Coronavirus
ന്യൂസ് ഡെസ്ക് , മലയാളം യുകെ ലണ്ടൻ : കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണും സാമൂഹിക അകലം പാലിക്കൽ നടപടിയും കൗമാരക്കാർക്ക് പലവിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചതായി ന്യൂറോ സയന്റിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. സുഹൃത്തുക്കളുമായുള്ള ബന്ധം കുറയുന്നതും സമൂഹത്തോട് കൂടുതൽ അടുക്കാൻ കഴിയാത്തതും കൗമാരക്കാരിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് അവർ വെളിപ്പെടുത്തി. വ്യക്തിത്വ വികസനം നടക്കുന്ന ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് അവരുടെ മസ്തിഷ്ക വികസനം, പെരുമാറ്റം, മാനസികാരോഗ്യം എന്നിവയെ ബാധിച്ചേക്കാം. ലോക്ക്ഡൗണും ഓൺലൈൻ ക്ലാസ്സുകൾ മൂലവും വീടിനുള്ളിൽ തളച്ചിടപ്പെട്ടത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ദാഭിപ്രായം. ഇതുമൂലം കുട്ടികൾ സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. കൊറോണ ഭീതി ഒഴിഞ്ഞ് സുരക്ഷിതമാവുമ്പോൾ സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. 10 വയസ്സിനും 24 വയസ്സിനും ഇടയിലുള്ളവർ അവരുടെ കുടുംബത്തേക്കാൾ കൂടുതൽ സമയം സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. കൗമാരപ്രായത്തിലാണ് തലച്ചോറിന്റെ വികാസം കൂടുതലായി നടക്കുന്നത്. അതുപോലെതന്നെ മാനസിക-ആരോഗ്യ പ്രശ്നങ്ങൾ കൂടുതലും ഉണ്ടാകാൻ സാധ്യതയുള്ള ജീവിത കാലഘട്ടം കൂടിയാണത്. കൊറോണ വൈറസിന്റെ വരവ് കുട്ടികളുടെ മാനസിക വളർച്ചയെ തടസ്സപ്പെടുത്തിയെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗത്തിൽ നിന്നുള്ള പ്രൊഫ. സാറാ-ജെയ്‌ൻ ബ്ലാക്ക്‌മോർ പറഞ്ഞു. കോവിഡ് -19 തിന്റെ ആഘാതം കാരണം, ലോകമെമ്പാടുമുള്ള നിരവധി ചെറുപ്പക്കാർക്ക് അവരുടെ സമപ്രായക്കാരുമായി മുഖാമുഖം സംവദിക്കാനുള്ള അവസരങ്ങൾ കുറവാണ്." കൗമാരക്കാരിൽ സാമൂഹിക അകലം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തണമെന്ന് കേംബ്രിഡ്ജിലെ റിസർച്ച് ഫെലോ ആയ ആമി ഓർബെൻ, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ലിവിയ ടോമോവ എന്നിവർ ചേർന്നെഴുതിയ ലേഖനത്തിൽ പറയുന്നു. ബ്രിട്ടനിൽ 12നും 15നും ഇടയിൽ പ്രായമുള്ള 69% ചെറുപ്പക്കാർക്കും ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ട്. വ്യക്തിബന്ധം നിലനിർത്താൻ സാമൂഹിക മാധ്യമങ്ങൾ ഒരു പരിധിവരെ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. എന്നിരുന്നാലും സാമൂഹിക മാധ്യമത്തിന്റെ ദുരുപയോഗം ധാരാളം പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. മാർച്ച്‌ 20 മുതൽ യുകെയിലെ സ്കൂളുകൾ എല്ലാം അടച്ചതിനാൽ കുട്ടികളേറെപേരും വീട്ടിലെ നാല് ചുവരുകൾക്കുളിൽ കഴിഞ്ഞുകൂടുകയാണ്.
ബാല സജീവ്‌ കുമാര്‍ കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന പകർച്ചവ്യാധി ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിട്ട് മാസങ്ങളായി. പകർച്ചവ്യാധിയുടെ വ്യാപനവും, പ്രത്യാഘാതങ്ങളും അനിയന്ത്രിതമായി തുടരുമ്പോൾ, പല രാജ്യങ്ങളും, സന്ദർശകരെ വിലക്കിയും, കർശനമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയും, പൊതുസമ്പർക്ക പരിപാടികൾ ഒഴിവാക്കിയും രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമ്പോൾ, നമ്മൾ ജീവിക്കുന്ന യുകെ മഹാരാജ്യവും മുൻകരുതലുകൾ എടുത്തു തുടങ്ങി. പനി, ചുമ, തലവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങൾ ഉള്ളവർ 7 ദിവസം മുതൽ 14 ദിവസം വരെ അന്യ സമ്പർക്കമില്ലാതെ വീടുകളിൽ മാത്രം താമസിക്കുവാനും, അത്യാവശ്യമെങ്കിൽ മാത്രം 111 വിളിച്ച് വൈദ്യ സഹായം തേടുവാനുമാണ് ഇപ്പോൾ യു കെ അഭിമുഖീകരിക്കുന്ന 'ഡിലെ ഫെയ്സിലെ' ഉന്നതതല തീരുമാനം. ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുള്ള ഈ സാംക്രമിക രോഗം, ശാരീരികമായി മാത്രമല്ലാതെ, മാനസികമായി കൂടി ആൾക്കാരെ കൊല്ലുമെന്ന് ഇരുന്നൂറിൽ അധികം ശാസ്ത്രവിശാരദന്മാർ മുന്നറിയിപ്പ് നൽകിയപ്പോൾ, യു കെ യിലെ സമൂഹ സ്നേഹിയായ മലയാളി ഡോക്ടർ സോജി അലക്സ് തന്റെ സുഹൃത്തുക്കളായ ഡോക്ടർമാരെയും നേഴ്സുമാരെയും  കൂടി ചേർത്ത് മുന്നോട്ട് വച്ച ഒരു നിർദ്ദേശമാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ സംരംഭം എന്ന ആശയത്തിന് കാരണമാകുന്നത്. നിപ്പ വൈറസിനെയും, കേരളത്തിൽ പടർന്നു പിടിച്ച മറ്റു സാംക്രമിക രോഗങ്ങളെയും, കൊറോണ വൈറസിനെതിരായ നമ്മുടെ ചെറിയ സംസ്ഥാനത്തിന്റെ പോരാട്ടത്തിനെയും  പോലും ഉൾക്കൊള്ളുവാനാകാതെ, രോഗം സംശയിക്കപ്പെടുന്നവരെയോ, രോഗബാധിതരെയോ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന അവസരത്തിൽ, സഹജീവിയുടെ നിസ്സഹായാവസ്ഥയിൽ എന്നും തുണയായി നിന്നിട്ടുള്ള യു കെ യിലെ പ്രവാസി മലയാളി സമൂഹത്തെ ഒറ്റക്കെട്ടാക്കി നിലനിർത്തി പരസ്പരം സഹായിക്കുവാനുള്ള വേദി സംജാതമാക്കാനുള്ള തീരുമാനമാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നടപ്പാക്കാൻ യത്നിക്കുന്നത്. യു കെ യിലെ ഏതൊരു മലയാളിയും  കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി അന്യ സമ്പർക്കമില്ലാതെ താമസിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, പ്രബുദ്ധരായ ഒരു സമൂഹം എന്ന നിലയിൽ അവർക്ക് വേണ്ട സൗകര്യങ്ങളും, സാഹചര്യങ്ങളും ഒരുക്കുന്നതിനാണ് നമ്മൾ ശ്രമിക്കുന്നത്. ആശങ്കാകുലർക്ക് ആശ്രയമായി വിളിക്കുന്നതിന് എമെർജെൻസി നമ്പറായ 111 മാത്രമാണ് നിലവിൽ നല്കപ്പെട്ടിരിക്കുന്നത്. കാലികപ്രാധാന്യം കൊണ്ട് 111 കോളുകൾക്ക് മറുപടി ലഭിക്കുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യം നിലവിൽ വരുമ്പോൾ,  ഡോക്ടർമാരെയും, നേഴ്സുമാരെയും മറ്റു യു കെ മലയാളികളെയും ഏകോപിപ്പിച്ചുകൊണ്ട്   ഏതൊരു യു കെ മലയാളിക്കും പ്രാപ്യമാകുന്ന തരത്തിൽ, അവർക്ക് സഹായകമായ വിവരങ്ങൾ ഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനമാണ് ആദ്യമായി നിലവിൽ വരുന്നത്. യു കെ യിലുള്ള മറ്റ് മലയാളി ഡോക്ടർമാരെയും ഈ ശ്രേണിയിലേക്ക് കൊണ്ടുവരുന്നതിനും, യു കെ യെ പല സോണുകളായി തിരിച്ച് ഫോൺ കോളുകൾക്ക് മറുപടി പറയുന്നതിനുമുള്ള ശ്രമം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ കൂടെ തന്നെ അസുഖ ബാധിതരെയോ, ആശങ്കാകുലരെയോ മാനസികമായി സഹായിക്കുന്നതിന് യു കെ യിലെ പ്രമുഖ നേഴ്സുമാരെയും, ആരോഗ്യ-സോഷ്യൽ സർവീസ് രംഗത്ത് പ്രവർത്തിക്കുന്നവരെയും ചേർത്ത് കൊണ്ടുള്ള  നീക്കവും ഈ പരസ്പര സഹായ സംരംഭത്തിന്റെ ഭാഗമാണ്. അന്യ സമ്പർക്കമില്ലാതെ വീടുകളിൽ മാത്രം കഴിയേണ്ടി വരുന്ന മലയാളികൾക്ക് തുണയായി ആവശ്യ സാധനങ്ങളോ മരുന്നുകളോ എത്തിച്ച്  കൊടുക്കുന്നതിനുള്ള സന്നദ്ധ സംഘടനയും ഇതിന്റെ ഭാഗമായുണ്ട്. യു കെ യിലെ ഏതൊരു പ്രവിശ്യയിലും, ഏതൊരു മലയാളിക്കും ഈ അടിയന്തിര ഘട്ടത്തിൽ സഹായം ലഭ്യമാക്കുക എന്ന ലക്‌ഷ്യം പ്രാവർത്തികമാക്കാൻ യു കെ യിലെ മലയാളികളിൽ  നിന്ന് പ്രായ-ജാതി-മത-ലിംഗ വ്യത്യാസമെന്യേ സഹകരണം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ അഭ്യർത്ഥിക്കുകയാണ്. ഇപ്രകാരം ഒരു ആലോചന നിലവിൽ വന്ന ദിവസം തന്നെ 90 ൽ അധികം പേർ സന്നദ്ധ പ്രവർത്തകരായി രംഗത്ത് വന്നു എന്നുള്ളത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് അഭിമാനകരമാണ്. .യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഈ അടിയന്തിര ഘട്ടത്തിൽ ഒരുക്കുന്ന പരസ്പര സഹായ സംരംഭത്തിലേക്ക് സഹജീവി സ്നേഹമുള്ള മുഴുവൻ മലയാളികളുടെയും സേവനം അഭ്യർത്ഥിക്കുകയാണ്. ഏതെങ്കിലും തരത്തിൽ ഈ സംരംഭത്തിൽ പങ്കാളികളാകാൻ സാധിക്കുമെങ്കിൽ, താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ മെസ്സേജ് അയക്കുകയോ ചെയ്യുക സുരേഷ് കുമാർ            07903986970  റോസ്ബിൻ                     07428571013  ബിനു ജോസ്                   07411468602  ബിബിൻ എബ്രഹാം      07534893125  ബാബു എം ജോൺ        07793122621  ഓസ്റ്റിൻ അഗസ്റ്റിൻ        07889869216  കിരൺ സോളമൻ         07735554190  സാം തിരുവാതിലിൽ   07414210825  തോമസ് ചാക്കോ           07872067153  റജി തോമസ്                    07888895607 
വുഹാന്‍: ആളൊഴിഞ്ഞ നിരത്തില്‍ ഒരു അഞ്ജാത മൃതദേഹം. മുഖത്ത് മാസ്‌ക്‌. മരിച്ചു വീണുകിടക്കുമ്പോഴും കയ്യിലെ ക്യാരി ബാഗില്‍ നിന്ന് അയാള്‍ പിടിവിട്ടിരുന്നില്ല. ഒരാള്‍ പോലും നിലത്തു കിടക്കുന്ന ആ മൃതദേഹത്തെ തിരിഞ്ഞുപോലും നോക്കുന്നില്ല. ഒടുവില്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗുകളിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു. കൊറോണ വൈറസ് ഭീകര താണ്ഡവമാടുന്ന ചൈനയിലെ വുഹാനിലെ തെരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണിത്. കൊറോണ വൈറസ് രോഗികളെ ചികിത്സിയ്ക്കുന്ന വുഹാനിലെ ആശുപത്രിക്ക് തൊട്ടടുത്താണ് ഇയാള്‍ മരിച്ചുവീണത്.  ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കും മൃതദേഹത്തിന്. കൊറോണ ബാധിച്ചാണോ ഇയാളുടെ മരണമെന്ന് വ്യക്തമല്ല. പക്ഷേ നാട്ടുകാര്‍ കൊറോണ തന്നെയാണെന്ന് ഉറപ്പിച്ച് മൃതദേഹത്തിനടുത്തേക്ക് അടുക്കുന്നു പോലുമില്ല. ഇതിനോടകം 213 പേര്‍ ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചിട്ടുണ്ട്. ഇതില്‍ 159 മരണങ്ങളും വുഹാനിലാണ്. കൊറോണ പൊട്ടിപ്പുറപ്പെടുന്നതുവരെ വുഹാന്‍ ജനത്തിരക്കേറിയ നഗരമായിരുന്നു. ഇപ്പോള്‍ ആളൊഴിഞ്ഞ തെരുവില്‍ വ്യാപാര സ്ഥാപനങ്ങളൊന്നും തുറക്കുന്നില്ല. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പോലും അപൂര്‍വ്വമാണ്. ഒരാള്‍ കണ്‍മുന്നില്‍ കിടന്ന് പിടഞ്ഞ് മരിച്ചാല്‍ പോലും കൊറോണയെ ഭയന്ന് ആരും ആരെയും സഹായിക്കാനെത്താത്ത ഭീകരാവസ്ഥയാണ് ചൈനയില്‍. ആശുപത്രികളിലുടനീളം രോഗികളുടെ നീണ്ട നിരയാണ്. ഇതില്‍ രണ്ട് ദിവസമായി ഡോക്ടറെ കാണാന്‍ ക്യൂനില്‍ക്കുന്നവരുണ്ട്. പലരും വീട്ടില്‍ നിന്ന് കസേരയുമെടുത്താണ് ഡോക്ടറെ കാണാന്‍ എത്തിയിരിക്കുന്നത്. മറ്റൊരാള്‍ ഇരുന്ന കസേരയില്‍ പോലും ആരും ഇരിക്കാന്‍ തയ്യാറാകുന്നില്ല. വുഹാന്‍ ഉള്‍പ്പെടെ കൊറോണ ബാധിച്ച പ്രദേശങ്ങളിലെല്ലാം ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും അത്യാവശ കാര്യങ്ങള്‍ക്ക് നടന്നു പോകുകയൊ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്. വുഹാന്റെ തെരുവുകളിലൂടനീളം ആംബുലന്‍സുകള്‍ ചീറിപ്പായുന്ന കാഴ്ചയും സര്‍വ്വ സാധാരണമായിരിക്കുകയാണ്. വുഹാന്റെ ശ്വാസോച്ഛ്വാസത്തിനുപോലും മരണത്തിന്റെ ഗന്ധമാണ്.  
 
RECENT POSTS
Copyright © . All rights reserved