crisis
സ്‌കൂളുകള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി കൂടുതല്‍ പണം അനുവദിക്കണമെന്ന ആവശ്യവുമായി കൗണ്‍സിലര്‍മാര്‍. ആയിരത്തിലേറെ കൗണ്‍സിലര്‍മാര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സിന് എഴുതിയ കത്തിലാണ് അധിക ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2009-10 അധ്യയന വര്‍ഷത്തിനും 2017-18 വര്‍ഷത്തിനുമിടയില്‍ ഇഗ്ലണ്ടിലെ സ്‌കൂളുകളിലെ ഓരോ വിദ്യാര്‍ത്ഥിക്കും അനുവദിച്ചിരുന്ന ഫണ്ടിന്റെ നിരക്ക് എട്ടു ശതമാനമായി ഇടിഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ടുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. കത്ത് ഇന്നലെ വെസ്റ്റ്മിന്‍സ്റ്ററിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ ആസ്ഥാനത്തുവെച്ച് അധികൃതര്‍ക്ക് കൈമാറി. 2015 മുതല്‍ സ്റ്റേറ്റ് ഫണ്ടഡ് സ്‌കൂളുകള്‍ക്ക് ലഭിക്കാനുള്ള ബില്യന്‍ കണക്കിന് പൗണ്ടിന്റെ ഫണ്ടാണ് ഇല്ലാതായിരിക്കുന്നത്. എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക് അനുസരിച്ച് കൗണ്‍സിലുകള്‍ നടത്തുന്ന സ്‌കൂളുകളില്‍ മൂന്നിലൊന്നും അക്കാഡമികളില്‍ പത്തില്‍ എട്ടും കടത്തിലാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി രക്ഷിതാക്കളുടെ മുന്നില്‍ യാചിക്കേണ്ട ദുരവസ്ഥയിലാണ് ഹെഡ്ടീച്ചര്‍മാരെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. ചില സ്‌കൂളുകള്‍ അധ്യയന സമയം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. സൗത്ത് വെസ്റ്റ് ലണ്ടനിലെ സേര്‍ബിറ്റണിലുള്ള ടോള്‍വര്‍ത്ത് ഗേള്‍സ് സ്‌കൂളിന്റെ ഹെഡ്ടീച്ചര്‍ സിയോബാന്‍ ലോവ് തനിക്ക് സ്‌കൂളിലെ ടോയ്‌ലെറ്റ് വൃത്തിയാക്കേണ്ടി വന്നതിന്റെയും ക്യാന്റീനില്‍ ഭക്ഷണം വിളമ്പേണ്ടി വന്നതിന്റെയും അനുഭവം വിവരിച്ചത് കഴിഞ്ഞ മാസമാണ്. പണമില്ലാത്തതിനാല്‍ ഒരു ഡെപ്യൂട്ടിയെ നിയമിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് സ്‌കൂളിനെന്നും അവര്‍ പറഞ്ഞിരുന്നു. സ്‌കൂളുകളുടെ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഇംഗ്ലണ്ടിലും വെയിസിലും ഒരു പകര്‍ച്ചവ്യാധിയുടെ സ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണെന്ന് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്റെ കൗണ്‍സിലേഴ്‌സ് നെറ്റ് വര്‍ക്ക് കണ്‍വീനര്‍ മാഗി ബ്രൗണിംഗ് പറഞ്ഞു. ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നത് പാഠ്യപദ്ധതിയെ ഗുരുതരമായി ബാധിക്കുകയാണ്. ഡ്രാമ ആന്‍ഡ് ആര്‍ട്ട് പോലെയുള്ള വിഷയങ്ങള്‍ ഇതേത്തുടര്‍ന്ന് സ്‌കൂളുകള്‍ ഉപേക്ഷിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
ജോലി സമ്മര്‍ദ്ദം തങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കുന്നു എന്ന ആരോപണവുമായി ആയിരക്കണക്കിന് മിഡ് വൈഫുമാര്‍ എന്‍എച്ച്എസ് വിടുന്നുവെന്ന് റിപ്പോര്‍ട്ട്. ജോലിയും വ്യക്തിജീവിതവുമായുള്ള സന്തുലനം സാധ്യമാകാത്തതിനാല്‍ ദിവസം ശരാശരി ഒരാള്‍ വീതം ജോലിയില്‍ നിന്ന് രാജിവെക്കുന്നുവെന്നാണ് എന്‍എച്ച്എസ് ഡിജിറ്റല്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. വര്‍ഷങ്ങളോളം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച എന്‍എച്ച്എസില്‍ നിന്ന് ജീവനക്കാര്‍ ഒഴിഞ്ഞുപോയതു മൂലം സ്റ്റാഫുകളുടെ എണ്ണം കുറവായ വാര്‍ഡുകളില്‍ അമിത ജോലി ചെയ്യേണ്ട ഗതികേടിലാണ് നിലവിലുള്ള ജീവനക്കാര്‍. മിഡ് വൈഫുമാരുടെ വ്യക്തിജീവിതവും ജോലിയും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തണമെന്ന് റോയല്‍ കോളേജ് ഓഫ് മിഡ് വൈഫ്‌സ് ഏറെക്കാലമായി ആവശ്യമുന്നയിക്കുന്നതാണെന്ന് ഡയറക്ടര്‍ ജോണ്‍ സ്‌ക്യൂവ്‌സ് പറയുന്നു. ഈ പ്രശ്‌നം മിഡ് വൈഫുമാരെ നിലനിര്‍ത്താനുള്ള എന്‍എച്ച്എസിന്റെ ശേഷിയെ ബാധിക്കുകയാണെന്നും ജീവനക്കാരുടെ എണ്ണം ഏറ്റവും കുറവുള്ള ഇംഗ്ലണ്ടില്‍ ഇത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ആര്‍സിഎം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജിവെച്ച 1649 മിഡ് വൈഫുമാര്‍ കൂടുതല്‍ സമയം ജോലിയെടുക്കേണ്ടി വന്നതാണ് വിട്ടുപോകാന്‍ കാരണമെന്ന് വെളിപ്പെടുത്തി. ഓരോ വര്‍ഷവും 3000 പേരെങ്കിലും ഈ വിധത്തില്‍ ജോലി വിടുന്നുണ്ടെന്നാണ് കണക്ക്. ചിലര്‍ മാത്രം പ്രൊഫഷനില്‍ തുടരുന്നുണ്ട്. എല്ലാ വര്‍ഷവും യോഗ്യത നേടിയ 2000 പുതിയ റിക്രൂട്ടുകള്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് പുറത്തു വരുന്നുണ്ട്. എങ്കിലും നിലവിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ ഇവര്‍ മാത്രം മതിയാകില്ല. 2013 അവസാനം മുതലാണ് ജോലി സമ്മര്‍ദ്ദം മൂലം മിഡ് വൈഫുമാര്‍ ജോലിയുപേക്ഷിക്കുന്നത് വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. മെറ്റേണിറ്റി വാര്‍ഡുകളില്‍ പ്രസവവേദനയനുഭവപ്പെടുന്ന ആയിരക്കണക്കിന് ഗര്‍ഭിണികള്‍ക്കു പോലും വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ മാസം എന്‍എച്ച്എസ് ആശുപത്രികള്‍ക്കായി 10 വര്‍ഷ ബ്ലൂപ്രിന്റ് പ്രധാനമന്ത്രി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരുടെ കുറവു മൂലം അത് നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് എന്‍എച്ച്എസ് ആശുപത്രി മേധാവികള്‍ പറയുന്നത്.
ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ഇംഗ്ലീഷ് ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രണാതീതം. ചെറിയ ബോട്ടുകളിലായി നൂറുകണക്കിനാളുകളാണ് യുകെ തീരം ലക്ഷ്യമാക്കി നീങ്ങിയത്. ക്രിസ്മസ് ഈവിന് നൂറോളം പേര്‍ ചാനല്‍ കടക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നവംബറിനു ശേഷം നൂറോളം പേര്‍ ഇത്തരത്തില്‍ കടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ശരാശരി വിന്റര്‍ താപനിലയും ശാന്തമായ സമുദ്രവുമാണ് അഭയാര്‍ത്ഥികളെ ഇത്തരത്തില്‍ ചാനല്‍ കടക്കാന്‍ പ്രേരിപ്പിക്കുന്നത്. സുരക്ഷിതമായി കടല്‍ കടക്കാമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ക്രിസ്മസ് വൈകുന്നേരം നൂറോളം പേര്‍ ചാനല്‍ കടക്കാന്‍ എത്തിയത് മേജര്‍ ഇന്‍സിഡന്റായാണ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് നിരീക്ഷണത്തിന് ഒരു ഗോള്‍ഡ് കമാന്‍ഡറെ നിയോഗിച്ചു. ദിവസവും റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ബോര്‍ഡര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ്, നാഷണല്‍ ക്രൈം ഏജന്‍സി എന്നിവരുടെ കോണ്‍ഫറന്‍സ് വിളിച്ചിരിക്കുകയാണ് സാജിദ് ജാവീദ്. അഭയാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നതിനു മുമ്പ് നടപടിയെടുക്കുകയാണ് ഉദ്ദേശിക്കുന്നത്. അഭയാര്‍ത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി ഫ്രഞ്ച് ഹോം സെക്രട്ടറിയുമായി അടിയന്തര ചര്‍ച്ചയ്ക്കും സാജിദ് ജാവീദ് സന്നദ്ധത അറിയിച്ചു. പ്രശ്‌നം ഇരു രാജ്യങ്ങളും ചേര്‍ന്ന് കൈകാര്യം ചെയ്യേണ്ടതുണ്ട്. ബോര്‍ഡര്‍ ഫോഴ്‌സിന് കൂടുതല്‍ കപ്പലുകള്‍ അനുവദിക്കുന്ന കാര്യവും ഹോം സെക്രട്ടറിയുടെ പരിഗണനയിലാണെന്ന് ഹോം ഓഫീസ് അറിയിക്കുന്നു. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്റ്റഫര്‍ കാസ്റ്റനറുമായി ഈ വാരാന്ത്യത്തില്‍ ജാവീദ് ചര്‍ച്ചകള്‍ നടത്തും. ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ എടുക്കാന്‍ ഫ്രാന്‍സിനെ പ്രേരിപ്പിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. സിറിയയില്‍ നിന്നു ഇറാനില്‍ നിന്നുമുള്ള 12 പേരടങ്ങിയ ബോട്ട് കഴിഞ്ഞ ദിവസം പട്രോള്‍ ഫോഴ്‌സുകള്‍ തടഞ്ഞിരുന്നു. ഫ്രാന്‍സ് തീരത്തു നിന്നാണ് ഇവര്‍ ചാനല്‍ കടക്കാന്‍ പുറപ്പെട്ടത്.
വിന്റര്‍ പ്രതിസന്ധിയില്‍ ആടിയുലഞ്ഞ എന്‍എച്ച്എസ് അതില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ കാലാവസ്ഥ വീണ്ടും വില്ലനാകുന്നു. സമ്മറും എന്‍എച്ച്എസിന് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് യുകെയില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളത് റെക്കോര്‍ഡ് ചൂടാണെന്ന മെറ്റ് ഓഫീസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരക്ക് വര്‍ദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ടിലെ ചില ഹോസ്പിറ്റലുകളിലെ എ ആന്‍ഡ് ഇകളില്‍ വ്യാഴാഴ്ച റെക്കോര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടത്. ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെട്ട ദിവസം കൂടിയായിരുന്നു ഇന്നലെ. ഹീത്രൂവില്‍ 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്ന് താപനില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. യുകെയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കൂടിയ താപനിലയായ 38.5 ഡിഗ്രിയേക്കാള്‍ ചൂട് ഇന്നുണ്ടായേക്കും. അതിനു പിന്നാലെ ഒരു തണ്ടര്‍‌സ്റ്റോമിന് സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. അന്തരീക്ഷ താപനില ഈ വിധത്തില്‍ വര്‍ദ്ധിക്കുന്നത് ഹൃദ്രോഗികള്‍ക്കും വൃക്ക, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. ഈ രോഗങ്ങള്‍ കൂടുതല്‍ ഗുരുതരമാകാനും മരണം പോലും സംഭവിക്കാനുമുള്ള സാധ്യത ഏറെയാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. ഹീറ്റ് വേവ് തുടരുന്ന പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് വിന്ററിലെ അതേ അവസ്ഥയിലേക്ക് തിരികെ വന്നിരിക്കുകയാണെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് സാഫ്രോണ്‍ കോര്‍ഡി പറഞ്ഞു. ഹോസ്പിറ്റലുകളിലെയും കമ്യൂണിറ്റികളിലെയും ആംബുലന്‍സ് സര്‍വീസുകളിലെയും ജീവനക്കാരില്‍ കുറച്ചു പേര്‍ സിക്ക് ലീവിലാണ്. അതിലേറെപ്പേര്‍ ഹോളിഡേകള്‍ക്കായി പോയിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. രോഗിളുടെ തിരക്ക് വര്‍ദ്ധിക്കുന്നതു മൂലം പ്ലാന്‍ഡ് ഓപ്പറേഷനുകള്‍ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ വീണ്ടും ഉണ്ടായിരിക്കുന്നതെന്നും എന്‍എച്ച്എസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.
കാലേയ്: വിന്റര്‍ ക്രൈസിസില്‍ ശസ്ത്രക്രിയകള്‍ മാറ്റിവെക്കപ്പെട്ട എന്‍എച്ച്എസ് രോഗികള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് ഫ്രഞ്ച് ആശുപത്രി. കാലേയിലെ ദി സെന്റര്‍ ഹോസ്പിറ്റലിയര്‍ ആണ് രോഗികള്‍ക്ക് അടിയന്തര ചികിത്സ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. രോഗികളെ നാലാഴ്ചക്കുള്ളില്‍ രോഗികളെ കാണാമെന്നും ശസ്ത്രക്രിയകള്‍ നടത്താമെന്നുമാണ് വാഗ്ദാനം. സൗത്ത് കെന്റ് കോസ്റ്റല്‍ ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പും എന്‍എച്ച്എസുമായി 2016ല്‍ ഏര്‍പ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഇതനുസരിച്ച് ഇരു രാജ്യങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികള്‍ രണ്ട് രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് ചികിത്സ ലഭ്യമാകും. എന്‍എച്ച്എസ് ആശുപത്രികള്‍ മാറ്റിവെച്ച ശസ്ത്രക്രിയകള്‍ കാലേയിലെ ആശുപത്രിയില്‍ നടത്താന്‍ സാധിക്കുമെന്നും അതിനുള്ള ശേഷി ആശുപത്രിക്ക് ഉണ്ടെന്നും കാലേയ് സെന്ററില്‍ നിന്നുള്ള അറിയിപ്പ് വ്യക്തമാക്കുന്നു. ചികിത്സാച്ചെലവുകള്‍ എന്‍എച്ച്എസ വഹിക്കുമെങ്കിലും രോഗികള്‍ ഇംഗ്ലീഷ് ചാനലിലൂടെ യാത്ര ചെയ്ത് കാലേയിലെത്തണം. യൂറോസ്റ്റാര്‍ ടെര്‍മിനലിന് തൊട്ടടുത്താണ് ആശുപത്രി സ്ഥിതിചെയ്യുന്നത്. ഈ ആശുപത്രിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ജീവനക്കാര്‍ ഉണ്ടെന്നതും പോസ്റ്റ ഓപ്പറേറ്റീവ് ഫോളോഅപ്പുകള്‍ ഇംഗ്ലീഷില്‍ ലഭ്യമാകുമെന്നതും രോഗികള്‍ക്ക് സഹായകമാകും. 500 രോഗികളെ പ്രവേശിപ്പിക്കാന്‍ ശേഷിയുള്ള ആശുപത്രിയാണ് ഇത്. അടിയന്തരമല്ലാത്ത എന്നാ ശസ്ത്രക്രിയകളും വിന്റര്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് മാറ്റിവെച്ചിരുന്നു. 55,000 ശസ്ത്രക്രിയകള്‍ ഫെബ്രുവരി വരെയാണ് മാറ്റിവെച്ചിരിക്കുന്നത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ എത്തുന്ന അവശനിലയിലുള്ള രോഗികള്‍ക്കും മറ്റ് അസുഖങ്ങള്‍ ബാധിച്ച് എത്തുന്ന ക്യാന്‍സര്‍ രോഗികള്‍ക്കും ആവശ്യമായ പരിചരണം നല്‍കുന്നതിന് വാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനായാണ് ശസത്രക്രിയകള്‍ മാറ്റിവെച്ചത്. ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു കവിയുകയാണ്.
RECENT POSTS
Copyright © . All rights reserved