Council
ഹെഡ്ടീച്ചറുമായി വഴക്കിട്ടതിന് കുട്ടി പഠിക്കുന്ന സ്‌കൂളില്‍ അമ്മയ്ക്ക് പ്രവേശന വിലക്ക്. സാലി വില്ലീസ് എന്ന 39കാരിക്കാണ് സ്റ്റാഫോര്‍ഡ്ഷയറിലെ ഹെറോണ്‍ ക്രോസ് പ്രൈമറി സ്‌കൂളില്‍ പ്രവേശിക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തന്റെ സ്വകാര്യ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് ഹെഡ്ടീച്ചര്‍ ഡോറി ഷെന്റണോട് താന്‍ പറഞ്ഞിരുന്നുവെന്ന് സാലി വില്ലിസ് പറഞ്ഞു. ഇപ്പോള്‍ കുട്ടിയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ വരെ കൊണ്ടു വിടാന്‍ മാത്രമേ ഇവര്‍ക്ക് കഴിയൂ. സ്‌കൂള്‍ പരിസരത്ത് പ്രവേശിക്കാനോ പേരന്റ്‌സ് ഈവനിംഗ് പോലെയുള്ള പരിപാടികളില്‍ പങ്കെടുക്കാനോ ഇവര്‍ക്ക് അനുവാദമില്ല. കുട്ടികള്‍ക്ക് അപായമുണ്ടാക്കും എന്നാണ് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഹെഡ്ടീച്ചര്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് വിലക്ക്. ഇക്കാലയളവില്‍ കുട്ടിയുടെ പഠനം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ലോക്കല്‍ അതോറിറ്റിയുടെ മധ്യസ്ഥത തേടണം. ഇത് വളരെ നിരാശാജനകമാണെന്ന് വില്ലീസ് പറയുന്നു. ഇവരുടെ എട്ടു വയസുകാരനായ മകനാണ് സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂളില്‍ ഒരു ടീച്ചിംഗ് അസിസ്റ്റന്റായി ജോലി ലഭിക്കുമോ എന്ന് അന്വേഷിച്ചപ്പോള്‍ ഹെഡ്ടീച്ചര്‍ അനുവാദം നല്‍കിയില്ല. തനിക്ക് പോസ്റ്റ്‌നേറ്റല്‍ ഡിപ്രഷന്‍ ഉണ്ടെന്നും അതിനാല്‍ കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി ഈ ജോലി നല്‍കാന്‍ കഴിയില്ലെന്നുമാണ് അവര്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് വില്ലീസ് സ്‌കൂളിന് പരാതി നല്‍കി. സ്‌കൂള്‍ ഭരണസമിതിക്കാണ് പരാതി നല്‍കിയത്. മൂന്നര വര്‍ഷം മുമ്പ് തനിക്ക് പോസ്റ്റ് നേറ്റല്‍ ഡിപ്രഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്ന് താന്‍ മുക്തയാണെന്ന് സ്‌കൂളിനെ അറിയിച്ചുവെന്നും വില്ലീസ് പറഞ്ഞു. തനിക്ക് ജോലി ചെയ്യാന്‍ അനുവാദം നല്‍കില്ലെന്ന് പറയുന്നതു വരെ പ്രശ്‌നമില്ല. പക്ഷേ തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചര്‍ച്ച വന്നതോടെ അത് സ്വകാര്യ വിവരങ്ങള്‍ പുറത്തു വിടുന്നതിന് തുല്യമായാണ് തോന്നിയത്. ഇത് കൗണ്‍സിലില്‍ പരാതിയായി ബോധിപ്പിച്ചു. അവര്‍ അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് തനിക്ക് പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് കൗണ്‍സിലിനോട് പറഞ്ഞിരുന്നു. എന്നാല്‍ പോസ്റ്റ്‌നേറ്റല്‍ ഡിപ്രഷന് വിധേയരായവരെ സ്‌കൂളും കൗണ്‍സിലും പരിഗണിക്കുന്ന രീതിയില്‍ താന്‍ സന്തുഷ്ടയല്ലെന്നും അവര്‍ പറഞ്ഞു.
ന്യൂസ് ഡെസ്ക് ബ്രിട്ടീഷ് ലോക്കൽ കൗൺസിൽ ഇലക്ഷനിൽ നാലു മലയാളികൾക്ക് ഉജ്ജ്വല വിജയം. വിജയിച്ച നാലുപേരും ഒരേ പാർട്ടിയുടെ ലേബലിൽ മത്സരിച്ചവരാണ്.  ന്യൂഹാം  കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വാൾ എൻഡ് വാർഡിൽ മത്സരിച്ച ഓമനക്കുട്ടി ഗംഗാധരൻ 2885 വോട്ടുകളോടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഈസ്റ്റ് ഹാം സെൻട്രൽ വാർഡിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച സുഗതൻ തെക്കേപ്പുരയിൽ 2568 വോട്ടുകൾ നേടി വൻ വിജയം കരസ്ഥമാക്കി. കേംബ്രിഡ്ജിൽ ബൈജു തിട്ടാലയും ക്രോയ്ഡോണിൽ മഞ്ജു ഷാഹുൽ ഹമീദും വിജയിച്ചു. കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൺ വാർഡിൽ നിന്നും മത്സരിച്ച ബൈജു വർക്കി തിട്ടാല 1107 വോട്ടുകളാണ് നേടിയത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയായാണ് ലോയറായ ബൈജു തിട്ടാല മത്സരിച്ചത്. മുൻ ക്രോയ്ഡോൺ മേയറായ മഞ്ജു ഷാഹുൽ ഹമീദ് ബ്രോഡ്ഗ്രീൻ വാർഡിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലേബർ പാർട്ടി സ്ഥാനാർത്ഥിയാണ് സോഫ്റ്റ് വെയർ എഞ്ചിനീയറായ മഞ്ജു. സ്വിൻഡൻ കൗൺസിലിലേയ്ക്ക് മത്സരിച്ച റോയി സ്റ്റീഫൻ പരാജയപ്പെട്ടു. വാൽക്കോട്ട് ആൻഡ് പാർക്ക് നോർത്ത് വാർഡിൽ കൺസർവേറ്റീവ് ലേബലിൽ മത്സരിച്ച റോയി ലേബർ പാർട്ടി സ്ഥാനാർത്ഥിയോടാണ് തോറ്റത്. ബേസിംഗ്സ്റ്റോക്ക് കൗൺസിലിലെ ഈസ്ട്രോപ് വാർഡിൽ മത്സരിച്ച സജീഷ് ടോമിനും വിജയിക്കാനായില്ല. ലിബറൽ ഡെമോക്രാറ്റിന്റെ ഗാവിൻ ജയിംസ് 692 വോട്ടോടെ ഇവിടെ ജയിച്ചു. ലേബർ പാനലിൽ മത്സരിച്ചസജീഷ് ടോം 322 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തി. ഇലക്ഷനിൽ വിജയിച്ച ഓമന ഗംഗാധരനും സുഗതൻ തെക്കേപ്പുരയ്ക്കും ബൈജു തിട്ടാലയ്ക്കും മഞ്ജു ഷാഹുൽ ഹമീദിനും മലയാളം യുകെ ന്യൂസ്‌ ടീമിന്റെ അഭിനന്ദനങ്ങള്‍.
കുട്ടികളില്‍ കാണപ്പെടുന്ന പൊണ്ണത്തടി പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ ജങ്ക് ഫുഡ് നിയന്ത്രിക്കണമെന്ന് ഡോക്ടര്‍മാര്‍. ഇതിനായി കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. യുകെയിലെ സ്‌കൂളുകള്‍ക്ക് സമീപം ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്‌കൂളുകളുടെ 400 മീറ്റര്‍ പരിധിയില്‍ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്നാണ് ആവശ്യം. കുട്ടികളിലെ അമിതവണ്ണം സംബന്ധിച്ച സര്‍ക്കാര്‍ നയം തിരുത്തുന്നതിന്റെ ഭാഗമായി റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് നല്‍കിയ പ്രൊപ്പോസലിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. സ്‌കൂളില്‍ നിന്ന് വിശന്ന് ഇറങ്ങി വരുന്ന കുട്ടികള്‍ക്കു മുന്നിലാണ് വിലക്കുറവുള്ള ചിക്കന്‍ ഷോപ്പുകളും ചിപ്‌സ് ഷോപ്പുകളും മറ്റ് ജങ്ക് ഫുഡ് സ്റ്റോറുകളും തുറന്നിരിക്കുന്നതെന്ന് റോയല്‍ കോളേജ് പ്രസിഡന്റ് പ്രൊഫസര്‍ റസല്‍ വൈനര്‍ പറഞ്ഞു. തങ്ങള്‍ക്ക് മുന്നില്‍ ലഭിക്കുന്നത് കഴിക്കുകയെന്നതാണ് ആളുകള്‍ ചെയ്യുന്നത്. അതിന്റെയൊക്കെ ഫലമായി കുട്ടികളിലെ അമിതവണ്ണത്തിന്റെ നിരക്ക് ഉയരുകയാണ്. നാല്-അഞ്ച് വയസ് പ്രായമുള്ള കുട്ടികളില്‍ പത്തിലൊന്ന് പേര്‍ക്കും അപകടകരമായ വിധത്തില്‍ പൊണ്ണത്തടിയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രൈമറി സ്‌കൂളില്‍ പ്രവേശിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ അമിതവണ്ണമുള്ളവരുടെ എണ്ണം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കൂടുതലാണെന്ന് 2016-17 വര്‍ഷത്തെ എന്‍എച്ച്എസ് ഡിജിറ്റല്‍ ഡേറ്റയും സൂചിപ്പിക്കുന്നു. കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവരുടെ ശരീരഭാരം രേഖപ്പെടുത്തണമെന്നും ഒരു നിര്‍ദേശം പറയുന്നു. ഈ വിഷയം ഹൗസ് ഓഫ് കോമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ കമ്മിറ്റി അടുത്ത മാസം പരിഗണിക്കും.
ബസ് ലെയിനുകള്‍ തെറ്റിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്ന് വന്‍ തുക പിഴയീടാക്കുന്ന കൗണ്‍സിലുകളെ വിമര്‍ശിച്ച് ക്രിസ് ഗ്രെയിലിംഗ്. 2015നും 2017നുമിടയില്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയത് 3.4 മില്യന്‍ പെനാല്‍റ്റി ചാര്‍ജ് നോട്ടീസുകളാണെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ അത്യാഗ്രഹികളായ കൗണ്‍സിലുകള്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് ട്രാന്‍സ്‌പോര്‍ട്ട്‌ സെക്രട്ടറി കൂടിയായ ഇദ്ദേഹം. പുതുതലമുറ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഡ്രൈവര്‍മാരെ കുടുക്കാനുള്ള കൗണ്‍സിലുകളുടെ തന്ത്രത്തിന് തടയിടണമെന്ന് സര്‍ക്കാരിനോട് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഓട്ടോമാറ്റിക് ഫൈനുകള്‍ക്ക് പകരം സംവിധാനമേര്‍പ്പെടുത്തണമെന്നതായിരുന്നു ആവശ്യം. ഈ ആവശ്യം ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി അംഗീകരിക്കുകയായിരുന്നു. നിയന്ത്രണങ്ങളും മറ്റും നടപ്പിലാക്കുമ്പോള്‍ അവ സന്തുലിതവും സുതാര്യവുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന ഹോട്ട്‌സ്‌പോട്ടുകള്‍ എവിടെയൊക്കെയാണെന്ന വിവരം പൊതുജനങ്ങളെ അറിയിക്കണമെന്ന ആവശ്യത്തിന് പിന്തുണ നല്‍കിക്കൊണ്ടാണ് ഇക്കാര്യം സെക്രട്ടറി വ്യക്തമാക്കിയത്. ബസ് ലെയിന്‍ ഫൈനുകള്‍ അവതരിപ്പിച്ച ആദ്യ ആഴ്ചയില്‍ത്തന്നെ 1,15,000 പൗണ്ടിന്റെ പെനാല്‍റ്റി ചാര്‍ജ് നോട്ടീസുകളായിരുന്നു പ്രെസ്റ്റണ്‍-ലാന്‍കാഷയര്‍ പ്രദേശത്ത് മാത്രം നല്‍കിയത്. ആദ്യ പിഴവുകള്‍ക്ക് ഫൈന്‍ ഈടാക്കുന്നത് കഴിഞ്ഞ 10 വര്‍ഷമായി ഇല്ലായിരുന്നു. ഇതാദ്യമായാണ് ഇത്തരമൊരു നീക്കമെന്നും ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു. പാര്‍ക്കിംഗ് ഫീസിനത്തിലും പിഴകളിലുമായി 2.5 ലക്ഷം പൗണ്ട് കൗണ്‍സിലുകള്‍ ഈടാക്കിയിട്ടുണ്ടെന്നും ആര്‍എസിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫൈനുകളില്‍ നിന്നായി 70 മില്യന്‍ പൗണ്ടാണ് ബ്രിട്ടനിലെ വലിയ നഗരങ്ങള്‍ ഈടാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ മാത്രം 1,72,311 ഡ്രൈവര്‍മാര്‍ക്ക് പിഴ ശിക്ഷ നല്‍കിയിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved