cricket
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ വളരെ ആവേശത്തോടെ കാത്തിരുന്നതും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇടംപിടിക്കേണ്ടതുമായിരുന്ന രണ്ട് പ്രമുഖ മത്സരങ്ങളാണ് മതിയായ കാരണങ്ങളില്ലാതെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഉപേക്ഷിച്ചത്. ക്രിക്കറ്റ് ലോകത്തേ അതികായകരും പാരമ്പര്യമുള്ളവരുമായ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകളുമായുള്ള പകല്‍-രാത്രി മത്സരങ്ങളാണ് ബിസിസിഐ ഉപേക്ഷിച്ചത്. പുറമേ പറയുന്ന കാരണങ്ങള്‍ മറ്റു പലതാണെങ്കിലും രാത്രി മത്സരങ്ങള്‍ക്ക് തയ്യാറാകാത്ത കളിക്കാരുടെ താല്‍പര്യങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നിലെന്നാണ് പിന്നാമ്പുറ വാര്‍ത്ത. ക്രിക്കറ്റ് ലോകത്തു നിന്നു ലഭിക്കുന്ന അളവില്ലാത്ത പ്രശസ്തിയും പണവും കൈവന്നു കഴിയുമ്പോള്‍ പല കളിക്കാര്‍ക്കും ക്രിക്കറ്റിനേക്കാള്‍ കൂടുതല്‍ താല്‍പര്യം രാത്രി പാര്‍ട്ടികളിലും മറ്റ് ഉല്ലാസങ്ങളിലുമാണ്. മലയാളിയായ ഒരു പ്രമുഖ ക്രിക്കറ്റ് താരത്തിന്റെ കരിയറിന് അന്ത്യം കുറിച്ചതും ഇത്തരം താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതാണ്. പകല്‍ രാത്രി മത്സരങ്ങള്‍ കളിക്കാരുടെ രാത്രി സമയങ്ങളിലേ ഉല്ലാസസമയം കവര്‍ന്നെടുക്കുമെങ്കിലും ക്രിക്കറ്റ് പ്രേമികള്‍ക്ക് കളി കാണാനും ആസ്വദിക്കാനും കൂടുതല്‍ അനുയോജ്യമാണ്. ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് പരസ്യയിനത്തിലും മറ്റു കൂടുതല്‍ വരുമാനം കൊണ്ടുവരുന്നതും പകല്‍ രാത്രി മത്സരങ്ങളാണ്. ഇന്ത്യ പോലെ ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളുള്ള നാട്ടില്‍ പകല്‍ രാത്രി മത്സരങ്ങളാണ് അനുയോജ്യം. പകല്‍ സമയങ്ങളില്‍ ക്രിക്കറ്റ് ഉള്ളപ്പോള്‍ ഇന്ത്യയുടെ ഉത്പാദന ശേഷിയില്‍ കാര്യമായ കുറവ് ഉണ്ടാകുന്നുണ്ട. ധാരാളം ആളുകള്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ച് ക്രിക്കറ്റ് കാണാന്‍ ടെലിവിഷനു മുമ്പില്‍ ഇരിക്കുന്നതാണ് ഇതിനു കാരണം. മത്സരങ്ങള്‍ പകല്‍-രാത്രിയായാല്‍ ഇതിന് ഭാഗിക പരിഹാരമാകും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് പകല്‍ - രാത്രി മത്സരങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് എടുത്തതെന്നാണ് വിവരം. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഒക്ടോബറില്‍ ഇന്ത്യയുടെ ആദ്യ പകല്‍-രാത്രി മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഓസിസ് ടീമിന്റെ ഇന്ത്യന്‍ പര്യടനവും പകല്‍ - രാത്രി മത്സരങ്ങളും പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെങ്കിലും നടക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലഘട്ടത്തിന് ചേരാത്ത കളിയാണ് ക്രിക്കറ്റിലെ ടെസ്റ്റ് മത്സരങ്ങളെന്ന ആക്ഷേപം ഉയരുമ്പോഴാണ് ക്രിക്കറ്റ് പ്രേമികള്‍ ക്രിക്കറ്റിന്റെ ജീവനായി കരുതുന്ന ടെസ്റ്റ് മത്സരങ്ങളോട് കളിക്കാരുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ ആശങ്കയുണര്‍ത്തുന്നത്.
ആഭ്യന്തര ട്വന്റി 20 മത്സരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. അടുത്തമാസം കൊല്‍ക്കത്തയില്‍ നടക്കുന്ന ഐസിസി എക്‌സിക്യൂട്ടീവില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണയോടെയാണ് ഈ നീക്കം. ആഭ്യന്തര ട്വന്റി 20 മത്സരങ്ങളുടെ എണ്ണക്കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റിനേയും കളിക്കാരേയും ബാധിക്കുന്നുണ്ട്. കളിക്കാര്‍ക്ക് പണം കിട്ടുന്നുണ്ട് എങ്കിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ധാരാളമായി വരുന്നുണ്ട്. മാത്രമല്ല ചെറിയ ഫോര്‍മാറ്റിനോടാണ് കാണികള്‍ക്കും താല്‍പര്യം. ഇത് ടെസ്റ്റ് ക്രിക്കറ്റിനെ കാര്യമായി ബാധിക്കുന്നു. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഐസിസി നിയന്ത്രണം കൊണ്ടുവരുന്നത്. ഇതിനായി ചില നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ തയ്യാറാക്കിയിട്ടുണ്ട്. 32 വയസിന് താഴെയുള്ള കളിക്കാര്‍ വര്‍ഷത്തില്‍ മൂന്ന് ആഭ്യന്തര ടീ20 ലീഗില്‍ കൂടുതല്‍ കളിക്കരുത്, 2023 മുതല്‍ ആറ് മാസം അന്താരാഷ്ട്ര ക്രിക്കറ്റിന് വേണ്ടി ആഭ്യന്തര ലീഗുകള്‍ക്ക് സമയം ഒഴിച്ചിടണം, കളിക്കാരുടെ നിയമനത്തുകയുടെ 20 ശതമാനം അവരുടെ രാജ്യത്തിന്റെ ബോര്‍ഡുകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുക, ആഭ്യന്തര ലീഗിലെ വിദേശ കളിക്കാരുടെ എണ്ണം നിജപ്പെടുത്തുക, കളിക്കാനുള്ള സാഹചര്യത്തിന്റേയും വേതനത്തിന്റേയും നിലവാരം ഏകീകരിക്കുക തുടങ്ങിയവയാ്ണ് നിര്‍ദേശങ്ങള്‍. ആഭ്യന്തര ട്വന്റി 20 ലീഗുകള്‍ കാര്യമായി ബാധിച്ചിട്ടുള്ളത് വെസ്റ്റീന്റീസിനെയാണ്. അതിനാല്‍ തന്നെ വിന്റീസ് ബോര്‍ഡാണ് ഈ വിഷയത്തില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. എന്നാല്‍ പുതിയ നിബന്ധനകള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ കാര്യമായി ബാധിക്കില്ല. നിലവില്‍ ഐപിഎല്‍ ബോര്‍ഡിന് 20 ശതമാനം നഷ്ടപരിഹാരം നല്‍കുന്നുണ്ട്. ഇന്ത്യന്‍ കളിക്കാരെ ബിസിസിഐ മറ്റ് രാജ്യത്തെ ആഭ്യന്തര ലീഗുകള്‍ക്ക് വിടാറുമില്ല.
കൊച്ചി : ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ വിലക്ക് വീണ്ടും തുടരും. ശ്രീശാന്തിന്റെ വിലക്കു റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വിലക്കും കോടതി നടപടികളും രണ്ടായി കാണമെന്നാണ് ബിസിസിഐ കോടതിയില്‍ വാദിച്ചത്.വാതുവെയ്പുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളിലെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചത്. അതേസമയം കോടതിയുടെ തീരുമാനം കഠിനമായിപ്പോയെന്ന് ശ്രീശാന്ത് പ്രതികരിച്ചു. തനിക്ക് മാത്രം പ്രത്യേക നിയമം ആണോ? തന്റെ അവകാശത്തിനായി ഇനിയും താന്‍ പോരാടും. എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ഇത് ബാധകമല്ലെന്നും താരം ചോദിച്ചു. ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബി.സി.സി.ഐ ശ്രീശാന്തിനേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നേരത്തെ കേരളാ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബിസിസിഐയുടെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്ന് കോടതി വിലക്ക് റദ്ദാക്കിയത്. ഈ വിധിക്കെതിരെയാണ് ബിസിസിഐ അപ്പില്‍ നല്‍കിയത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിലാണ് ബിസിസിഐ അപ്പീല്‍ ഫയല്‍ ചെയ്തത്. വിലക്ക് നീക്കിയ നടപടി നിയമപരമല്ല. 2013ല്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ 2017ല്‍ മാത്രമാണ് ശ്രീശാന്ത് കോടതിയെ സമീപിക്കുന്നത്. വാതുവെയ്പ് കേസില്‍ കോടതി വെറുതെ വിട്ടതും ബിസിസിഐയുടെ അച്ചടക്ക നടപടിയും രണ്ടായി കാണേണ്ടതാണെന്നും ചൂണ്ടിക്കാണിച്ചാണ് ബിസിഐ അപ്പീല്‍ സമര്‍പ്പിച്ചത്. സമാന വസ്തുതകള്‍ ഉന്നയിച്ചുള്ള ശ്രീശാന്തിന്റെ അപ്പീല്‍ ബിസിസിഐ നേരത്തെ തള്ളിയതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013 ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 2013 സെപ്തംബറില്‍ ശ്രീയെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തം വിലക്കുകയായിരുന്നു. പിന്നീട് കേസില്‍ ശ്രീയെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ചിട്ടുളള ശ്രീശാന്ത് കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുളള ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ്. ഏകദിനത്തില്‍ 75 വിക്കറ്റും ടെസ്റ്റില്‍ 87 വിക്കറ്റും ശ്രീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved