court
കോപം മൂത്ത് ഒരു വയസുകാരിയുടെ മുഖത്തടിച്ച 21 കാരിക്ക് 12 മാസത്തെ കമ്യൂണിറ്റി ഓര്‍ഡര്‍ വിധിച്ച് പ്ലിമത്ത് ക്രൗണ്‍ കോടതി. മുതിര്‍ന്നവരുടെ ശക്തിയില്‍ കുട്ടിയുടെ മുഖത്തടിച്ചുവെന്നതാണ് ഹെയ്‌ലി ഫ്രാന്‍സിസ് എന്ന യുവതിക്കെതിരെ തെളിഞ്ഞ കുറ്റം. കുട്ടിയുടെ മുഖത്തെ ചുവന്ന പാട് ശ്രദ്ധയില്‍പ്പെട്ട നഴ്‌സറി ജീവനക്കാര്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുറ്റം തെളിഞ്ഞെങ്കിലും ഹെയ്‌ലി ഫ്രാന്‍സിസിന് കോടതി തടവു ശിക്ഷ നല്‍കിയില്ല. രൂക്ഷമായ വിമര്‍ശനമാണ് ഇവര്‍ക്കെതിരെ കോടതി ഉന്നയിച്ചത്. കുട്ടിക്ക് പനിയുള്ളതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നഴ്‌സറി ജീവനക്കാര്‍ ശ്രദ്ധിച്ചത്. മുഖത്തെ ചുവന്ന പാടും ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് ഇവര്‍ കുട്ടിയുടെ ഫോട്ടോകള്‍ എടുക്കുകയും സോഷ്യല്‍ സര്‍വീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇത്തരമൊരു പാട് ശക്തമായി അടിച്ചാല്‍ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ഹെയ്‌ലി ആദ്യ ഘട്ടത്തില്‍ കുറ്റം നിഷേധിച്ചെങ്കിലും അവര്‍ കുറ്റക്കാരിയാണെന്ന് കോടതി പിന്നീട് കണ്ടെത്തുകയായിരുന്നു. മറ്റുള്ളവരില്‍ കുറ്റം ചാരാനും ഒട്ടേറെ വിശദീകരണങ്ങള്‍ നല്‍കാനും അവര്‍ ശ്രമിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇവര്‍ കുറ്റം ചെയ്തതായി തെളിഞ്ഞു. മര്‍ദ്ദനത്തില്‍ കുട്ടിക്ക് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും കോടതിയില്‍ മൊഴി ലഭിച്ചു. പക്വതയില്ലാത്ത പ്രായത്തിലാണ് ഹെയ്‌ലി ഈ കുറ്റം ചെയ്തതെന്ന് അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കോപം മൂലം നിയന്ത്രണം വിട്ടെങ്കിലും പിഞ്ചു കുഞ്ഞിനോട് ഇപ്രകാരം ചെയ്തതിന് അത് ന്യായീകരണമാകുന്നില്ലെന്ന് ജഡ്ജ് പോള്‍ ഡാര്‍ലോ വിധിച്ചു. 20 ദിവസത്തെ പ്രൊബേഷന്‍ സൂപ്പര്‍വിഷന്‍ ഉള്‍പ്പെടെയാണ് 12 മാസത്തെ കമ്യൂണിറ്റി സര്‍വീസ് ഹെയ്‌ലിക്ക് നല്‍കിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ ചാര്‍ജായി 500 പൗണ്ട് നല്‍കാനും കോടതി വിധിച്ചു.
മാതാപിതാക്കളുടെ അശ്രദ്ധ മൂലം കെയര്‍ ഹോമുകളിലേക്ക് മാറ്റപ്പെട്ട സഹോദരങ്ങളായ ആറു കുട്ടികള്‍ക്കു വേണ്ടി വന്‍ തുക ചെലവാക്കുന്നതിനെ വിമര്‍ശിച്ച് കോടതി. ലീഡ്‌സ് ഫാമിലി കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് ഹോള്‍മാന്‍ ആണ് കുട്ടികളുടെ സംരക്ഷണത്തിനായി പ്രതിവര്‍ഷം 5 ലക്ഷം പൗണ്ട് ചെലവാകുന്നതിനെ വിമര്‍ശിച്ചത്. കുട്ടികളെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് ആകില്ലെന്ന് വ്യക്തമായതോടെയാണ് കുട്ടികളെ കൗണ്‍സില്‍ ഏറ്റെടുത്തത്. എന്നാല്‍ ഇവരുടെ സംരക്ഷണത്തിനായി ആഴ്ചയില്‍ 10,000 പൗണ്ട് വീതം ചെലവാകുന്നത് നിരാശാജനകമാണെന്ന് ജഡ്ജ് പറഞ്ഞു. മദ്യപാനിയായ പിതാവ് സ്ഥിരമായി കുട്ടികളുടെ അമ്മയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് കോടതി സ്ഥിരീകരിച്ചു. കുട്ടികള്‍ക്ക് വേണ്ട ശ്രദ്ധയോ പരിഗണനയോ ലഭിച്ചിരുന്നില്ല. അവര്‍ക്ക് ടിവി കാണാന്‍ നല്‍കുകയോ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നല്‍കുകയോ ആയിരുന്നു പതിവ്. ഇവരെ സ്‌കൂളില്‍ അയക്കുകയോ മറ്റു കുട്ടികളുമായി ഇടപഴകാന്‍ അനുവദിക്കുകയോ ചെയ്തിരുന്നില്ല. ഇവരില്‍ ഒരു പെണ്‍കുട്ടിയെ മൂത്ത ആണ്‍കുട്ടി ലൈംഗികമായി ഉപദ്രവിച്ചതായും കണ്ടെത്തി. മൂന്നു വയസ് മുതല്‍ 16 വയസ് വരെ പ്രായമുള്ളവരാണ് കുട്ടികള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇവരെ മൂന്ന് റെസിഡെന്‍ഷ്യല്‍ ഹോമുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മൂത്തയാള്‍ ഒരു ചില്‍ഡ്രന്‍സ് ഹോമിലാണ്. മറ്റു രണ്ട് ആണ്‍കുട്ടികള്‍ മറ്റൊരു ചില്‍ഡ്രന്‍സ് ഹോമിലും മൂന്നു പെണ്‍കുട്ടികളെ ഏജന്‍സി ഫോസ്റ്റര്‍ ഹോമുകളിലും പാര്‍പ്പിച്ചിരിക്കുന്നു. കുട്ടികളെ ഈ വിധത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതിനാല്‍ ലോക്കല്‍ അതോറിറ്റിക്ക് ആഴ്ചയില്‍ 10,000 പൗണ്ടെങ്കിലും ചെലവു വരുന്നുണ്ട്. ഇത് വര്‍ഷത്തില്‍ അര മില്യന്‍ പൗണ്ട് എത്തുമെന്നും കോടതി വിലയിരുത്തി. മൂത്ത ആണ്‍കുട്ടി സഹോദരിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കിലും കുടുംബ പശ്ചാത്തലം അവനെയും ഇരയായി പരിഗണിക്കാന്‍ കോടതിയെ പ്രേരിപ്പിക്കുകയാണെന്നും ജഡ്ജ് പറഞ്ഞു. തകരുന്ന കുടുംബങ്ങള്‍ കുട്ടികള്‍ക്കു മാത്രമല്ല, നികുതി ദായകനു കൂടി ബാധ്യതയാകുകയാണെന്നാണ് ഹെന്റി ജാക്‌സണ്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അലന്‍ മെന്‍ഡോസ പറയുന്നത്.
ആസിഡ് ആക്രമണത്തില്‍ 47കാരിയായ കെയറര്‍ കൊല്ലപ്പെട്ട കേസില്‍ 19കാരന് 17 വര്‍ഷം തടവ്. സെനറല്‍ വെബ്സ്റ്റര്‍ എന്ന 19 കാരനാണ് ശിക്ഷ ലഭിച്ചത്. ജോവാന്‍ റാന്‍ഡ് എന്ന 47 കാരി ആഡിസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസിലാണ് വിധി. ആസിഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യമായാണ് ബ്രിട്ടനില്‍ ശിക്ഷ വിധിക്കുന്നത്. കേസില്‍ വെബ്സ്റ്റര്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഏപ്രിലില്‍ റീഡിംഗ് ക്രൗണ്‍ കോര്‍ട്ട് കണ്ടെത്തിയിരുന്നു. വെബ്‌സ്റ്ററിന്റെ പ്രവൃത്തിയാണ് റാന്‍ഡിന്റെ മരണത്തിന് കാരണമായതെന്ന് ജഡ്ജ് ആന്‍ജല മോറിസ് പറഞ്ഞു. വിധി പ്രസ്താവത്തിനു ശേഷം വെബ്സ്റ്റര്‍ ജഡ്ജിയെ അസഭ്യം പറയുകയും ചെയ്തു. ജോവാന്‍ റാന്‍ഡ് ഹൈവൈക്കോമ്പിലെ ഫ്രോഗ്മൂറിലുള്ള ശ്മശാനത്തില്‍ തന്റെ മകളുടെ കല്ലറ സന്ദര്‍ശിച്ചതിനു ശേഷം ബെഞ്ചില്‍ ഇരിക്കുകയായിരുന്നു. ഇതിനു സമീപം മറ്റൊരാളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്ന വെബ്സ്റ്റര്‍ ബാഗിലുണ്ടായിരുന്ന ആസിഡ് അയാളുടെ ശരീരത്തിലേക്ക് ഒഴിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് ലക്ഷ്യം തെറ്റി റാന്‍ഡിന്റെ ശരീരത്തില്‍ വീഴുകയായിരുന്നു. 2017 ജൂണ്‍ 3നാണ് സംഭവമുണ്ടായത്. ശരീരമാസകലം ആസിഡ് വീണ് ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പിന്നീട് ഈ വ്രണങ്ങളില്‍ അണുബാധയുണ്ടായി സെപ്റ്റിസീമിയ ബാധിച്ചാണ് റാന്‍ഡ് മരിച്ചത്. ആസിഡ് ആക്രമണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് റാന്‍ഡിന്റെ മകള്‍ കാറ്റി പിറ്റ് വെല്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന ആസിഡിന് ഒരാളെ ഏതു വിധത്തില്‍ പരിക്കേല്‍പ്പിക്കാനാകുമെന്ന് വെബ്സ്റ്റര്‍ക്ക് അറിയാമായിരുന്നുവെന്ന് പിറ്റ് വെല്‍ അഭിപ്രായപ്പെട്ടു. ഒരാളെ ഉപദ്രവിക്കുക എന്ന ലക്ഷ്യവുമായാണ് അയാള്‍ ആസിഡ് പ്രയോഗിച്ചത്. എന്നാല്‍ അതിന് ഇരയായത് നിരപരാധിയായ ഒരു വ്യക്തിയായിരുന്നു. ഇത്തരം വസ്തുക്കള്‍ കൈവശം വെക്കുന്നവര്‍ അത് മറ്റുള്ളവരെ കൊലപ്പെടുത്താനോ പരിക്കേല്‍പ്പിക്കാനോ സാധ്യതയുള്ള ഒന്നാണെന്ന കാര്യം ഓര്‍മിക്കണമെന്നും പിറ്റ് വെല്‍ പറഞ്ഞു.
2012ലെ കണക്കനുസരിച്ച് യുകെയില്‍ വിവാഹിതരായവരില്‍ 42 ശതമാനം പേര്‍ വിവാഹമോചിതരാകുന്നുണ്ട്. ഈ വിവാഹമോചനങ്ങളിലെല്ലാം നിയമപരമായി ഒരു കാരണം മാത്രമാണ് നിലനില്‍ക്കുന്നത്. ബന്ധത്തില്‍ പരിഹരിക്കാനാകാത്ത വിധത്തിലുണ്ടാകുന്ന തകര്‍ച്ച. ഒരു ബന്ധം തകരാനായി ചൂണ്ടിക്കാണിക്കാനാകുന്നത് മൂന്ന് പ്രധാന കാരണങ്ങളാണ്. 1. അവിഹിതബന്ധങ്ങള്‍, 2. യുക്തിക്ക് നിരക്കാത്ത പെരുമാറ്റം, 3. വേര്‍പിരിയല്‍. ആദ്യത്തെ രണ്ട് കാരണങ്ങളും ദമ്പതികള്‍ പരസ്പരം ആരോപിക്കുന്നവയാണ്. ഈ ആരോപണ ഗെയിം തന്നെയാണ് വിവാഹമോചനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാരണമാകുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വേര്‍പിരിയല്‍ കാരണമായി ഉന്നയിക്കുന്ന വിവാഹമോചനക്കേസുകളില്‍ തങ്ങള്‍ വേറിട്ടാണ് താമസിക്കുന്നതെന്ന കാര്യം കോടതിയില്‍ തെളിയിച്ചാല്‍ മതിയാകും. ഒരു വീട്ടിലാണ് താമസമെങ്കില്‍ ഒരു കിടക്ക പങ്കിടുന്നില്ലെന്നും ദമ്പതികളായല്ല താമസിക്കുന്നതെന്നും തെളിയിച്ചാല്‍ മതിയാകും. ഇരുവരും സമ്മതിച്ചാല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും രണ്ടു വര്‍ഷത്തിനുള്ളിലും ഒരാളുടെ സമ്മതമില്ലെങ്കില്‍ അഞ്ചു വര്‍ഷത്തിനുള്ളിലും വിവാഹമോചനം അനുവദിക്കും. സ്‌കോട്ട്‌ലന്‍ഡില്‍ ഈ കാലയളവ് ഒന്നും രണ്ടു വര്‍ഷമാണ്. ഉപേക്ഷിച്ചു പോകുന്നത് വിവാഹമോചനങ്ങള്‍ക്ക് മറ്റൊരു കാരണമാണ്. രണ്ടു വര്‍ഷത്തിലേറെയായി പങ്കാളിയുമൊത്തല്ല കഴിയുന്നതെങ്കില്‍, അതിന് വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ പങ്കാളിക്ക് കഴിയുന്നില്ലെങ്കില്‍ വിവാഹമോചനം ലഭിക്കും. അവിഹിത ബന്ധങ്ങളും ൃകാരണമായി ഉന്നയിക്കാമെങ്കിലും അത്തരം ബന്ധങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടും ആറു മാസത്തിലേറെക്കാലം ഒരുമിച്ച് കഴിഞ്ഞിട്ടുണ്ടെങ്കില്‍ വിവാഹമോചനത്തിന് അതൊരു കാരണമായി ഉന്നയിക്കാന്‍ കഴിയില്ല. സ്വവര്‍ഗ്ഗ ദമ്പതികള്‍ക്കും ആണു പെണ്ണും തമ്മിലുള്ള അവിഹിതബന്ധം കാരണമായി ഉന്നയിക്കാനാകില്ല. ഈ വിധത്തില്‍ കുറ്റാരോപണം നടത്തിയുള്ള വിവാഹമോചന സമ്പ്രദായത്തിന് അന്ത്യമുണ്ടാകണമെന്നാണ് അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്. ഒരു നോ ഫോള്‍ട്ട് സമ്പ്രദായത്തിനാണ് തുടക്കമിടേണ്ടത്. കോടതിക്കു മുന്നില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടാല്‍ അതിന്റെ നടപടികള്‍ ആരംഭിക്കാനാകുന്ന വിധത്തില്‍ നിയമങ്ങള്‍ മാറണമെന്നാണ് അഭിപ്രായം.
മാതാപിതാക്കളുടെ പരാതിയില്‍ 30കാരനായ മകന്‍ വീട്ടില്‍ നിന്ന് പുറത്തു പോകണമെന്ന് കോടതി. ന്യൂയോര്‍ക്കിലാണ് സംഭവം. മൈക്കിള്‍ റോറ്റോന്‍ഡോ വീട്ടില്‍ നിന്ന് പോകാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കളായ ക്രിസ്റ്റീനയും മാര്‍ക്ക് റോറ്റോന്‍ഡോയും കോടതിയെ സമീപിക്കുകയായിരുന്നു. തനിക്ക് ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കുന്നതെന്നുമാണ് ഒരു ഘട്ടത്തില്‍ മൈക്കിള്‍ പറഞ്ഞത്. വീട് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഇയാള്‍ക്ക് ഔദ്യോഗികമായി നിരവധി കത്തുകള്‍ അയച്ചിരുന്നു. ഇതിനു ശേഷമാണ് ഇവര്‍ കോടതിയെ സമീപിച്ചത്. എട്ട് വര്‍ഷം മുമ്പാണ് മൈക്കിള്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനെത്തിയത്. പിന്നീട് വീട് വിട്ടുപോകാന്‍ ഇയാള്‍ തയ്യാറായില്ല. ആറു മാസം കൂടി വീട്ടില്‍ തുടരാന്‍ അനുവാദം നല്‍കണമെന്ന് ഇയാള്‍ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അത് അന്യായമാണെന്ന് പറഞ്ഞ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡൊണാള്‍ഡ് ഗ്രീന്‍വുഡ് ഇയാള്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് ഉത്തരവിട്ടു. ഈ കേസ് ഒരു പാരഡിയാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്. ഫെബ്രുവരി 2ന് മാര്‍ക്ക് മൈക്കിളിന് നല്‍കിയ കത്തില്‍ 14 ദിവസത്തിനുള്ളില്‍ വീടൊഴിയണമെന്നും പിന്നീട് തിരിച്ചു വരരുതെന്നും ആവശ്യപ്പെടുന്നുണ്ട്. തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു. ഇതിന് മറുപടി ലഭിക്കാതെ വന്നപ്പോള്‍ മകനെ പുറത്താക്കിക്കൊണ്ടും ഇവര്‍ കത്തയച്ചു. പിന്നീട് മറ്റൊരു സ്ഥലം കണ്ടെത്താന്‍ 1100 ഡോളര്‍ നല്‍കാമെന്നും മാതാപിതാക്കള്‍ അറിയിച്ചിരുന്നു. ഇവയ്‌ക്കൊന്നും മകനെ മാറ്റാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പെട്ടെന്നു തന്നെ സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി മാറ്റുകയും മകനോട് താമസം മാറാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.
RECENT POSTS
Copyright © . All rights reserved