crash
അപകടത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന ലംബോര്‍ഗിനിയില്‍ നിന്ന് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍. എം62വില്‍ മാഞ്ചസ്റ്റര്‍ ഭാഗത്തേക്കുള്ള പ്രദേശത്ത് നടന്ന അപകടത്തില്‍ 2 ലക്ഷം പൗണ്ട് വിലയുള്ള സൂപ്പര്‍കാര്‍ വീണ്ടെടുക്കാനാകാത്ത വിധം തകര്‍ന്നു തരിപ്പണമായി. ഉച്ചയ്ക്ക് ഒരു മണിക്ക് ജംഗ്ഷന്‍ 5നും 6നുമിടയിലായാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് മോട്ടോര്‍വേയില്‍ മാഞ്ചസ്റ്ററിലേക്കുള്ള ദിശയില്‍ ഒരു ലെയിന്‍ അടച്ചിട്ടു. ഗതാഗത തടസമുണ്ടായതോടെ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ രംഗത്തെത്തിയ ഡ്രൈവര്‍മാരെ പോലീസ് ശകാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒടുവില്‍ യാത്രക്കാരുടെ രോഷമടക്കാന്‍ മെഴ്‌സിസൈഡ് പോലീസിന് ട്വീറ്റ് ചെയ്യേണ്ടി വന്നു. നിങ്ങള്‍ വാഹനമോടിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അല്‍പം സൗകര്യം തരൂ, ഞങ്ങളോട് കയര്‍ത്തതുകൊണ്ടോ, എന്‍ജിന്‍ ഇരപ്പിച്ചതുകൊണ്ടോ റോഡ് വീണ്ടും തുറക്കുന്നത് വേഗത്തിലാക്കാന്‍ കഴിയില്ലെന്ന് പോലീസ് ട്വീറ്റ് ചെയ്തു. ഒരു കാര്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും പോലീസ് വ്യക്തമാക്കി. രണ്ടു ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ കാറിലുണ്ടായിരുന്ന ആളെ വാഹനം പൊളിച്ചാണോ പുറത്തെടുത്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തേ ഈ വാഹനം ജംഗ്ഷന്‍ 8ല്‍ വെച്ച് ഓഫീസര്‍മാര്‍ തടഞ്ഞിരുന്നു. റോഡിന്റെ നടുവിലൂടെ അനാവശ്യമായി പോയതിനും മൂടല്‍മഞ്ഞില്‍ ലൈറ്റുകള്‍ ഉപയോഗിക്കാതിരുന്നതിനുമായിരുന്നു ഇത്. ഡ്രൈവറെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
മാഞ്ചസ്റ്ററില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. ട്രാഫോര്‍ഡ് പാര്‍ക്ക് ഏരിയയിലെ യൂറോപ്പ വേയിലാണ് സംഭവമുണ്ടായത്. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് സംഭവം. അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ കാര്‍ പിന്നീട് പോലീസ് കണ്ടെത്തി. കാര്‍ ഓടിച്ചിരുന്ന 21കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റ അഞ്ചു പേരുടെയും നില ഗുരുതരമാണെന്ന് നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. സംഭവം ഭീകരാക്രമണമല്ലെന്നും പോലീസ് സ്ഥിരീകരിച്ചു. ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിനു ശേഷം പരിക്കേവര്‍ ചിതറിക്കിടക്കുന്നതാണ് കണ്ടതെന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അന്വേഷണത്തിനായി ഉടന്‍ തന്നെ പോലീസ് റോഡ് അടച്ചു. ഒരു ബിഎംഡബ്ല്യു 330 ഡി കാറാണ് അപകടമുണ്ടാക്കിയത്. അമിത വേഗത്തിലായിരുന്നു കാര്‍ എത്തിയത്. ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറുന്നതും മൂന്നോളം പേരും ഒരു നായയും അന്തരീക്ഷത്തിലേക്ക് തെറിച്ചു പോകുന്നതും കണ്ടതായി ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ ഇവര്‍ക്കിടയിലൂടെ നിര്‍ത്താതെ പോകുകയായിരുന്നു. സംഭവം അപകടമാണെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.
അള്‍ജിയേഴ്‌സ്: അള്‍ജീരിയയില്‍ സൈനികവിമാനം തകര്‍ന്നുവീണ് നൂറിലേറെപ്പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ഇരുന്നൂറിലധികം പേര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സിലെ ബൗഫാറിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് അപകടമുണ്ടായത്. പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് പുക ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അള്‍ജീരിയന്‍ വ്യോമസേനാത്താവളമാണ് ഇത്. നാലു വര്‍ഷം മുന്‍പും ഇതിനു സമാനമായ അപകടം അള്‍ജീരിയയില്‍ ഉണ്ടായിരുന്നു. 77 പേരാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടത്. സൈനികരും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വിമാനമാണ് അന്ന് തകര്‍ന്നു വീണത്.
RECENT POSTS
Copyright © . All rights reserved