ ഡീല്‍, മാള്‍ട്ട്ഹൗസ് പ്ലാന്‍ ബി, ഇഎഫ്ടിഎ, ഇഇഎ എന്നിവയില്‍ അംഗത്വം തുടങ്ങിയ നിര്‍ദേശങ്ങളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. എന്നാല്‍ ഇവയെല്ലാം പാര്‍ലമെന്റ് തള്ളുകയായിരുന്നു. ഇവയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ച നിര്‍ദേശം താരിഫ് രഹിത വ്യാപാരം തുടരുന്നതിനായി യുകെയും യൂറോപ്യന്‍ യൂണിയനും പുതിയ കസ്റ്റംസ് യൂണിയന്‍ രൂപീകരിക്കുക എന്നതായിരുന്നു. മുന്‍ കണ്‍സര്‍വേറ്റീവ് ചാന്‍സലര്‍ കെന്‍ ക്ലാര്‍ക്ക് അവതരിപ്പിച്ച ക്രോസ് പാര്‍ട്ടി പദ്ധതിയായിരുന്നു ഇത്. 264നെതിരെ 272 വോട്ടുകള്‍ക്കാണ് ഇത് തള്ളിയത്. മാര്‍ക്ക് ഫീല്‍ഡ്, സ്റ്റീഫന്‍ ഹാമണ്ട്, മാര്‍ഗറ്റ് ജെയിംസ്, ആന്‍ മില്‍ട്ടണ്‍, റോറി സ്റ്റുവര്‍ട്ട് എന്നീ കണ്‍സര്‍വേറ്റീവ് മന്ത്രിമാരും ഈ നിര്‍ദേശത്തെ പിന്തുണച്ചു. ക്യാബിനറ്റ് മന്ത്രിമാരൊഴികെ എല്ലാ കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്കും സ്വതന്ത്ര വോട്ട് അവകാശം നല്‍കിയിരുന്നു.
തെരേസ മേയ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ലേബര്‍. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇതിനായുള്ള നീക്കമുണ്ടാകുമെന്നാണ് സൂചന. എംപിമാരോട് തയ്യാറായിരിക്കാന്‍ ലേബര്‍ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈയാഴ്ചയാണ് ബ്രെക്‌സിറ്റ് ബില്‍ വീണ്ടും പാര്‍ലമെന്റില്‍ എത്തുന്നത്. ഇതില്‍ മേയ്ക്ക് വന്‍ പരാജയമായിരിക്കും നേരിടേണ്ടി വരിക. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചുമതലയൊഴിഞ്ഞ് ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യം മുന്നോട്ടു വെക്കുകയാണ് ലേബര്‍ പാര്‍ട്ടി. ചൊവ്വാഴ്ചയും ബുധനാഴ്ചയും പാര്‍ലമെന്റിലെ സാന്നിധ്യം ഉറപ്പാക്കണമെന്ന് ലേബര്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി. അസുഖ ബാധിതരായവര്‍ക്കും പാര്‍ട്ടി സന്ദേശം നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് ബ്രെക്‌സിറ്റ് ബില്ലില്‍ വോട്ടെടുപ്പ് നടക്കുന്നത്. എന്നാല്‍ ബില്ലില്‍ സര്‍ക്കാരിന് മേല്‍ക്കൈ നഷ്ടമായാല്‍ ഉടന്‍ തന്നെ അവിശ്വാസം അവതരിപ്പിക്കുമെന്ന് എംപിമാര്‍ക്ക് നല്‍കിയ വിപ്പില്‍ ലേബര്‍ അറിയിച്ചു. കോമണ്‍സില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരുടെയുള്‍പ്പെടെ എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോളാണ് രണ്ടാമത്തെ തവണയും ബ്രെക്‌സിറ്റ് ബില്‍ അംഗീകാരത്തിനായി തെരേസ മേയ് സമര്‍പ്പിക്കുന്നത്. പാര്‍ലമെന്റിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവും പ്രക്ഷുബ്ധമായ 24 മണിക്കൂറുകളായിരിക്കും ഈ ദിവസങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. ഇനിയും കൂടുതല്‍ കാത്തിരിക്കാനാകില്ല, വോട്ടെടുപ്പില്‍ മേയ് പരാജയപ്പെടുകയും അവര്‍ രാജി വെക്കാതിരിക്കുയും ചെയ്യുകയാണെങ്കില്‍ നമുക്ക് വെറുതെയിരിക്കാന്‍ കഴിയില്ലെന്നാണ് ഒരു മുതിര്‍ന്ന ലേബര്‍ അംഗം പറഞ്ഞത്. വോട്ടെടുപ്പില്‍ വിജയിക്കുമെന്ന പ്രതീക്ഷയില്ലെന്ന അഭിപ്രായമാണ് മുതിര്‍ന്ന ടോറികളും പ്രകടിപ്പിക്കുന്നത്. 100 വോട്ടില്‍ കുറഞ്ഞ ഭൂരിപക്ഷത്തിലുള്ള പരാജയം മാത്രമേ ഇക്കാര്യത്തില്‍ മേയ്ക്ക് അനുകൂലമായി എന്നു കരുതാനുള്ള സാധ്യതയെങ്കിലും നല്‍കുന്നുള്ളുവെന്നാണ് ഇവര്‍ പറയുന്നത്. 200 വോട്ടില്‍ കൂടുതല്‍ വോട്ടിന് ബില്‍ പരാജയപ്പെട്ടാല്‍ കൂടുതല്‍ നല്ലൊരു ഡീലുമായി മേയ് തിരിച്ചെത്തണമെന്നാണ് ടോറികളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വോട്ടിംഗില്‍ ബ്രെക്‌സിറ്റ് ധാരണാ ബില്‍ കോമണ്‍സ് തള്ളിയാല്‍ യൂറോപ്യന്‍ യൂണിയന്‍ വീണ്ടും ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് മുന്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് റൊമാനോ പ്രോഡി. 1999 മുതല്‍ 2004 വരെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് സ്ഥാനത്ത് ഇരുന്ന വ്യക്തിയാണ് പ്രോഡി. മാര്‍ച്ചില്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുമ്പോളുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അത് തെരേസ മേയ്ക്ക് അനുകൂലമായി മാറിയേക്കാമെന്നും പ്രോഡി വ്യക്തമാക്കി. തെരേസ മേയ് മുന്നോട്ടു വെച്ചിട്ടുള്ള ധാരണയല്ലാതെ മറ്റൊന്നും തങ്ങള്‍ക്കു മുന്നിലില്ല എന്നാണ് നിലവിലെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ പറയുന്നത്. അതിന് വിപരീതമായ പ്രസ്താവനയാണ് പ്രോഡിയില്‍ നിന്നുണ്ടായിരിക്കുന്നത്. മേയ് നിര്‍ദേശിച്ചതിലും മികച്ച ഒരു ധാരണയുണ്ടാകുമെന്ന പ്രതീക്ഷയില്‍ കോമണ്‍സില്‍ എതിര്‍ വോട്ട് ചെയ്യാനിരിക്കുന്ന ബ്രിട്ടീഷ് എംപിമാര്‍ നിരാശപ്പെടുകയേ ഉള്ളുവെന്നും ജങ്കര്‍ വ്യക്തമാക്കി. അതേസമയം മേയ് നിര്‍ദേശിച്ച ധാരണ കോമണ്‍സ് തള്ളിയാല്‍ യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചകള്‍ക്കായി തീര്‍ച്ചയായും സമീപിക്കുമെന്ന് പ്രോഡി ഉറപ്പിച്ചു പറയുന്നു. സ്വതന്ത്ര വ്യാപാരം നിലിനിര്‍ത്തണമെന്നു തന്നെയാണ് പ്രോഡി പറയുന്നത്. യൂറോപ്യന്‍ യൂണിയന്റെയും ബ്രിട്ടന്റെയും താല്‍പര്യം ഇക്കാര്യത്തില്‍ ഒന്നു തന്നെയാണ്. യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായതിനാല്‍ യുകെയ്ക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും അദ്ദേഹം ദി ഒബ്‌സര്‍വറിനോട് പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രശ്‌നങ്ങള്‍ പ്രായോഗിക ബുദ്ധിയാല്‍ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിപദത്തില്‍ തെരേസ മേയുടെ ഭാവി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പ്രോഡിയുടെ പ്രസ്താവന പുറത്തുവരുന്നത്. നാളെ നടക്കുന്ന കോമണ്‍സ് വോട്ടിംഗില്‍ പരാജയപ്പെട്ടാല്‍ മേയ് പ്രധാനമന്ത്രി പദത്തില്‍ തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ഇരുപക്ഷത്തുമുള്ള രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. മേയുടെ നിര്‍ദേശം തള്ളിയാല്‍ നോര്‍വേ മാതൃകയിലുള്ള ധാരണ കൊണ്ടുവരണമെന്നും ഒരു വിഭാഗം എംപിമാര്‍ ആവശ്യപ്പെടുന്നു.
ബ്രെക്‌സിറ്റില്‍ ലഭിച്ച രഹസ്യ നിയമോപദേശം പുറത്തു വിട്ട് പ്രധാനമന്ത്രി തെരേസ മേയ്. കോമണ്‍സില്‍ കഴിഞ്ഞ ദിവസം നേരിട്ട വന്‍ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് അറ്റോര്‍ണി ജനറല്‍ നല്‍കിയ നിയമോപദേശം മേയ് പുറത്തു വിട്ടത്. എന്നാല്‍ ഇതിനും കോമണ്‍സില്‍ കടുത്ത വിമര്‍ശനങ്ങളായിരുന്നു തെരേസ മേയെ കാത്തിരുന്നത്. ഈ നിയമോപദേശം അനുസരിച്ചുള്ള ബ്രെക്‌സിറ്റ് ഡീല്‍ 'സാമ്പത്തികശാസ്ത്രപരമായ ഭ്രാന്ത്' എന്നാണ് ഭരണ സഖ്യകക്ഷിയായ ഡിയുപി വിശേഷിപ്പിച്ചത്. പാര്‍ലമെന്റില്‍ ഡിയുപിയുടെ നേതാവായ നിഗല്‍ ഡോഡ്‌സ് ഈ ധാരണയെ നാശകാരിയെന്നാണ് വിശേഷിപ്പിച്ചത്. അറ്റോര്‍ണി ജനറല്‍ ജെഫ്രി കോക്‌സ് നല്‍കിയ നിയമോപദേശത്തില്‍ ഐറിഷ് ബോര്‍ഡര്‍ സംബന്ധിച്ചുള്ള നിര്‍ദേശമാണ് അതൃപ്തിക്ക് കാരണമായത്. ഇതനുസരിച്ച് ചില വിഷയങ്ങളില്‍ ബ്രിട്ടനെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മറ്റൊരു രാജ്യമായി പരിഗണിക്കേണ്ടി വരും. ഐറിഷ് അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ മൂലം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്കുള്ള ചരക്കു നീക്കത്തില്‍ പരിശോധനകള്‍ ആവശ്യമായി വരും. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ ഈ നിയന്ത്രണങ്ങള്‍ തുടരണമെന്നായിരുന്നു മേയ്ക്ക് ലഭിച്ച നിയമോപദേശം. ഇത് അവതരിപ്പിച്ചതോടെ പ്രധാനമന്ത്രി കോമണ്‍സിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണം ഉയര്‍ന്നു. വസ്തുതകളെ മറച്ചുവെക്കുകയാണ് ഈ നിയമോപദേശമെന്ന ആരോപണവുമായി എസ്എന്‍പി നേതാവ് ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡ് രംഗത്തെത്തി. ഇതേത്തുടര്‍ന്ന് അംഗങ്ങള്‍ പരസ്പരം നുണ പറയുന്നുവെന്ന ആരോപണമുയര്‍ത്തുന്നതിനെതിരെ സ്പീക്കര്‍ രംഗത്തു വരികയും ചെയ്തു. രഹസ്യ രേഖയില്‍ പുതുതായി യാതൊന്നും ഇല്ലെന്നും അന്തിമ ധാരണയിലെത്തിയില്ലെങ്കില്‍ മാത്രമേ നിയന്ത്രണങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീളുകയുള്‌ളുവെന്ന് കോക്‌സും തെരേസ മേയും വ്യക്തമാക്കിയിരുന്നു.
ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്ക് കനത്ത തിരിച്ചടി. വിഷയവുമായി ബന്ധപ്പെട്ട് തെരേസ മേയ്ക്ക് മൂന്ന് പരാജയങ്ങളാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നേരിടേണ്ടി വന്നത്. ടോറി അംഗങ്ങള്‍ ഉള്‍പ്പെടെ മേയ്‌ക്കെതിരെ തിരിയുന്ന കാഴ്ചയ്ക്കാണ് കോമണ്‍സ് സാക്ഷ്യം വഹിച്ചത്. ബ്രെക്‌സിറ്റിലെ നിയമോപദേശം പൂര്‍ണ്ണമായി പുറത്തു വിടാത്ത ഗവണ്‍മെന്റ് പാര്‍ലമെന്റിനെ അധിക്ഷേപിക്കുകയാണെന്ന പ്രമേയം എംംപിമാര്‍ പാസാക്കി. ഇതോടെ ബ്രെക്‌സിറ്റ് ധാരണ സംബന്ധിച്ച് അഞ്ചു ദിവസം നീളുന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ വൈകി. ഈ പ്രമേയത്തിന്റെ വിജയം സര്‍ക്കാരിന് നാണക്കേടാണെന്ന് ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയിര്‍ സ്റ്റാമര്‍ പറഞ്ഞു. സഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷവും സഭയോടുള്ള ബഹുമാനവും നഷ്ടമായെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും സ്റ്റാമര്‍ വ്യക്തമാക്കി. പാര്‍ലമെന്റിനെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടു പോകാമെന്നും വിഷയത്തില്‍ സൂക്ഷ്മപരിശോധന ഒഴിവാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പിനെതിരെ പാര്‍ലമെന്റ് വോട്ട് ചെയ്തിട്ടുണ്ട്. പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കു മുമ്പിലാണ് ഇത് ഇപ്പോളുള്ളത്. മേയ് അവതരിപ്പിച്ച ബ്രെക്‌സിറ്റ് ധാരണയ്ക്ക് ശേഷമായിരിക്കും ഇത് പരിഗണിക്കുക. ഡൊമിനിക് ഗ്രീവ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അവതരിപ്പിച്ച ഒരു ഭേദഗതിയാണ് പ്രധാനമന്ത്രിക്കേറ്റ മൂന്നാമത്തെ തിരിച്ചടി. ഈ നീക്കത്തിന് എല്ലാ പാര്‍ട്ടികളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു. ധാരണ വോട്ടിനിട്ട് പരാജയപ്പെട്ടാല്‍ പാര്‍ലമെന്റിന് നിയന്ത്രണാധികാരം ലഭിക്കുന്നതിനുള്ള ഭേദഗതിയാണ് പാസായത്. ഒരു സോഫ്റ്റ് ബ്രെക്‌സിറ്റ് അല്ലെങ്കില്‍ മേയുടെ ധാരണയില്‍ ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടുന്ന എംപിമാര്‍ ഈ നീക്കത്തിന് പിന്തുണ നല്‍കി. പകരം സംവിധാനങ്ങള്‍ നിര്‍ദേശിക്കപ്പെട്ടാല്‍ പാര്‍ലമെന്റിന്റെ പിന്തുണയുണ്ടാകുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. 26 ടോറി റിബലുകളും ടോറി സഖ്യകക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും ഗ്രീവിന്റെ ഭേദഗതിക്ക് പിന്തുണ നല്‍കി.
RECENT POSTS
Copyright © . All rights reserved